ഗോട്ട് നെഗറ്റീവ് റിപ്പോര്‍ട്ട് ഇടുന്നത് ചെന്നൈ പിന്തുണച്ചതിനാല്‍; പിന്നില്‍ മുംബൈ, ആര്‍.സി.ബി ഫാന്‍സ്; വിചിത്ര വാദവുമായി വെങ്കട്ട് പ്രഭു
നെഗറ്റീവ് കമന്റ് ലഭിക്കുന്നതില്‍ വിചിത്രവാദവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.
ചെന്നൈ: ദളപതി വിജയ് യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം.സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിച്ചത്.എന്നാല്‍ തിയറ്ററില്‍ നിന്നും മോശമല്ലാത്ത കളക്ഷന്‍ സിനിമ നേടുന്നുണ്ട്.ഇപ്പോഴിത ചിത്രത്തിന് നെഗറ്റീവ് കമന്റ് ലഭിക്കുന്നതില്‍ വിചിത്രവാദവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.
ചിത്രത്തിന് നെഗറ്റീവ് റിപ്പോര്‍ട്ട് പറയുന്നവര്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ താത്പര്യമില്ലാത്തവരാണെന്നാണ് വെങ്കട്ട് പ്രഭു പറയുന്നത്. ട്വിറ്ററില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിനെ പുകഴ്ത്തിയത് തമിഴ്നാടിന് പുറത്തുള്ള ആളുകള്‍ക്ക് ഇഷ്ടമായിട്ടുണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
'ചെന്നൈ സൂപ്പര്‍ കിങ്സിനെ പുകഴ്ത്തിയത് ആയിരിക്കും നെഗറ്റീവ് റിപ്പോര്‍ട്ടിന് കാരണം. സി.എസ്.കെ പരാമര്‍ശം തമിഴ്നാടിന് പുറത്തുള്ള പ്രേക്ഷകരില്‍ നന്നായി എത്തിചേര്‍ന്നിട്ടുണ്ടാകില്ല. ഞാന്‍ ഒരു സി.എസ്.കെ ആരാധകനായതുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ്, ആര്‍.സി.ബി എന്നിവരുടെ ആരാധകര്‍ എന്നെ എപ്പോഴും ട്രോളുന്നത്. ഞാന്‍ സി,എസ്.കെയെ പിന്തുണക്കുന്ന ആളാണ് അതില്‍ എനിക്ക് ഒന്നും ചെയ്യാനില്ല,' തമാശരുപേണെ വെങ്കട്ട് പ്രഭു പറഞ്ഞു.
സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററില്‍ എത്തിയ ഗോട്ടില്‍ വിജയ്ക്കൊപ്പം മലയാളി താരം ജയറാം, പ്രശാന്ത്, പ്രഭുദേവ അജ്ല്‍ അമീര്‍, സ്നേഹ എന്നിവും പ്രധാനവേഷത്തിലെത്തിയിരുന്നു. മീനാക്ഷി ചൗധരിയായിരുന്നു നായികാ വേഷത്തിലെത്തിയത്. ചിത്രത്തിലെ ഒരു ഗാനത്തില്‍ ത്രിഷയും പ്രത്യക്ഷപ്പെടുന്നുണ്ട്.