നിലമ്പൂരില്‍ പിണറായിസവും അന്‍വറിസവും നേര്‍ക്കു നേര്‍; കോണ്‍ഗ്രസ് കോട്ടയെ ഇടത്തോട്ട് ചായിച്ച നിലമ്പൂരാന്റെ സമ്മര്‍സോള്‍ട്ടില്‍ പ്രതീക്ഷ കണ്ട് യുഡിഎഫ്; ജോയിയും ഷൗക്കത്തും സീറ്റിനായുള്ള പോരില്‍; സിപിഎമ്മിലെ കണ്ണെല്ലാം സ്വരാജിലേക്ക്; ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കാന്‍ സുവര്‍ണ്ണവസരം കാണുന്ന ബിജെപിയും രാജീവും; നിലമ്പൂരില്‍ 'ക്യാപ്ടന്‍' ആരാകും?
മലപ്പുറം: നിലമ്പൂരില്‍ ഏത് സമയവും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും. അടുത്ത ആഴ്ചയില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കു കൂട്ടല്‍. നിലമ്പൂര്‍ മണ്ഡലത്തിലെ അന്തിമ വോട്ടര്‍ പട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. 2016-ലാണ് നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫിന് നഷ്ടമായത്. ആര്യാടന്‍ മുഹമ്മദ് പിന്മാറിയ മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കാനിറങ്ങിയെങ്കിലും അച്ഛന്റെ വിജയം ആവര്‍ത്തിക്കാനായില്ല. വീണ്ടും മത്സരിക്കണമെന്ന് ഷൗക്കത്ത് ആഗ്രഹിക്കുന്നുണ്ട്. പി.വി അന്‍വര്‍ രാജിവെക്കുമെന്ന സൂചനകള്‍ ഉയര്‍ന്നതുമുതല്‍ മണ്ഡലത്തില്‍ സജീവവുമാണ് ആര്യാടന്‍ ഷൗക്കത്ത്. ഡിസിസി അധ്യക്ഷന്‍ വി.എസ് ജോയിയും മോഹങ്ങളുമായി സജീവം. 30 വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് ജയിച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ രണ്ടു തവണ അട്ടിമറി വിജയം നേടിയാണ് പിവി അന്‍വര്‍ ഇടതുകേന്ദ്രങ്ങളില്‍ താരമായത്. പി.വി അന്‍വറിലൂടെ പിടിച്ചെടുത്ത ആര്യാടന്റെ ഉരുക്കുകോട്ട പി.വി അന്‍വറിലൂടെ തന്നെ നഷ്ടമാകുമോ എന്നതാണ് സിപിഎമ്മിനെ വലയ്ക്കുന്ന ചോദ്യം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചത് ഭരണവിരുദ്ധ വികാരം കൊണ്ടല്ലെന്ന് വാദിക്കുന്ന സിപിഎമ്മിന് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് നിലമ്പൂര്‍. നിലമ്പൂരില്‍ അന്‍വറിസവും പിണറായിസവും തമ്മിലാണ് ഏറ്റുമുട്ടല്‍ എന്ന രാഷ്ട്രീയ ചര്‍ച്ച സജീവമായി ഉയര്‍ന്നു കഴിഞ്ഞു.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കം ശ്രദ്ധേയമാണ്. ഇതിലും അന്‍വറിന്റെ പിന്തുണ നിര്‍ണ്ണായകമായി. അന്‍വറിന്റെ പിന്തുണ ജോയിയ്ക്കുണ്ട്. ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ന്യൂനപക്ഷ വോട്ടുകളും എളുപ്പം നേടാനാവുമെന്നാണ് വിലയിരുത്തല്‍. 22 ശതമാനം വരെയാണ് നിലമ്പൂര്‍ മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള്‍. ആര്യാടന്‍ ഷൗക്കത്തിനൊപ്പം വി.എസ്. ജോയിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം അറിയിച്ചതോടെ രണ്ടിലൊരാളെ തിരഞ്ഞെടുക്കല്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാകും. നിലമ്പൂരില്‍ മുന്‍ മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ എ.പി. അനില്‍ കുമാര്‍ ഔദ്യോഗിക ചുമതല ഏറ്റെടുത്തതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. അന്‍വര്‍ മണ്ഡലമൊഴിഞ്ഞതു മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വരാജ്, ജില്ലാ കമ്മറ്റി അംഗം പി. ഷബീര്‍, മേഖല കമ്മിറ്റി അംഗം വി.എം. ഷൗക്കത്ത് എന്നിവരുടെ പേരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. ബിജെപിക്ക് വോട്ടുവിഹിതം കുറവുളള മണ്ഡലങ്ങളിലൊന്നാണ് നിലമ്പൂര്‍. സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷം ആദ്യം എത്തുന്ന തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ത്താന്‍ സജീവ ശ്രമമുണ്ടാക്കും. വഖഫ് ബില്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കി ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ ആകും ശ്രമിക്കുക. ബിജെപി ഈസ്റ്റ് ജില്ലാ കമ്മറ്റി അംഗം രശ്മില്‍ നാഥ്, മേഖലാ വൈസ് പ്രസിഡന്റ് അശോക് കുമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറും വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ് എന്നിവരുടെ പേരുകളാവും പരിഗണിക്കുക.
മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടി ചിഹ്നത്തില്‍ ആരും ജയിച്ചിട്ടില്ലാത്ത മണ്ഡലം കൂടിയാണ് നിലമ്പൂര്‍. ജില്ലാ രൂപീകരണത്തിനു ശേഷം ആദ്യമായി നടന്നത് കുഞ്ഞാലിയുടെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പായിരുന്നെങ്കിലും അന്ന് വിജയിച്ചത് കോണ്‍ഗ്രസിന്റെ എം.പി. ഗംഗാധരന്‍ ആയിരുന്നു. പാര്‍ട്ടിക്കു പുറത്തെ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളാണു നിലമ്പൂരില്‍ ഇടതുപക്ഷത്തിനായി വിജയം നേടിയത്. 1982-ല്‍ ടി.കെ.ഹംസയും 2016, 21 വര്‍ഷങ്ങളില്‍ പി.വി. അന്‍വറും ജയിച്ചതും സ്വതന്ത്ര പരിവേഷത്തിലാണ്. അന്‍വര്‍ എല്‍ഡിഎഫ് വിട്ടതുകൊണ്ട് ഇടതുപക്ഷത്തിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും നഷ്ടമുണ്ടായത് പി.വി. അന്‍വറിനാണെന്നുമാണ് സിപിഎം പ്രചാരണം. എന്നാല്‍ അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളും ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാവും. എഡിജിപി അജിത് കുമാറിന് എതിരായി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍, സ്വര്‍ണക്കടത്തില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍, മലപ്പുറത്തെ ക്രിമിനലൈസ് ചെയ്യുന്ന രീതിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നടത്തിയ പരാമര്‍ശങ്ങള്‍ , അജിത് കുമാറിനെ മാറ്റി നിര്‍ത്തുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഡിജിപി റാങ്കിലേക്ക് നല്‍കിയ സ്ഥാനക്കയറ്റം, പി ശശിക്കെതിരെ അന്‍വര്‍ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ എല്ലാം കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ചയാക്കും.
മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച പി.വി.അന്‍വറിന് മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെ സി.പി.എം മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ഒരുമാസത്തിലധികമായി നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. യു.ഡി.എഫ് വിജയിച്ചാല്‍ അന്‍വറിന്റെ വിജയം കൂടിയായി അത് വ്യഖ്യാനിക്കപ്പെടും. മുന്നണി പ്രവേശനവും എളുപ്പമാവും. മറിച്ചാണെങ്കില്‍ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാവും. അഞ്ച് പഞ്ചായത്തുകള്‍ യു.ഡി.എഫിന്റെയും രണ്ട് പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും എല്‍.ഡി.എഫിന്റെയും കൈവശമാണ്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച പി.വി.അന്‍വര്‍ നേടിയത് 2,700 വോട്ടിന്റെ ഭൂരിപക്ഷമാണ്. സീറ്റിനായി കോണ്‍ഗ്രസില്‍ പിടിവലി ഉണ്ടായാല്‍ അത് മുതലെടുക്കാനും ശ്രമം നടത്തും. അതിനാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി, 2011ല്‍ ആര്യാടന്‍ മുഹമ്മദിന്റെ ഭൂരിപക്ഷം കുത്തനെ കുറച്ച റിട്ട. അദ്ധ്യാപകന്‍ തോമസ് മാത്യു, ജില്ലാപഞ്ചായത്തംഗം ഷൊറോണ റോയ് എന്നിവര്‍ പ്രാഥമിക ചര്‍ച്ചയിലുണ്ട്. ഇതിനൊപ്പമാണ് സ്വരാജിന്റെ പേരും ചര്‍ച്ചകളില്‍ നിറയുന്നത്.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി എഐസിസി നിയോഗിച്ച സംഘവും ഏജന്‍സിയും മണ്ഡലത്തില്‍ സര്‍വേ നടത്തുന്നുണ്ട്. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, ആര്യാടന്‍ ഷൗക്കത്ത് എന്നീ പേരുകള്‍ക്ക് തന്നെയാണ് പരിഗണന. സമീപകാലത്ത് അംഗസംഖ്യയില്‍ മുന്നേറ്റമുണ്ടെങ്കിലും മലപ്പുറം ജില്ലയില്‍ യുഡിഎഫില്‍ ലീഗിനു പിന്നില്‍ രണ്ടാമത്തെ പാര്‍ട്ടിയാണു കോണ്‍ഗ്രസ്. ആ നിലയ്ക്കു ലീഗ് അണികള്‍ക്കു കൂടി താല്‍പര്യമുള്ള സ്ഥാനാര്‍ഥിയാകും വരിക. എല്‍ഡിഎഫ്, യുഡിഎഫ് പോരാട്ടത്തിനപ്പുറം അന്‍വറിന്റെ രാഷ്ട്രീയ ഭാവി കൂടി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പാണു വരുന്നത്.