'മാനം ഇരുണ്ടു..'; യുഎഇയിൽ വിവിധ പ്രദേശങ്ങളിൽ മഴ; നാളെയും നേരിയ മഴയ്ക്ക് സാധ്യത; ജയ്സ് മലനിരകളിൽ കുറഞ്ഞ താപനില; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

Update: 2025-02-18 13:53 GMT

അബുദാബി: യുഎഇയിൽ ചില പ്രദേശങ്ങളിൽ മഴ. ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെ പല പ്രദേശങ്ങളിലും മിതമായ തോതില്‍ മഴ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അജ്മാന്‍, ഖര്‍നൈന്‍ ഐലന്‍ഡ്, ദിയ്നാ ഐലന്‍ഡ്, സര്‍ അബു നുഐര്‍ ഐലന്‍ഡ്, ദാസ് ഐലൻഡ് എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ജബല്‍ അലിയിലും ഉള്‍പ്പെടെ മഴ പെയ്തു. അല്‍ റുവൈസ്, അല്‍ ദഫ്ര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചു. പുലര്‍ച്ചെ അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും മഴ പെയ്തിരുന്നു. ദുബൈ-അല്‍ ഐന്‍ റോഡ്, അല്‍ ഖാത്തിം, അബുദാബി, അല്‍ ഖസ്ന, സ്വെഹാന്‍ എന്നിവിടങ്ങളില്‍ മിതമായ തോതില്‍ മഴ പെയ്തു.

റാസല്‍ഖൈമയിലെ ജയ്സ് മലനിരകളിലാണ് ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് . പുലര്‍ച്ചെ 2.15ന് 12.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ രേഖപ്പെടുത്തിയ താപനില. നാളെയും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 

Tags:    

Similar News