കസേര പിടിച്ചിടാന്‍ പോലും ഇതുവരെ ഒരു യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടില്ല; ഈ വേദി തന്നത് സിനിമ എന്ന കലയെന്ന് ആസിഫ് അലി; താന്‍ സ്കൂള്‍ കലോത്സവത്തില്‍ ഒക്കെ പങ്കെടുത്തിട്ടുള്ള ആളാണെന്ന് ടൊവിനോയും; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയിറക്കം; സ്വര്‍ണ്ണക്കപ്പുമായി തൃശ്ശൂര്‍
കസേര പിടിച്ചിടാന്‍ പോലും ഇതുവരെ ഒരു യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടില്ല
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയിറക്കം. ഊഷ്മളമായ കൊടിയിറക്കമാണ് കലാമേളക്ക് ഉണ്ടയത്. സിനിമ താരങ്ങളായി ടൊവിനോയുടെയും ആസിഫലിയുടെയും സാന്നിധ്യം സമാപന ചടങ്ങിന് മാറ്റുകൂട്ടി. കസേര പിടിച്ചിടാന്‍ പോലും ഇതുവരെ ഒരു യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടില്ലെന്നായിരുന്നു ആസിഫ് അലി പറഞ്ഞത്. കേരള സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഈ വേദിയില്‍ നില്ക്കുമ്പോള് വളരെയധികം അഭിമാനം തോന്നുന്നു.
ഈ വേദി തനിക്ക് തന്നത് സിനിമ എന്ന കല. തന്റെ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ് ഇവിടെ നില്ക്കാന് സാധിച്ചത്. കലയെ കൈവിടരുത്. കഴിവ് തെളിയിച്ച കലയില്‍ നിന്ന് കുട്ടികള്‍ പിന്നോട്ട് പോകരുത്. നമ്മുക്ക് ഭാവിയില്‍ സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാം. സിനിമയിലേക്ക് എല്ലാവര്ക്കും സ്വാഗതം. വിജയികളായ തൃശൂര്‍ ജില്ലയിലെ കുട്ടികള്‍ക്ക് പുതിയ ചിത്രത്തിന്റെ സൗജന്യ ടിക്കറ്റും നല്‍കുമെന്ന് ആസിഫ് അലി പറഞ്ഞു.
അതേസമയം ഭാവിയുടെ വാഗ്ദാനങ്ങളായി ഈ കുട്ടികള്‍ വളരുന്നു എന്നത് അഭിമാനവും പ്രതീക്ഷയുമെന്ന് നടന് ടോവിനോ തോമസ് പറഞ്ഞു. താന്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒക്കെ പങ്കെടുത്തിട്ടുള്ള ആളാണെന്ന് ഇതുവഴി തനിക്ക് പറയാന്‍ ആകും. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ജീവിതകാലം മുഴുവന്‍ കലയെ കൈവിടാതെ നിര്‍ത്തുക.
കല മനുഷ്യരെ തമ്മില്‍ തല്ലിക്കില്ല. സംഘാടകര്‍, വിദ്യാഭ്യാസ വകുപ്പും,മറ്റ് കമ്മിറ്റികളും വിജയികളും എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. വിജയികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നൂലിഴ വ്യത്യാസത്തിലാണ് പരാജയം. പരാജയപ്പെട്ടവര്‍ക്കും തന്റെ അഭിനന്ദനങ്ങളെന്ന് ടോവിനോ പറഞ്ഞു. വസ്ത്രധാരണത്തിലെ വിഡിയൊ കണ്ടു. ആ കൂട്ടത്തില്‍ പറഞ്ഞ വസ്ത്രമാണ് താന്‍ ഇട്ടിരിക്കുന്നത്. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും. മറ്റ് ഓപ്ഷന് പറഞ്ഞവര്‍ ക്ഷമിക്കണം. അടുത്ത തവണ ഭാഗ്യം ലഭിച്ചാല്‍ അത് അനുസരിക്കാമെന്നും ടോവിനോ പറഞ്ഞു.
ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ കേരളത്തിന് അവതരിപ്പിക്കാന്‍ കഴിയുന്ന കാര്യമാണ് സംസ്ഥാന സ്കൂള്‍ കലോത്സവം എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. കലോത്സവത്തില്‍ പങ്കെടുത്തതോടെ പത്തു വയസു കുറഞ്ഞെന്ന തോന്നലാണ് ഉണ്ടാകുന്നതെന്നും സതീശന്. പറഞ്ഞു. കലോത്സവം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്കിയ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കപ്പെടുത്ത് തൃശ്ശൂര്‍, രണ്ടാമത് പാലക്കാട്
63 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂര്‍ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റോടെ മൂന്നാമതെത്തി.
തൃശൂരിന്റെ നാലാം കിരീടനേട്ടമാണിത്. 1994, 1996, 1999 വര്‍ഷങ്ങളിലാണ് തൃശൂര്‍ മുന്‍പു ജേതാക്കളായത്. അവസാന ദിവസത്തേക്കും ആവേശം നീണ്ട മല്‍സരത്തില്‍ നേരിയ വ്യത്യാസത്തില്‍ പോയിന്റ് നില മാറിമറിഞ്ഞുകൊണ്ടിരുന്നതിനാല്‍ ഒന്നാം സ്ഥാനത്തിനായി ഇ?ഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. മറ്റ് ജില്ലകളുടെ പോയിന്റ് നില കോഴിക്കോട് 1000, എറണാകുളം 980, മലപ്പുറം 980, കൊല്ലം 964, തിരുവനന്തപുരം 957, ആലപ്പുഴ 953, കോട്ടയം 924, കാസര്‍കോട് 913, വയനാട് 895, പത്തനംതിട്ട 848, ഇടുക്കി 817. സ്കൂളുകളില്‍ 171 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി. വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
തൃശൂര്‍ ജില്ല ഹൈസ്കൂള്‍ വിഭാഗത്തില്‍ 482 പോയിന്റും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 526 പോയിന്റും നേടി. അറബിക് ഹൈസ്കൂള്‍ വിഭാഗത്തില്‍ 91 പോയിന്റും സംസ്കൃതോത്സവത്തില്‍ 91 പോയിന്റുമാണ് നേടിയത്. പാലക്കാട് എച്ച്എസ് - 481, എച്ച്എസ്എസ്-525, അറബിക്-88, സംസ്കൃതം -95 എന്നിങ്ങനെയാണ് പോയിന്റ് നില. കണ്ണൂര്‍ എച്ച്എസ്-479, എച്ച്എസ്എസ്-524, അറബിക് -95, സംസ്കൃതം-95 പോയിന്റുകളും നേടി. തൃശൂര്‍ ജില്ല രൂപപ്പെടും മുന്‍പ് നടന്ന കലോത്സവങ്ങളില്‍ 1969, 70 വര്‍ഷങ്ങളില്‍ ഇരിങ്ങാലക്കുട ജേതാക്കളായിരുന്നു.