ജപ്പാനെ ഇന്ത്യ മറികടന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ ഡാറ്റ; അതിവേഗ വളര്‍ച്ച നേടുന്ന സാമ്പത്തിക സ്ഥിതിയായി തുടര്‍ന്ന് ഇന്ത്യ; ജപ്പാനേയും പിന്തള്ളി; ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയത് 4 ട്രില്യണ്‍ യുഎസ് ഡോളര്‍ കരുത്തില്‍; 2027ല്‍ ജര്‍മ്മനിയേയും മറികടക്കും; ആഗോള സാമ്പത്തിക ശക്തിയായുള്ള മുന്നേറ്റത്തില്‍ ഇന്ത്യ
ന്യൂഡല്‍ഹി: മറ്റൊരു ചരിത്ര നേട്ടത്തില്‍ ഇന്ത്യ. അന്താരാഷ്ട്ര നാണയ നിധിയുടെ ഡാറ്റ ഉദ്ധരിച്ച്, ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിവിആര്‍ സുബ്രഹ്‌മണ്യം. പത്താമത് നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിന്റെ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 4 ട്രില്യണ്‍ യുഎസ് ഡോളറിലെത്തിയെന്ന് സുബ്രഹ്‌മണ്യം പറഞ്ഞു.
'ഞാന്‍ പറയുമ്പോള്‍ നമ്മള്‍ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. നമ്മള്‍ 4 ട്രില്യണ്‍ യുഎസ് ഡോളറിന്റെ സമ്പദ്വ്യവസ്ഥയാണ്, ഇത് എന്റെ ഡാറ്റയല്ല. ഇത് ഐഎംഎഫ് ഡാറ്റയാണ്. ഇന്ന് ഇന്ത്യ ജപ്പാനേക്കാള്‍ വലുതാണ്. അമേരിക്ക, ചൈന, ജര്‍മ്മനി എന്നിവ മാത്രമാണ് മുന്നില്‍. മൂന്ന് കൊല്ലം കൊണ്ട് ഇന്ത്യ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറും. അമേരിക്ക, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് എന്നാണ് നീതി ആയോഗ് പറയുന്നത്. ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിന്റെ ഏപ്രില്‍ പതിപ്പ് അനുസരിച്ച്, 2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി ഏകദേശം 4,187.017 ബില്യണ്‍ ഡോളറിലെത്തി. ഇത് ജപ്പാന്റെ ജിഡിപിയേക്കാള്‍ നേരിയ തോതില്‍ കൂടുതലാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുമെന്നാണ് ആഗോള ധനകാര്യ സംഘടന പ്രവചനം. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 2025 ല്‍ 6.2 ശതമാനവും 2026 ല്‍ 6.3 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 2025 ഏപ്രില്‍ പതിപ്പ് കൂട്ടിച്ചേര്‍ത്തു.
1,890-കളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) അടുത്ത 27 വര്‍ഷംകൊണ്ട് 12-13 ലക്ഷം കോടി ഡോളറിലേക്ക് വളരുമെന്ന് പ്രവചിരുന്നു യൂറോപ്പിലെ മുഖ്യധാരാ ധനകാര്യ പത്രപ്രവര്‍ത്തകനായ ഹാമിഷ് മക്റേ 2023ല്‍. 'ദ വേള്‍ഡ് ഇന്‍ 2050' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ഇന്ത്യയുടെ അദ്ഭുതകരമായ സാമ്പത്തിക മുന്നേറ്റത്തെക്കുറിച്ച് പ്രതിപാദിച്ചത്. ഏത് ഏതാണ്ട് ശരിവയ്ക്കുന്ന തരത്തിലാണ് ഇന്ത്യയുമുന്നേറ്റം. നാലാം സ്ഥാനത്ത് എത്തുകായണ് ഇന്ത്യ. 2023ല്‍ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. 3.75 ലക്ഷം കോടി ഡോളറായിരുന്നു അന്നത്തെ ജി.ഡി.പി. മൂല്യം. 2030-ഓടെ തന്നെ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം പ്രകടമാകുമെന്നും ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ചൈന അംഗീകരിക്കുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
ലോകരാഷ്ട്രങ്ങളുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് വരച്ചുകാട്ടുകയാണ് ഹാമിഷ് മക്റേ. ജനസംഖ്യ, സാമ്പത്തികം, സാങ്കേതിക വിദ്യ, പരിസ്ഥിതി, ഭരണ നിര്‍വഹണം എന്നിവയെക്കുറിച്ചുള്ള ആശയങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ആഗോള സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് പുസ്തകം വിശകലനം ചെയ്യുന്നുണ്ട്. യു.എസിനെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ചൈന മാറുമെന്ന ദീര്‍ഘവീക്ഷണവും മക്‌റേ മുന്നോട്ടുവച്ചിരുന്നു. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന മാറുന്നതോടെ യു.എസും ചൈനയും തമ്മിലുള്ള സംഘര്‍ഷം മുറുകും. അതേസമയം, ആശ്രിത ജനസംഖ്യ (അധ്വാനിക്കുന്ന ജനവിഭാഗം കുറയുകയും വൃദ്ധര്‍ കൂടുകയും ചെയ്യുന്ന അവസ്ഥ) കൂടുന്നതോടെ ആഭ്യന്തരമായി ചൈന മൃദു സമീപനം സ്വീകരിക്കുമെന്നും ബാഹ്യകാര്യങ്ങളില്‍ ആക്രമണോത്സുകത കുറവായിരിക്കുമെന്നുമുള്ള വിലയിരുത്തലും മക്റേ നടത്തിയിരുന്നു.
2030ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റേറ്റിങ് ഏജന്‍സിയായ എസ്ആന്‍ഡ്പി നേരത്തെ പ്രവചിരുന്നു. 202627ല്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദന(ജിഡിപി) വളര്‍ച്ച ഏഴു ശതമാനത്തിലേക്ക് എത്തുമെന്നും അവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2027-28ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്)യുടെ പ്രവചനം. മൂന്നു വര്‍ഷം കൊണ്ട് ലോകത്ത് ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് 2023ല്‍ എസ്ആന്‍ഡ്പി വിലയിരുത്തിയിരുന്നു. അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ത്യ ആഗോള മാനുഫാക്ചറിങ് ഹബ്ബായി മാറുമോ എന്നത് വളര്‍ച്ചയില്‍ നിര്‍ണായകമാണെന്നും എസ്ആന്‍ഡ്പി പറഞ്ഞിരുന്നു.
കോവിഡ് മുതല്‍ ഇന്ത്യ ബഹുവിധ ആഘാതങ്ങള്‍ മറികടന്നാണ് മുന്നേറുന്നതെന്ന് ഐഎംഎഫ് ഏഷ്യാ പസഫിക് മേധാവി കൃഷ്ണ ശ്രീനിവാസ് വിലയിരുത്തിയിരുന്നു. ആഭ്യന്തരമായ വാങ്ങല്‍ ശേഷി കൂടുന്നത് ഇന്ത്യയുടെ വലിയ അനുഗ്രഹമാണെന്നും അതാണ് ഇന്ത്യയുടെ വളര്‍ച്ചയെ മുന്നോട്ട് കുതിപ്പിക്കുന്നതെന്നും വിലയിരുത്തലുണ്ട്. ജനസംഖ്യയിലുള്ള യുവാക്കളുടെ എണ്ണക്കൂടുതലാണ് ഇന്ത്യയുടെ ശക്തി. ഇവര്‍ ഓരോ വര്‍ഷവും ഇന്ത്യയുടെ തൊഴില്‍ ശക്തിയിലേക്ക് എത്തിപ്പെടുന്നു. ഏകദേശം ഒന്നരക്കോടി പുതിയ യുവാക്കളാണ് ഇന്ത്യയുടെ തൊഴില്‍ മേഖലയിലേക്ക് ഓരോ വര്‍ഷവും എത്തിപ്പെടുന്നത്. ഇവരെ രൂപപ്പെടുത്താന്‍ മികച്ച വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നല്‍കണം.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടനയായി ഇന്ത്യ തുടരുമെന്നതിന് തെളിവാണ് ഈ യുവശക്തി. 2027ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാം ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നാണ് ഐഎംഎഫ് പറയുന്നത്. അന്ന് ജര്‍മ്മനിയെക്കൂടി ഇന്ത്യ പുറകിലാക്കും. പിന്നെ ഇന്ത്യയ്ക്ക് മുന്‍പില്‍ രണ്ട് ശക്തികളേ ഉണ്ടാകൂ- യുഎസും ചൈനയും. 2047ല്‍ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറും. അതിന്റെ ഭാഗമായി ഇന്ത്യ ഒരു വികസിത സമ്പദ് വ്യവസ്ഥയായി മാറുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.