നാടിന് കണ്ണീരായി കുഞ്ഞു ഹാമിന്റെ മരണം; അവധിക്കാലം ചെലവഴിക്കാന്‍ അമ്മ വീട്ടിലെത്തിയ അഞ്ചര വയസുകാരന്‍ എര്‍ത്ത് വയറില്‍ നിന്നു വൈദ്യുതാഘാതമേറ്റു മരിച്ചു; അപ്പൂപ്പനുമായി കളിച്ചു ചിരിച്ചു നടന്ന കുഞ്ഞനെ കണ്ടത് അനക്കമറ്റ നിലയില്‍; അപകടം കുഴിയാനകളെ പിടിച്ചു കളിക്കവേ

നാടിന് കണ്ണീരായി കുഞ്ഞു ഹാമിന്റെ മരണം

Update: 2025-04-08 02:38 GMT

മാവേലിക്കര: അവധിക്കാലം ചെലവഴിക്കാന്‍ അമ്മയുടെ വീട്ടിലെത്തിയ അഞ്ചര വയസ്സുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത് നാടിന്റെ കണ്ണീരായി മാറി. തിരുവല്ല പെരിങ്ങര കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും ഇളയ മകന്‍ എച്ച്. ഹാമിന്‍ ആണ് മരിച്ചത്. പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ചെട്ടികുളങ്ങര കൈത വടക്ക് കോയിത്താഴത്ത് രാജന്റെ വീട്ടുമുറ്റത്താണ് സംഭവം. ശ്യാമയുടെ പിതാവ് ശിവാനന്ദന്റെ സഹോദരനാണ് രാജന്‍. രണ്ടു വീടുകളും ഒരേ വളപ്പിലാണ്. രാജന്റെ വീടിന്റെ ഭിത്തിയോടു ചേര്‍ന്നു കുഴിയാനകളെ പിടിച്ചു കളിക്കുമ്പോഴാണു വൈദ്യുതാഘാതമേറ്റത്.

മെയിന്‍ സ്വിച്ചില്‍ നിന്നുള്ള എര്‍ത്ത് വയറിന്റെ പൈപ്പ് ഇല്ലാത്ത ഭാഗത്തെ കമ്പിയില്‍ ഹാമിന്‍ സ്പര്‍ശിച്ചതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് നിഗമനം. രാജന്റെ സൈക്കിള്‍ എടുക്കാനെത്തിയ അയല്‍വാസി കൊച്ചുമോന്‍ ആണു വീട്ടുമുറ്റത്തു കമഴ്ന്നു കിടക്കുന്ന ഹാമിനെ കണ്ടത്. ഉടന്‍ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അപ്പോഴേക്കം മരണം സംഭവിച്ചിരുന്നു.

മുത്തശ്ശനുമായി കളിച്ചു ചിരിച്ചു നടന്ന കുരുന്നിനാണ് ദാരുണാന്ത്യം സംഭവിച്ചത്. തനന്ോട് കുറുമ്പു വര്‍ത്തമാനങ്ങള്‍ പറഞ്ഞ ശേഷമാണ് അവന്‍ ഓടിപ്പോയതെനനന് ശിവാനന്ദന്‍ പറയുന്നു. 'അപ്പൂപ്പാ കിടക്കുന്ന സാധനം താഴെ വീണു' എന്നു വിളിച്ചു പറഞ്ഞ ശേഷം അവന്‍ അപ്പുറത്തേക്കു പോയത് പിന്നെ താന്‍ കാണുന്നത് അനക്കമറ്റാണെന്ന് ശിവാനന്ദന്‍ പറയുമ്പോള്‍ നെഞ്ചു പൊട്ടുന്ന വേദനയാണ്. മുറ്റത്ത് 2 കസേരയിലായി വെയിലത്ത് ഇട്ട മെത്ത താഴെ വീണപ്പോഴാണു കിടക്കുന്ന സാധനം എന്നു പൊന്നുമോന്‍ വിളിച്ചു പറഞ്ഞത്. നീയാണോ താഴെയിട്ടതെന്നു ചോദിച്ചപ്പോള്‍ തല കൊണ്ടു അല്ലെന്നു കാട്ടി ചിരിച്ചു കൊണ്ടു പോയതാണ്. അപ്പുറത്ത് താമസിക്കുന്ന എന്റെ സഹോദരന്‍ രാജനുമായി അവനു നല്ല അടുപ്പമാണ്.

അതിനാല്‍ അവിടിരുന്ന് കളിക്കുന്നുണ്ടാകും എന്നാണു കരുതിയത്. പിന്നീട് അയല്‍വാസി കൊച്ചുമോനെത്തി ' ഹാമിന്‍ വീണു കിടക്കുന്നു എന്നു പറയുകയായിരുന്നു. വൈദ്യുതാഘാതമേറ്റു മരിച്ച ഹാമിന്റെ മുത്തശ്ശനാണ് ശിവാനന്ദന്‍. അവധിക്കാലം ആഘോഷിക്കാന്‍ അമ്മയുടെ വീട്ടിലെത്തിയ ഹാമിന്‍ മുറ്റത്തു കുഴിയാനകളെ പിടിച്ചു കളിക്കുന്നതിനിടെയാണു വൈദ്യുതി പ്രവഹിച്ച എര്‍ത്ത് വയറില്‍ സ്പര്‍ശിച്ചത്. വീടിന്റെ ബേസ്‌മെന്റ് ചേര്‍ന്നുവരെ എര്‍ത്ത് വയര്‍ പിവിസി പൈപ്പിനുള്ളിലാണ്.

ഇതിനു ശേഷമുള്ള ഭാഗം കവചിതമല്ലാത്ത ചെമ്പു കമ്പിയാണ്. ഇവിടെ സ്പര്‍ശിച്ചതാകാം അപകടകാരണമെന്നാണു നിഗമനം. ഒരാഴ്ച മുന്‍പാണ് അവധിക്കാലം ആഘോഷിക്കാന്‍ സഹോദരി ഹാമിക്കൊപ്പം ഹാമിനും കൈത വടക്ക് കോയിത്താഴത്ത് വീട്ടിലെത്തിയത്.

ഖത്തറിലുള്ള പിതാവ് ഹാബേല്‍ എത്തിയ ശേഷം സംസ്‌കാരം നടക്കും. നാലാം ക്ലാസ് വിദ്യാര്‍ഥിനി ഹാമിയാണു ഹാമിന്റെ സഹോദരി. ഹാമിനും സഹോദരി ഹാമിയും ഒരാഴ്ച മുന്‍പാണ് അമ്മ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയത്.

കെഎസ്ഇബി വൈദ്യുതി സെക്ഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിലെ സാധാരണ പ്ലഗ് സോക്കറ്റ് മറ്റൊരു എക്സ്റ്റന്‍ഷന്‍ സോക്കറ്റില്‍ ഘടിപ്പിച്ചു ഫ്രിജ്, ഫാന്‍ എന്നിവയ്ക്കു കണക്ഷന്‍ നല്‍കിയിരുന്നു. എര്‍ത്ത് പിന്‍ വഴി വൈദ്യുതി മുറ്റത്തേക്കുള്ള എര്‍ത്ത് വയറിലൂടെ പ്രവഹിച്ചതാണ് അപകടകാരണമെന്നു ചൂണ്ടിക്കാട്ടി കെഎസ്ഇബി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

Tags:    

Similar News