ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ആന ആക്രമിച്ചത് കശുവണ്ടി ശേഖരിക്കുന്നതിനിടെ; സംഭവം പതിമൂന്നാം ബ്ലോക്കില്‍; ഒമ്പത് വര്‍ഷത്തിന് ഇടയില്‍ കാട്ടാന ആക്രമണത്തില്‍ ആറളത്ത് മാത്രം മരിച്ചത് 14 പേര്‍; നിരന്തരമുള്ള കാട്ടാനയുടെ ആക്രമണങ്ങളില്‍ ഉറക്കമില്ലാതെ ആറളത്തെ ആദിവാസികള്‍

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Update: 2025-02-23 13:47 GMT
ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ആന ആക്രമിച്ചത് കശുവണ്ടി ശേഖരിക്കുന്നതിനിടെ; സംഭവം പതിമൂന്നാം ബ്ലോക്കില്‍;  ഒമ്പത് വര്‍ഷത്തിന് ഇടയില്‍ കാട്ടാന ആക്രമണത്തില്‍ ആറളത്ത് മാത്രം മരിച്ചത് 14 പേര്‍; നിരന്തരമുള്ള കാട്ടാനയുടെ ആക്രമണങ്ങളില്‍ ഉറക്കമില്ലാതെ ആറളത്തെ ആദിവാസികള്‍
  • whatsapp icon

കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികള്‍ക്ക് കാട്ടാന ആക്രമണത്തില്‍ ദാരുണാന്ത്യം. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. ആറളത്ത് നിരന്തരം കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്ന സ്ഥലമാണ്.

ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ് 13ാം ബ്ലോക്ക്. ആര്‍ആര്‍ടി ഓഫീസില്‍ നിന്ന് 600 മീറ്റര്‍ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആര്‍ആര്‍ടി സംഘം പ്രദേശത്തെത്തിയിട്ടുണ്ട്. ആന കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം.

ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ കാട്ടാനശല്യം അതിരൂക്ഷമാണ്. വേലി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരേ മേഖലയില്‍ പ്രതിഷേധവും ശക്തമാണ്. പരാതി പറയുമ്പോഴും ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഒരു ദുരന്തമുണ്ടാകുമ്പോള്‍ മാത്രം അധികാരികളുടെ കണ്ണു പതിയുന്ന ഇടമായി കണ്ണൂര്‍ ആറളം ഫാം മാറിയിട്ട് പതിറ്റാണ്ടുകളായി. ഒമ്പത് വര്‍ഷത്തിനിടെ 14 പേരാണ് ഇവിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ടാനകളെ ഭയന്ന് വീടിനു വെളിയിലിറങ്ങാന്‍ പോലും കഴിയാതെ ജീവിക്കുന്ന മനുഷ്യരുടെ നാടായി മാറി ആറളം. ജീവനും കയ്യില്‍ പിടിച്ചു ജീവിക്കുന്നവരാണ് ഇവിടുത്തെ നാട്ടുകാര്‍.

കാട്ടാന ആക്രമണത്തില്‍ ഒരോരുത്തര്‍ കൊല്ലപ്പെടുമ്പോള്‍ ആദിവാസി സമൂഹത്തിന്റെ പ്രതിഷേധം തണുപ്പിക്കാന്‍ വനം വകുപ്പും റവന്യു വിഭാഗവും ആനമതില്‍ നിര്‍മ്മിക്കുമെന്ന് പറയും, എന്നാല്‍ അതെല്ലാം വെറും വാഗ്ദാനമായി മാറുകയാണ് പതിവ്.

Tags:    

Similar News