ഒതേനന്റെ മകനിലൂടെ അരങ്ങേറ്റം; പ്രേംനസീർ മുതൽ ധ്യാൻ ശ്രീനിവാസൻ വരെയുള്ള താരങ്ങൾക്കൊപ്പം ബിഗ് സ്‌ക്രീനിൽ; ഹിന്ദിയിലും തമിഴിലും മികച്ച കഥാപാത്രങ്ങൾ; വില്ലന്‍ റോളുകളിലൂടെ ശ്രദ്ധേയനായ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു; വിടപറഞ്ഞത് ആയിരത്തിലേറെ സിനിമകളിൽ വേഷമിട്ട അതുല്യ പ്രതിഭ
ആലപ്പുഴ: ചെറുവേഷങ്ങളിലൂടെ മലയാളം സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയ നടൻ പുന്നപ്ര അപ്പച്ചൻ (അൽഫോൻസ്-77) അന്തരിച്ചു. മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും ഉൾപ്പെടെ ആയിരത്തിലേറെ ചിത്രങ്ങളിൽ വിവിധ കഥാപാത്രങ്ങളായി തിളങ്ങിയ അദ്ദേഹം, പലപ്പോഴും വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്.
സത്യൻ നായകനായ 'ഒതേനന്റെ മകൻ' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച അപ്പച്ചൻ, 'അനുഭവങ്ങൾ പാളിച്ചകൾ', 'അനന്തരം', 'ഞാൻ ഗന്ധർവൻ', 'മതിലുകൾ', 'സംഘം', 'അധികാരം', 'ദി കിങ്', 'ജലോത്സവം', 'കടുവ', 'സ്വർഗത്തിലെ കട്ടുറുമ്പ്' തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. പ്രേംനസീർ മുതൽ പുതുതലമുറയിലെ ധ്യാൻ ശ്രീനിവാസൻ വരെയുള്ള പ്രമുഖ നടന്മാർക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പനാണ്' അദ്ദേഹത്തിന്റെ ഒടുവിലത്തെ ചിത്രം.
ഹിന്ദിയിൽ ദിലീപ് കുമാർ നായകനായ 'ദുനിയ' എന്ന ചിത്രത്തിൽ ദിലീപ് കുമാറിനെ അറസ്റ്റു ചെയ്യുന്ന പോലീസ് ഓഫീസറായും, തമിഴിൽ വിജയ് നായകനായ 'സുറ' എന്ന സിനിമയിലും അപ്പച്ചൻ അഭിനയിച്ചു. വില്ലൻ വേഷങ്ങളായിരുന്നു ഏറെയെങ്കിലും, മമ്മൂട്ടി ചിത്രം 'ദി കിങിൽ' മുഖ്യമന്ത്രിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ അഞ്ചു ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പുന്നപ്ര അരശർകടവിൽ എ.സി. ജെറോംകുട്ടിയുടെയും മറിയമ്മയുടെയും മകനാണ്. ആലപ്പുഴ മണ്ണഞ്ചേരി തമ്പകച്ചുവട് അരശർകടവിലായിരുന്നു താമസം. സിനിമാ ജീവിതത്തിനു പുറമെ എൽഐസി ഏജന്റായിരുന്ന അപ്പച്ചൻ ആറുതവണ കോടിപതിയായിട്ടുണ്ട്. ഭാര്യ മേരിക്കുട്ടിയും മക്കളായ ആന്റണി ജെറോം, ആലീസ് അൽഫോൻസ് എന്നിവരും അദ്ദേഹത്തിനുണ്ട്.