മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മുമ്പേ പറന്നൊരു പക്ഷിയായ താഴ്വാരം; ഭാവനയുടെയും രചനയുടേയും വാതായനങ്ങള്‍ ഭേദിച്ച സദയത്തിലെ സത്യനാഥന്‍; റാഗിങിന്റെ വേദനയായ അമൃതംഗമയ; കര്‍ണ്ണഭാരം കാണാന്‍ ഓടിയെത്തിയ എംടി; ഇനി ആ വൈകാരിക അടുപ്പമില്ല; സിത്താരയില്‍ മോഹന്‍ലാല്‍ എത്തി; എംടിയുടെ സ്‌നേഹത്തെ കുറിച്ച് പറഞ്ഞ് ലാല്‍
കോഴിക്കോട്: വല്ലപ്പോഴും മാത്രമേ ഞങ്ങള്‍ തമ്മില്‍ കാണാറുള്ളൂ. കണ്ടാല്‍ത്തന്നെ പരിമിതമായ വാക്കുകളില്‍, നേര്‍ത്തൊരു ചിരിയില്‍, കൈ കൊണ്ടുള്ള ചില ആംഗ്യങ്ങളില്‍ പറയേണ്ടതുമാത്രം പറയും. സാറിന്റെ സാഹിത്യം വായിക്കുന്നതിലുപരി സാറിന്റെ സാഹിത്യത്തിലെ കഥാപാത്രങ്ങളായി പല തവണ പകര്‍ന്നാടാന്‍ എനിക്ക് സാധിച്ചു. എത്രയെത്ര സിനിമകള്‍! അമൃതംഗമയ, അനുബന്ധം, രംഗം, പഞ്ചാഗ്നി, അടിയൊഴുക്കുകള്‍, അഭയം തേടി, താഴ്വാരം, സദയം, ഉയരങ്ങളില്‍...ഏറ്റവുമൊടുവില്‍ ഓളവും തീരവും...-മോഹന്‍ലാലിന് എംടി ഇതൊക്കെയായിരുന്നു. മരണം അറിഞ്ഞ് രാത്രി തന്നെ കോഴിക്കോട്ടേക്ക് തിരിച്ചു. ആ കഥാകാരന് ആദരാഞ്ജലി അര്‍പ്പിച്ചു.
എം ടി വാസുദേവന്‍ നായരെ കോഴിക്കോട്ടെ സിത്താരയെന്ന വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അര്‍പ്പിച്ച് മോഹന്‍ലാല്‍ മടങ്ങി. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് മോഹന്‍ലാല്‍ കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് എത്തിയത്. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു.എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി വാസുദേവന്‍ നായര്‍. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മില്‍ നല്ല സ്‌നേഹ ബന്ധമുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ച നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു. തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. ആരോഗ്യ വിവരങ്ങള്‍ ആശുപത്രിയില്‍ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു.
സിനിമയില്‍ തീരുന്നില്ല എന്റെ ജീവിതത്തിലെ എം.ടിസാറിന്റെ കയ്യൊപ്പ് എന്ന് തുറന്നു പറഞ്ഞ നടനാണ് മോഹന്‍ലാല്‍. ഭാസന്റെ 'കര്‍ണ്ണഭാരം' എന്ന സംസ്‌കൃതനാടകം കാവാലം നാരായണപ്പണിക്കര്‍ സാറിന്റെ ശിക്ഷണത്തില്‍ ഞാന്‍ ചെയ്തപ്പോള്‍ രണ്ടുതവണയും അത് കാണാന്‍ മുന്‍നിരയില്‍ത്തന്നെ സാര്‍ ഉണ്ടായിരുന്നു. മലയാള സാഹിത്യത്തിലെ പ്രശസ്തമായ കഥാപാത്രങ്ങളായി കഥയാട്ടം എന്ന പരിപാടിയില്‍ ഞാന്‍ വേദിയിലെത്തിയപ്പോഴും എം.ടിസാര്‍ കാണാനുണ്ടായിരുന്നു. അത് ഒരു സാന്നിധ്യം എന്നതിലുപരി അനുഗ്രഹമായാണ് കരുതുന്നത്. മുംബെയിലെ ഒരു യോഗത്തില്‍വച്ച് എം.ടി സാര്‍ പറഞ്ഞു:'മലയാളികളുടെ സ്വകാര്യാഹങ്കാരമാണ് മോഹന്‍ലാല്‍.'അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്‌കാരമായാണ് ഞാന്‍ കണക്കാക്കുന്നത്. എന്നാല്‍ ഇത് നമ്മള്‍ എം.ടിസാറിനപ്പെറ്റിയല്ലേ പറയേണ്ടത് എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. സാര്‍,അങ്ങാണ് ഞങ്ങളുടെ സ്വകാര്യാഹങ്കാരം. അങ്ങുള്ളതുകൊണ്ടുകൂടിയാണ് മലയാളിയും മലയാളഭാഷയും ഇത്രമേല്‍ മാനിക്കപ്പെടുന്നതെന്ന് മുമ്പ് പറഞ്ഞ മോഹന്‍ലാല്‍. അങ്ങെഴുതിയ സിനിമകളാണ് ഞങ്ങളെ കലാസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കുകയര്‍ത്തിയത് എന്ന് പറഞ്ഞു വച്ച ലാല്‍.
എംടിയുടെ തിരക്കഥകളില്‍ രൂപം കൊണ്ട സവിശേഷവും സങ്കീര്‍ണവും അതേസമയം വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനാണ് മോഹന്‍ലാല്‍. 1984 മാര്‍ച്ചില്‍ റിലീസായ 'ആള്‍ക്കൂട്ടത്തില്‍ തനിയെ'യില്‍ ആയിരുന്നു ആദ്യമായി എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉയരങ്ങളിലെ ജയരാജന്‍ അക്കാലമത്രയും മലയാളസിനിമ കണ്ടിട്ടേയില്ലായിരുന്ന ഒരാളായിരുന്നു. ജയരാജനെന്ന കഥാപാത്രത്തിന്റെ സൂക്ഷ്മതകളിലേക്ക് കടന്നുചെന്ന ലാല്‍ അസാധാരണമായ കയ്യടക്കമാണ് പുലര്‍ത്തിയത്. 1984 നവംബര്‍ 30 ന് റിലീസ് ചെയ്ത ഉയരങ്ങളില്‍ ഇന്നും മലയാളത്തിലെ ക്ലാസിക്. എംടിയുടെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത് 1985-ല്‍ പുറത്തിറങ്ങിയ രംഗം എന്ന ചിത്രത്തില്‍ ലാല്‍, അപ്പുണ്ണി എന്ന കഥകളി നടനെയാണ് അവതരിപ്പിച്ചത്. അതായത് വാനപ്രസ്ഥം പുറത്തിറങ്ങുന്നതിനും 14 വര്‍ഷം മുമ്പായിരുന്നു ആ വിസ്മയം.
മലയാളസിനിമയെ സംബന്ധിച്ചിടത്തോളം മുമ്പേ പറന്നൊരു പക്ഷിയായിരുന്നു താഴ്വാരം. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയപ്രകടനങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥനായി മോഹന്‍ലാല്‍ നടത്തിയത്. സദയത്തിന്റെ ചിത്രീകരണം കാണാന്‍ വന്ന എംടിയുടെ തന്നെ അഭിപ്രായം മതിയല്ലോ ലാലിന്റെ പ്രകടനത്തിന്റെ ആഴം വിലയിരുത്താന്‍. തന്റെ ഭാവനയുടെയും രചനയുടേയും വാതായനങ്ങള്‍ ഭേദിച്ച് മോഹന്‍ലാലിന്റെ അഭിനയപാടവത്തിലൂടെ മറ്റൊന്നായി മാറുകയായിരുന്നു സത്യനാഥന്‍ എന്നാണ് എംടി നിരീക്ഷിച്ചത്. അമൃതം ഗമയ, ഇടനിലങ്ങള്‍, അഭയം തേടി, പഞ്ചാഗ്‌നി എന്നിങ്ങനെയുള്ള എംടി തിരക്കഥകളിലും മോഹന്‍ലാല്‍ വേഷമിട്ടിട്ടുണ്ട്. ഇതില്‍ പഞ്ചാഗ്‌നി ശക്തമായ സ്ത്രീപക്ഷചിത്രം എന്ന നിലയില്‍ കൂടി ശ്രദ്ധേയമാണ്. ഏറ്റവും ഒടുവില്‍ സീ ടിവിയ്ക്കായി പ്രിയദര്‍ശന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഓളവും തീരവും എന്ന ചെറു ചിത്രത്തിലും ലാല്‍ അഭിനയിച്ചു.
എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുക്കിയ 'മനോരഥങ്ങള്‍' എന്ന ആന്ത്രോളജി സിനിമയുടെ ഭാ?ഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. പ്രിയദര്‍ശന് ഈ സിനിമ ചെയ്യാന്‍ സാധിച്ചുവെന്നത് തന്നെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ''എം ടി സാറിന്റെ പന്ത്രണ്ടോളം സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. നാല്‍പ്പത്തി ഏഴ് വര്‍ഷത്തെ സിനിമ ജീവിതത്തില്‍ മനോഹരമായി കഥാപാത്രങ്ങളായിരുന്നു അതെല്ലാം. അമൃതം ഗമയ മുതല്‍ ഓളവും തീരവും വരേയുള്ള ചിത്രങ്ങളില്‍ ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു.
ഓളവും തീരവും ഒരുപാട് കാരണങ്ങള്‍ കൊണ്ട് എനിക്ക് ഏറെ പ്രത്യേകതയുള്ള ചിത്രമാണ്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എന്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. അന്ന് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു അത്. പിതൃതുല്യനും ഗുരു തുല്യനുമായ വ്യക്തിയാണ് മധു സര്‍. എം ടി സാറിന്റെ കഥാപാത്രം മധു സാറാണ് അന്ന് ചെയ്തത്. എം ടി സാറിന് കൊടുക്കാവുന്ന ഗുരുദക്ഷിണയായിട്ടാണ് ഈ ചിത്രത്തെ ഞാന്‍ കാണുന്നത്. മധു സാറിനെ ചിത്രം ഷൂട്ട് ചെയ്തതിന് ശേഷം കൊണ്ടുപോയി കാണിച്ചിരുന്നു. അദ്ദേഹം ഏറെ സന്തോഷത്തോടെയാണ് കണ്ടത് '- മോഹന്‍ലാല്‍ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം എം.ടി സാറാണ്. അതുപോലെ പിന്നീട് സംസ്‌കൃത നാടകം കര്‍ണഭാരം ബോംബെയില്‍ ഞാന്‍ ചെയ്യുന്നുവെന്ന് അറിഞ്ഞ് എം.ടി സാറും ഒഎന്‍വി കുറുപ്പ് സാറും അത് കാണാന്‍ വന്നിരുന്നു. ബോംബെയില്‍ രണ്ട് സ്ഥലങ്ങളില്‍ കര്‍ണഭാരം അവതരിപ്പിച്ചിരുന്നു. 'രണ്ടും കാണാന്‍ അദ്ദേഹം വന്നു. പക്ഷെ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നൊന്നും പറയാതെ പോയി. അത് എന്നെ അന്ന് ഒരുപാട് വേദനിപ്പിച്ചു. ശേഷം ഒരിക്കല്‍ അദ്ദേ ഹത്തെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ഇക്കാര്യം ഞാന്‍ ചോദിച്ചു. ലാലേ... അത് അങ്ങനെയല്ല... എനിക്ക് വളരെ അധികം ഇഷ്ടമായി എന്ന് അദ്ദേഹം പറഞ്ഞു. പൊതുവെ പ്രതികരണം ഒരു ചിരിയിലോ തലോടലിലോ ഒതുക്കുന്നതുകൊണ്ടാണ് അദ്ദേഹം ഒന്നും പറയാതെ അന്ന് പോയത്', എന്നാണ് മോഹന്‍ലാല്‍ അനുഭവം പങ്കിട്ട് പറഞ്ഞത്.