നിശ്ശബ്ദര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും എംടി ശബ്ദമായി; സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത; എംടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും

Update: 2024-12-26 06:38 GMT

ന്യൂഡല്‍ഹി: എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയനായ വ്യക്തിത്വമായിരുന്ന എം ടി വാസുദേവന്‍ നായരയുടെ വിയോഗത്തില്‍ ദുഖമുണ്ട്. മാനുഷിക വികാരങ്ങളുടെ ആഴത്തിലുള്ള പര്യവേക്ഷണത്തോടുകൂടിയ അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പലരെയും പ്രചോദിപ്പിക്കുകയും ചെയ്യും. നിശ്ശബ്ദര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അദ്ദേഹം ശബ്ദം നല്‍കി. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

എം ടി വാസുദേവന്‍ നായരുടെ കഥകളെല്ലാം കേരളത്തിന്റെ സംസ്‌കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനില്‍ക്കുന്നവയായിരുന്നു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവന്‍ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.

Full View

ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് എം.ടി. വാസുദേവന്‍ നായര്‍ വിട പറഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. എം.ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

അദ്ദേഹത്തെ സ്വവസതിയില്‍ രാവിലെ എത്തിച്ചിരുന്നു. ഇന്ന് വൈകിട്ടാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിന് വക്കില്ല. എംടി നേരത്തെ തന്നെ തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്ന് പറഞ്ഞിരുന്നു. നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയ വഴി അനുശോചനം നടത്തുകയും ചെയ്തു.

Tags:    

Similar News