പത്താംക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്; ഡോക്ടറാകണമെന്ന മകന്റെ സ്വപ്നത്തിന് വഴിയൊരുക്കി മാതാപിതാക്കള്‍; ക്രിസ്മസ് അവധിക്കായി കാത്തുനില്‍ക്കാതെ ചേതനയറ്റ് മടക്കം; ദേവാനന്ദന്‍ യാത്രയായത് ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കി

ദേവാനന്ദന്‍ യാത്രയായത് ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കി

Update: 2024-12-03 18:03 GMT


ദേവാനന്ദന്‍ യാത്രയായത് ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കി

മലപ്പുറം: പത്താംക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുനേടി വീട്ടുകാരുടേയും നാട്ടുകാരുടേയും കൈയടി നേടിയ മിടുക്കന്‍. പഠനത്തില്‍ എല്ലാം സ്വപ്നതുല്യമായ നേട്ടങ്ങള്‍ വാരിക്കൂട്ടുന്നതിനിടെ തനിക്കു ഡോക്ടറാകണമെന്നാണു ആലപ്പുഴ കളര്‍കോട് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ദേവാനന്ദന്‍ തന്റെ മാതാപിതാക്കളോടു പറഞ്ഞിരുന്നത്. മകന്റെ സ്വപ്നത്തിന് വഴിയൊരുക്കി മാതാപിതാക്കള്‍ മെഡിസിനും ചേര്‍ത്തു കാത്തിരിക്കുമ്പോഴാണു തന്റെ ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കി സേവാനന്ദന്‍ യാത്രയായത്. മെഡിക്കല്‍ ബിരുദം പൂര്‍ത്തീകരിച്ച് ഡോക്ടര്‍ ആകണമെന്ന സ്വപ്നം ദേവാനന്ദന്‍ സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

കോട്ടക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവം വീട്ടില്‍ ദേവാനന്ദന്‍(19) ആലപ്പുഴ ദേശീയപാത കളര്‍കോടില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഒരാളാണ്. ഒന്നരമാസം മുമ്പാണ് ദേവാനന്ദന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനത്തിന് ചേര്‍ന്നത്. ക്രിസ്മസ് അവധിക്ക് വരാമെന്ന് പറഞ്ഞാണ് അടുത്തിടെ വീട്ടില്‍ വന്ന് തിരികെ പോയത്.

പഠന വിഷയങ്ങളില്‍ മുന്നിലായിരുന്നു ദേവാനന്ദന്‍. കോട്ടയ്ക്കല്‍ പുതുപ്പറമ്പിലെ സ്വകാര്യ സ്‌കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠിച്ചത്. എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു. കോട്ടയത്ത് എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ കോച്ചിങ്ങിനൊപ്പം പ്ലസ്ടുവും പഠിച്ചു. കെമിസ്ട്രിയില്‍ മുഴുവന്‍മാര്‍ക്കും നേടിയാണ് പ്ലസ് ടു വിജയിച്ചത്.

ദേവാനന്ദിന്റെ ആഗ്രഹപ്രകാരമാണ് മെഡിസിന് ചേര്‍ന്നത്. എറണാകുളം മെഡിക്കല്‍ കോളജിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശനം ലഭിച്ചപ്പോള്‍ എറണാകുളത്തേക്കാള്‍ രോഗികള്‍ കൂടുതലായി ആശ്രയിക്കുന്ന ആലപ്പുഴ മെഡിക്കല്‍ കോളജ് തെരഞ്ഞെടുക്കുകയായിരുന്നു.

കോട്ടയം സ്വദേശികളായ ദേവാനന്ദിന്റെ കുടുംബം കോട്ടക്കല്‍ ചീനംപുത്തൂരില്‍ സ്ഥിരതാമസം ആക്കിയിട്ട് 12 വര്‍ഷമായി. അച്ഛന്‍ എ.എന്‍. ബിനുരാജ് വാളക്കുളം അറക്കല്‍ എയുപി സ്‌കൂളിലെ അധ്യാപകനാണ്. അമ്മ രഞ്ജിനി തിരൂര്‍ ജിഎസ്ടി ഓഫീസിലെ ജൂണിയര്‍ സൂപ്രണ്ടാണ്. സഹോദരന്‍ ദേവദത്ത് പോണ്ടിച്ചേരി മെഡിക്കല്‍ വിദ്യാലയമായ ജിപ്മെറില്‍ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്.

ആലപ്പുഴ കളര്‍കോട് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേരാണു മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവു സ്ട്രീറ്റ് ശേഖര പുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനു രാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റിലേക്ക് കാര്‍ വന്ന് ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

Tags:    

Similar News