'ഇന്ത്യ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു; നമ്മള്‍ ജയിക്കും, മറികടക്കും'; കന്നി ബജറ്റ് പ്രസംഗത്തിലെ മന്‍മോഹന്‍ സിങിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി; ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്; ന്യൂനപക്ഷ സമുദായത്തില്‍ നിന്നും പ്രധാനമന്ത്രി പദത്തില്‍; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖം ഓര്‍മയാകുമ്പോള്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖം ഓര്‍മയാകുമ്പോള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ മന്‍മോഹന്‍ സിങ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയായും ലൈസന്‍സ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. 1991ല്‍ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായി അപ്രതീക്ഷിതമായാണ് മന്‍മോഹന്‍ സിംഗ് എത്തുന്നത്. 2004-14 കാലഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വര്‍ഷക്കാലത്തെ സേവനത്തിന് ശേഷം മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്.
പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ 1952ല്‍ ബിരുദവും 1954ല്‍ മാസ്റ്റര്‍ ബിരുദവും ഒന്നാം റാങ്കില്‍ നേടിയതിന് ശേഷം കേംബ്രിഡ്ജില്‍ ഉപരിപഠനം നടത്തി. 1957ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സെന്റ് ജോണ്‍സ് കോളേജില്‍ നിന്നും എക്കണോമിക്‌സ് ട്രിപ്പോസ് നേടിയതിന് ശേഷം ഇന്ത്യയിലെത്തി. പഞ്ചാബ് സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിക്ക് ചേര്‍ന്നു.
1969-71 കാലത്ത് ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പ്രൊഫസറായി. ഇതേ കാലത്ത് വിദേശ വ്യാപാര മന്ത്രാലയത്തില്‍ ഉപദേശകനുമായിരുന്നു. 1972ല്‍ ധനകാര്യ മന്ത്രാലയത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1976 ല്‍ ധനകാര്യ മന്ത്രാലയ സെക്രട്ടറിയായി. 1980-82 ആസൂത്രണ കമ്മീഷന്‍ അംഗമായി. 1982 ല്‍ ഇന്ദിര ഗാന്ധി മന്ത്രിസഭയില്‍ പ്രണബ് മുഖര്‍ജി ധനകാര്യ മന്ത്രിയായിരിക്കെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമനം ലഭിച്ചു. 1985 വരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി തുടര്‍ന്നു.
പിന്നീട് 1985-87 കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി ചുമതലയേറ്റു. പക്ഷെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മന്‍മോഹന്‍ സിങിനോട് മതിപ്പില്ലായിരുന്നു. ആസൂത്രണ കമ്മീഷനെ കോമാളി സംഘം എന്ന് രാജീവ് ഗാന്ധി വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് രാജിവെക്കാന്‍ ഒരുങ്ങിയ മന്‍മോഹന്‍ സിങിനെ ഏറെ പണിപെട്ടാണ് പിന്‍തിരിപ്പിച്ചതെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറിയും സിഎജിയുമായിരുന്ന സി ജി സോമയ്യ ആത്മകഥയില്‍ പറയുന്നുണ്ട്. 1987-90 കാലത്ത് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, സ്വതന്ത്ര സാമ്പത്തിക നയം പിന്‍തുടരുന്ന ബൗദ്ധിക കൂട്ടായ്മ, സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറലായി അദ്ദേഹം പോയി.
1991 ജൂണില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ധനമന്ത്രിയാവാന്‍ പുതിയ പ്രധാനമന്ത്രി നരസിംഹ റാവുവില്‍ നിന്ന് അപ്രതീക്ഷിത ഫോണ്‍ കോള്‍ മന്‍മോഹന്‍ സിങിനെ തേടിയെത്തി. ഇവിടെയാണ് മന്‍മോഹന്‍ സിങിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായതാണ് കേന്ദ്ര സര്‍ക്കാരില്‍ അദ്ദേഹമെത്തിയത്. പിന്നീട് തുടര്‍ച്ചയായി 4 തവണ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായി.
ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് സിങ് ധനമന്ത്രിയാവുന്നത്. ധനകമ്മി ജിഡിപിയുടെ 8.5 % , വിദേശനാണ്യ കരുതല്‍ ശേഖരം കഷ്ടിച്ച് 2 ആഴ്ചത്തേക്കുകൂടി മാത്രം എന്ന സ്ഥിതിയായിരുന്നു അന്ന്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പയെടുക്കാന്‍ രാജ്യം നിര്‍ബന്ധിതമായപ്പോള്‍ കടുത്ത സാമ്പത്തിക നടപടികളാണ് തിരികെ ഐഎംഎഫ് ആവശ്യപ്പെട്ടത്. ലൈസന്‍സ് രാജ് നീക്കാനും വിപണി വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനും മന്‍മോഹന്‍ സിങ് നിര്‍ബന്ധിതനായി. ഇറക്കുമതി ചുങ്കം കുറച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അടക്കം സാമ്പത്തിക പരിഷ്‌കാരങ്ങളോട് മുഖം തിരിച്ച നേതാക്കളോട് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അക്കാലത്തെ വാണിജ്യ സഹമന്ത്രി പി ചിദംബരം, മന്‍മോഹന്‍ സിങിനെ ഉപമിച്ചത് ഡെന്‍ സിയാവോപിങിനോടായിരുന്നു. 1992-93 കാലത്ത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് 5.1 % ലേക്കും 1993-94 കാലത്ത് വളര്‍ച്ച നിരക്ക് 7.3 % ലേക്കും ഉയര്‍ന്നു. ആര്‍.എന്‍.മല്‍ഹോത്ര കമ്മിറ്റി റിപ്പോര്‍ട്ട് ഈ കാലത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ നടപ്പിലാക്കിയതും മന്‍മോഹന്‍ സിംഗ് ആണ്.
മന്‍മോഹന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തകര്‍ച്ചയിലേക്കു പോകുകയായിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി. 2004 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ സോണിയ ഗാന്ധി തയാറാകാതിരുന്നതിനെ തുടര്‍ന്ന് ആ ചുമതല മന്‍മോഹനിലേക്കെത്തി. അപ്രതീക്ഷിതമായിരുന്നു മന്‍മോഹന്‍ സിങിന്റെ പ്രധാനമന്ത്രിപദം. സൗമ്യനായ ഈ പഞ്ചാബ് സ്വദേശി രാജ്യത്തിന്റെ അമരത്തേക്കെത്തുമ്പോള്‍ രാജ്യത്തെ ജനങ്ങളില്‍ ഭൂരിഭാഗവും സംശയാലുക്കളായി.
എന്നാല്‍, പിന്നീട് രാജ്യം സാക്ഷിയായത് അത്യപൂര്‍വ സാമ്പത്തിക വൈദഗ്ധ്യത്തിനായിരുന്നു. പിന്നീട്, ഇഴഞ്ഞുനീങ്ങിയ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആഗോള മത്സര രംഗത്തേക്ക് തുറന്നുവിടുകയും സമ്പൂര്‍ണ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ഇന്ത്യയിലെ എക്കാലത്തെയും പ്രമുഖ സാമ്പത്തിക വിദഗ്ധനായി ഡോ. മന്‍മോഹന്‍ സിങ് മാറി.
രാജ്യത്തെ ഇടത്തരക്കാര്‍ക്കും വലിയ അഭിലാഷങ്ങളുള്ള യുവജനങ്ങള്‍ക്കും എന്നും താരമായിരിക്കും ഡോ. മന്‍മോഹന്‍ സിങ്. ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒരു മാസത്തെ ഇറക്കുമതി മൂല്യത്തിന്റെ അത്രയും പോലും ഇല്ലാതെ വന്ന സമയത്താണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രി നരസിംഹ റാവു 1991-ല്‍ ധനകാര്യ മന്ത്രിയാക്കുന്നത്.
ആഗോള എണ്ണവില കുതിച്ചുയരുകയും അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐ.എം.എഫ്.) നിന്ന് വായ്പക്കായി കരുതല്‍ സ്വര്‍ണം പോലും പണയം വെക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തപ്പോള്‍, ധനകാര്യ മന്ത്രി എല്ലാവരെയും അമ്പരപ്പിച്ച തീരുമാനമെടുത്തു. കയറ്റുമതി സബ്സിഡി നിര്‍ത്തി, രൂപയുടെ മൂല്യം താഴ്ത്തി, കമ്പനികളോട് ലൈസന്‍സില്ലാതെ തന്നെ ഉത്പാദനം നടത്താനാവശ്യപ്പെട്ടു. ഇത് പരസ്പരം മത്സരിക്കുന്ന തരത്തിലേക്ക് വ്യവസായ മേഖലയെ ഉണര്‍ത്തി.
'ലോകം മുഴുവനും ഈ നയം ഉച്ചത്തിലും വ്യക്തമായും കേള്‍ക്കട്ടെ. ഇന്ത്യ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു. നമ്മള്‍ ജയിക്കും, മറികടക്കും'-തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ മന്‍മോഹന്‍ സിങ് ആത്മവിശ്വാസം കൊണ്ടു. അതു വെറുതെയായില്ല. ദോഷൈക ദൃക്കുകളുടെ വിമര്‍ശനങ്ങളെ തള്ളി, ഇന്ത്യ പുതിയ മത്സരക്ഷമതയിലേക്ക് വന്നു.
ഇടക്കാലത്തുള്ള ദുര്‍ദശകള്‍ മറികടന്ന കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യു.പി.എ. 2004-ല്‍ അധികാരത്തിലെത്തിയപ്പോള്‍ സോണിയ ഗാന്ധിയുടെ വിദേശ പൗരത്വം ബി.ജെ.പി. ഉയര്‍ത്തിയതും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ അകന്ന സിഖുകാരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള കോണ്‍ഗ്രസ്സിന്റെ തീരുമാനവും ഡോ. സിങ്ങിന്റെ കഴിവും പ്രാഗത്ഭ്യവും എല്ലാം ഒത്തുവന്നപ്പോഴായിരുന്നു അദ്ദേഹം പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്.
തുടര്‍ച്ചയായി 10 വര്‍ഷം. അഴിമതി ആരോപണങ്ങളടക്കം മന്ത്രിസഭയ്ക്കെതിരേ ഉയര്‍ന്നെങ്കിലും ആരും മന്‍മോഹന്‍ സിങ്ങിനെ അതിന് കുറ്റപ്പെടുത്തിയില്ല. അത്തരമൊരാരോപണം ഉന്നയിക്കാന്‍ പോലും വിമര്‍ശിക്കുമ്പോഴും ആര്‍ക്കും സാധ്യമാവുമായിരുന്നില്ല എന്നതാണ് സത്യം. ഇക്കാലയളവിലും മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി, ഭക്ഷ്യ സുരക്ഷാ പദ്ധതി, വിവരാവകാശ നിയമം തുടങ്ങി ഒട്ടേറെ ക്ഷേമ പരിപാടികള്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭ ആവിഷ്‌കരിച്ചു.
ധനമന്ത്രിയായും പ്രധാനമന്ത്രിയായും രാഷ്ട്രനിര്‍മ്മാണത്തിന് ഡോ. മന്‍മോഹന്‍ സിങ് നല്‍കിയ സംഭാവനകള്‍ക്കപ്പുറമായിരുന്നു രാജ്യസഭാംഗമായിരിക്കെയുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍. മന്‍മോഹന്‍സിങ് തുടങ്ങിവെച്ച മാറ്റത്തിന്റെ ഗുണഫലങ്ങള്‍ പിന്‍ഗാമികള്‍ ആര് കൊയ്തെടുത്താലും ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സംഭാവനകള്‍ സുവര്‍ണ ലിപികളിലുണ്ടാവും.
സാമ്പത്തിക നയങ്ങള്‍ക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷികവായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, യൂണിക്ക്‌ഐഡറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണറായും (1982 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടറായും (1985), ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായും (1985 - 87), നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായും (1991- 96), രാജ്യസഭാ പ്രതിപക്ഷ നേതാവായും (1998 - 2004), യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അസമില്‍ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മന്‍മോഹന്‍സിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്. അദ്ദേഹം ലോക്‌സഭയില്‍ അംഗമായിട്ടില്ല. 1987ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ആഡംസ്മിത്ത് പുരസ്‌കാരം (കേംബ്രിജ് സര്‍വകലാശാല), ലോകമാന്യ തിലക് പുരസ്‌കാരം, ജവഹര്‍ലാല്‍ നെഹ്റു ജന്മശതാബ്ദി പുരസ്‌കാരം, മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം എന്നിവയടക്കമുള്ള അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.