ജോലിയിൽ നിന്ന് വിരമിക്കാന്‍ ഇനി മാസങ്ങള്‍ മാത്രം; സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവേ പ്രതീക്ഷിക്കാതെ എത്തിയ ദുരന്തം; പാഞ്ഞെത്തിയ ടിപ്പർ ലോറിയിടിച്ച് അധ്യാപികയുടെ മരണം; നോവായി നഫീസ ടീച്ചറുടെ വിയോഗം
മലപ്പുറം: മലപ്പുറം ജില്ലയിലെ കുരുവമ്പലം സ്‌കൂളിനു മുന്നിൽ വെച്ച് സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് കൊളത്തൂർ നാഷണൽ എൽ.പി. സ്‌കൂളിലെ അറബി അധ്യാപികയായ നഫീസ മരിച്ച സംഭവം നാടിനെ നടുക്കിലാഴ്ത്തി. അധ്യാപന ജീവിതത്തിൽ നിന്ന് വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് 50 വയസ്സിനടുത്ത പ്രായമുള്ള നഫീസ ടീച്ചർക്ക് ദാരുണാന്ത്യം സംഭവിച്ചത്.
ഇന്നലെ വൈകിട്ട് 4.30 ഓടെ സ്കൂൾ വിട്ട് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. കുരുവമ്പലം സ്‌കൂളിന് മുന്നിലെത്തിയപ്പോൾ, ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ടിപ്പർ ലോറി അമിത വേഗതയിൽ ഇവരുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗം സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് നഫീസ ടീച്ചർ തെറിച്ച് ലോറിക്കടിയിലേക്ക് വീണു.
സമീപത്ത് ബസ് കാത്തുനിന്നവരുടെ കൂട്ട നിലവിളി കേട്ടാണ് ടിപ്പർ ഡ്രൈവർ ലോറി നിർത്തിയത്. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ഉടൻതന്നെ സമീപത്തെ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു.
സ്‌കൂൾ പരിസരങ്ങളിൽ ഉൾപ്പെടെ പകൽ സമയത്ത് ടിപ്പർ ലോറികൾക്ക് നിരോധനമുണ്ടെങ്കിലും, ഈ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് ലോറികളുടെ അമിത വേഗതയിലുള്ള മരണപ്പാച്ചിൽ എന്ന് നാട്ടുകാർ ആരോപിക്കുന്നു.
കരിങ്കല്ലുമായി അമിതഭാരം കയറ്റി നഗരത്തിലൂടെ പായുന്ന ലോറികൾ പലപ്പോഴും അപകടങ്ങൾ വിതയ്ക്കുന്നത് പതിവാണ്. ഈ വിഷയത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പല ഡ്രൈവർമാരും നിയമം ലംഘിച്ച് അമിത വേഗതയിലാണ് വാഹനമോടിക്കുന്നതെന്നും ഇത് മുതലെടുത്താണ് ടിപ്പറുകൾ പായുന്നതെന്നും നാട്ടുകാർ പറയുന്നു.