കേരളകൗമുദിയില്‍ മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ജോലി ചെയ്തത് റിപ്പോര്‍ട്ടര്‍ / സബ്എഡിറ്റര്‍ തസ്തികയില്‍ മാത്രം; പ്രമോഷനുകള്‍ നിരസിക്കപ്പെട്ടത് കേരള കൗമുദിയിലെ സമരത്തിന്റെ പേരില്‍; ആദര്‍ശത്തിനും നിലപാടുകള്‍ക്കും വിരുദ്ധമായതിനാല്‍ മാപ്പ് എഴുതി നല്‍കാന്‍ വിസമ്മതിച്ച് കരിയറിലെ കയറ്റങ്ങള്‍ വേണ്ടെന്നു വച്ചു; ധരിച്ചിരുന്ന തൂവെള്ള ഖദര്‍ പോലെ വെണ്‍മയുള്ള വ്യക്തിത്വം; എസ് ജയശങ്കര്‍ ഓര്‍മ്മയാകുമ്പോള്‍
തിരുവനന്തപുരം: കേരളത്തിലെ മാധ്യമ ലോകത്തെ അതികായകരില്‍ ഒരാളായിരുന്നു എസ് ജയശങ്കര്‍. പത്രപ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതിന് മുന്നില്‍ നിന്ന നേതാവ്. കെയുഡബ്ല്യുജെ മുന്‍ ജനറല്‍ സെക്രട്ടറി. വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി സംഘടനാ പ്രവര്‍ത്തനം നടത്തിയ അപൂര്‍വ്വത. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ വിയോഗം തേടിയെത്തുന്നത്. തികഞ്ഞ ഗാന്ധിയനായിരുന്നു എസ് ജയശങ്കര്‍. ജയശങ്കറെ കുറിച്ച് മനോരമയിലെ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് ഹരികൃഷ്ണന്‍ എസ് ഇട്ട സോഷ്യല്‍ മീഡിയയില്‍ ഇട്ട കുറിപ്പ് ജയശങ്കറിന്റെ പ്രവര്‍ത്തന വഴികളുടെ നേരാണ് വരച്ചു കാട്ടുന്നത്.
ഹരികൃഷ്ണന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ
പ്രിയപ്പെട്ട ജയേട്ടന്‍ വിടവാങ്ങുമ്പോള്‍
##
പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും കേരള കൗമുദിയുടെ പത്രാധിപ സമിതി മുന്‍ അംഗവുമായ എസ്. ജയശങ്കര്‍ (75) തിരുവനന്തപുരത്ത് അന്തരിച്ചു. സംസ്‌കാരം ഇന്നു (05-12-2025) വൈകിട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തില്‍. തിരുവനന്തപുരം കോര്‍പറേഷന്റെ മുന്‍ മേയര്‍ സത്യകാമന്‍ നായരുടെ മകനായ എസ്. ജയശങ്കര്‍ അവിവാഹിതനായിരുന്നു.
ഒരനുജനോടുള്ള സ്‌നേഹവും കരുതലും എനിക്കു നല്‍കിയിരുന്ന, നിസ്വാര്‍ഥനായ വലിയ മനുഷ്യനാണ് കടന്നു പോകുന്നത്. കൃതജ്ഞതയോടെയും ആദരവോടെയും അദ്ദേഹത്തെ ഓര്‍ക്കുന്നു. 1993ലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. കണ്ണൂരില്‍ മലയാള മനോരമയുടെ ട്രെയ്‌നി റിപ്പോര്‍ട്ടറായിരുന്ന എനിക്ക് കേരള കൗമുദി ലേഖകനായിരുന്ന ജയേട്ടന്‍ തന്ന സഹായങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. തുടക്കകാലത്ത് വാര്‍ത്തകള്‍ കയ്യടക്കത്തോടെ എഴുതുന്ന രീതികള്‍ പറഞ്ഞു തന്നു. പിന്നീട് നന്നായി എഴുതുമ്പോള്‍ അഭിനന്ദനങ്ങള്‍ തന്നു. ഒന്നോ രണ്ടോ തവണ വിമര്‍ശിച്ചു. പത്രങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്ത് അത്തരം സഹായങ്ങള്‍ തുടക്കക്കാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം എത്രയോ വലുതായിരുന്നു.
പ്രശ്‌നഭരിതമായ കാലഘട്ടത്തിലൂടെ കടന്നുപോയ തൊണ്ണൂറുകളുടെ ഒടുവിലും രണ്ടായിരങ്ങളുടെ തുടക്കത്തിലും പത്രപ്രവര്‍ത്ത യൂണിയന് നിലപാടുകളില്‍ ഉറച്ചുള്ള ശക്തമായ നേതൃത്വം നല്‍കിയ ആളായിരുന്നു എസ്. ജയശങ്കര്‍ എന്ന ജനറല്‍ സെക്രട്ടറി. അനാവശ്യമായ ബഹളവും മര്‍ക്കടമുഷ്ടിയുമൊന്നുമില്ലാതെ വളരെ ചലനാത്മകമായി അദ്ദേഹം ഞങ്ങളുടെ യൂണിയനെ നയിച്ചു. ജയേട്ടന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്ത് സംസ്ഥാന വൈസ് പ്രസിഡന്റായും (2001-2003), എറണാകുളം ജില്ലാ സെക്രട്ടറിയായും (2003-2005) അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. യൂണിയന്‍ പ്രവര്‍ത്തനത്തിലെ ഏറ്റവും നല്ല കാലമായിരുന്നു അത്. വേജ് ബോര്‍ഡിനു വേണ്ടിയുള്ള സമരങ്ങളുടെയും ഒരുപാട് മാധ്യമ പ്രവര്‍ത്തകര്‍ തൊഴില്‍പരമായ വ്യവഹാരങ്ങളിലൂടെ നീതി തേടിയിരുന്നതുമായ കാലം. ആ നാലു വര്‍ഷവും ജയേട്ടനെ ദിവസവും ഫോണില്‍ ബന്ധപ്പെടെണ്ട കാര്യമുണ്ടായിരുന്നു. എല്ലാ പരിമിതികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഇടയിലും തന്നില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തവും വിശ്വാസവും പൂര്‍ണമായി പാലിക്കാന്‍ ജയേട്ടന് കഴിഞ്ഞിരുന്നു. പലതവണയായി ആറു വര്‍ഷത്തോളം അദ്ദേഹം ജനറല്‍ സെക്രട്ടറിയായിരുന്നു. യൂണിയന്‍ കാര്യങ്ങളിലും കേസുകളുടെ നടത്തിപ്പുകളിലും ഞങ്ങള്‍ തമ്മില്‍ വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്റെ നിലപാടുകള്‍ തെറ്റായിരുന്നു എങ്കില്‍ അതിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി തിരുത്തുമായിരുന്നു ജയേട്ടന്‍. മറിച്ച് ശരി എന്റെ പക്ഷത്താണെങ്കില്‍ അത് അംഗീകരിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നുമില്ല.
കേരളകൗമുദിയില്‍ മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും എസ്.ജയശങ്കര്‍ റിപ്പോര്‍ട്ടര്‍ / സബ്എഡിറ്റര്‍ തസ്തികയില്‍ മാത്രമാണ് ജോലി ചെയ്തത്. പ്രമോഷനുകള്‍ അദ്ദേഹത്തിന് നിരസിക്കപ്പെട്ടു. കേരളകൗമുദിയിലെ സമരത്തിന്റെ പേരിലായിരുന്നു അത്. തന്റെ ആദര്‍ശത്തിനും നിലപാടുകള്‍ക്കും വിരുദ്ധമായതിനാല്‍ മാപ്പ് എഴുതി നല്‍കാന്‍ വിസമ്മതിച്ച ജയേട്ടന്‍ കരിയറിലെ കയറ്റങ്ങള്‍ വേണ്ടെന്നു വച്ചു. നിലപാടുകളുടെ കാര്യത്തില്‍ എന്നും ഇതായിരുന്നു എന്നു എസ്. ജയശങ്കര്‍.
ജോലിയില്‍ നിന്നു വിരമിച്ച ശേഷം തിരുവനന്തപുരത്തെ ഉള്ളൂര്‍ സ്മാരകത്തിന്റെ സെക്രട്ടറിയായും വീടിനു സമീപമുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയായിരുന്നു ജയേട്ടന്‍.
കടുത്ത ഗുരുവായൂരപ്പ ഭക്തനായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുരുവായൂരില്‍ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. അവിടെ നിന്ന് കൊച്ചിയില്‍ വന്നാണ് ചികിത്സ തേടിയത്. അതില്‍ ആശങ്ക പ്രകടിപ്പിച്ച എന്നോട് അദ്ദേഹം പറഞ്ഞു 'ഗുരുവായൂരപ്പന്‍ കൈവിടില്ല എന്നു തോന്നി ഹരീ' ജയേട്ടന്‍ തിരുവനന്തപുരത്ത് സെറ്റില്‍ ആയ ശേഷം തമ്മില്‍ കാണുന്നത് വിരളമായി. വല്ലപ്പോഴും വിളികള്‍ തുടര്‍ന്നു. 2 മാസം മുന്‍പ് ഞാന്‍ തിരുവനന്തപുരത്ത് ചെന്നപ്പോള്‍ കാണാന്‍ ആഗ്രഹിച്ചെങ്കിലും ജയേട്ടന്‍ സ്ഥലത്തില്ലായിരുന്നു. 'അടുത്ത തവണ ഉറപ്പായും കാണണം ഹരീ' എന്നു പറഞ്ഞാണ് അന്നു ഫോണ്‍ വച്ചത്. പത്രപ്രവര്‍ത്തന രംഗത്ത് ഞാന്‍ കണ്ട ഏറ്റവും സൗമ്യനും മാന്യനുമായ മനുഷ്യന്‍ ജയേട്ടനാണ്. ധരിച്ചിരുന്ന തൂവെള്ള ഖദര്‍ പോലെ വെണ്‍മയുള്ള വ്യക്തിത്വം.
ജയേട്ടന്‍ ഒരര്‍ഥത്തില്‍ ഭാഗ്യവാനാണ്. കിടത്താതെ, കണ്ടമാനം വലയ്ക്കാതെ മരണം അദ്ദേഹത്തെ കൊണ്ടു പോയിരിക്കുന്നു. കാലത്ത് എഴുന്നേറ്റ് കുളിച്ച് പൂജാമുറിയിലെ ആരാധനയും കഴിഞ്ഞുള്ള വിടവാങ്ങല്‍; അതും രോഹിണി നാളില്‍. അദ്ദേഹത്തിന്റെ വിശ്വാസ പ്രകാരമാണെങ്കില്‍ ഏകാദശിയുടെ സ്വര്‍ഗവാതിലുകള്‍ മൂന്നുനാളിന്റെ ഇടവേളയ്ക്കു ശേഷം ഒരിക്കല്‍ക്കൂടി ഗുരുവായൂരപ്പന്‍ തന്റെ ഭക്തനു വേണ്ടി തുറന്നിട്ടുണ്ടാകാം.
