പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേ വിഷബാധ; മലപ്പുറത്ത് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന അഞ്ചര വയസ്സുകാരി മരിച്ചു: പേ വിഷബാധ സ്ഥിരീകരിച്ചത് നാല് ദിവസം മുന്‍പ്
പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേ വിഷബാധ; മലപ്പുറത്ത് അഞ്ചര വയസ്സുകാരി മരിച്ചു
മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പേ വിഷബാധയേറ്റ കുഞ്ഞ് മരിച്ചു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ.സി.സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6) മരിച്ചത്. പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ കുഞ്ഞ് കഴിഞ്ഞ നാലു ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്.
മാര്‍ച്ച് 29നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനുമായിരുന്നു നായ കടിച്ചത്. രണ്ട് മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ കുത്തിവയ്‌പെടുത്തിരുന്നു. എല്ലാ ഡോസും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനി വന്നതിനെത്തുടര്‍ന്നു ചികിത്സ തേടിയ സിയയ്ക്ക് നാലു ദിവസം മുന്‍പാണു പേവിഷബാധ സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഐഡിആര്‍ബി വാക്‌സിന്‍ എടുത്തെങ്കിലും പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ കുട്ടി ഉള്‍പ്പടെ ഏഴുപേര്‍ക്ക് അന്ന് കടിയേറ്റിരുന്നു. എന്നാല്‍ കുട്ടി ഒഴികെയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
29ന് വൈകിട്ട് 3.30നു വീടിനടുത്ത കടയില്‍ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികില്‍ വച്ചു സിയയെ പട്ടി കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി കടിയേറ്റിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും (17) കടിയേറ്റു. അവിടെ നിന്ന് ഓടിയ പട്ടി പറമ്പില്‍പ്പീടികയില്‍ രണ്ടു പേരെയും വട്ടപ്പറമ്പ്, വടക്കയില്‍മാട് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും കടിച്ചു. എല്ലാവരും മെഡിക്കല്‍ കോളജിലെത്തി 2 മണിക്കൂറിനകം കുത്തിവയ്‌പെടുത്തു. അന്നു വൈകിട്ട് 6 മണിയോടെ പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി.
ചികിത്സയ്ക്കു ശേഷം സിയ അന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെങ്കിലും 24 മണിക്കൂര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. പിന്നീടു വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിയയെ 2 ദിവസത്തിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
മുറിവെല്ലാം ഉണങ്ങി സാധാരണ നിലയിലെത്തിയെന്നു കരുതിയിരിക്കവേയാണ് ഒരാഴ്ച മുന്‍പു പനി വന്നത്. തുടര്‍ന്ന് 2 ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷം വീണ്ടും പനി കൂടിയതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു രക്ത സാംപിള്‍ തിരുവനന്തപുരത്തേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണു പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ മറ്റ് 5 പേര്‍ക്കും അസ്വസ്ഥതകളൊന്നുമില്ല.