സെന്റ് തെരേസാസ് കോളേജിൽ നിന്ന് ബിരുദം നേടി; വിവാഹത്തിന് ശേഷം അൽ ഐനിൽ സ്ഥിരതാമസം; ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ജീവിതം; 2004-ൽ കുടുംബത്തിന് യുഎഇ പൗരത്വം നൽകി ആദരിച്ചു; ഡോ.ജോർജ് മാത്യുവിന്റെ ഭാര്യ വത്സ മാത്യുവിന്റെ സംസ്കാരം ഇന്ന്
അൽ ഐൻ: യു.എ.ഇ പൗരത്വം നൽകി ആദരിച്ച മലയാളിയായ അൽഐൻ മെഡിക്കൽ ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ. ജോർജ് മാത്യുവിന്റെ ഭാര്യ വൽസ മാത്യു (79) അൽഐനിൽ അന്തരിച്ചു. രാജകുടുംബത്തിന്റെ ഡോക്ടറും യുഎഇ പൗരത്വം നൽകി ആദരിച്ച മലയാളിയുമായ ഡോ.ജോർജ് മാത്യുവിന്റെ ഭാര്യ വത്സ ബഞ്ചമിൻ മാത്യുവിന്റെ നിര്യാണത്തിൽ നിരവധി പേരാണ് അനുശോചനം അർപ്പിക്കാൻ എത്തിയത്.
പത്തനംതിട്ട തിരുവല്ല സ്വദേശിയായ വത്സ മാത്യു ശനിയാഴ്ചയാണ് അൽ ഐനിൽ മരിച്ചത്. 1945ൽ യമനിലെ ഏദനിൽ കെ.എം ബഞ്ചമിൻ, തങ്കം ജോൺ ദമ്പതികളുടെ മകളായാണ് വത്സ ജനിച്ചത്. 1964ൽ സെന്റ് തെരേസാസ് കോളേജിൻ നിന്ന് ശാസ്ത്രത്തിൽ ബിരുദം നേടി. 1966ൽ ഡോ.ജോർജ് മാത്യുവിനെ വിവാഹം കഴിച്ചു. അങ്ങനെ 1967ൽ അൽ ഐനിൽ എത്തുകയായിരുന്നു. 58 വർഷത്തോളമായി അൽഐനിൽ സ്ഥിരതാമസമാണ്.
അൽ ഐനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി വത്സ മാത്യു സജീവമായി പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃ പദവിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവും മകൾ മറിയം പ്രിയ മാത്യുവും അൽ ഐനിൽ തന്നെ ഉണ്ട്.
2004ലാണ് ഡോ.ജോർജ് മാത്യുവിനും കുടുംബത്തിനും യുഎഇ സർക്കാർ പൗരത്വം നൽകി ആദരിച്ചത്. യുഎഇ യുടെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവന നൽകിയ ആളാണ് ഡോ.ജോർജ് മാത്യു. ഇദ്ദേഹത്തിന്റെ പേരിൽ അബുദാബിയിലെ റോഡിന് യുഎഇ ഭരണകൂടം നാമകരണം ചെയ്തിട്ടുമുണ്ട്. ഡോ.ജോർജ് മാത്യുവിന്റെ ജീവിത വിജയങ്ങളിൽ സുപ്രധാന പങ്കുവഹിച്ചയാളാണ് വത്സ മാത്യു എന്ന് സഹപ്രവർത്തകർ പറയുന്നു. ഇന്ന് അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.