'പടി ഇറങ്ങുമ്പോള്‍ വല്ലായ്മ തോന്നുന്നു, ഒന്നു പിടിക്കണം': തലസ്ഥാനത്ത് റവന്യു അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണു; പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു; ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരണം; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്; നിയമസഭയില്‍ എത്തിയത് വാശിയേറിയ മത്സരത്തില്‍ സിറിയക് തോമസിനെ പരാജയപ്പെടുത്തി
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു
തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് വാഴൂര്‍ സോമന്‍ കുഴഞ്ഞുവീണത്. പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
1974 മുതല്‍ പൊതുരംഗത്തെത്തിയ വാഴൂര്‍ സോമന്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വാശിയേറിയ മല്‍സരമായിരുന്നു പീരുമേടില്‍ നടന്നത്. വര്‍ഷങ്ങളായി ഇഎസ് ബിജിമോള്‍ എംഎല്‍എയിലൂടെ സിപിഐ നിലനിര്‍ത്തുന്ന മണ്ഡലമായിരുന്നു.
എന്നാല്‍ 2016ല്‍ ബിജിമോളുടെ വോട്ടുകള്‍ നന്നേ കുറഞ്ഞു. 400ല്‍ താഴെ വോട്ടുകള്‍ക്കാണ് അന്ന് ബിജി മോള്‍ ജയിച്ചത്. അതോടെ, മൂന്ന് തവണ മല്‍സരിച്ച വ്യക്തി എന്ന നിലയില്‍ ബിജി മോളെ മാറ്റി വാഴൂര്‍ സോമനെ മല്‍സരിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിറിയക് തോമസ് തന്നെയായിരുന്നു. അവസാന റൗണ്ടിലാണ് വാഴൂര്‍ സോമന്‍ ജയിച്ചുകയറിയത്.
കോട്ടയത്തെ വാഴൂരില്‍ 1952 സെപ്റ്റംബര്‍ 14ന് ജനിച്ച അദ്ദേഹം എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷന്‍, സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ അധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു.
മരണവിവരമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ ആശുപത്രിയിലെത്തിയിരുന്നു. പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം രാത്രിയോടെ വണ്ടിപ്പെരിയാറിലേക്ക് കൊണ്ടുപോകും.
റവന്യൂ മന്ത്രി കെ. രാജന്റെ വാക്കുകള്‍ ഇങ്ങനെ: യോഗത്തില്‍ ഇടുക്കി ജില്ലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെ മറ്റ് എംഎല്‍എമാരോടൊപ്പം പുറത്തേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് വാഴൂര്‍ സോമന് അസ്വസ്ഥത അനുഭവപ്പെട്ടത്. 'പടി ഇറങ്ങുമ്പോള്‍ വല്ലായ്മ തോന്നുന്നു, ഒന്നു പിടിക്കണം' എന്ന് അദ്ദേഹം ഒപ്പമുണ്ടായിരുന്നയാളോട് പറഞ്ഞതായും ഉടന്‍തന്നെ അടുത്തുള്ള ലൈബ്രറി മുറിയിലെ മേശയില്‍ കിടത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.
വാഴൂര്‍ സോമന്റെ ഭാര്യ: ബിന്ദു സോമന്‍. മക്കള്‍: സോബിന്‍, സോബിത്ത്.