ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ മലമുകളില്‍ നിന്ന് വീണു; യുഎഇയില്‍ കൂട്ടുകാര്‍ക്കൊപ്പം അവധിദിനം ആഘോഷിക്കാന്‍ പോയ കണ്ണൂര്‍ സ്വദേശി മരിച്ചു; സായന്തിന്റെ വിയോഗത്തില്‍ നടുങ്ങി തോട്ടട ഗ്രാമം
യുഎഇയില്‍ കൂട്ടുകാര്‍ക്കൊപ്പം അവധിദിനം ആഘോഷിക്കാന്‍ പോയ കണ്ണൂര്‍ സ്വദേശി മരിച്ചു
കണ്ണൂര്‍: യുഎഇയില്‍ വിനോദ സഞ്ചാരയാത്രയ്ക്കിടെ മലയില്‍ നിന്നും വീണുണ്ടായ അപകടത്തില്‍ കണ്ണൂര്‍തോട്ടട സ്വദേശിയായ യുവാവ് മരിച്ചു. റാസല്‍ ഖൈമയിലെ ജബല്‍ ജെയ്സിലെത്തിയ തോട്ടട സ്വദേശിയായ യുവാവാണ് അപകടത്തില്‍ മരിച്ചത്. തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തില്‍ സായന്ത് മധുമ്മലിനെയാണ് (32) മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു. ഒപ്പമുണ്ടായ സായന്തിനെ പെട്ടന്ന് കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫോട്ടോ എടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
ദുബൈയില്‍ ഓട്ടോ ഗാരേജ് ജീവനക്കാരനാണ്. രമേശനും സത്യയുമാണ് മാതാപിതാക്കള്‍. ഭാര്യ: അനുശ്രീ. സോണിമ സഹോദരിയാണ്. മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഗള്‍ഫില്‍ ജോലി ലഭിച്ചു പോയ സായന്തിന്റെ മരണവാര്‍ത്തയറിഞ്ഞതിന്റെ ഞെട്ടലിലാണ് തോട്ടട ഗ്രാമം.