മഞ്ഞപ്പിത്തം ബാധിച്ച് സഹോദരന്മാര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു; ഇരുവരുടെയും കുടുംബാംഗങ്ങള്‍ ചികിത്സയില്‍; മഞ്ഞപ്പിത്ത ബാധ ഉണ്ടായത് സാഹിറും അന്‍വറും കുടുംബസമേതം യാത്ര പോയി വന്നതിന് ശേഷം; കിണറുകളിലെ വെള്ളം പരിശോധിച്ച് അധികൃതര്‍
മഞ്ഞപ്പിത്തം ബാധിച്ച് സഹോദരന്മാര്‍ ദിവസങ്ങളില്‍ മരിച്ചു
തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് സഹോദരന്‍മാര്‍ മരിച്ചു. അടുത്തടുത്ത ദിവസങ്ങളിലാണ് മരണം.. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി. മഹമ്മൂദ് ഹാജിയുടെയും ആമിനയുടെയും മക്കളായ തളിപ്പറമ്പ് ഹിദായത്ത് നഗര്‍ റഷീദാസില്‍ എം. സാഹിര്‍ (40), എം. അന്‍വര്‍(44) എന്നിവരാണ് മരിച്ചത്.
മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഇരുവരും കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് സാഹിര്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അന്‍വറിന്റെ വിയോഗം. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരുടെ നില മെച്ചപ്പെട്ട് വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കോഴിക്കോട് വ്യാപാരിയായ സാഹിര്‍ ഹിദായത്ത് നഗറിലും അനുജന്‍ അന്‍വര്‍ ഇരിക്കൂറിലുമാണ് താമസം. ഇരുവരും കുടുംബസമേതം ഒരുമിച്ചു യാത്ര പോയതായി പറയുന്നു. പിന്നീട് മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനു തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹിദായത്ത് നഗറില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 15 ഓളം മഞ്ഞപ്പിത്തം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കിണറുകളിലെ വെള്ളം പരിശോധന ഉള്‍പ്പെടെ നടത്തി വരികയായിരുന്നു എന്നും അധികൃതര്‍ പറഞ്ഞു.
ഇരുവരും മരിച്ച സാഹചര്യത്തില്‍ സമീപത്തുള്ള വീടുകളിലെ വെള്ളം പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചു വരികയാണ്. തളിപ്പറമ്പിലെ വ്യാപാരിയായിരുന്ന പരേതനായ പി.സി.പി. മുഹമ്മദ് ഹാജിയുടെ മക്കളാണ് ഇരുവരും.