വയോധികയെ വീടുകയറി മര്‍ദ്ദിച്ച് ആഭണങ്ങള്‍ കവര്‍ന്ന കേസ്: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും അറസ്റ്റില്‍; മലയാലപ്പുഴക്കാരന്‍ വിഷ്ണു വിനോദ് പിടിയിലായത് കാസര്‍കോട്ട് മറ്റൊരു മോഷണക്കേസില്‍; ഏനാത്ത് പോലീസ് കസ്റ്റഡിയില്‍ വാങ്ങും
ആഭണങ്ങള്‍ കവര്‍ന്ന കേസ്: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും അറസ്റ്റില്‍
അടൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടു കയറി ആക്രമിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും പിടിയില്‍. മലയാലപ്പുഴ പുതുക്കുളം കല്ലൂര്‍ വീട്ടില്‍ വിഷ്ണു വിനോദിാ(32)ണ് അറസ്റ്റിലായത്. കാസര്‍കോഡ് മറ്റൊരു മോഷണക്കേസില്‍ പിടിയിലായ വിഷ്ണുവിന്റെ അറസ്റ്റ് ഏനാത്ത് പോലീസ് രേഖപ്പെടുത്തി. വിഷ്ണുവിന്റെ ഭാര്യ പുനലൂര്‍ തെന്‍മല ഉറുകുന്ന് മനീഷാ ഭവനില്‍ രഞ്ജിനി(32)യെ രണ്ടു ദിവസം മുന്‍പ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നവംബര്‍ 13ന് പുതുശ്ശേരി ഭാഗം ലതാ മന്ദിരത്തില്‍ നളിനി(80)യെയാണ് വിഷ്ണു വിനോദ് വീടുകയറി ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ വയോധികയുടെ വീടിനു സമീപത്തുള്ള ഒരു വീട്ടില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രഞ്ജിനിയുടെ മൊബൈലിലേക്ക് ഒരു കോള്‍ പോയതായി കണ്ടെത്തി.
രഞ്ജിനിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് വിഷ്ണു വിനോദ് കുറച്ച് സ്വര്‍ണ്ണം കൊണ്ടുവന്നതായി വിവരം ലഭിച്ചതെന്ന് ഏനാത്ത് പോലീസ് പറഞ്ഞു. ഈ സ്വര്‍ണ്ണം പിന്നീട് പുനലൂരിലുള്ള ഒരു സ്വര്‍ണ്ണക്കടയില്‍ കൊണ്ടുപോയി വിറ്റു. സ്വര്‍ണ്ണം വിറ്റ വകയില്‍ സൈക്കിള്‍, തുണികള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവര്‍ വാങ്ങിയതായും പോലീസ് വ്യക്തമാക്കി. ആദ്യം അറസ്റ്റിലായ രഞ്ജിനി റിമാന്‍ഡിലാണ്.