വാഹനങ്ങളും ലാപ്‌ടോപ്പും തിരികെ നല്‍കാതെ വ്യവസായിയെ കബളിപ്പിച്ച കേസ്; തമിഴ്‌നാട് സ്വദേശി ആലുവയില്‍ പിടിയില്‍
മോഷണക്കേസില്‍ തമിഴ്‌നാട് സ്വദേശി ആലുവയില്‍ പിടിയില്‍
കൊച്ചി: വാഹനങ്ങളും ലാപ്‌ടോപ്പും തിരികെ നല്‍കാതെ വ്യവസായിയെ കബളിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വെള്ളൂര്‍ തൃപ്പട്ടൂര്‍ ജോണ്‍ട്രാ പള്ളി ശ്രീരാമലു സുബ്രമണി (28) യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരന്‍ അലുവയില്‍ ടെലികോം ടവര്‍ നിര്‍മ്മാണത്തിന്റെ അസംസ്‌കൃത വസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് വിതരണം നടത്തുന്ന സ്ഥാപനം നടത്തുകയാണ്. തമിഴ്‌നാട് ഭാഗങ്ങളില്‍ വിതരണം നടത്തിയിരുന്നത് ശ്രീരാമലു ആയിരുന്നു. ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി രണ്ട് പിക്കപ്പ് വാനുകളും, രണ്ട് ലാപ്‌ടോപ്പുകളും ഇയാള്‍ക്ക് വാങ്ങി നല്‍കിയിരുന്നു. ഇവ കൈകാര്യം ചെയ്തിരുന്നത് ശ്രീരാമലു ആയിരുന്നു.
പിന്നീട് ഇയാള്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാല്‍ സ്ഥാപന ഉടമ നല്‍കിയിരുന്ന വാഹനങ്ങളും, ലാപ്‌ടോപ്പുകളും തിരികെ ആവശ്യപ്പെട്ടിരുന്നെങ്കിലും ശ്രീരാമലു ഇവ തിരികെ നല്‍കാതിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥാപന ഉടമ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചതില്‍ വാഹനങ്ങള്‍ രണ്ടും സേലത്തും, തിരുപതൂരുമായി പണയത്തിന് ഓടുവാന്‍ നല്‍കിയിരിക്കുകയാണെന്ന് മനസ്സിലായി.
അന്വേഷണ സംഘം ശ്രീരാമലുവിനെ ഹോസൂര്‍ നിന്നും പിടികൂടുകയും ലാപ്‌ടോപ്പ് വീട്ടില്‍ നിന്നും വാഹനങ്ങള്‍ സേലം തിരുപതൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായി കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.എം.മഞ്ജുദാസ്, എസ്. ഐ എസ്.എസ്.ശ്രീലാല്‍, സിപിഒ മാരായ കെ.എ.നൗഫല്‍, മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ.എം.മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.