തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പദവിയില്‍ പ്രശാന്തിന് കാലാവധി നീട്ടി നല്‍കില്ല; ഓര്‍ഡിനന്‍സിലൂടെ ദേവസ്വം ബോര്‍ഡില്‍ മാറ്റം വന്നാലും മുഖങ്ങള്‍ മാറും; സിപിഎം നേതാവ് ദേവസ്വം പ്രസിഡന്റാകാന്‍ സാധ്യത കൂടി; മന്ത്രി രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ ദേവസ്വത്തെ അടുത്തറിയാമെന്നത് മെരിറ്റാകും; എ സമ്പത്തിന് വീണ്ടും താക്കോല്‍ സ്ഥാനം കിട്ടിയേക്കും

Update: 2025-10-23 08:19 GMT

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അഴിച്ചു പണിയ്ക്ക് സിപിഎം തത്വത്തില്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം സിപിഎം ആംഗീകരിക്കുകയായിരുന്നു. ശബരിമലയിലെ വിവാദങ്ങള്‍ വഷളാക്കിയതില്‍ ഇപ്പോഴത്തെ ബോര്‍ഡിനും പങ്കുണ്ടെന്നാണ് സര്‍ക്കാരും വിലയിരുത്തുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ അതീവ ഗൗരവത്തില്‍ ഉള്ളതാണ്. ഈ സാഹചര്യത്തില്‍ പിഎസ് പ്രശാന്തിനും കൂട്ടര്‍ക്കും കാലവധി നീട്ടി നല്‍കില്ല. ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നാലും പ്രശാന്തിന് സ്ഥാനം നഷ്ടമാകും. നാലു വര്‍ഷമായി ബോര്‍ഡിന്റെ കാലാവധി ഉയര്‍ത്തിയാലും പ്രശാന്തിനെ മാറ്റും. പകരം സിപിഎം നേതാവും മുന്‍ എംപിയുമായ എ സമ്പത്തിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കാനാണ് ആലോചന. സിപിഎമ്മിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരും. മുന്‍ ചീഫ് സെക്രട്ടറിയും ശബരിമലയില്‍ അടക്കം നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്ന മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാറിനേയും ദേവസ്വം ബോര്‍ഡ് അധ്യക്ഷനാക്കുന്നത് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ജയകുമാര്‍ വിസമതം അറിയിച്ചു. ബിജെപി നേതൃത്വവുമായി തെറ്റി നില്‍ക്കുന്ന പരിവാറിലെ പ്രമുഖനേയും സിപിഎം നേതൃത്വം സമീപിച്ചിരുന്നു. അദ്ദേഹവും ബിജെപി വിടാന്‍ താല്‍പ്പര്യമില്ലെന്ന നിലപാടാണ് എടുത്തുത്. ഈ സാഹചര്യത്തിലാണ് സിപിഎം നേതാവിനെ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയോഗിക്കുന്നത്.

നിലവിലെ ദേവസ്വം ഭരണസമിതിയെ മാറ്റി പുതിയ ഭരണസമിതിയെ അധികാരം ഏല്‍പ്പിക്കുന്നത് സംബന്ധിച്ചാണ് സിപിഎം - സിപിഐ പാര്‍ട്ടികള്‍ കൂടിയാലോചന നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്. ഇതോടെയാണ് പുതിയ ഭരണസമിതിയെ നിയമിക്കാന്‍ സിപിഎം ആലോചിക്കുന്നത്. 2023 നവംബറിലാണ് പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അധികാരമേറ്റത്. നിയമം അനുസരിച്ച് രണ്ടു വര്‍ഷമാണ് കാലാവധി. അതായത് അടുത്ത മാസം ഒഴിയണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സിപിഎം പ്രതിനിധിയാണ്. രണ്ട് ബോര്‍ഡ് മെമ്പര്‍മാരില്‍ അഡ്വ. എ. അജികുമാര്‍ സി.പി.ഐ പ്രതിനിധിയും. മറ്റൊരു അംഗമായ സിപിഎം പ്രതിനിധി പി ഡി സന്തോഷ് കുമാര്‍ ഈ വര്‍ഷം ജൂലൈയിലാണ് അധികാരമേറ്റത്. സന്തോഷ് കുമാറിനെ നിലനിര്‍ത്തി മറ്റു രണ്ടുപേരേയും മാറ്റും.

മൂന്നു തവണ ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് 2019 ലെ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ട ശേഷം ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി കാബിനറ്റ് റാങ്കോടെ നിയമിതനായിരുന്നു. അതിനുശേഷം കെ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായെങ്കിലും പിന്നീട് ആ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. കെ രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രി കൂടിയായിരുന്നു. ഈ സമയത്ത് ദേവസ്വം വകുപ്പില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ സമ്പത്ത് നടത്തിയിരുന്നു. ഈ അനുഭവ പരിചയം കൂടി കണക്കിലെടുത്താണ് സമ്പത്തിനെ സിപിഎം പരിഗണിക്കുന്നത്. സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ വിളപ്പില്‍ രാധാകൃഷ്ണന്‍ നിലവില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമാണ്. ഇനിയുള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ വിളപ്പില്‍ രാധാകൃഷ്ണനെ മത്സരിപ്പിക്കില്ല. പകരം ദേവസ്വം ബോര്‍ഡില്‍ നിയോഗിക്കനാണ് നീക്കം.

സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന സമ്പത്തിനെ 2022ല്‍ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനു ശേഷമാണ് മന്ത്രി രാധാകൃഷ്ണനും പ്രൈവറ്റ് സെക്രട്ടറിയും തമ്മില്‍ ഭിന്നതയുണ്ടായത് എന്നെല്ലാം റിപ്പോര്‍ട്ടുണ്ടായിരുന്നു. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന് ഏറെ താല്‍പ്പര്യമുള്ള നേതാവാണ് സമ്പത്ത്. ഇതും സമ്പത്തിന് ദേവസ്വം ബോര്‍ഡിലേക്ക് പരിഗണിക്കാന്‍ കാരണമായി. തിരുവനന്തപുരത്ത് സിപിഎമ്മിനെ വളര്‍ത്തിയ അനുരുദ്ധന്റെ മകനാണ് സമ്പത്ത്. ദേവസ്വംനിയമം ഭേദഗതി ചെയ്യുന്നത് സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ച്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി നീട്ടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് ശ്രമം. ഇതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. ഇപ്പോള്‍ രണ്ടുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. നവംബര്‍ പകുതിക്കുതുടങ്ങി രണ്ടുവര്‍ഷം തികയുന്ന നവംബര്‍ പകുതിക്കവസാനിക്കുന്ന രീതിയിലാണ് ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ ഇപ്പോഴത്തെ ഭരണകാലം. രണ്ടുവര്‍ഷത്തെ കാലാവധി ആവശ്യമെങ്കില്‍ നീട്ടുന്നതും ജൂണ്‍ മുതല്‍ ജൂണ്‍ വരെയാക്കുന്നതുമാണ് പരിഗണിക്കുന്നത്.

ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിന് ഏതാനും ദിവസംമുന്‍പ് പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇതു തീര്‍ഥാടനത്തിന്റെ ഒരുക്കത്തെ ബാധിക്കുന്നുണ്ട്. പുതിയഭരണസമിതി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സമയമെടുക്കും. പ്രസിഡന്റും രണ്ടംഗങ്ങളും ചേര്‍ന്ന ബോര്‍ഡില്‍ ഒരംഗത്തിന്റെ കാലാവധി പുതിയ പ്രസിഡന്റും ഒരംഗവും ചുമതലയേറ്റ് ഒരുവര്‍ഷം കഴിഞ്ഞേ തീരുകയുള്ളു. ഈ രീതിയിലാണ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. നിയമഭേദഗതി നടപ്പായാല്‍ പി.എസ്. പ്രശാന്ത് പ്രസിഡന്റായ നിലവിലെ ബോര്‍ഡിന്റെ കാലാവധി ഒരുവര്‍ഷംകൂടി നീട്ടിക്കിട്ടും എന്നായിരുന്നു വിലയിരുത്തല്‍. ഇതിനിടെയാണ് നാടകീയ സംഭവങ്ങള്‍ ശബരിമലയില്‍ ഉണ്ടായത്. .ഭരണസമിതിയുടെ കാലാവധി നീട്ടുന്നത് പുനഃപരിശോധിക്കണമെന്ന് ദേവസ്വം സ്പെഷ്യല്‍ സെക്രട്ടറി എം.ജി. രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മറ്റു ദേവസ്വം ബോര്‍ഡുകളില്‍ കാലാവധി നീട്ടാന്‍ ഇപ്പോള്‍ത്തന്നെ വ്യവസ്ഥയുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇല്ല. അതുകൊണ്ടാണ് ഭേദഗതി കൊണ്ടുവരുന്നത് പരിഗണിക്കുന്നത്. അങ്ങനെ കാലാവധി നീട്ടിയാലും പ്രശാന്തിനെ തുടരാന്‍ അനുവദിക്കില്ലെന്നാണ് സൂചനകള്‍.

Tags:    

Similar News