സ്പീക്കി എഐ വഴി ഇംഗ്ലീഷ് പഠിപ്പിക്കാമെന്ന് വാഗ്ദാനം; പണമടച്ചിട്ടും ക്ലാസുമില്ല, പഠനസാമഗ്രികളുമില്ല, റീഫണ്ടും നല്‍കുന്നില്ല; ലോണെടുത്ത പണം നഷ്ടപ്പെട്ട് ജോലി സ്വപ്‌നങ്ങള്‍ തകര്‍ന്നു; വിദേശ വനിത അപര്‍ണ്ണ മള്‍ബറിക്ക് എതിരെ പരാതിയുമായി പാലക്കാട് സ്വദേശിനി ധന്യ; പ്രതികരണം തേടിയിട്ടും പ്രതികരിക്കാതെ 'ഇന്‍വേര്‍ട്ടഡ് കോക്കനട്ട് '

അപര്‍ണ്ണ മള്‍ബറിക്കെതിരെ പരാതി

Update: 2026-01-12 16:16 GMT

ആര്‍.പീയൂഷ്‌

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ശുദ്ധമായ മലയാളം സംസാരിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ വിദേശ വനിത അപര്‍ണ്ണ മള്‍ബറിക്കെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണം. അപര്‍ണ്ണയുടെ ഉടമസ്ഥതയിലുള്ള സ്പീക്കി എഐ (SPEEKI AI) എന്ന സ്ഥാപനം വഴി ഇംഗ്ലീഷ് പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഫീസ് വാങ്ങിയ ശേഷം വട്ടം കറക്കിയെന്നാണ് പരാതി. പാലക്കാട് സ്വദേശിനിയായ ധന്യയാണ് അപര്‍ണ്ണയ്ക്കും സ്ഥാപനത്തിനുമെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചിരിക്കുന്നത്.

ഡിസ്‌കൗണ്ട് പറഞ്ഞ് വലവീശി; ഒടുവില്‍ മുങ്ങി

ജോലി ആവശ്യത്തിനായി ഐഎല്‍ടിഎസ് (IELTS) പരിശീലനത്തിന് വേണ്ടിയാണ് ധന്യ സ്പീക്കി എഐ-യെ സമീപിച്ചത്. കോഴ്സില്‍ ചേരുമ്പോള്‍ വലിയ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്ത് ധന്യയെ കൊണ്ട് ഫീസായി 5,000 രൂപ അടപ്പിച്ചു. എന്നാല്‍ പണം അടച്ചതോടെ സ്ഥാപനത്തിന്റെ മനോഭാവം മാറിയെന്ന് ധന്യ പറയുന്നു.രണ്ട് മാസത്തെ കോഴ്‌സ്, പ്രതിദിന ലൈവ് സെഷനുകള്‍, കൂടാതെ രണ്ട് സെഷനുകള്‍ അപര്‍ണ്ണ മള്‍ബറി നേരിട്ട് കൈകാര്യം ചെയ്യും എന്നതായിരുന്നു പ്രധാന വാഗ്ദാനം. 14,750 രൂപയുടെ കോഴ്‌സ് ഡിസ്‌കൗണ്ട് നിരക്കില്‍ 13,500 രൂപയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് 5,000 രൂപ അഡ്വാന്‍സായി വാങ്ങി.

https://www.youtube.com/watch?v=3g0sSiZ0HB8


ക്ലാസുമില്ല, പഠനസാമഗ്രികളുമില്ല!

2025 മെയ് 7-ന് തുടങ്ങുമെന്ന് പറഞ്ഞ ബാച്ചില്‍ ധന്യയെ ഉള്‍പ്പെടുത്താതെ, അവരുടെ അനുവാദമില്ലാതെ ജൂണ്‍ ഒന്നിന് തുടങ്ങിയ മറ്റൊരു ബാച്ചിലേക്ക് ചേര്‍ക്കുകയായിരുന്നു. ഇതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ അടുത്ത ബാച്ചില്‍ ഉള്‍പ്പെടുത്താമെന്ന് അറിയിച്ചെങ്കിലും പിന്നീട് ക്ലാസുകള്‍ ആരംഭിക്കുകയോ പഠന സാമഗ്രികള്‍ നല്‍കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കമ്പനി അധികൃതര്‍ കാണിച്ച നിരുത്തരവാദപരമായ സമീപനമാണ് ധന്യയെ നിയമനടപടിയിലേക്ക് നയിച്ചത്. പലതവണ ബന്ധപ്പെട്ടിട്ടും അഡ്വാന്‍സ് തുക നല്‍കാന്‍ കമ്പനി തയ്യാറായില്ല.

ബാച്ചുകള്‍ തുടങ്ങുമെന്ന് പറഞ്ഞ ഓരോ തീയതിയും മാറി മാറി വന്നു.കോഴ്‌സിനെക്കുറിച്ച് ചോദിക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരെ വിളിച്ചപ്പോള്‍ ഓരോരുത്തരും ഉത്തരവാദിത്തം ഒഴിയുകയും പുതിയ നമ്പറുകള്‍ നല്‍കി വട്ടം കറക്കുകയും ചെയ്തു. ഒടുവില്‍ പരാതിപ്പെട്ടപ്പോള്‍, സംസാരിച്ച ഉദ്യോഗസ്ഥര്‍ ജോലി രാജിവെച്ചെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചത്.

ലോണെടുത്ത പണം; തകര്‍ന്ന് പോയ ജോലി സ്വപ്നങ്ങള്‍

താന്‍ വലിയ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലാണ് ഈ പണം കണ്ടെത്തിയതെന്ന് ധന്യ വേദനയോടെ പറയുന്നു.

'ലോണ്‍ എടുത്ത പൈസയാണ് ഞാന്‍ കോഴ്സിനായി നല്‍കിയത്. ആ പൈസ എനിക്ക് വലുതാണ്. പണം പോയത് മാത്രമല്ല, കൃത്യസമയത്ത് കോഴ്സ് തുടങ്ങാത്തത് കൊണ്ട് എനിക്ക് ലഭിക്കേണ്ടിയിരുന്ന ജോലിയും നഷ്ടമായി. മാനസികമായി വലിയ ബുദ്ധിമുട്ടാണ് അവര്‍ നല്‍കിയത്,' - ധന്യ വ്യക്തമാക്കി.

കോടതിയില്‍ ആവശ്യപ്പെട്ടത് 55,000 രൂപയും പലിശയും

സേവനത്തിലെ വീഴ്ചയും മാനസിക വിഷമവും കണക്കിലെടുത്ത് കടുത്ത നിയമനടപടിയാണ് ധന്യ ആവശ്യപ്പെട്ടിരിക്കുന്നത്. അഡ്വാന്‍സായി നല്‍കിയ 5,000 രൂപ 12% പലിശ സഹിതം തിരികെ നല്‍കുക. സേവനത്തിലെ വീഴ്ചയ്ക്ക് 25,000 രൂപ നഷ്ടപരിഹാരം. മാനസിക വിഷമമുണ്ടാക്കിയതിന് 25,000 രൂപ പ്രത്യേക നഷ്ടപരിഹാരം. കോടതി നടപടികള്‍ക്കായുള്ള ചെലവ്. അഡ്വ. കെ.എന്‍. ബാബു, അഡ്വ. സംഗീത വി. എന്നിവരാണ് പരാതിക്കാരിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

മറുനാടന്‍ ഇടപെടല്‍: അപര്‍ണ്ണയ്ക്ക് മിണ്ടാട്ടമില്ല!

പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മറുനാടന്‍ പ്രതിനിധികള്‍ അപര്‍ണ്ണ മള്‍ബറിയുമായി വാട്‌സാപ്പ് വഴി ബന്ധപ്പെട്ടു. സന്ദേശങ്ങള്‍ അവര്‍ കണ്ടെങ്കിലും മറുപടി നല്‍കാന്‍ തയ്യാറായില്ല. സ്പീക്കി എഐ-യുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന നമ്പറുകളിലേക്ക് വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. ഇതോടെയാണ് ധന്യ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

മറ്റാരും പറ്റിക്കപ്പെടരുത്

അപര്‍ണ്ണ മള്‍ബറിയെ പോലുള്ള ഒരു സെലിബ്രിറ്റിയെ വിശ്വസിച്ചാണ് താന്‍ പണം നല്‍കിയതെന്നും എന്നാല്‍ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന രീതിയാണ് അവിടെ കാണുന്നതെന്നും ധന്യ ആരോപിക്കുന്നു. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവതി. സോഷ്യല്‍ മീഡിയയിലെ താരപ്പകിട്ട് കണ്ട് പണം നിക്ഷേപിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന വലിയ സന്ദേശമാണ് ഈ സംഭവം നല്‍കുന്നത്.

പരാതിക്കാരി ധന്യ മറുനാടനോട് പറഞ്ഞത്

'ജോലിക്ക് വേണ്ടിയിട്ട് ഐഎല്‍ടിഎസ് (IELTS) ചെയ്യേണ്ടതുണ്ടായിരുന്നു. അങ്ങനെ ഞാന്‍ തിരഞ്ഞെടുത്തത് 'സ്പീക്കി എഐ' എന്ന് പറയുന്ന അപര്‍ണ്ണ മള്‍ബറി നടത്തുന്ന ഒരു സ്ഥാപനമാണ്. അപ്പൊ ജോയിന്‍ ചെയ്യുമ്പോള്‍ അവര്‍ പറഞ്ഞിട്ടുണ്ടായിരുന്നു, 30-ാം തീയതി തന്നെ ജോയിന്‍ ചെയ്യുക, നിങ്ങള്‍ക്കൊരു 5000 റുപ്പീസ് ഡിസ്‌കൗണ്ട് ഉണ്ട്. അപ്പൊ അത് കഴിഞ്ഞ് എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ക്ക് ഒന്നാം തീയതിയോ ഏഴാം തീയതിയോ ബാച്ചുകള്‍ തുടങ്ങുന്നുണ്ട്, ഇതില്‍ ഏതെങ്കിലും ഒരു ബാച്ചില്‍ ചേര്‍ന്നാല്‍ മതി എന്ന് പറഞ്ഞു.

കുറച്ച് ക്ഷമിക്കണം കേട്ടോ, 14-ാം തീയതി ആയി കഴിഞ്ഞാലേ കോഴ്‌സ് സ്റ്റാര്‍ട്ട് ചെയ്യുള്ളൂ എന്ന് പറഞ്ഞു. 14-ാം തീയതി ആയി കഴിഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ രണ്ടു ദിവസം മുന്നേ വിളിച്ചു നോക്കുമ്പോള്‍ ഈ സ്ത്രീ ഫോണ്‍ എടുക്കുന്നുമൊന്നുമില്ല. പറഞ്ഞു അയ്യോ ഒന്നുകൂടി വെയ്റ്റ് ചെയ്യണം, അങ്ങനെ ഒരു കോഴ്‌സ് തുടങ്ങണോ എന്നുള്ളത് ആയിട്ടില്ല, അത് അറേഞ്ച് ചെയ്തിട്ടില്ല എന്നുള്ള രീതിയിലാണ് അവര്‍ സംസാരിച്ചത്. അപ്പൊ ഞാന്‍ പറഞ്ഞു എനിക്ക് എന്റെ പൈസ തിരിച്ചു തന്നോളൂ എന്ന് പറഞ്ഞു. എനിക്ക് ഇതുവരെ അവര്‍ റീഫണ്ട് ചെയ്തു തന്നിട്ടുമില്ല. ഇത്രയും സമയം ഞാന്‍ എന്റെ സമയവും, എന്റെ സമയനഷ്ടവും, എന്റെ പണം നഷ്ടവും, എന്റെ ലോണ്‍ എടുത്തിട്ടുള്ള പൈസ അതെല്ലാം പെന്‍ഡിങ് ആക്കിയിരിക്കുന്നു.

നമസ്‌കാരം, സോഷ്യല്‍ മീഡിയ താരവും മലയാളികളെ മലയാളം പറഞ്ഞ് ഞെട്ടിച്ച വിദേശ വനിതയുമായ അപര്‍ണ്ണ മള്‍ബറിക്കെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. അപര്‍ണ്ണ മള്‍ബറി നടത്തുന്ന 'സ്പീക്കി എഐ' എന്ന സ്ഥാപനത്തിനെതിരെയാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. ഇംഗ്ലീഷ് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പല പല പരസ്യങ്ങളും ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ 'സ്പീക്കി എഐ' എന്ന സ്ഥാപനത്തില്‍ ഇംഗ്ലീഷ് കോഴ്‌സ് ചെയ്യാന്‍ പാലക്കാട് സ്വദേശിനിയായ ധന്യ സമീപിക്കുന്നു. അവര്‍ ഫീസ് അടയ്ക്കുന്നു, കൃത്യമായ സേവനം നല്‍കിയില്ല, കടുത്ത മാനസിക വ്യഥ ഉണ്ടാക്കി എന്നൊക്കെ കാണിച്ച് പാലക്കാട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്. എന്താണ് പരാതിയില്‍ പറയുന്നത്? ധന്യ പറയുന്നത് കേള്‍ക്കാം.

ധന്യയുടെ വിശദീകരണം: എന്റെ പേര് ധന്യ എന്നാണ്. ഞാന്‍ പാലക്കാട് ജില്ലയിലാണ് താമസിക്കുന്നത്. എനിക്ക് ജോലിക്ക് വേണ്ടിയിട്ട് ഐഎല്‍ടിഎസ് ചെയ്യേണ്ടതുണ്ടായിരുന്നു. അങ്ങനെ ഞാന്‍ തിരഞ്ഞെടുത്തത് 'സ്പീക്കി എഐ' എന്ന് പറയുന്ന അപര്‍ണ്ണ മള്‍ബറി നടത്തുന്ന ഒരു സ്ഥാപനമാണ്. അവരുടെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ കൊച്ചിയിലാണ് നടത്തുന്നത് എന്നാണ് പറഞ്ഞത്. അപ്പൊ എനിക്ക് ഓണ്‍ലൈന്‍ ക്ലാസിനേക്കാള്‍ നല്ലത് ഓഫ്ലൈന്‍ ആയിരുന്നു. പക്ഷേ ഇത്രയും ദൂരം യാത്ര ചെയ്യുന്നതുകൊണ്ട് തന്നെ എനിക്കൊരു രണ്ടുമൂന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലൊക്കെ ഞാന്‍ നോക്കുമ്പോഴും കുറച്ചു ദൂരമുള്ള സ്ഥാപനങ്ങളാണ് എല്ലാതും. അപ്പൊ ഇവര്‍ എന്ന് പറഞ്ഞാല്‍ കുറച്ചു കൂടുതല്‍ ഫോക്കസ് ചെയ്യുന്ന രീതിയിലാണ് ഇതിന്റെ ക്ലാസുകള്‍ എന്റെ സൗകര്യത്തിനനുസരിച്ച് അറേഞ്ച് ചെയ്തു തരാം എന്നുള്ള രീതിയിലാണ് ഞാന്‍ അതില്‍ ജോയിന്‍ ചെയ്തത്.

നിമിഷ എന്ന് പറഞ്ഞിട്ടുള്ള കുട്ടി ജൂണ്‍ 30-ാം തീയതി വരെ എന്നെ വളരെ നല്ല കോണ്‍ടാക്റ്റ് ആയിരുന്നു. അപ്പൊ എന്റെ എല്ലാ പ്രശ്‌നങ്ങളും ഞാന്‍ ഇവരോട് പറഞ്ഞു മനസ്സിലാക്കിയതാണ്. അതൊക്കെ മനസ്സിലാക്കിയിട്ടാണ് ഇവര്‍ എന്നെ 30-ാം തീയതി ജോയിന്‍ ചെയ്യിപ്പിച്ചത്. അപ്പൊ ജോയിന്‍ ചെയ്യുമ്പോള്‍ അവര്‍ പറഞ്ഞിട്ടുണ്ടായിരുന്നു 30-ാം തീയതി തന്നെ ജോയിന്‍ ചെയ്യുക, നിങ്ങള്‍ക്കൊരു 5000 റുപ്പീസ് ഡിസ്‌കൗണ്ട് ഉണ്ട് എന്ന്. അപ്പൊ അത് കഴിഞ്ഞ് ഒന്നാം തീയതിയോ ഏഴാം തീയതിയോ ബാച്ചുകള്‍ തുടങ്ങുന്നുണ്ട്, ഇതില്‍ ഏതെങ്കിലും ഒരു ബാച്ചില്‍ ചേര്‍ന്നാല്‍ മതി എന്ന് പറഞ്ഞു.

അപ്പൊ ശരി, അത് മാത്രമല്ല ഇവിടെ വൈഫൈ കണക്ഷന്‍ ഇതൊരു റൂറല്‍ ഏരിയ ആണ്, വൈഫൈയുടെ ഇഷ്യൂസ് അങ്ങനെ പല പ്രശ്‌നങ്ങളുമുണ്ട്. പിന്നെ ഞാന്‍ ലാപ്‌ടോപ്പ് ഇങ്ങനത്തെ സംവിധാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ ഇതില്‍ ജോയിന്‍ ചെയ്യാന്‍ വേണ്ടിയിട്ട് പൈസയൊക്കെ കൊടുത്തു. പൈസ കൊടുത്തതിനുശേഷം ഒന്നാം തീയതി ആയി കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ എന്നെ ആ ബാച്ചില്‍ തന്നെ ജോയിന്‍ ചെയ്തു. അത് എന്റെ സമ്മതപ്രകാരം തന്നെയായിരുന്നു. അപ്പൊ ഞാന്‍ പറഞ്ഞു ഒന്നാം തീയതി എന്നെ ജോയിന്‍ ചെയ്യിപ്പിച്ചാലും എനിക്ക് അന്ന് ക്ലാസ്സ് അറ്റന്‍ഡ് ചെയ്യാന്‍ പറ്റില്ല, അതുകൊണ്ട് മൂന്നാം തീയതി മുതലേ എനിക്ക് ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ പറ്റുള്ളൂ എന്ന്.

അങ്ങനെ മൂന്നാം തീയതി ആയി കഴിഞ്ഞപ്പോള്‍ ഞാന്‍ നിമിഷയെ വിളിച്ചു പറഞ്ഞു എനിക്ക് ഒന്നാം തീയതി പറ്റില്ല, വൈഫൈ അറേഞ്ച് ചെയ്തിട്ടില്ല, അതുകൊണ്ട് അഞ്ചാം തീയതിക്കെ ആവുള്ളൂ, ഇനി ഏഴാം തീയതി ബാച്ച് എനിക്ക് ചേര്‍ത്താല്‍ മതി എന്ന് പറഞ്ഞു. അപ്പൊ ഈ പെണ്‍കുട്ടി എന്നിട്ട് 'ആ' എന്നൊക്കെ പറഞ്ഞിട്ട് പിന്നെയും അതില്‍ തന്നെ കണ്ടിന്യൂ ചെയ്യുന്നുണ്ട്. അപ്പൊ ഞാന്‍ ലയ മേടത്തിനെ വിളിച്ചിട്ട് സംസാരിച്ചു. ഇങ്ങനെ എത്ര നേരത്തെ ജോയിന്‍ ചെയ്യിപ്പിക്കേണ്ട എന്ന് ഞാന്‍ പറഞ്ഞതാണല്ലോ എന്ന്. അങ്ങനെ ഏഴാം തീയതിത്തെ ബാച്ച് ആകുമ്പോള്‍ ഇത് തുടങ്ങുന്നത് കാണുന്നില്ല. അപ്പൊ ഞാന്‍ വിളിച്ചു ചോദിച്ചു നോക്കുമ്പോള്‍ അവര്‍ പറഞ്ഞു 'ദാ കുറച്ച് ക്ഷമിക്കണം കേട്ടോ, 14-ാം തീയതി ആയി കഴിഞ്ഞാലേ കോഴ്‌സ് സ്റ്റാര്‍ട്ട് ചെയ്യുള്ളൂ' എന്ന്.

14-ാം തീയതി ആയി കഴിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അതിന്റെ രണ്ടു ദിവസം മുന്നേ വിളിച്ചു നോക്കുമ്പോള്‍ ഈ സ്ത്രീ ഫോണ്‍ എടുക്കുന്നുമൊന്നുമില്ല. ഞാന്‍ എന്നിട്ട് വീണ്ടും ട്യൂട്ടര്‍ ലയ മേടത്തിനെ വിളിച്ചു. ലയ മേടം എനിക്ക് ഷെറിന്‍ എന്ന് പറഞ്ഞിട്ടുള്ള ഒരു അക്കാദമിക് കോര്‍ഡിനേറ്ററുടെ കോണ്‍ടാക്റ്റ് നമ്പറും തന്നു. ഇവര്‍ വിളിച്ചിട്ട് എബി എന്ന ഒരാളെ വിളിച്ചു സംസാരിച്ചു. അങ്ങനെ ഇവര്‍ വിളിച്ചിട്ട് പറഞ്ഞു 'അയ്യോ ഒന്നുകൂടി വെയ്റ്റ് ചെയ്യണം, അങ്ങനെ ഒരു കോഴ്‌സ് തുടങ്ങണോ എന്നുള്ളത് ആയിട്ടില്ല' എന്ന്. ആ രീതിയിലാണ് അവര്‍ സംസാരിച്ചത്. അപ്പൊ ഞാന്‍ പറഞ്ഞു 'എനിക്ക് എന്റെ പൈസ തിരിച്ചു തന്നോളൂ' എന്ന്.

എത്രയോ ദിവസങ്ങള്‍ ഇവരെ വിളിക്കുമ്പോള്‍ ഇവര്‍ ഓരോരുത്തരുടെ നമ്പര്‍ ഇങ്ങനെ നമുക്ക് മാറി മാറി തരികയാണ്. നിമിഷയെ വിളിച്ചിട്ട് ഞാന്‍ ദേഷ്യപ്പെട്ടു തുടങ്ങി. ഞാന്‍ പറഞ്ഞു 'ഞാന്‍ കോര്‍ട്ടില്‍ ലീഗലി മൂവ് ചെയ്യും, എന്നെ വെറുതെ ബുദ്ധിമുട്ടിപ്പിക്കരുത്, എന്റെ പൈസ എനിക്ക് തിരിച്ചു തരണം. ഞാന്‍ ലോണ്‍ എടുത്തിട്ടുള്ള പൈസയാണ്' എന്നൊക്കെ പറഞ്ഞു. ഇവരുടെ ഭാഗത്തുനിന്ന് ഒരു റെസ്‌പോണ്‍സും ഇല്ല. എന്നിട്ട് പറഞ്ഞു അവര്‍ക്ക് പനിയായിരുന്നു എന്ന്. തീരെ ഒരു ഉത്തരവാദിത്തം ഇല്ലാത്ത രീതിയിലായിരുന്നു സംസാരം. ഓരോരുത്തര്‍ മാറി മാറി വിളിച്ചിട്ട് എന്റെ പ്രശ്‌നങ്ങള്‍ ചോദിക്കും, അത് സോള്‍വ് ചെയ്തു തരാം എന്ന് പറയും. നമ്മള്‍ തിരിച്ചു വിളിച്ചു കഴിഞ്ഞാല്‍ അവര്‍ പറയുന്നത് 'ഞാന്‍ ഈ ജോബ് നിന്ന് റിസൈന്‍ ചെയ്തു' എന്നാണ്. അങ്ങനെ രണ്ടുമൂന്നു പേരായി എന്നോട് അങ്ങനെ പറയുന്നത്.

ഇതൊക്കെ കഴിഞ്ഞതിനുശേഷം ജൂലൈ 31-ാം തീയതി ആകുമ്പോള്‍ ഇവര്‍ കോഴ്‌സ് തുടങ്ങിയിരിക്കുന്നു. ഇത്രയും മാസങ്ങള്‍ എന്നെ ഡിലേ ആക്കി വെച്ചിട്ട് ഈ ഒരു കോഴ്‌സില്‍ ചേര്‍ന്നു നോക്കിയപ്പോള്‍ എന്നെ അത്രയും ബുദ്ധിമുട്ടിച്ച് വട്ടംകറക്കി. അപ്പൊ ഞാന്‍ പറഞ്ഞു എനിക്ക് ഈ കോഴ്‌സില്‍ ചേരാന്‍ ഒരു താല്പര്യവുമില്ല, പൈസ റീഫണ്ട് ചെയ്തു തരണമെന്ന്. ഒരുതരത്തിലും അവര്‍ സമ്മതിച്ചില്ല. ഓഗസ്റ്റ് എട്ടാം തീയതി ആയി കഴിഞ്ഞപ്പോള്‍ ഇവരുടെ ഭാഗത്തുനിന്ന് ഒരു റെസ്‌പോണ്‍സും ഇല്ല. എന്റെ ഫ്രണ്ട് സംസാരിച്ചതിനനുസരിച്ച് അവര്‍ ഇങ്ങോട്ട് കോണ്‍ടാക്ട് ചെയ്തു. അവര്‍ പറയുന്നത് 'നിങ്ങള്‍ക്ക് ഒരു 1000 റുപ്പീസ് കൂടി ഞാന്‍ കുറച്ചു തരാം, അതുകൊണ്ട് വീണ്ടും കോഴ്‌സ് ജോയിന്‍ ചെയ്യാന്‍' എന്നാണ്. ഞാന്‍ എങ്ങനെയാ കോഴ്‌സ് ജോയിന്‍ ചെയ്യുക? എന്റെ സമയം പോയി, അത് മാത്രമല്ല നമ്മളെ ഇത്രയധികം മാനസികമായിട്ട് ബുദ്ധിമുട്ടിപ്പിച്ചിരിക്കുകയാണ്.

എനിക്ക് ഇതുവരെ അവര്‍ റീഫണ്ട് ചെയ്തു തന്നിട്ടുമില്ല. ഇത്രയും സമയം ഞാന്‍ എന്റെ സമയവും പണവും നഷ്ടപ്പെടുത്തി. എന്റെ ലോണ്‍ പൈസ എല്ലാം പെന്‍ഡിങ് ആക്കിയിരിക്കുന്നു. ഉദ്ദേശിച്ച ജോബ് കിട്ടിയിട്ടില്ല. അപ്പൊ ഞാന്‍ ഇപ്പോള്‍ ലീഗലി മൂവ് ചെയ്തിരിക്കുകയാണ്. കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ ഞാന്‍ പരാതി കൊടുത്തിരിക്കുകയാണ്. എനിക്ക് എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം വേണം, വേറെ ആരും ഇതേപോലെ പറ്റിക്കപ്പെടരുത്. എനിക്ക് ഈ 5000 റുപ്പീസ് എന്ന് പറഞ്ഞാല്‍ വളരെയധികം വാല്യൂ ഉള്ളതാണ്


Tags:    

Similar News