പി എസ് പ്രശാന്തിന്റെ പുതിയ വീടിന്റെ പാലുകാച്ചലിന് ഉണ്ണികൃഷ്ണന്‍ പോറ്റിയും എത്തി? ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്; 2021ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പോസ്റ്റര്‍ അടിക്കാന്‍ പോലും കാശില്ലാതിരുന്ന പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷം കോടികളുടെ വസ്തുവും പുരയിടവും സമ്പാദിച്ചുവെന്ന് ആരോപണം; അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് വിജിലന്‍സില്‍ പരാതി
പി എസ് പ്രശാന്തിന് എതിരെ വിജിലന്‍സില്‍ പരാതി
തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സില്‍ പരാതി നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷം പി.എസ്. പ്രശാന്ത് സ്വന്തമായി വസ്തു വാങ്ങി വീട് വച്ചെന്നും പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സയ്ദാലി കായ്പാടിയാണ് പരാതി നല്‍കിയത്. നേരത്തെ വാടക വീട്ടിലാണ് പ്രശാന്ത് താമസിച്ചതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദം ചൂട് പിടിച്ചിരിക്കെയാണ് പി എസ് പ്രശാന്തിന്റെ അഭൂതപൂര്‍വ്വമായ സാമ്പത്തിക വളര്‍ച്ചയും യൂത്ത് കോണ്‍ഗ്രസ് ആരോപണമുനയില്‍ നിര്‍ത്തുന്നത്.
കരകുളം എണിക്കര ശിവക്ഷേത്രത്തിന് അടുത്ത് 10000 രൂപ വാടക കൊടുത്ത് ജീവിച്ച പ്രശാന്തിന്റെ ജീവിതം കോണ്‍ഗ്രസ് വിട്ടതിനുശേഷം മാറിമറിഞ്ഞു എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആക്ഷേപം. നെടുമങ്ങാട് ഏണിക്കര ജംഗ്ഷനില്‍ നിന്നും ഏകദേശം 150 മീറ്റര്‍ റോഡ് സൈഡിലെ 10 സെന്റ് കണ്ണായ സ്ഥലം പ്രശാന്ത് വാങ്ങുന്നത് ഇക്കഴിഞ്ഞ ഒന്നരവര്‍ഷത്തിനകത്താണ്. മാസങ്ങള്‍ കൊണ്ട് കോടികളുടെ വസ്തുവും പുരയിടവും പ്രശാന്ത് കെട്ടിപ്പടുത്തുവെന്നാണ് ആരോപണം. ഈ ഓണത്തിന് മുന്‍പേ പ്രാദേശിക നേതാക്കളും ഏറ്റവും അടുത്ത ബന്ധുക്കളും പങ്കെടുത്ത പാലുകാച്ചല്‍ ചടങ്ങ് നടന്നു. ഈ ചടങ്ങില്‍ സ്വര്‍ണ്ണക്കൊള്ള കേസ് പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കെടുത്തു എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.
'അദ്ദേഹം കോണ്‍ഗ്രസില്‍ ആയിരുന്ന സമയത്ത്, കെപിസിസി സെക്രട്ടറി ആയിരുന്ന സമയത്ത്, 2021 ലാണ് അദ്ദേഹത്തിന് നിയമസഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി അവസരം കൊടുക്കുന്നത്. എനിക്ക് വളരെ വ്യക്തിപരമായി അറിയാവുന്ന ആളാണ് പി എസ് പ്രശാന്ത്. ഞങ്ങള്‍, കോണ്‍ഗ്രസിന് അകത്ത് ഒരേ സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ കൂടിയായിരുന്നു. കെപിസിസി സെക്രട്ടറി ആയിരിക്കെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശം അവസ്ഥയിലാണെന്ന് പലര്‍ വഴിയും അറിഞ്ഞിട്ടുണ്ട്. ഒരുതവണ യൂത്ത് കോണ്‍ഗ്രസിന്റെ എന്തോ ആവശ്യത്തിന് അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ പറഞ്ഞ കാര്യം ഓര്‍മ്മയിലുണ്ട്. സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. എങ്കിലും കോണ്‍ഗ്രസിനോടുള്ള താല്‍പര്യം കൊണ്ടും സാമൂഹിക പ്രവര്‍ത്തനത്തിനോടുള്ള താല്‍പര്യം കൊണ്ടും ഈ രംഗത്ത് നില്‍ക്കുന്നു എന്ന രീതിയില്‍ പറഞ്ഞിരുന്നു.
2021 ല്‍ അദ്ദേഹം സ്ഥാനാര്‍ഥിയായി വരുന്ന സമയത്തും, അദ്ദേഹം സാമ്പത്തികമായി മോശം അവസ്ഥയിലാണെന്ന പ്രചാരണം യൂത്ത് കോണ്‍ഗ്രസിനെ കൊണ്ട് ചെയ്യിച്ചിട്ടുണ്ട്. ഏണിക്കര വാടയ്ക്കാണ് താമസിച്ചിരുന്നത്. വാടകയ്ക്ക് താമസിച്ചിരുന്ന ആളുടെ സാമ്പത്തിക സ്ഥിതി നമുക്ക് ഊഹിക്കാം. വേറെ ജോലിയില്ല. 2021 ല്‍ നെടുമങ്ങാട് സ്ഥാനാര്‍ഥിയായി വരുമ്പോഴും അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായത് കൊണ്ട് മത്സരിക്കാന്‍ ആവശ്യമായ കാശില്ല, എന്ന് എന്നോടുവ്യക്തിപരമായി പറഞ്ഞിരുന്നു. സാമ്പത്തികമായി മോശം സ്ഥിതിയിലുളള സ്ഥാനാര്‍ഥിയാണെന്ന പ്രചാരണവും കോണ്‍ഗ്രസ് നടത്തിയിരുന്നു. ഫ്‌ള്കസ് അടിക്കാന്‍ പോലും കാശില്ലെന്ന രീതിയില്‍ പ്രചാരണം നടത്തിയിരുന്നു. ആ തിരഞ്ഞെടുപ്പില്‍ പൊതുവെ കോണ്‍ഗ്രസിനുണ്ടായ പരാജയം നമ്മള്‍ എല്ലാവരും ഉള്‍ക്കൊണ്ടു.
എന്നാല്‍, 2021 ന് ശേഷം പി എസ് പ്രശാന്ത് ചെയ്തത്,പാര്‍ട്ടിയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ ഒരുവിഭാഗം സംഘടിതമായി അനുവദിക്കുന്നില്ലെന്ന നരേറ്റീവ് സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിന് മുമ്പേ നീണ്ട സന്ദേശം അയച്ച് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പുള്ളി ഉള്ള എല്ലാ ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റാവുകയായിരുന്നു. അത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയ ആഘാതം വളരെ വലിയ വലുതാണ്. പാര്‍ട്ടി നല്‍കിയ അവസരങ്ങള്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ഉപയോഗിക്കുകയായിരുന്നു. '
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുകയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവുകയും ചെയ്ത ശേഷം വലിയ സാമ്പത്തിക നേട്ടം പി എസ് പ്രശാന്തിന് ഉണ്ടായി എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം.
'വാടകയ്ക്ക് താമസിച്ചിരുന്നയാളാണ്. തൊട്ടടുത്ത് തന്നെ വസ്തു വാങ്ങിച്ചുവീടുവച്ചുവെന്നും അത്തരത്തില്‍ സാമ്പത്തികമായി നേട്ടം കൈവരിക്കാന്‍ കഴിഞ്ഞുവെന്നും ഉള്ളത് യാഥാര്‍ഥ്യമാണ്. ഈ വിഷയം അറിഞ്ഞതിന് ശേഷം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് അദ്ദേഹത്തിന്റെ പുതിയ വീട്ടിലേക്ക് സംഘടിപ്പിച്ചിരുന്നു. അഴിമതിയാണ്. ശബരിമലയില്‍ അദ്ദേഹത്തിന്റെ അറിവോടെ നടന്ന കൊളളയാണ്. എന്റെ ഊഹം ശരിയാണെങ്കില്‍, അദ്ദേഹത്തിന്റെ വീടിന്റെ പാലുകാച്ചലിന് വരെ ഉണ്ണികൃഷ്ണന്‍ പോറ്റി വന്നിട്ടുണ്ട്് എന്നാണ്. യാഥാര്‍ഥ്യം എന്തെന്ന് കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ മനസ്സിലാകുകയുള്ളു.'
യൂത്ത് കോണ്‍ഗ്രസ് കരകുളം മണ്ഡലം പ്രസിഡന്റായ ഗോകുല്‍ കോടൂരിന്റെ വാക്കുകള്‍:
'പി എസ് പ്രശാന്ത് മുമ്പ് ഏണിക്കര തറട്ട എന്ന സ്ഥലത്ത് വാടക വീട്ടിലായിരുന്നു. ഇപ്പോള്‍, ഒരുവര്‍ഷക്കാലയളവിനകത്ത്, പെട്ടെന്ന് സ്ഥലം വാങ്ങിക്കുന്നു, അതും ഏണിക്കരയില്‍ തന്നെയാണ്. വീടിന്റെ പണി പൂര്‍ത്തിയാക്കുന്നു, ഓണത്തിന്റെ സമയത്ത് വീടിന്റെ പാലുകാച്ചല്‍ നടത്തുന്നു. ഇവിടെയുള്ള മൊത്തം പാര്‍ട്ടിക്കാര്‍ക്ക് സംശയം തന്നെയാണ്. ഒന്നും ഇല്ലാതെയാണ് പി എസ് പ്രശാന്ത് ഈ പാര്‍ട്ടിയിലേക്ക് കടന്നുവരുന്നത്. ഇന്ന് എന്തെങ്കിലും ഒരു അഡ്രസ് പി എസ് പ്രശാന്തിന് വന്നിട്ടുണ്ടെങ്കില്‍, ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന്റെ കാരുണ്യം കൊണ്ടാണ്. അദ്ദേഹത്തിന്റെ വാത്സല്യപാത്രമായിരുന്നു പ്രശാന്ത്. ആ കാലത്തൊക്കെ പോസ്റ്റര്‍ പോലും ഒട്ടിക്കാന്‍ കാശില്ലാത്ത സ്ഥിതിയായിരുന്നു. അന്നൊന്നും ഇല്ലാത്ത സാമ്പത്തിക മെച്ചം ഇപ്പോള്‍ ഉണ്ടാകുമ്പോള്‍ സംശയമാണ്. പാലുകാച്ച് കഴിഞ്ഞു. നാട്ടിലാകെ സംസാരമുണ്ട്, പുള്ളി വീണ്ടും വസ്തു വാങ്ങിയിട്ടുണ്ടെന്ന്. അതിന് അടുത്തായി അഞ്ചിനും പത്തിനും ഇടയിലായി സെന്റ് സ്ഥലം വാങ്ങിയെന്നാണ് നാട്ടിലുളള സംസാരം. പാലു കാച്ചല്‍ ചടങ്ങും രഹസ്യമായിട്ടാണ് നടത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീടിന്റെ പാലുകാച്ചല്‍ എന്ന രീതിയില്‍ പ്രതീക്ഷിച്ചത്ര തിരക്കൊന്നും ഒന്നുമുണ്ടായില്ല. '
2023ലെ മണ്ഡലകാലാരംഭത്തിന് കേവലം രണ്ട് ദിനം ബാക്കി നില്‍ക്കെ നവംബര്‍ 13നാണ് പ്രശാന്ത് പ്രസിഡന്റായി ചുമതലയേറ്റത്. 2025 നവംബര്‍ വരെയാണ് പ്രശാന്തിന് കാലാവധി ഉള്ളത്. ആദ്യ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി ചുമതലയേറ്റ എ. പത്മകുമാറിന് രണ്ടാമൂഴത്തിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എ. പത്മകുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായ വിവാദ പരാമര്‍ശമാണ് രണ്ടാമൂഴത്തിന് തടയിടപ്പെട്ടത്.
കോണ്‍ഗ്രസ് വിട്ടെത്തിയ കെ.പി.സി.സി. മുന്‍ സെക്രട്ടറി കൂടിയായ പി.എസ്. പ്രശാന്തിനെ ദേവസ്വം പ്രസിഡന്റ് ആക്കണമെന്ന നിര്‍ദേശം 2023 ലാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജില്ലാ കമ്മിറ്റി നിര്‍ദേശമായി വെച്ചത്. കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റായ പ്രശാന്തിന്, കോണ്‍ഗ്രസ് വിട്ടെത്തിയപ്പോള്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ പരാജയപ്പെട്ട ജി.ആര്‍. അനിലിനോട് പി.എസ്. പ്രശാന്ത് തന്റെ തോല്‍വിക്ക് കാരണം ഡി.സി.സി. പ്രസിഡന്റ് പാലോട് രവിയാണെന്ന് അന്ന് ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയ പ്രശാന്ത് സി.പി.എമ്മില്‍ ചേരുന്നത്.