ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്കും പരമോന്നത നേതാവ് ഖമനയിയുടെ കൊലപാതകത്തിനും പ്രതികാരം; ഗള്‍ഫില്‍ യുദ്ധഭീതി: ദുബായ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ദുബായ് വിമാനത്താവളത്തില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടി; ബുര്‍ജ് ഖലീഫയെ അവര്‍ വീഴത്തുമോ?
ദുബായ്: ഇറാന്‍-അമേരിക്ക സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഗള്‍ഫ് മേഖലയെ നടുക്കി ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം. ഇറാന്റെ ചാവേര്‍ ഡ്രോണുകളാണ് വിമാനത്താവളത്തെ ലക്ഷ്യമിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആക്രമണത്തെത്തുടര്‍ന്ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഒരു ടെര്‍മിനലില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. നാല് വിമാനത്താവള ജീവനക്കാര്‍ക്ക് പരിക്കേറ്റതായും ടെര്‍മിനലില്‍ നേരിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചു. പുകപടലങ്ങള്‍ക്കിടയിലൂടെ യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ഗള്‍ഫില്‍ നിന്നും വരുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ അഭിമാന സ്തംഭങ്ങളെ എല്ലാം ഇറാന്‍ ആക്രമിക്കുമെന്നാണ് ഭീതി. ശക്തികൂടിയ ബോംബുകളും ഇറാന്‍ ഉപയോഗിക്കുന്നുണ്ട്,
സുരക്ഷാ കാരണങ്ങളാല്‍ ദുബായ് ഇന്റര്‍നാഷണല്‍, അല്‍ മക്തൂം എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്ന സുരക്ഷാ മുന്‍കരുതലുകള്‍ പ്രകാരം ഭൂരിഭാഗം ടെര്‍മിനലുകളും നേരത്തെ തന്നെ ഒഴിഞ്ഞിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായതായാണ് റിപ്പോര്‍ട്ട്. സമാനമായ രീതിയില്‍ അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളത്തിലും ആക്രമണമുണ്ടായി. ഇവിടെ ഒരു ഏഷ്യന്‍ വംശജന്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ ദുബായിലെ വിഖ്യാത ഹോട്ടലായ ബുര്‍ജ് അല്‍ അറബിന് ഇറാന്‍ ആക്രമണത്തില്‍ തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കന്‍-ഇസ്രയേല്‍ സഖ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിച്ചതിന് പിന്നാലെയാണ് ഗള്‍ഫ് മേഖലയിലാകെ ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയത് എന്നാണ് സൂചന. യുഎഇക്ക് പുറമെ സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലും ഇറാന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് നിലവിലുള്ളത്. മേഖലയിലെ സാഹചര്യം വഷളായതോടെ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി. യുഎഇ, ബഹ്റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ അതത് എംബസികളില്‍ വിവരം അറിയിക്കണമെന്നും സൈനിക കേന്ദ്രങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വിദേശകാര്യ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശിച്ചു. പ്രമുഖ വിമാനക്കമ്പനികളെല്ലാം ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ യുഎഇയിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ വന്‍തോതിലുള്ള മിസൈല്‍-ഡ്രോണ്‍ ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയോടെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തിലാണ് ഒരു ഏഷ്യന്‍ വംശജന്‍ മരിച്ചത്. ഏഴ് പേര്‍ക്ക് ഇവിടെ പരിക്കേറ്റതായി അബുദാബി എയര്‍പോര്‍ട്ട് അതോറിറ്റി സ്ഥിരീകരിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
രാജ്യത്തെ ലക്ഷ്യമാക്കി വന്ന 137 മിസൈലുകളില്‍ 132 എണ്ണവും 209 ഡ്രോണുകളില്‍ 195 എണ്ണവും യുഎഇ വ്യോമപ്രതിരോധ സേന തകര്‍ത്തതായി അധികൃതര്‍ വ്യക്തമാക്കി. തകര്‍ക്കപ്പെട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ കടലിലും ജനവാസ മേഖലകളിലുമായി പതിച്ചിട്ടുണ്ട്. ശേഷിച്ചവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തി. ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അടിയന്തര സുരക്ഷാ സേനയെ വിന്യസിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായി അപലപിച്ച യുഎഇ, ജനങ്ങളെ സംരക്ഷിക്കാന്‍ ഏത് തരത്തിലുള്ള തിരിച്ചടിക്കും തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
സംഭവത്തെത്തുടര്‍ന്ന് യുഎഇയിലെ വ്യോമപാത താത്കാലികമായി അടച്ചു. ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും യുഎഇ സ്ഥാനപതി അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് ഡ്രോണുകള്‍ക്കും ഗ്ലൈഡറുകള്‍ക്കും ആളില്ലാ വിമാനങ്ങള്‍ക്കും ഒരാഴ്ചത്തേക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
