22ന് മന്ത്രിസഭയില്‍ മറുപടി നല്‍കിയില്ല; ഒറ്റയ്ക്ക് പിണറായിയെ കണ്ട് പിഎംശ്രീയിലെ എതിര്‍പ്പ് പറഞ്ഞിട്ടും ഒപ്പിട്ടത് പറഞ്ഞില്ല; ഇങ്ങനെ അപമാനിച്ചവര്‍ക്കൊപ്പം മന്ത്രിയായി തുടരില്ലെന്ന് രാജന്‍; സിപിഎമ്മിന്റെ സമവായം തകര്‍ത്തത് ഈ ഉറച്ച തീരുമാനം; ഒറ്റയ്ക്ക് രാജന്‍ രാജിവച്ചാലുള്ള പ്രത്യാഘാതം ബിനോയ് വിശ്വത്തെ വെട്ടിലാക്കി; മുട്ടുമടക്കാതെ സിപിഐ; ആലപ്പുഴയില്‍ സംഭവിച്ചത്
22ന് മന്ത്രിസഭയില്‍ മറുപടി നല്‍കിയില്ല
ആലപ്പുഴ: പിഎം ശ്രീയില്‍ സിപിഐയുടെ പരാതിയില്‍ തിരുത്തലിന് സിപിഎം തയ്യാറായില്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടില്‍ മന്ത്രി കെ രാജന്‍. രാജന്റെ ഈ നിലപാടാണ് സിപിഐയെ പ്രതിസന്ധിയിലാക്കുന്നത്. കേന്ദ്ര സിലസിലെ പഠനം ഉണ്ടാകില്ലെന്ന സിപിഎം ഉറപ്പില്‍ എല്ലാം അവസാനിപ്പിക്കാനായിരുന്നു സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആലോചന. രാജിവയ്ക്കുന്നതിനോട് മന്ത്രിമാരായ ജി ആര്‍ അനിലിനും ചിഞ്ചുറാണിയ്ക്കും താല്‍പ്പര്യവുമില്ല. മന്ത്രി പി പ്രസാദ് എങ്ങോട്ടും വീഴുമെന്ന നിലപാടിലും. എന്നാല്‍ അപമാനം സഹിച്ച് മന്ത്രിയായി തുടരാനില്ലെന്ന നിലപാട് കെ രാജന്‍ എടുത്തു. ഇതുകൊണ്ടാണ് സിപിഎമ്മിന്റെ സമവായങ്ങളോട് സിപിഐയ്ക്ക് യോജിക്കാന്‍ കഴിയാത്തത്. അങ്ങനെ ആലപ്പുഴയിലെ മുഖ്യമന്ത്രിയുടെ നയതന്ത്രം പാളി.
കേന്ദ്ര നേതൃത്വത്തെ രാജന്‍ ഉറച്ച നിലപാട് അറിയിച്ചിട്ടുണ്ട്. സിപിഐയെ അറിയിക്കാതെ തന്ത്രപമായി പിഎം ശ്രീ ഒപ്പിടുകയായിരുന്നുവെന്ന് രാജന്‍ വിശ്വസിക്കുന്നു. മന്ത്രിയെ എന്ന നിലയില്‍ കാബിനറ്റില്‍ ഈ വിഷയം ഉയര്‍ത്തിയിട്ട് പോലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒപ്പിട്ട കാര്യം പറഞ്ഞില്ല. ഇങ്ങനെ ചോദിച്ചിട്ടും പറയാത്ത കാര്യം മാധ്യമങ്ങളിലൂടെ വായിച്ച് അറിഞ്ഞുവെന്നതാണ് കെ രാജന്റെ പ്രശ്നം. വ്യക്തിപരമായ അപമാനിക്കലായി രാജന്‍ ഇതിനെ കാണുന്നു. മന്ത്രിസ്ഥാനത്ത് നിന്നും രാജന്‍ ഒറ്റയ്ക്ക് രാജി വയ്ക്കുന്നത് സിപിഐയില്‍ പൊട്ടിത്തെറിയാകും. സെക്രട്ടറി ബിനോയ് വിശ്വത്തിനും തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം രാജന്റെ വികാരം ഉയര്‍ത്തി പിടിക്കുന്ന പ്രതികരണം ബിനോയ് വിശ്വം എടുക്കുന്നത്. അടുത്ത ഇടതുമുന്നണിയോഗം ഇനി നിര്‍ണ്ണായകമായി മാറും. അതു വരെ സിപിഐ കടുത്ത നിലപാടുകള്‍ എടുക്കില്ല.
പിഎം ശ്രീ സ്‌കൂള്‍ നടപ്പാക്കുന്നതിലുള്ള ആശങ്ക മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാര്‍ പ്രകടിപ്പിച്ചത് നവംബര്‍ 22നായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രി കെ. രാജന്‍ പാര്‍ട്ടിയുടെ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു. പിഎം ശ്രീക്കായി കരാര്‍ ഒപ്പിടാന്‍ പോവുന്നതായി മാധ്യമങ്ങളില്‍ കാണുന്നു, ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയോ മറുപടിയൊന്നും പറയാത്തതിനാല്‍ മന്ത്രിസഭയില്‍ അത് ചര്‍ച്ചയായില്ല. യോഗത്തിനുശേഷം മുഖ്യമന്ത്രിയുമായി മന്ത്രി കെ. രാജന്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു.
22ന് ചേര്‍ന്ന മന്ത്രിസഭയുടെ അജന്‍ഡയില്‍ പിഎം ശ്രീ ഉള്‍പ്പെടുത്തിയിരുന്നില്ല. അന്ന് രാവിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വസതിയില്‍ സിപിഐ മന്ത്രിമാര്‍ യോഗംചേര്‍ന്നു. ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് പദ്ധതിയെ ശക്തമായി എതിര്‍ക്കാന്‍ ബിനോയ് വിശ്വം നിര്‍ദേശം നല്‍കി. പക്ഷേ, മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും പ്രശ്നത്തില്‍ മൗനംപൂണ്ടതോടെ, സിപിഐയുടെ ആശങ്ക കേട്ടതൊഴിച്ചാല്‍ മന്ത്രിസഭയില്‍ മറ്റൊന്നുമുണ്ടായില്ലെന്ന് വ്യക്തമായി. അതിന് ശേഷം വന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രി രാജനെ പ്രകോപിപ്പിച്ചു. നവംബര്‍ 22ന് മുമ്പ് തന്നെ കരാറില്‍ ഒപ്പിട്ടിരുന്നു. മന്ത്രി സഭയില്‍ വിഷയം ഉയര്‍ത്തിയിട്ടും ഇക്കാര്യം മറച്ചു വച്ചതാണ് രാജന്‍ ഉയര്‍ത്തുന്ന വിഷയം. മുഖ്യമന്ത്രിയെ പ്രത്യേക കണ്ടിട്ടു പോലും ഒന്നും പറഞ്ഞില്ല. ഈ സാഹചര്യത്തില്‍ ഇങ്ങനെ ഈ മന്ത്രിസഭയില്‍ അപമാനം സഹിച്ച് തുടരണമോ എന്നതാണ് രാജന്‍ ഉയര്‍ത്തുന്ന ചോദ്യം.
തൃശൂര്‍ പൂരം കലക്കലില്‍ അടക്കം റവന്യൂമന്ത്രി കെ രാജന്‍ പരസ്യ നിലപാടുകള്‍ എടുത്തിരുന്നു. അന്നും അതൊന്നും ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല. ഇതെല്ലാം മുറിവായി രാജന്റെ മനസ്സിലുണ്ടായിരുന്നു. തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിഎസ് സുനില്‍ കുമാറിനുണ്ടായ തോല്‍വിയും സിപിഐയിലെ തൃശൂര്‍ നേതാക്കള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതിന് പിന്നാലെയാണ് പിഎം ശ്രീയിലെ അവഗണന. സിപിഐയെ മുഖവലിയ്ക്ക് പോലും എടുക്കില്ലെന്ന തരത്തില്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായിയും മുമ്പോട്ട് പോകുന്നത് ഇനി അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് തൃശൂരില്‍ നിന്നുള്ള മന്ത്രി രാജന്റെ നിലപാട്.
ഇതു തന്നെയാണ് നിര്‍ണ്ണായക സിപിഐ യോഗത്തിലും രാജന്‍ എടുത്തത്. ഇതിന് മുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയ്ക്ക് പോലും തല്‍കാലം സിപിഎമ്മിന് വേണ്ടിയുള്ള വാദങ്ങള്‍ ഉയര്‍ത്താന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ പിഎം ശ്രീയില്‍ സിപിഎമ്മിന്റെ തീരുമാനവും ഇടതു മുന്നണിയിലെ ചര്‍ച്ചകള്‍ക്കും പ്രധാന്യം ഏറെയാണ്. പിഎംശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയത്തിന് വഴങ്ങാതെ സിപിഐ മുമ്പോട്ട് പോകുന്നത് രാജന്റെ നിലപാട് കാരണമാണ്. പാര്‍ട്ടിയെ ഇരുട്ടില്‍നിര്‍ത്തി ഏകപക്ഷീയമായി മുന്നണിമര്യാദ പോലും പാലിക്കാതെ ധാരണാപത്രം ഒപ്പിട്ടതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച മന്ത്രി വി.ശിവന്‍കുട്ടി തുടങ്ങിവച്ച അനുനയ ശ്രമങ്ങള്‍ ഇന്ന് ഗള്‍ഫ് പര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തിട്ടും സിപിഐ ഒരിഞ്ചും പിന്നോട്ട് പോകാന്‍ തയ്യാറായില്ല. ആലപ്പുഴയില്‍ രാവിലെ ചേര്‍ന്ന സിപിഐ നേതൃയോഗങ്ങള്‍ പിഎംശ്രീയില്‍ വിട്ടുവീഴ്ച വേണ്ടെന്നും മന്ത്രിമാരുടെ രാജി പോലും വേണ്ടിവന്നാല്‍ നല്‍കണം എന്ന ചര്‍ച്ച യോഗത്തിലുണ്ടായി. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മന്ത്രി രാജന്‍ ശക്തമായ ഭാഷയില്‍ തന്നെ യോഗത്തെ അറിയിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുക്കാല്‍ മണിക്കൂറോളം ചര്‍ച്ചനടത്തിയെങ്കിലും അനുനയശ്രമങ്ങള്‍ ഫലിച്ചില്ല. ധാരണാപത്രം ഒപ്പിട്ട സ്ഥിതിക്ക് അതില്‍ പിന്നാക്കം പോകാനാകില്ലെന്ന കാര്യം മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ അറിയിച്ചു. എന്നാല്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ബിനോയ് വിശ്വം മറുപടി നല്‍കി. ധാരണാപത്രം ഒപ്പിട്ടെങ്കിലും സ്‌കൂളുകളുടെ പട്ടിക കൈമാറുന്നതടക്കം തുടര്‍നടപടികള്‍ തത്കാലം മരവിപ്പിക്കാമെന്ന സമവായനിര്‍ദേശം ചര്‍ച്ചയിലുണ്ടായെങ്കിലും സിപിഐ അതിനോട് യോജിച്ചില്ല. രാജന്റെ അടക്കം എതിര്‍പ്പിന്റെ രൂക്ഷത തിരിച്ചറിഞ്ഞാണ് ഇത്.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയെ കാണാനെത്തിയ സിപിഐ മന്ത്രിമാരായ കെ.രാജന്‍, പി.പ്രസാദ്, ജി.ആര്‍ അനില്‍ എന്നിവര്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കടുത്ത നിലപാടാണ് ഇവിടേയും രാജന്‍ എടുത്തത്. പ്രധാന ഘടകകക്ഷിയായ സിപിഐയെ വിശ്വാസത്തിലെടുക്കാതെയുള്ള ഏകപക്ഷീയ നടപടിയില്‍ ബിനോയ് വിശ്വവും മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിപിഐയുടെ സെക്രട്ടേറിയറ്റ് യോഗവും ചേര്‍ന്നു. പിഎംശ്രീ വിഷയം ചര്‍ച്ചചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചു. യോഗം ഉടന്‍ ചേര്‍ന്നേയ്ക്കും. ഇതില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം പരമാവധി ശ്രമിക്കും.
