'എന്റെ ഒരു സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയല്ല അവള്‍; ഞാന്‍ ആഗ്രഹിച്ച ഒരു സൗന്ദര്യമല്ല അവള്‍ക്കുള്ളത്; സോറി ചേച്ചി ഞാന്‍ ഇറ്റലിക്ക് പോവുകയാണ്'; കേരളത്തില്‍ നിന്നും മുങ്ങി ദുബായില്‍ ഇറങ്ങിയതിന് പിന്നാലെ വധുവിന്റെ സഹോദരിക്ക് ശബ്ദസന്ദേശം; ട്രാന്‍സ്ജെന്‍ഡര്‍ ആരോപണം കെട്ടുകഥ; വരന്‍ സൈക്കോ ചതിയന്‍; ഇറ്റലിയിലുള്ള വരനെ നാട്ടിലെത്തിക്കാന്‍ പൊലീസ് നീക്കം

വരന്‍ സൈക്കോ ചതിയന്‍; ഇറ്റലിയിലുള്ള വരനെ നാട്ടിലെത്തിക്കാന്‍ പൊലീസ് നീക്കം

Update: 2025-02-03 10:24 GMT

കടുത്തുരുത്തി: വിവാഹത്തിനു ശേഷം വധുവിനെ കബളിപ്പിച്ചു റാന്നി സ്വദേശിയായ യുവാവ് കടന്നുകളഞ്ഞെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. ഇറ്റലിയിലുള്ള വരനെ നാട്ടിലെത്തിക്കാനാണ് ശ്രമം. കടുത്തുരുത്തിയിലുള്ള വധുവിന്റെ കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് വരനെതിരെ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടി ട്രാന്‍സ്‌ജെന്‍ഡറാണെന്ന പരാതി ഉന്നയിച്ചാണ് വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം ഇറ്റലിയിലേക്ക് മടങ്ങിയത്. പിറ്റേന്നു രാത്രി വധുവിനെ വീടിന്റെ പുറത്ത് ഇറക്കിവിട്ടശേഷം വരന്‍ മുങ്ങിയെന്നാണ് വധുവിന്റെ ബന്ധുക്കള്‍ പരാതിയില്‍ പറയുന്നത്.

അതേ സമയം വധുവിന്റെ സഹോദരിക്ക് ആരോപണ വിധേയനായ വരന്‍ അയച്ച വാട്‌സാപ്പ് സന്ദേശം പുറത്തുവന്നു. തന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയല്ല വധുവെന്നും തനിക്കവളെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും യുവാവിന്റെ സന്ദേശത്തില്‍ പറയുന്നു. അവളുടെ ഭാഗത്ത് തെറ്റോ കുറ്റമോ ഉള്ളതുകൊണ്ടല്ല പറയുന്നത്. ഞാന്‍ ആഗ്രഹിച്ച ഒരു സൗന്ദര്യമല്ല അവള്‍ക്കുള്ളത് എന്നാണ് വധുവിന്റെ സഹോദരിക്ക് അയച്ച ഓഡിയോ സന്ദേശത്തിലുള്ളത്.


Full View

വധുവിന്റെ സഹോദരിക്ക് ആരോപണ വിധേയനായ വരന്‍ അയച്ച സന്ദേശം..

''എന്റെ ഒരു സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയല്ല അവള്‍. എനിക്കവളെ അംഗീകരിക്കാന്‍ കഴിയുന്നില്ല. അവളുടെ ഭാഗത്ത് തെറ്റോ കുറ്റമോ ഉള്ളതുകൊണ്ടല്ല ഞാന്‍ പറയുന്നത്. ഞാന്‍ ആഗ്രഹിച്ച ഒരു സൗന്ദര്യമല്ല അവള്‍ക്കുള്ളത്. സോറി ചേച്ചി ഞാന്‍ ഇറ്റലിക്ക് പോവുകയാണ്. മുന്നോട്ട് പോയി പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഞാന്‍ ഈ സന്ദേശം അയക്കുന്നത്. എന്റെ പപ്പയ്ക്കോ മമ്മയ്ക്കോ ഇതിനെപ്പറ്റി അറിയില്ല. എന്റെ സ്വന്തം ഇഷ്ടത്തിലാണ് കയറി വന്നത്. ചേച്ചി ഇത് പറഞ്ഞ് മനസ്സിലാക്കണം. ഞാന്‍ അവിടെ ചെന്നിട്ട് വിളിച്ച് പറഞ്ഞോളാം'' എന്നായിരുന്നു ദുബായില്‍ എത്തിയ ശേഷം വധുവിന്റെ സഹോദരിക്ക് വരനായ യുവാവ് അയച്ച് സന്ദേശം.

23ന് വൈകിട്ട് റാന്നിയില്‍ ആയിരുന്നു ഇവരുടെ വിവാഹം. എറണാകുളത്ത് ഒരാവശ്യത്തിനു പോവുകയാണെന്നും കൂടെവരണമെന്നും നിര്‍ബന്ധിച്ചാണ് റാന്നിയിലെ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നും കടുത്തുരുത്തിയിലെ തന്റെ വീടിനു മുന്നിലെത്തിയപ്പോള്‍ ഇറക്കിവിടുകയായിരുന്നെന്നും വധു പറയുന്നു. ഇവിടെനിന്ന് നേരെ നെടുമ്പാശേരിയിലെത്തി വിദേശത്തേക്കു കടന്നെന്നും പരാതിയിലുണ്ട്.

വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടില്‍ കൊണ്ടാക്കി സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി വരന്‍ നാടുവിട്ടെന്നാണ് വധുവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍, താന്‍ വിവാഹം കഴിച്ചത് ട്രാന്‍സ്‌ജെന്‍ഡറിനെയാണെന്ന് ആദ്യരാത്രി തന്നെ മനസിലാക്കിയ വരന്‍ പിറ്റേന്ന് എമര്‍ജന്‍സി ടിക്കറ്റ് എടുത്ത് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് യുവാവിന്റെ ബന്ധുക്കളുടെ വിശദീകരണം. ഈ ആരോപണം തെറ്റെന്നാണ് വധുവിന്റെ വീട്ടുകാര്‍ പറയുന്നത്.

വിവാഹത്തിന്റെ ഫോട്ടോകള്‍ അടക്കം പങ്കുവച്ചാണ് വധുവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. വധുവിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഉള്‍പ്പെടെ തയാറാണെന്നും വധുവിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

പെണ്‍കുട്ടി ട്രാന്‍സ്ജെന്റര്‍ എന്ന രീതിയില്‍ വരനും വീട്ടുകാരും നടത്തിയ പ്രചരണങ്ങള്‍ നിഷേധിക്കുകയാണ് സഹോദരന്‍. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് കുടുംബം ഒരുങ്ങുന്നത്. ട്രാന്‍സ്‌ജെന്റര്‍ ആരോപണം നിഷേധിക്കാന്‍ ആവശ്യമെങ്കില്‍ ശാസ്ത്രീയമായ തെളിവുകള്‍ കൂടി ഹാജരാക്കാന്‍ തയ്യാറാണെന്നും സഹോദരന്‍ പറഞ്ഞു.

പെണ്‍കുട്ടിയെ അറിയാവുന്ന ഒരാള്‍ പറയുന്നത്..

''ചീറ്റിംഗ് ആണ് സംഭവം. കൊച്ചിന്റെ പിതാവുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം മരിച്ചിട്ട് 5 - 8 വര്‍ഷം ആയി. എന്റെ ഭാര്യ വീടിന്റെ അടുത്തായാണ് ഇവരുടെ വീട്. ഇവരുടെ വീടിന്റെ അടുത്തായി എന്റെ ഭാര്യയുടെ ബന്ധുക്കളുടെ വീടുമുണ്ട്. കുഞ്ഞായിരുന്നപ്പോഴാണ് ഈ കൊച്ചിനെ കണ്ടിട്ടുള്ളത്. അവധിക്കൊക്കെ പോകുമ്പോള്‍ വീടിന് മുന്‍പിലൊക്കെ കണ്ടിട്ടുണ്ട്. ഫോട്ടോ കണ്ടപ്പോള്‍ മുതല്‍ കൊച്ചിനെ അറിയുന്നതാണല്ലോ എന്ന് ചിന്തിച്ചിരുന്നു. പിന്നെ നാട്ടിലെ സുഹൃത്തുക്കളെ വിളിച്ച് അന്വേഷിക്കുമ്പോളാണ് സംഭവം അറിയുന്നത്.''

ചെറുപ്പക്കാരനെ അറിയാവുന്ന ആളുടെ സന്ദേശം..

''ഈ ചെറുപ്പക്കാരന്‍ ഐത്തലപ്പടി ഇടവകക്കാരനാണ്. താമസം മീന്‍മുട്ട് പാറയിലാണ്. ഇവരുടെ കുടുംബമാണ് ഇറ്റലിയില്‍ നിന്നും കോവിഡ് ബാധിച്ചു വന്നുവെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടായത്. ക്‌നാനായ കത്തോലിക്കാ സഭയിലെ പെണ്‍കൊച്ചിനെ തിരുമേനിയാണ് വിവാഹം ചെയ്തു കൊടുത്തത്. കല്യാണം കഴിഞ്ഞ് പെണ്ണിന്റെ വീട്ടില്‍ പോയില്ല. ചെറുക്കന്‍ ഒരു സൈക്കോ ആയിരുന്നു. ഇവന്‍ രാത്രിയില്‍ കയറി പിടിച്ച് എന്തൊക്കെയോ ചെയ്ത് കൊച്ച് പേടിച്ചു പോയി. പിറ്റേന്ന് ഇവന്‍ കൊച്ചിനെ വീട്ടില്‍ കൊണ്ടാക്കി ഇറ്റലിക്ക് കയറി പോയി. എന്നിട്ട് ഇവന്‍ പറഞ്ഞ് പരത്തിയത് ആ കൊച്ച് ആണാണെന്ന്. കല്യാണത്തിന്റെ ഫ്‌ളോറിന്റെ കാശ് കൊടുത്തിട്ടില്ല, കാറ്ററിംഗ് കാശ് കൊടുത്തില്ല, സ്റ്റുഡിയോ കാശ് കൊടുത്തിട്ടില്ല. എന്നിട്ടാണ് നാട് വിട്ടത്. കേസ് കൊടുത്തിട്ടുണ്ട്. ചെറുക്കനെ നാട്ടിലേക്ക് തിരിച്ച് വിളിപ്പിക്കും''

സേവ് ദി ഡേറ്റ് ഷൂട്ടിങ് സമയത്തും മോശമായി പെരുമാറി

കഴിഞ്ഞ ജനുവരി 23 നാണ് റാന്നിയില്‍ വച്ച് വിവാഹം നടന്നത്. രാത്രി 11 ന് അത്യാഡംബരത്തോടെയാണ് വിവാഹം നടന്നത്. വിവാഹത്തിന് ശേഷം പെണ്‍കുട്ടിയോട് ഒന്നും പറയാതെ സഹോദരിയോടും ഭര്‍ത്താവിനോടും പെണ്‍കുട്ടിയെ പറ്റത്തില്ലായെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹപ്പിറ്റേന്ന് രാത്രി പത്ത് മണിയോടെ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ട് വിട്ടതിന് ശേഷമാണ് വരന്‍ മുങ്ങിയത്. പിതാവിന്റെ ചികിത്സയ്ക്കായി 25 ലക്ഷം ഏര്‍പ്പാടാക്കണമെന്ന് പറഞ്ഞാണ് വരന്‍ അവിടെ നിന്നും പോയത്.

പെണ്‍കുട്ടിയെ കടുത്തുരുത്തിയിലുള്ള വീട്ടിലാക്കിയ ശേഷം എറണാകുളത്തേയ്ക്ക് പോകുകയാണെന്നും തിരികെ വരുമ്പോള്‍ കൂട്ടികൊണ്ട് പോകാമെന്നുമാണ് പറഞ്ഞത്. പിന്നീട് ദുബായ് എയര്‍പോര്‍ട്ടില്‍ ചെന്ന ശേഷം മൂത്ത സഹോദരിയ്ക്ക് മെസ്സേജ് അയയ്ക്കുകയായിരുന്നു. താന്‍ ആഗ്രഹിച്ചത് പോലെയുള്ള ശരീര സൗന്ദര്യമല്ല പെണ്‍കുട്ടിയ്ക്കെന്നും മെസേജില്‍ പറഞ്ഞു. വിവാഹ ശേഷം വരന്റെ ബന്ധുക്കളില്‍ ചിലര്‍ പറയുന്നതായുള്ള ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

12 ാം തീയതിയാണ് പെണ്ണ് കാണല്‍ ചടങ്ങില്‍ ഇരുവരും ആദ്യമായി കണ്ട് മുട്ടുന്നത്. സേവ് ദി ഡേറ്റ് ഷൂട്ടിങ് സമയത്തും പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. 25 പവനോളം സ്വര്‍ണ്ണവും തിരിച്ചു കിട്ടിയിട്ടില്ലെന്ന്് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ കടുത്തുരുത്തി പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം തുടരുന്നത്.

Tags:    

Similar News