70 കോടി നഷ്ടത്തിലോടുന്ന കമ്പനി: മൂന്നരക്കോടി വൈദ്യുതി കുടിശിക: ചേര്‍ത്തല പ്ലാന്റ് പണയത്തില്‍; അതിനിടെ അനധികൃത പ്രമോഷനും നീക്കം; അധിക ബാധ്യതയില്‍ വാളയാര്‍ മലബാര്‍ സിമെന്റ്സ്: പൊതുമേഖലാ സ്ഥാപനത്തിലെ ഉല്‍പാദനവും വിപണനവും വന്‍ പ്രതിസന്ധിയില്‍
പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമെന്റ്സ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നിലവിലുള്ള ധാരണകള്‍ മറി കടന്ന് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ രഹസ്യധാരണ. അനര്‍ഹരായവരെ ഒറ്റയടിക്ക് ഉന്നത തസ്തികയിലേക്ക് നിയമിക്കുന്നതിലൂടെ പ്രതിവര്‍ഷം ശമ്പള ഇനത്തില്‍ തന്നെ വന്‍സാമ്പത്തിക ബാധ്യതയാണ് കമ്പനിക്ക് ഉണ്ടാകുന്നത്. ചട്ടങ്ങള്‍ മറികടന്നും മന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ചും സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കത്തിനെതിരേ പരാതിയുമായി ജീവനക്കാര്‍ രംഗത്തുണ്ട്.
ക്ലാര്‍ക്ക് തസ്തികയിലുള്ള അഞ്ചു പേരെയണ് സ്ഥാനക്കയറ്റത്തിന്റെ വിവിധ പടികള്‍ ഒഴിവാക്കി നേരിട്ട് ഓഫീസര്‍ തസ്തികയിലേക്ക് നിയമിക്കാന്‍ നീക്കം നടക്കുന്നതിന്. ഇതിനുള്ള ജോബ് പ്രൊഫൈല്‍ സര്‍ക്കാരിലേക്ക് അയച്ച് അനുമതി വാങ്ങി. സ്ഥാനക്കയറ്റത്തിനുളള ഇന്റര്‍വ്യൂ 20 ന് നിശ്ചയിച്ചിരിക്കുകയാണ്. ഇതു വരെയുള്ള നടപടി ക്രമങ്ങള്‍ എല്ലാം അതീവരഹസ്യമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സിഐടിയു യൂണിയന്‍ നേതാവ് മുന്‍കൈയെടുത്ത് ഇതിനുള്ള ചരടുവലികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ജനുവരി 10 നാണ് അഞ്ചു പേര്‍ക്ക് സ്ഥാനക്കയറ്റത്തിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാനുള്ള ഉത്തരവ് വന്നിരിക്കുന്നത്.
ക്ലാര്‍ക്ക് തസ്തികയിലുള്ളവര്‍ക്ക് എം7 ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം കിട്ടണമെങ്കില്‍ ജൂനിയര്‍ അസിസ്റ്റന്റ് (ട്രേഡ് 3), അസിസ്റ്റന്റ് (ഗ്രേഡ് 4), സീനിയര്‍ അസിസ്റ്റന്റ് (ഗ്രേഡ് 5) എന്നിവ കഴിയണം. ഇവിടെയാകട്ടെ ക്ലാര്‍ക്ക് തസ്തികയിലുള്ള അഞ്ചു പേര്‍ക്ക് നേരിട്ട് എം7 ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ഇവര്‍ നിലവില്‍ ജുനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് പോസ്റ്റുകളില്‍ ജോലി ചെയ്യുന്നവരാണെന്ന് പറയപ്പെടുന്നു. എന്നാല്‍, ക്ലാര്‍ക്കായിരുന്ന ഇവരെ എഴുത്തുപരീക്ഷയോ ഇന്റര്‍വ്യൂവോ നടത്താതെയാണ് ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നതെന്ന് പറയുന്നു. അഞ്ചു വര്‍ഷം പ്രവൃത്തി പരിചയം എന്ന മാനദണ്ഡം മാത്രം പറഞ്ഞാണത്രേ നിയമനം. ഓര്‍ഡര്‍ ഇല്ലെന്നാണ് മറ്റു ജീവനക്കാരുടെ ആരോപണം. ഇങ്ങനെ വാക്കാല്‍ സ്ഥാനക്കയറ്റം കിട്ടിയവരുടെ ജോബ് പ്രൊഫൈല്‍ സര്‍ക്കാരിലേക്ക് അയച്ചു കൊടുത്താണ് ഇപ്പോള്‍ ഒറ്റയടിക്ക് ഡബിള്‍, ത്രിബിള്‍ പ്രമോഷനുകള്‍ നല്‍കാന്‍ നീക്കം നടക്കുന്നത്.
മലബാര്‍ സിമെന്റ്സില്‍ ഓഫീസര്‍ തസ്തികയിലുള്ളവര്‍ക്ക് കേരള സര്‍വീസ് റൂള്‍ പ്രകാരമാണ് ശമ്പളം. അതിന് താഴേക്കുള്ളവര്‍ക്ക വേജ്ബോര്‍ഡ് അനുസരിച്ചും ശമ്പളം നല്‍കുന്നു. ക്ലാര്‍ക്കിന് 42,000 രൂപയാണ് ശമ്പളം. ഇവര്‍ ഒറ്റയടിക്ക് ഓഫീസര്‍ തസ്തികയിലേക്ക് കയറുമ്പോള്‍ ശമ്പളം ഒരു ലക്ഷത്തിന് അടുത്താകും. സ്ഥാനക്കയറ്റം കിട്ടുന്ന ഒരാള്‍ക്ക് വാര്‍ഷിക ശമ്പളത്തില്‍ 3.50 ലക്ഷം രൂപയുടെ അധിക ചെലവ് വരും. അഞ്ചുപേര്‍ക്കാകുമ്പോള്‍ ഇത് 15 ലക്ഷത്തിന് മുകളിലാകും.
ഇപ്പോള്‍ സ്ഥാനക്കയറ്റം കിട്ടുന്നവരില്‍ യോഗ്യത ഇല്ലാത്തവരുമുണ്ടെന്ന് പറയുന്നു. കാന്റീന്‍ സൂപ്പര്‍വൈസറെ വരെ ഓഫീസര്‍ തസ്തികയിലേക്ക് കയറ്റി വിടുന്നുവെന്നാണ് ആക്ഷേപം. ഇദ്ദേഹത്തിന് പ്രീഡിഗ്രിയും ഹോട്ടല്‍ മാനേജ്മെന്റും മാത്രമാണ് യോഗ്യത. ക്ലാര്‍ക്കിന്റെ അടിസ്ഥാന യോഗ്യത ഡിഗ്രിയായിരിക്കേയാണ് പ്രീഡിഗ്രിക്കാരനും അതേ തസ്തികയില്‍ കയറിക്കൂടി ഇപ്പോള്‍ സ്ഥാനക്കയറ്റം വഴി ഓഫീസര്‍ റാങ്കിലേക്ക് ഉയരുന്നത്.
മലബാര്‍ സിമെന്റ്സിലെ മൂന്ന് അംഗീകൃത യൂണിയനുകളും സമ്മതിച്ച് ഒപ്പു വച്ചിട്ടുള്ള പ്രമോഷന്‍ നയം അനുസരിച്ചാണ് നിലവില്‍ സ്ഥാനക്കയറ്റം നല്‍കുന്നത്. കമ്പനിയില്‍ ആകെയുള്ള 73 തസ്തികകളിലേക്കും നാളിതുവരെ അങ്ങനെയാണ് ചെയ്തു വന്നിരുന്നത്. സ്ഥാനക്കയറ്റത്തിന് ടെസ്റ്റും ഇന്റര്‍വ്യൂവും എല്ലാം നിര്‍ബന്ധമാണ്. പക്ഷേ, ഇവിടെ മാത്രം അതീവരഹസ്യമായി ഒരു ജോബ് പ്രൊഫൈല്‍ സര്‍ക്കാരിലേക്ക് അയച്ച് സ്ഥാനക്കയറ്റം നടത്താനാണ് ഒരുങ്ങുന്നത്. കമ്പനിയില്‍ മതിയായ ഓഫീസേഴ്സ് ഇല്ലെന്ന് സര്‍ക്കാരിനെ ധരിപ്പിച്ചാണ് സ്ഥാനക്കയറ്റത്തിനുള്ള ഗവണ്‍മെന്റ് ഓര്‍ഡര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ സ്ഥാനക്കയറ്റം നേരിടുന്നവര്‍ തന്നെയാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് മന്ത്രിതലത്തില്‍ അയച്ചിരിക്കുന്നത് എന്നാണ് വിവരം. യൂണിയന്‍ നേതാക്കള്‍ ഇത് പിന്താങ്ങി.
2000-2005 കാലഘട്ടത്തില്‍ ജോലി ലഭിച്ച നോണ്‍ മാനേജിരിയല്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ കിട്ടാതായിട്ട് നാളുകളായി. 2020 ല്‍ ശമ്പള പരിഷ്‌കരണത്തിന് ശിപാര്‍ശ ചെയ്തുവെങ്കിലും ലഭിച്ചിട്ടില്ല. ഇത് നടപ്പാക്കിയെടുക്കാമെന്ന് പറഞ്ഞ് യൂണിയന്‍ നേതാക്കള്‍ ഫണ്ട് പിരിച്ചെങ്കിലും അത് ഉപയോഗിച്ച് അനധികൃത സ്ഥാനക്കയറ്റത്തിന് ശ്രമിക്കുകയാണെന്നാണ് പരാതി. യൂണിയന്‍ നേതാക്കള്‍ ഇക്കാര്യത്തില്‍ സംശയ നിഴലിലാണ്. സിഎംഡി ബാലകൃഷ്ണന്‍ നായരെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. മറ്റു ജീവനക്കാര്‍ നല്‍കുന്ന പരാതികള്‍ എംഡിയുടെ അടുത്ത എത്താറില്ല. അഥവാ എത്തിയാല്‍ തന്നെ നേതാക്കള്‍ പറയുന്നതിന് അപ്പുറം അദ്ദേഹത്തിന് ഒന്നും ചെയ്യാനും കഴിയാറില്ല.
നിലവില്‍ 70 കോടി രൂപ നഷ്ടത്തിലാണ് മലബാര്‍ സിമെന്റസ്് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി കുടിശിക മാത്രം മൂന്നരക്കോടിയുണ്ട്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും മറ്റുമായി ചേര്‍ത്തല പള്ളിപ്പുറത്തെ പ്ലാന്റ് പണയപ്പെടുത്തി 10.5 കോടി വായ്പ എടുത്തിട്ടുണ്ട്. ഇതിന്റെ തിരിച്ചടവ് നടക്കുന്നില്ല. സ്ഥലവും ഫാക്ടറിയും സ്റ്റേറ്റ് ബാങ്ക് ജപ്തി ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. വ്യാപാരികളില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങിയാണ് ശമ്പളം നല്‍കിപ്പോരുന്നത്. ഈ മാസത്തെ ശമ്പളം കിട്ടുമോ എന്ന പേടിയാണ് ജീവനക്കാര്‍ക്ക്.
അസംസ്‌കൃത വസ്തു ലഭ്യമാക്കിയെങ്കില്‍ മാത്രമേ കമ്പനി ഓടുകയുള്ളൂ. പള്ളിപ്പുറത്തേത് ആധുനിക പ്ലാന്റും വാളയാറിലേത് പഴയതുമാണ്. ചേര്‍ത്തല പ്ലാന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന തരത്തിലുള്ളതാണ്. അസംസ്‌കൃത വസ്തുക്കള്‍ കിട്ടാത്തത് കാരണം ഇതിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. പള്ളിപ്പുറത്ത് 10 ടണ്‍ സിമെന്റിന്റെ കച്ചവടം പോലും നടക്കുന്നില്ല. വാളയാറില്‍ 600 ടണ്‍ വരെ വിറ്റു പോകുന്നുണ്ട്. മാനേജ്മെന്റിന്റ കെടുകാര്യസ്ഥതയാണ് കമ്പനിയെ അധോഗതിയിലേക്ക് നയിക്കുന്നതെന്ന് പറയുന്നു.
അസംസ്‌കൃത പദാര്‍ഥങ്ങള്‍ വാങ്ങുന്നതു മുതല്‍ സിമെന്റ് ഉല്‍പാദിപ്പിച്ച് വില്‍ക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ ഈ കെടുകാര്യസ്ഥത ദൃശ്യമാണ്. വളരെയേറെ സാധ്യതയുള്ള ഒരു പൊതുമേഖലാ സ്ഥാപനം ഈ രീതിയില്‍ ഇല്ലാതാകുന്നതില്‍ ജീവനക്കാരും ആശങ്കയിലാണ്.
