എവര്‍ ഹേര്‍ഡ് എബൗട്ട് ആനപക...! കണ്ണൂര്‍ സ്‌ക്വാഡിലെ സുഷിന്‍ ശ്യാം ഹിറ്റുകളില്‍ ഒന്നായ ഫൈനല്‍ ബാറ്റില്‍ പശ്ചാത്തലമാക്കി ഇന്‍സ്റ്റാഗ്രാം സ്റ്റോറി; മങ്ങാട്ടു കവലയിലെ വില്ലനെ തേടി പോലീസ് നെട്ടോട്ടമോടുമ്പോള്‍ റെയ്ഡ് നടത്തുന്നവരെ വെല്ലുവിളിച്ച് മാത്യൂസ് കൊല്ലപ്പള്ളി; തൊടുപുഴയിലെ കൊടും ക്രിമിനല്‍ എംഎല്‍എ ഹോസ്റ്റലില്‍ എത്തിയോ? ഇന്‍സ്റ്റാ സ്‌റ്റോറിയെ പിന്തുടര്‍ന്നാല്‍ അറസ്റ്റ് ഉറപ്പ്

Update: 2025-08-31 06:57 GMT

ഇടുക്കി: കേരളാ പോലീസിനെ വെല്ലുവിളിച്ച് മാത്യൂസ് കൊല്ലപ്പള്ളിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി.... എവര്‍ ഹേര്‍ഡ് എബൗട്ട് ആനപക... എന്നാണ് ഒന്‍പത് മണിയോടെ പോസ്റ്റിട്ടത്. ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസിലെ പ്രതിയാണ് മാത്യുസ് കൊല്ലപ്പള്ളി. ഷാജന്‍ സ്‌കറിയയെ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭീകര സംഘടനകളുടെ മോഡലില്‍ ഏറ്റെടുക്കുകയാണ് ഈ സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍. ഇന്‍സ്റ്റാ ഗ്രാം സ്‌റ്റോറിയിലൂടെ പോലീസിനെ അറസ്റ്റു ചെയ്യാന്‍ വെല്ലുവിളിക്കുകയാണ് മാത്യൂസ് കൊല്ലപ്പള്ളി. കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയില്‍ സുശില്‍ ഷ്യാമിന്റെ സംഗീത സംവിധാനത്തില്‍ ഹിറ്റായ ഫൈനല്‍ ബാറ്റില്‍ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് ആ സ്റ്റോറി. കണ്ണൂര്‍ സ്‌ക്വാഡ് കൊലക്കേസ് പ്രതിയെ പടിക്കുന്ന മമ്മൂട്ടി ചിത്രമാണ്. തന്നെ പറ്റുമെങ്കില്‍ പിടിക്കാന്‍ പോലീസിനെ വെല്ലുവിളിക്കുകയാണ് മാത്യൂസ് കൊല്ലപ്പള്ളി. സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍ എന്ന് ഫെയ്‌സ് ബുക്കില്‍ കുറിച്ചിരിക്കുന്ന എംഎല്‍എ ഹോസ്റ്റലിലെ സിപിഎം നേതാക്കളുടെ മുറികളിലെ സ്ഥിരം സന്ദര്‍ശകനാണ് മാത്യൂസ് കൊല്ലപ്പള്ളി. ഇയാള്‍ ഇടുക്കിയില്‍ നിന്നും തിരുവനന്തപുരത്തെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിയെന്നും സൂചനകളുണ്ട്.

മാത്യൂസ് കൊല്ലപ്പള്ളിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് വിശദ പരിശോധന നടത്തി. ഇതിനൊപ്പം മറ്റു പ്രതികളുടെ വീട്ടിലും. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അതുകൊണ്ട് തന്നെ ടവര്‍ ലൊക്കേഷന്‍ അടക്കം കണ്ടെത്തുക അസാധ്യമായി. ഇതിനിടെയാണ് പോലീസിനെ വെല്ലുവിളിച്ചുള്ള ഇന്‍സ്റ്റാ സ്‌റ്റോറി. എഫ് ഐ ആര്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ വധശ്രമ കേസ് ഇയാള്‍ക്കെതിരെ ചുമത്തിയെന്നും വ്യക്തമായി. ഇതിന് ശേഷവും തന്നെ ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന തരത്തില്‍ ഇന്‍സ്റ്റായില്‍ പോസ്റ്റിടുന്നു. ഇതെല്ലാം രാഷ്ട്രീയ പിന്തുണയുടെ മറവില്‍ എല്ലാം അട്ടിമറിക്കാമെന്നതിന്റെ വ്യക്തമായ സൂചനകളാണ്. മുമ്പും ഇത്തരത്തില്‍ തനിക്കെതിരായ കേസുകള്‍ ഇയാള്‍ അട്ടിമറിച്ചിട്ടുണ്ട്. ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ കേസും അങ്ങനെ ആകുമെന്ന കണക്കു കൂട്ടലിലാണ് ഇയാളുടെ ഇന്‍സ്റ്റാ സ്റ്റോറിയും. ഇന്‍സ്റ്റായിലേക്ക് ആ സ്‌റ്റോറി വന്ന സമയം മനസ്സിലാക്കിയാല്‍ ഇയാള്‍ ഒളിച്ചിരിക്കുന്ന ഇടവും കണ്ടെത്താം. എഫ് ഐ ആറില്‍ ഗുരുതര വകുപ്പുകളുണ്ടെങ്കിലും അന്വേഷണം അട്ടിമറിക്കാമെന്ന പ്രതീക്ഷയാണ് സ്റ്റോറിയില്‍ നിഴലിക്കുന്നത്.

കുറച്ചു കാലമായി ഇയാള്‍ തിരുവനന്തപുരത്താണ് താമസം. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പല എംഎല്‍എമാരേയും നിയമസഭാ ഹോസ്റ്റലില്‍ ചെന്ന് കാണാറുമുണ്ട്. വാട്ടര്‍ അതോറിട്ടിയുടെ കരാറുകാരന്‍ ആയതോടെ മുതലാളി ഭാവത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍ സ്ഥിരമായി എത്തും. അതുകൊണ്ട് തന്നെ ഇവിടെ ഒളിത്താവളം ആക്കാനുള്ള സാധ്യത ഏറെയാണ്.

ഷാജന്‍ സ്‌കറിയയ്ക്കെതിരായ ആക്രമണത്തിലെ ഡിവൈഎഫ്ഐ ഗൂഡാലോചന പുറത്തു വന്നിരുന്നു. മനോരമ അടക്കം ഇത് വാര്‍ത്തയാക്കുകയും ചെയ്തു. ഡിവൈഎഫ് ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ ഷാജന്‍ സ്‌കറിയയെ ആശുപത്രിയില്‍ ചികില്‍സയിലാണ്. നഗരത്തിലെ മങ്ങാട്ടുകവലയില്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തായിരുന്നു ആക്രമണം. മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ മറ്റൊരു ഥാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ഷാജനെ കാറിനുള്ളില്‍ വച്ചുതന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജന്‍. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റി.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 4 പേരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്എച്ച്ഒ പറഞ്ഞു. ഷാജന്‍ എത്തിയതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നു. ക്വാറി നടത്തുന്ന വട്ടര്‍ അതോറിട്ടി കരാറുകാരനെയാണ് ഇതിന് വേണ്ടി നിയോഗിച്ചത്. ഡിവൈഎഫ് ഐയുടെ ഉന്നത തല ഗൂഡാലോചന ഇതിന് പിന്നിലുണ്ടായിരുന്നു. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. മറുനാടന്‍ മലയാളി ചീഫ് എഡിറ്ററും ഉടമയുമായ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ ലൈന്‍ മീഡിയ (ഇന്ത്യ) രംഗത്ത് വന്നിട്ടുണ്ട്. ഈ സംഭവം അത്യന്തം ഞെട്ടല്‍ ഉളവാക്കുന്നതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ലന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. കോണ്‍ഫഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഷാജന്‍ സ്‌കറിയ നിലവില്‍ സംഘടനയുടെ എക്സിക്യുട്ടീവ് അംഗം കൂടിയാണ്.

ഷാജന്‍ സ്‌കറിയക്ക് നേരെ നടന്ന അക്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യനും ജനല്‍ സെക്രട്ടറി കെ.കെ ശ്രീജിതും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തിന് നേരെയുള്ള കടന്നാക്രമണമായെ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി. മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ഇടുക്കിയില്‍ വെച്ചാണ് ഒരു സംഘത്തിന്റെ മര്‍ദനമേറ്റത്. മങ്ങാട്ട് കവലയില്‍ വെച്ച് വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആസൂത്രിതമായി മര്‍ദിക്കുകയായിരുന്നു. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു ആക്രമണം.

Tags:    

Similar News