കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ പിണറായിയുടെ 'ഓപ്പറേഷന്‍ ദുബായ്'! ദുബായില്‍ തരൂരിനെ കാത്ത് മുഖ്യമന്ത്രിയുടെ രഹസ്യദൂതന്‍; ഓഫര്‍ 15 സീറ്റും സിപിഐക്ക് തുല്യമായ പദവിയും; കഴിഞ്ഞ ദിവസം തരൂരിനെ തേടി എകെജി സെന്ററില്‍ നിന്നെത്തിയത് നിര്‍ണ്ണായക ഫോണ്‍ കോള്‍; ദുബായില്‍ നടക്കുന്നത് കോണ്‍ഗ്രസിന്റെ വമ്പന്‍ ചര്‍ച്ചകള്‍; കോണ്‍ഗ്രസിനെ വിറപ്പിക്കാന്‍ സിപിഎമ്മിന്റെ 'മെഗാ ഓഫര്‍'
തിരുവനന്തപുരം: ശശി തരൂര്‍ എംപി ദുബായിലേക്ക് പറന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വമ്പന്‍ മാസ്റ്റര്‍ പ്ലാന്‍? കോഴിക്കോട് പര്യടനത്തിനിടെ മുതിര്‍ന്ന സിപിഎം നേതാവ് തരൂരിനെ ഫോണില്‍ ബന്ധപ്പെട്ട് പുതിയ ഓഫര്‍ മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് തരൂരിന്റെ ദുബായ് യാത്ര. തരൂരിനെ അവിടെ വെച്ച് പിണറായിയുടെ വിശ്വസ്തന്‍ കാണുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എകെജി സെന്ററില്‍ തയ്യാറാക്കിയ 'ഓപ്പറേഷന്‍ തരൂര്‍' ഇപ്പോള്‍ ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്.
കോണ്‍ഗ്രസിനുള്ളിലെ അവഗണനകളില്‍ മനംമടുത്ത് നില്‍ക്കുന്ന തരൂരിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ ചില്ലറ വാഗ്ദാനങ്ങളല്ല സിപിഎം മുന്നോട്ട് വെച്ചിരിക്കുന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് എല്‍ഡിഎഫിലേക്ക് വരികയാണെങ്കില്‍ നിയമസഭയില്‍ 15 സീറ്റുകളാണ് വാഗ്ദാനം. ഇതിന് പുറമെ മുന്നണിയില്‍ സിപിഐക്ക് തുല്യമായ പരിഗണനയും ഉറപ്പുനല്‍കുന്നു. ദുബായില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഈ ഓഫറുകളുടെ ബാക്കി പത്രങ്ങളും മുന്നണി പ്രവേശനത്തിനുള്ള സാങ്കേതിക വശങ്ങളും പിണറായിയുടെ ദൂതന്‍ തരൂരിനെ അറിയിക്കും.
സിപിഎമ്മിന്റെ ഈ 'മെഗാ ഓഫര്‍' തരൂര്‍ സ്വീകരിക്കുകയാണെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. ഇടതുപക്ഷത്തിനൊപ്പം ചേരാന്‍ തീരുമാനിച്ചാല്‍ തരൂര്‍ ഉടന്‍ തന്നെ ലോക്സഭാ എംപി സ്ഥാനം രാജിവെയ്ക്കും. ഇതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. നായര്‍-ക്രിസ്ത്യന്‍ വോട്ടുകളിലും യുവാക്കള്‍ക്കിടയിലും തരൂരിനുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാനാണ് പിണറായിയുടെ നീക്കം. തരൂര്‍ കോണ്‍ഗ്രസ് വിടുന്നത് പാര്‍ട്ടിയുടെ ദേശീയ തലത്തിലുള്ള പ്രതിച്ഛായയെപ്പോലും ബാധിക്കും.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വേളയില്‍ ഉണ്ടായ അവഗണനയില്‍ നീറിപ്പുകയുന്ന തരൂരിനെ കൃത്യസമയത്ത് റാഞ്ചാനാണ് എകെജി സെന്റര്‍ ലക്ഷ്യമിടുന്നത്. തരൂര്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ലെങ്കിലും, ദുബായിലെ രഹസ്യ ചര്‍ച്ചകള്‍ക്ക് ശേഷം കേരളം കാത്തിരിക്കുന്നത് വമ്പന്‍ വെളിപ്പെടുത്തലുകള്‍ക്കായിരിക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം സിപിഎം ഉന്നത നേതാവാണ് തരൂരിനെ ബന്ധപ്പെട്ടത്. കേരളത്തില്‍ ഉടനീളം 15 സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. പുതിയ പാര്‍ട്ടിയുണ്ടാക്കി ഇടതു മുന്നണിയിലേക്ക് വരാനാണ് നിര്‍ദ്ദേശം. അര്‍ഹിക്കുന്ന പരിഗണന നല്‍കാമെന്നും തരൂരിനെ മുതിര്‍ന്ന സിപിഎം നേതാവ് അറിയിച്ചു. ഇതിനോട് അനുകൂലമായോ പ്രതികൂലമായോ തരൂര്‍ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുതിര്‍ന്ന നേതാവ് തരൂരിനെ ബന്ധപ്പെട്ടത്.
കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളെയും അണികളെയും അടര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. സിപിഎമ്മിന്റെ ഈ 'മെഗാ ഓഫറിനോട്' തരൂര്‍ ഇതുവരെ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ പ്രകാരം, മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായ ഒരു മുതിര്‍ന്ന സിപിഎം നേതാവ് കഴിഞ്ഞ ദിവസങ്ങളില്‍ തരൂരുമായി അതീവ രഹസ്യമായി ആശയ വിനിമയം നടത്തി. വെറുമൊരു ക്ഷണമല്ല, കോണ്‍ഗ്രസ് നേതൃത്വത്തെപ്പോലും ഞെട്ടിക്കുന്ന വാഗ്ദാനങ്ങളാണ് ഇടതുപക്ഷം മുന്നോട്ട് വെച്ചിരിക്കുന്നത്.
ദേശീയ തലത്തില്‍ എല്‍ഡിഎഫിന്റെയും പിണറായി സര്‍ക്കാരിന്റെയും ശബ്ദമായി തരൂരിനെ മാറ്റുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോരുകളും അവഗണനയും മൂലം തരൂര്‍ കുറച്ചുകാലമായി അതൃപ്തനാണ്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെ കൊച്ചി സന്ദര്‍ശന വേളയില്‍ ഉണ്ടായ 'അവഗണന' തരൂരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ അവസരം കൃത്യമായി മുതലെടുക്കാനാണ് പിണറായിയുടെ നീക്കം.
