2011ല്‍ കിട്ടിയത് 4234 വോട്ട്; 2012ലെ ഉപതിരഞ്ഞെടുപ്പില്‍ അത് കുറഞ്ഞ് 3242 ആയി; ടിഎം ജേക്കബ് വികാരം ആളക്കിത്തയപ്പോള്‍ പിറവത്ത് സംഘടനാ ബലമില്ലാത്ത 'താമര' കുടുതല്‍ വാടി; നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും വോട്ടുയര്‍ന്നത് ആ തോല്‍വിയുടെ പാഠം ഉള്‍ക്കൊണ്ടതിന്റെ ഫലം; എന്തുകൊണ്ട് അന്ന് വി മുരളീധരന്‍ രാജിവച്ചില്ല? സുരേന്ദ്രന്റെ കണക്കില്‍ കള്ളം!ബിജെപിക്ക് അന്ന് സംഭവിച്ചത്
തിരുവനന്തപുരം: പിറവം ഉപതിരഞ്ഞെടുപ്പിലെ വോട്ടു കുറവ് ചര്‍ച്ചയാക്കുമ്പോള്‍ ബിജെപിയിലെ മുരളീധര പക്ഷത്ത് നിന്നും താന്‍ പുറത്തായി എന്നതിന് സ്ഥിരീകരണം കൂടി നല്‍കുകയാണ് കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുള്ള കെ സുരേന്ദ്രന് ഇനി വി മുരളീധരനെ പിന്തുണയ്ക്കുന്നവരുടെ ആരുടേയും പ്രതിരോധമുണ്ടാകില്ല. പിറവത്ത് 2012ലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് മൂവായിരത്തി ഇരുന്നൂറില്‍ അധികം വോട്ടായിരുന്നു. എന്നാല്‍ ഇത് 2000മാക്കി കുറച്ചതിന് പിന്നില്‍ മുരളീധരനെ അപമാനിക്കാനുള്ള ശ്രമമാണെന്ന വിലയിരുത്തല്‍ സജീവമാണ്. മുരളീധരനേയും ശോഭാ സുരേന്ദ്രനേയും പ്രധാന എതിരാളികളായി പ്രഖ്യാപിച്ച് ബിജെപിയില്‍ ഗ്രൂപ്പ് പോര് കടുപ്പിക്കാനുള്ള ശ്രമമായും ഇതിനെ വിലയിരുത്തുന്നു. നെയ്യാറ്റിന്‍കരയ്ക്കും അരുവിക്കരയ്ക്കും ഒപ്പമായിരുന്നില്ല പിറവത്തെ 2012ലെ ഉപതിരഞ്ഞെടുപ്പ്. അതിന് മുമ്പായിരുന്നു പിറവത്തെ വോട്ടെടുപ്പ്. ടിഎം ജേക്കബ് വികാരം ആളിക്കത്തിയ തിരഞ്ഞെടുപ്പായിരുന്നു 2012ലേത്. ഈ വികാരമായിരുന്നു പിറവത്ത് ബിജെപിയുടെ വോട്ടു കുറച്ചതെന്ന വസ്തുത അന്ന് തന്നെ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തതുമാണ്.
തീപാറിയ പിറവം പോരാട്ടത്തിന് ശേഷം ഇടതുവലതുമുന്നണികളുടെ തേരുകള്‍ നീങ്ങിയത് നെയ്യാറ്റിന്‍കരയിലേക്കായിരുന്നു. 2012ല്‍ പിറവത്ത് പ്രചാരണം കൊഴുപ്പിച്ച സംഭവമായിരുന്നു മുന്‍ സിപിഎം എംഎല്‍എ ശെല്‍വരാജിന്റെ നെയ്യാറ്റിന്‍കര രാജി. പിറവം ഉപതിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ നെയ്യാറ്റികര എംഎല്‍എ ആര്‍ ശെല്‍വരാജ് രാജിവച്ചത് ഏറെ രാഷ്ട്രീയകോലാഹലങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിറവത്ത് തോല്‍ക്കുമെന്ന് ഭയന്ന് യുഡിഎഫ് ശെല്‍വരാജിനെ വിലയ്ക്കെടുക്കുകയായിരുന്നുവെന്ന പ്രതിപക്ഷ ആരോപണം കേരളമൊട്ടാകെ ചര്‍ച്ചയായി. ശെല്‍വരാജിന്റെ രാജിയുടെ പിന്നിലെ കളി പിറവത്തുകാര്‍ തിരിച്ചറിയുമെന്ന എല്‍ഡിഎഫിന്റെ വാദം വെറുതേയായെന്നു മാത്രമല്ല രാജി ഇടതുമുന്നണിയ്ക്ക് ദോഷം വരുത്തുകയും ചെയ്തുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. അതിന് തൊട്ടുമുമ്പത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 157 വോട്ടിന്റെ ബലത്തില്‍ പിറവം പാലം കടക്കുകയായിരുന്നു ടിഎം ജേക്കബ്. പിന്നീട് ജേക്കബ് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായി. ഇതിനിടെ ജേക്കബ് അകാലത്തില്‍ മരിച്ചു. ജേക്കബിന്റെ തട്ടകമായ പിറവത്ത് തരംഗം ആഞ്ഞടിച്ചു. അനൂപ് ജേക്കബ് മികച്ച ഭൂരിപക്ഷത്തില്‍ എംഎല്‍എയായി. പിന്നീട് ജേക്കബിന്റെ മകന്‍ മന്ത്രിയാവുകയും ചെയ്തു. ഈ തംരഗത്തിനിടെയാണ് പിറവത്ത് ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ വോട്ടു കുറഞ്ഞത്.
2011ല്‍ പിറവത്ത് ബിജെപിക്ക് കിട്ടിയത് 4234 വോട്ടായിരുന്നു. മൂന്ന് ശതമാനം വോട്ടായിരുന്നു അത്. 2012ലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് 2.05 ശതമാനമായി കുറഞ്ഞു. കിട്ടിയത് 3242 വോട്ട്. അതായത് കെ സുരേന്ദ്രന്‍ പറഞ്ഞതു പോലെ 2000 വോട്ടായിരുന്നില്ല കിട്ടിയതെന്നതാണ് മറ്റൊരു വസ്തുത. പക്ഷേ ആയിരത്തിന് അടുത്ത് വോട്ടുകള്‍ ടിഎം ജേക്കബിന്റെ വികാരത്തില്‍ കുറഞ്ഞു. 2006ല്‍ പിറവത്ത് ബിജെപിക്കുണ്ടായിരുന്നത് 3355 വോട്ടാണ്. 3.1 ശതമാനം വോട്ട്. പക്ഷേ ഏഴു കൊല്ലം കഴിഞ്ഞുള്ള ഉപതിരഞ്ഞെടുപ്പില്‍ അതും കിട്ടിയില്ല. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എപ്പോഴും വോട്ടു കുറയുകയായിരുന്നു പതിവ്. വടക്കാഞ്ചേരിയില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിച്ചത് മാത്രമായിരുന്നു അതിനൊരു അപവാദം. അന്ന് ശോഭാ സുരേന്ദ്രന്റെ മികച്ച വോട്ടു പിടിത്തം കെ മുരളീധരന്‍ എന്ന മന്ത്രിയുടെ നിയമസഭാ തോല്‍വിക്കും കാരണായി. കോന്നിയിലും വോട്ട് കൂടി. അല്ലാത്ത സാഹചര്യത്തിലൊന്നും ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് കൂടിയിരുന്നില്ല. പിറവത്തെ ആയിരം വോട്ടിന്റെ കുറവും അങ്ങനെ സംഭവിച്ചതായിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് പോലും വോട്ടുയര്‍ത്താന്‍ കഴിഞ്ഞില്ലെന്ന സാഹചര്യമുണ്ട്. ഈ മണ്ഡലങ്ങളിലൊന്നും ബിജെപി രണ്ടാമതായിരുന്നില്ല. ഉപതിരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനങ്ങളിലുള്ളവര്‍ അവരുടെ കേരളത്തിലെ സംഘടനാ കരുത്തു മുഴുവന്‍ ഇറക്കി കളിക്കുമ്പോള്‍ മൂന്നാമതുള്ള ബിജെപിക്ക് പിടിച്ചു നില്‍ക്കുക അസാധ്യമാണ്.
ഇതിന് അപവാദമായി മാറിയത് നെയ്യാറ്റിന്‍കരയും അരുവിക്കരയുമാണ്. അവിടെ പിറവം തോല്‍വിയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ വി മുരളീധരന്‍ നടപ്പിലാക്കി. മികച്ച സ്ഥാനാര്‍ത്ഥിയും മികച്ച സംഘടനാ സംവിധാനവും ഉറപ്പാക്കി. നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും ഒ രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കി പുതിയ പരീക്ഷണത്തിന് മുരളീധരന്‍ എത്തി. അത് വന്‍ വിജയമായി. ബിജെപിയ്ക്ക് കേരളത്തിലുടനീളം വോട്ടുയര്‍ച്ചയുണ്ടായി. അഞ്ചു ശതമാനത്തില്‍ താഴെ വോട്ടു വിഹിതമുണ്ടായിരുന്ന കേരളത്തിലെ ബിജെപി അത് രണ്ടക്കത്തിലേക്ക് കൊണ്ടു പോയി. അതായത് കേരളത്തിലെ ബിജെപി രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഏടായി പിറവത്തെ വോട്ടു കുറവ് മാറി. സംഘടന ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി നിന്നാല്‍ വോട്ടുയര്‍ച്ചയുണ്ടാകുമെന്ന് ബിജെപി കേരളത്തെ ബോധ്യപ്പെടുത്തി. ഇതിന് കാരണം മുരളീധരന്റെ സംഘടനാ മികവായിരുന്നു. അന്ന് മുരളി ആര്‍മിയിലെ സര്‍വ്വ സൈന്യാധിപനായിരുന്നു കെ സുരേന്ദ്രന്‍. പിറവം ഉപതിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് വന്നത്. അന്ന് പിറവത്ത് ബിജെപിക്ക് സംഘടനാ സംവിധാനവും ശക്തമായിരുന്നില്ല. ബഹു ഭൂരിപക്ഷം ബൂത്തിലും ഏജന്റുമാര്‍ പോലുമില്ലായിരുന്നു. അതുകൊണ്ട് തന്നെ പിറവത്തെ വോട്ട് കുറവ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന മുരളീധരന് തലവേദനയുമായില്ല.
എന്നാല്‍ പന്ത്രണ്ട് കൊല്ലത്തിന് ശേഷം പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ അവിടെ രണ്ടാമനായിരുന്നു ബിജെപി. പാലക്കാട് നഗരസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള പാര്‍ട്ടി. എന്തു വന്നാലും ജയിക്കുമെന്ന് വീമ്പു പറഞ്ഞത് സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനാണ്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും വീരവാദം പറഞ്ഞു. കല്‍പ്പാത്തിയിലെ ഈശ്വരനെ പോലും അതിന് കൂട്ടുപിടിച്ചു. പക്ഷേ തകര്‍ന്നുടഞ്ഞു. പാലക്കാട്ടെ ശക്തികേന്ദ്രങ്ങളിലാണ് വോട്ടു കുറഞ്ഞത്. 2012ലെ ഉപതിരഞ്ഞെടുപ്പു കാലത്ത് പിറവത്ത് ഇതിന് സമാനമായി ഒരു വാര്‍ഡ് പോലും ബിജെപിയുടെ ശക്തികേന്ദ്രമായിരുന്നില്ല. ഇതെല്ലാം നന്നായി അറിയാവുന്ന സുരേന്ദ്രന്‍ എന്നിട്ടും പിറവത്തെ ചര്‍ച്ചകളിലേക്ക് കൊണ്ടു വന്നു. വി മുരളീധരന്‍ ഇനിയൊരിക്കല്‍ കൂടി ബിജെപി അധ്യക്ഷനാകുന്നത് തടയാനായിരുന്നു ഇതെല്ലാം. ഇതിനൊപ്പം പാലക്കാട്ടെ തിരഞ്ഞെടുപ്പ് ശോഭാ സുരേന്ദ്രന്റെ അട്ടിമറിയാണെന്നും പറഞ്ഞു. ഈ രണ്ടു പേരേയും ബിജെപിയുടെ ഭാവി പ്രസിഡന്റാക്കാതിരിക്കാനുള്ള കൃത്യമായ രാഷ്ട്രീയ ആക്രമണമായിരുന്നു സുരേന്ദ്രന്റേത്.
ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെയും കുഴല്‍പ്പണക്കേസിലെ പുതിയ വഴിത്തിരിവിന്റെയും പശ്ചാത്തലത്തിലാണ് സുരേന്ദ്രന് പുറത്തേക്ക് വഴിയൊരുങ്ങുന്നത്. പകരം, വി മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായേക്കുമെന്ന് സൂചനകളുണ്ട്. ഇത് കൂടി മനസ്സിലാക്കിയാണ് സുരേന്ദ്രന്റെ കടന്നാക്രമണം. നിലവില്‍ ദേശീയ നിര്‍വാഹകസമിതി അംഗം മാത്രമാണെങ്കിലും ദേശീയ നേതൃത്വത്തിലുള്ള സ്വാധീനമാണ് മുരളീധരന് അനുകൂലമാകുന്നത്. അടുത്ത അനുയായിയാണെങ്കിലും ഇനിയും സംരക്ഷിക്കാനാകാത്ത സാഹചര്യത്തിലാണ് മുരളീധരന്‍തന്നെ മുന്‍കൈയെടുത്ത് സുരേന്ദ്രന് പുറത്തേക്ക് വഴിയൊരുക്കുന്നത്. സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി ബിജെപി ഗ്രൂപ്പുകളില്‍ സുരേന്ദ്രനെതിരെ കടുത്ത പ്രചാരണമാണ് നടക്കുന്നത്. ഗ്രൂപ്പുകളെ നിലയ്ക്ക് നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്നും രാഷ്ട്രീയ വിഷയങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യാനായില്ലെന്നും അഹങ്കാരവും ധാര്‍ഷ്ട്യവും അതിരുവിട്ടെന്നുമാണ് സുരേന്ദ്രനെതിരായ വിമര്‍ശനം.