അന്‍വറിനെ ഇടതു നിയമസഭാ കക്ഷിയില്‍ നിന്നും പുറത്താക്കും; പിണറായിയേയും പാര്‍ട്ടി സെക്രട്ടറിയേയും കളിയാക്കിയ നിലമ്പൂര്‍ എംഎല്‍എ പടിക്ക് പുറത്ത്; അന്‍വര്‍ പരിധി വിട്ടെന്ന് വിലയിരുത്തി സിപിഎം; ഇനി ഒരു പാര്‍ട്ടി പരിപാടിക്കും ക്ഷണിക്കില്ല

പിണറായി വിജയനെതിരെ പരിഹാസ ചിരി ഉയര്‍ത്തിയ അന്‍വറിനെതിരെ സിപിഎം നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്

Update: 2024-09-26 11:43 GMT

തിരുവനന്തപുരം: പരസ്യപ്രതികരണം പാടില്ലെന്ന സിപിഎം നിര്‍ദേശം ലംഘിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിയ പിവി അന്‍വറിനെ ഇടതുപക്ഷ നിയമസഭാ കക്ഷിയില്‍ നിന്നും പുറത്താക്കും. ഇടതു എംഎല്‍എയുടെ പരിഗണന ഇനി അന്‍വറിന് നല്‍കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. ഇക്കാര്യം ഘടകകക്ഷികളെ അടക്കം അറിയിക്കും. അന്‍വറിന്റെ സ്ഥാനം പ്രതിപക്ഷത്താണെന്ന് നിയമസഭാ സ്പീക്കറേയും അറിയിക്കും. ഇടതു നിയമസഭാ കക്ഷി യോഗത്തില്‍ അന്‍വറിനെ ഇനി വിളിക്കുകയുമില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസ ചിരി ഉയര്‍ത്തിയ അന്‍വറിനെതിരെ സിപിഎം നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും അന്‍വര്‍ വിമര്‍ശിച്ചിരുന്നത്.

ഇന്ന് രാവിലെയാണ് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിട്ടത്. വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കില്‍ നീ തീയാവുക എന്നാണല്ലോ.. വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണും- ഇങ്ങനെയായിരുന്നു ഫേയ്‌സ്ബുക്ക് കുറിപ്പ്. ഇതിന് ശേഷം സിപിഎം കേന്ദ്രങ്ങള്‍ പലതരത്തില്‍ അന്‍വറിനെ ബന്ധപ്പെട്ടിരുന്നു. പക്ഷേ മുമ്പോട്ട് പോകാനായിരുന്നു അന്‍വറിന്റെ തീരുമാനം. വാര്‍ത്താ സമ്മേളന സ്ഥലത്ത് സിപിഎം പ്രാദേശിക നേതാക്കളും എത്തി. എന്നാല്‍ കടന്നാക്രമണം നടത്താനായിരുന്നു അന്‍വറിന്റെ തീരുമാനം.

അന്‍വര്‍ യുഡിഎഫുമായി അടുക്കുന്നുവെന്ന നിഗമനം സിപിഎമ്മിനുണ്ട്. കഴിഞ്ഞ ദിവസം നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗം വിശദമായി എല്ലാം ചര്‍ച്ചയാക്കി. അന്‍വറിന് പരസ്യ നിര്‍ദ്ദേശവും നല്‍കി. ഇത് അവഗണിക്കുകയായിരുന്നു അന്‍വര്‍. ഇനി അച്ചടക്കം ലംഘിച്ചാല്‍ അന്‍വറുമായി സഹകരണം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തന്നെ സിപിഎം തീരുമാനിച്ചിരുന്നു. വെറും പുകമറയാണ് അന്‍വര്‍ സൃഷ്ടിക്കുന്നതെന്നും സ്വര്‍ണ്ണ കടത്തിലെ പ്രശ്‌നങ്ങളാണ് എല്ലാത്തിനും കാരണമെന്നും സിപിഎം വിലയിരുത്തിയിരുന്നു. ഇത് ശരിവയ്ക്കും വിധം സ്വര്‍ണ്ണ കടത്ത് കാരിയര്‍മാരുടെ വീഡിയോ അടക്കം പുറത്തു വിട്ടാണ് അന്‍വര്‍ നിലമ്പൂരില്‍ പത്ര സമ്മേളനം നടത്തിയത്. പാര്‍ട്ടിയേയും വെല്ലുവിളിച്ചു. പാര്‍ട്ടിക്ക് കൊടുത്ത വിലക്ക് ലംഘിക്കുകയാണെന്നും പറഞ്ഞു. ഇതോടെ ഇടതു അച്ചടക്കം ലംഘിക്കുകയാണെന്ന് അന്‍വര്‍ തന്നെ പരസ്യമായി സമ്മതിച്ചു.

മുഖ്യമന്ത്രി തന്നെ സ്വര്‍ണക്കടത്തുകാരനും കുറ്റവാളിയുമാക്കി മനഃപൂര്‍വ്വം ചിത്രീകരിച്ചെന്ന് അന്‍വര്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നും അന്‍വര്‍ പറഞ്ഞു. 'പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനമാനിച്ച് പരസ്യപ്രസ്താവന ഒഴിവാക്കിയതായിരുന്നു. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്ന് പാര്‍ട്ടി പറഞ്ഞത് വിശ്വസിച്ചുകൊണ്ടാണ് നിര്‍ദേശം മാനിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, കേസ് അന്വേഷണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്ന് ബോധ്യപ്പെടുകയാണ്. മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസിന്റെ അന്വേഷണരീതി പരിതാപകരമാണ്-അന്‍വര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

188 -ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും ഇതുണ്ടായിരുന്നു. 188-ല്‍ 25 കടത്തുകാരെയെങ്കിലും കണ്ടാല്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് ഐജിയോട് പറഞ്ഞിരുന്നു. ഈ നിമിഷംവരെ അത്തരത്തിലൊരു അന്വേഷണം നടന്നിട്ടില്ല. റിദാന്‍ വധക്കേസില്‍ എസ്ഐടിയുടെ അന്വേഷണ പരിധിയില്‍നില്‍ക്കെ എടവണ്ണ പോലീസ് ഇടപെടല്‍ നടത്തി. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പാര്‍ട്ടി എന്നോട് പറഞ്ഞത് പാടേ ലംഘിക്കുകയാണ്-അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയടക്കം എന്നെ കള്ളക്കടത്ത് സംഘത്തിന്റെ പിന്നാമ്പുറ പ്രവര്‍ത്തകനെന്ന് പറഞ്ഞു. അന്‍വറാണോ സ്വര്‍ണക്കടത്തുകാരുടെ പിന്നിലെന്ന് പത്രക്കാര്‍ പലതവണ മുഖ്യമന്ത്രിയോട് ചോദിച്ചു. 'നിങ്ങള്‍ പറ, നിങ്ങള്‍ പറ' എന്നാണ് അതിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി. എന്നിട്ട് ചിരിച്ചു. പി.വി.അന്‍വര്‍ കള്ളക്കടത്തിന്റെ ആളാണോ എന്ന സംശയം കേരളീയ സമൂഹത്തിലേക്ക് ഇട്ടുകൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കാനുള്ള ശ്രമം ഞാന്‍ നടത്തിയെന്ന് പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ഇത് എനിക്ക് അങ്ങേയറ്റത്തെ ഡാമേജ് ഉണ്ടാക്കിയ കാര്യമാണ്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ല. ഞാന്‍ ഉന്നയിച്ച വിഷയങ്ങളില്‍നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടണമെങ്കില്‍ പലതും പറയാമായിരുന്നു-പിണറായി പറഞ്ഞു.

എന്നെ ഒരു കുറ്റവാളിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതി. എന്നിട്ടും ഒരു കത്ത് കൊടുത്ത് കാത്തിരുന്നു. എന്റെ പ്രതീക്ഷ മുഴുവന്‍ ഈ പാര്‍ട്ടിയിലായിരുന്നു. ഞാന്‍ നല്‍കിയ പരാതിയില്‍ ഞങ്ങളൊന്ന് അന്വേഷിക്കട്ടെയെന്ന് അദ്ദേഹം പറയുമെന്ന് കരുതി. എട്ട് വര്‍ഷമായല്ല ഞാന്‍ ഈ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത്. അത് പാര്‍ട്ടിക്ക് തെറ്റിയ കണക്കാണ്. ഡിഐസി തിരിച്ച് കോണ്‍ഗ്രസില്‍ പോയതുമുതല്‍ ഞാന്‍ സിപിഎമ്മിനൊപ്പമുണ്ട്. കേരളത്തില്‍ ഏറ്റവും സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിലാണ് ഞാന്‍ പരാതി നല്‍കിയിട്ടുള്ളത്. എന്നിട്ട് പത്രക്കാര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്. ഞാനും ശശിയും 40 വര്‍ഷത്തെ രാഷ്ട്രീയ ബന്ധമുള്ളയാളുകളാണെന്നാണ്', അന്‍വര്‍ പറഞ്ഞു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മുഖ്യമന്ത്രിയെ കളിയാക്കുകയായിരുന്നു അന്‍വര്‍. ഇത് ഇടതു എംഎല്‍എയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് സിപിഎം വിലയിരുത്തുന്നു.

Tags:    

Similar News