കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി ശശി തരൂരിന്റെ അപ്രതീക്ഷിത 'റൂട്ട് മാറ്റം'; ദുബായില്‍ നിന്നും പറന്നിറങ്ങുന്നത് ഡല്‍ഹിയില്‍; ഇന്ന് തിരുവനന്തപുരത്ത് വരില്ല; നാളത്തെ കോണ്‍ഗ്രസ് യോഗത്തിലും പങ്കെടുക്കില്ല; രാഹുലിനേയും കാണില്ല; അനുനയത്തിന് പ്രിയങ്കയും; സിപിഎമ്മിന്റെ 'ദുബായ് പ്രവാസി ഓപ്പറേഷന്‍' പാതി വിജയം
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി ശശി തരൂര്‍ എംപിയുടെ അപ്രതീക്ഷിത 'റൂട്ട് മാറ്റം'. നേരത്തെ നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനം റദ്ദാക്കി അദ്ദേഹം ദുബായില്‍നിന്ന് നേരിട്ട് ഡല്‍ഹിയിലേക്ക് പറക്കും. ഇതോടെ നാളത്തെ കെപിസിസിയുടെ നേതൃത്വത്തിലെ തെരഞ്ഞെടുപ്പ് അവലോതന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായി. രാഹുല്‍ ഗാന്ധിയേയും കാണില്ല. അതിനിടെ തരൂരിനെ അനുനയിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍ പ്രമുഖ പ്രവാസി വ്യവസായിയുമായി തരൂര്‍ നടത്തിയ ചര്‍ച്ചകള്‍ അങ്ങേയറ്റം ശുഭകരമായിരുന്നു എന്നാണ് വിവരം. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി അദ്ദേഹം ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. പുതിയൊരു രാഷ്ട്രീയ പ്ലാറ്റ്ഫോം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ തരൂര്‍ തേടുമെന്നാണ് സൂചന. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കുമെന്ന വാര്‍ത്തകള്‍ ഇടതുപക്ഷ ക്യാമ്പില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പുതിയ പാര്‍ട്ടിയുണ്ടാക്കി ഇടതുമുന്നണിയുടെ ഭാഗമാകാന്‍ തരൂര്‍ തയ്യാറായേക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതൃത്വത്തിന്റെയും പ്രതീക്ഷ. മുഖ്യമന്ത്രിയുടെ താല്പര്യം: ആഗോളതലത്തില്‍ പ്രതിച്ഛായയുള്ള തരൂരിനെ മുന്നണിയിലെത്തിക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ മേല്‍ക്കൈ നല്‍കുമെന്ന് മുഖ്യമന്ത്രി കണക്കുകൂട്ടുന്നു. മധ്യവര്‍ഗ വോട്ടുകളും വിദേശമലയാളികളുടെ പിന്തുണയും തരൂരിലൂടെ എല്‍ഡിഎഫിലേക്ക് എത്തിക്കാമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
'അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ശശി തരൂര്‍ തന്റെ രാഷ്ട്രീയ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തരൂര്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ അദ്ദേഹത്തെ ഇടതുമുന്നണിയുടെ ഭാഗമാക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണക്കുകൂട്ടല്‍. 15 സീറ്റ് വരെ തരൂരിന്റെ പാര്‍ട്ടിക്ക് നല്‍കും.
കൊച്ചിയിലെ മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി തന്നെ അവഗണിച്ചതിലുള്ള അതൃപ്തി തരൂര്‍ ക്യാമ്പിലുണ്ട്. പദവികളില്ലെങ്കിലും ജനമനസ്സിലുണ്ടെന്ന് വിശ്വസിക്കുന്ന തരൂര്‍, ഇനിയൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന സൂചനയാണ് നല്‍കുന്നത്. പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എല്‍ഡിഎഫിന്റെ സ്വതന്ത്ര സഹയാത്രികനാകാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തരൂര്‍ ഇനിയും പരസ്യമായി നിലപാട് പറഞ്ഞിട്ടില്ല.
