രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ് ഐ ആറിന് ആധാരമായ അഞ്ചു പരാതികളും 'ഇരകളുടേത്' അല്ല; അതെല്ലാം ഗര്‍ഭഛിദ്ര ഓഡിയോ കേട്ടവര്‍ നല്‍കിയ പരാതികള്‍; ഇരയുടെ കോളത്തിലുള്ളത് തിരുവനന്തപുരത്ത് താമസിക്കുന്ന 18നും 60നും വയസ്സിന് ഇടയിലെ ആരോ ഒരാള്‍ എന്ന സൂചന; ആ 'ഇര' ഒളിവിലോ?

Update: 2025-09-04 11:04 GMT

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ഉള്ളത് അന്വേഷകര്‍ക്ക് ഇരയെ കുറിച്ച് ഒരു തുമ്പും ഇല്ലെന്ന സൂചന. എഫ് ഐ ആറിന്റെ പകര്‍പ്പ് പുറത്തു വന്നിരുന്നു. ഗര്‍ഭഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും, 18 മുതല്‍ 60 വയസുവരെ പ്രായമുള്ളയാളാണ് ഇരയായതെന്നും എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ഇരയുടെ കോളത്തില്‍ ഒരാളുടെ സൂചന മാത്രമാണുള്ളത്. ഇവര്‍ക്ക് 18നും 60നും ഇടയിലാണ് പ്രായമെന്നാണ് വിശദീകരിക്കുന്നത്. അതായത് ആരാണ് ഇരെന്ന് പോലും പോലീസിന് പിടികിട്ടിയിട്ടില്ല. അത്തരമൊരു മൊഴി പരാതിക്കാര്‍ക്കും നല്‍കാനായിട്ടില്ല.

എന്നാല്‍ കുറ്റകൃത്യം വിശദീകരിക്കുന്ന സ്ഥലത്ത് സ്ത്രീകളെ എന്ന് പറയുന്നുമുണ്ട്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, സ്ത്രീകളെ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു, സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ബിഎന്‍എസിലെ 78(2), 351, പൊലീസ് ആക്ടിലെ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പതിനൊന്ന് പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളതെന്ന് പുറത്തു വന്ന രേഖകളില്‍ വ്യക്തം. ഈ പതിനൊന്ന് പേരും പീഡനത്തിന് ഇരയായവര്‍ അല്ല. മറിച്ച് മാധ്യമങ്ങളിലും മറ്റും വാര്‍ത്ത കണ്ട് പരാതി നല്‍കിയവരാണ്. ബാലാവകാശ കമ്മീഷനില്‍ നിന്നും അയച്ചു കിട്ടിയ 10 പരാതികളുമുണ്ട്. ഇതില്‍ ഗര്‍ഭഛിദ്രം നടന്നുവെന്ന് വിശദീകരിക്കുന്ന അഞ്ച് പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് കേസെടുക്കല്‍ എന്നാണ് എഫ് ഐ ആര്‍ വിശദീകരിക്കുന്നത്. പോലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത് വഴി കൈമാറി കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍. ഓഗസ്റ്റ് 27നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിന് ശേഷം ഇരയെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞോ എന്നതാണ് ഉയരുന്ന ചോദ്യം.

അതേസമയം, ലൈംഗിക പീഡന പരാതികളിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. രണ്ട് യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയരായെന്നാണ് അന്വേഷക സംഘത്തിന് ലഭിച്ച വിവരമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൊരാളെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയത് ബംഗളൂരുവില്‍വെച്ചാണ്. ഇത് സ്ഥിരീകരിക്കാന്‍ അന്വേഷക സംഘം ബംഗളൂരുവിലേക്ക് പോകും. അന്വേഷണസംഘം ഇതിനോടകം തന്നെ ഗര്‍ഭച്ഛിദ്രം നടന്ന ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആദ്യ ഗര്‍ഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്. നേരിട്ടുള്ള പരാതിയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകം കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയില്ലെന്നും സൂചനകള്‍ പുറത്തു വരുന്നു. എന്നാല്‍ ഒരു സൂചനകളും പോലീസിന് കിട്ടിയിട്ടില്ലെന്നതിന്റെ സൂചനയാണ് എഫ് ഐ ആറിലെ പ്രായം വിശദീകരിക്കലും അഡ്രസ് നല്‍കലും. ഇത്തരമൊരു എഫ് ഐ ആര്‍ കേരളാ പോലീസ് ചരിത്രത്തില്‍ പോലും ഉണ്ടായിട്ടില്ലെന്ന് കരുതുന്നുവരുമുണ്ട്.

അതിജീവിതമാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും അനുയായികളും ശ്രമിക്കുന്നതായും അന്വേഷക സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്ന ശബ്ദസന്ദേശം അദ്ദേഹത്തിന്റേതാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയപരിശോധനയും നടത്തും. അപ്പോഴും ആ ഇരയെ കണ്ടെത്താന്‍ ആയില്ലെങ്കില്‍ കേസ് എല്ലാം അപ്രസക്തമായി മാറും. ഈ യുവതിയുടെ ശബ്ദം ആരെന്ന് മാങ്കൂട്ടത്തില്‍ പറഞ്ഞാല്‍ മാത്രം പോലീസിന് മൊഴി എടുക്കാന്‍ കഴിയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വിലയിരുത്തലുണ്ട്.

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് അജ്ഞാതര്‍ ചര്‍ച്ചകള്‍ പലവിധത്തിലാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള മലയാളം പ്രൊഫൈല്‍ പേജിലാണ് എഡിറ്റ് ചെയ്തത്. പിന്നീട് ഇത് തിരുത്തി പഴയപടിയാക്കിയിട്ടുണ്ട്. പദവിയുടെ താഴെ മുന്‍ഗാമി എന്ന സ്ഥലത്ത് ഷാഫി പറമ്പിലിന്റെ പേരുമുണ്ട്. 'രാഹുല്‍ മാങ്കൂട്ടത്തില്‍, ഗര്‍ഭം കലക്കി, നിയമസഭാംഗം, മുന്‍ഗാമി; ഷാഫി പറമ്പില്‍, വലിയ കോഴി' എന്നിങ്ങനെയാണ് പേജ് എഡിറ്റ് ചെയ്തിരിക്കുന്നത്. മറ്റു വിവരങ്ങള്‍ മുന്‍പുള്ളതുപോലെത്തന്നെയാണ്. ആര്‍ക്കും എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സ്വതന്ത്ര പ്ലാറ്റ്‌ഫോം ആണ് വിക്കിപീഡിയ. രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും ഉള്ളടക്കം എഡിറ്റ് ചെയ്യാന്‍ സാധിക്കും. ചില ഉള്ളടക്കങ്ങള്‍ എഡിറ്റ് ചെയ്യാന്‍ പ്രത്യേകാനുമതി ആവശ്യമുണ്ട്.

യുവതിയെ ഗര്‍ഭിണിയാക്കിയശേഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചുവെന്ന ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേജില്‍ വരുത്തിയ മാറ്റത്തിന് ആധാരം.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News