നോര്‍ത്ത് ലണ്ടനിലെ സ്‌കൂളില്‍ കയറി പതിമൂന്നും പന്ത്രണ്ടും വയസുള്ള കുട്ടികളുടെ കഴുത്തില്‍ കുത്തിയത് വെറും 13 വയസുള്ള ഇസ്ലാമിക ഭീകരന്‍; അള്ളാഹു അക്ബര്‍ എന്ന് വിളിച്ചാണ് കുത്തിയതെന്ന് ദൃക്സാക്ഷികള്‍; ഭീകര ബന്ധത്തെ കുറിച്ച് മിണ്ടാതെ പോലീസ്

നോര്‍ത്ത് ലണ്ടനിലെ സ്‌കൂളില്‍ കയറി കുട്ടികളുടെ കഴുത്തില്‍ കുത്തിയത് വെറും 13 വയസുള്ള ഇസ്ലാമിക ഭീകരന്‍

Update: 2026-02-11 06:38 GMT

ലണ്ടന്‍: ബ്രിട്ടനെ നടുക്കിക്കൊണ്ട് വീണ്ടും കത്തിയാക്രമണം. ആക്രമണത്തിന് വേദിയായത് വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ കിംഗ്‌സ്ബറി ഹൈസ്‌കൂളാണ്. സ്‌കൂളിലെ ക്ലാസ് മുറിയില്‍ അതിക്രമിച്ചു കയറിയ വെറും 13 വയസ് മാത്രം പ്രായമുള്ള ബാലന്‍, 'അള്ളാഹു അക്ബര്‍' എന്ന് ആക്രോശിച്ചുകൊണ്ട് രണ്ട് വിദ്യാര്‍ത്ഥികളെ അതിക്രൂരമായി കുത്തിവീഴ്ത്തുകയായിരുന്നു. കഴുത്തിലും മുതുകിലും ആഴത്തില്‍ മുറിവേറ്റ 13ഉം 12ഉം വയസുള്ള രണ്ട് കുട്ടികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടുകയാണ്. ഭീകരവാദത്തിന്റെ വിഷവിത്തുകള്‍ എത്രത്തോളം ആഴത്തില്‍ ഇറങ്ങിക്കഴിഞ്ഞു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവായി മാറുകയാണ് ഈ സംഭവം.


ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ക്ലാസ് മുറിയില്‍ ഇരിക്കുകയായിരുന്ന കുട്ടികള്‍ക്ക് നേരെ, സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ലാത്ത അക്രമി പാഞ്ഞടുക്കുകയായിരുന്നു. 'അള്ളാഹു അക്ബര്‍' എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടാണ് 13 വയസുകാരനായ അക്രമി, മറ്റൊരു 13 വയസുകാരന്റെ കഴുത്തിലും മുതുകിലും കുത്തിയത്. നിമിഷങ്ങള്‍ക്കകം 12 വയസുകാരനായ മറ്റൊരു കുട്ടിയെയും ഇവന്‍ കുത്തി വീഴ്ത്തി. കണ്ടുനിന്ന സഹപാഠികള്‍ ഭയന്ന് നിലവിളിച്ചു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടികളെ കണ്ട് പലരും ബോധരഹിതരായി വീഴുന്ന സാഹചര്യവും ഉണ്ടായി.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ പോലീസ് പിന്നീട് പിടികൂടി. ഇവന്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ല എന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഒരു പുറത്തുനിന്നുള്ള കുട്ടിക്ക് എങ്ങനെ മാരകായുധവുമായി സ്‌കൂളിനുള്ളില്‍ കടക്കാന്‍ കഴിഞ്ഞു എന്നത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വധശ്രമത്തിനാണ് ഇവനെതിരെ കേസെടുത്തിരിക്കുന്നത്.

ഏറ്റവും ഗൗരവകരമായ കാര്യം, സ്‌കോട്ട്ലന്‍ഡ് യാര്‍ഡിന്റെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് (ഭീകരവിരുദ്ധ സേന) ആണ് കേസ് അന്വേഷിക്കുന്നത് എന്നതാണ്. പ്രത്യക്ഷത്തില്‍ തന്നെ ഇതൊരു ഇസ്ലാമിക മതമൗലികവാദ ആക്രമണമാണെന്ന സൂചനകള്‍ ശക്തമാണ്. 'അള്ളാഹു അക്ബര്‍' വിളികളും, അക്രമിയുടെ പശ്ചാത്തലവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍, ഔദ്യോഗികമായി ഇതൊരു 'ഭീകരാക്രമണം' ആണെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. അക്രമിയുടെ പ്രായം വെറും 13 വയസ് മാത്രമാണെന്നതും, സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സംശയവും ബലപ്പെടുന്നതിനിടയിലും പോലീസിന്റെ ഈ മൗനം പലരിലും സംശയം ഉളവാക്കുന്നുണ്ട്. പ്രതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് തുടരുകയാണ്.

സംഭവത്തിന് സാക്ഷികളാകേണ്ടി വന്ന കുട്ടികള്‍ കടുത്ത മാനസിക ആഘാതത്തിലാണ്. 'അവന്‍ ക്ലാസ്സിലേക്ക് കയറിവന്നു, എന്റെ മകന്റെ മുന്നില്‍ വെച്ചാണ് മറ്റൊരു കുട്ടിയുടെ കഴുത്തില്‍ കുത്തിയത്. ആദ്യം അവര്‍ കളിക്കുകയാണെന്നാണ് മറ്റുള്ളവര്‍ കരുതിയത്, എന്നാല്‍ ചോര കണ്ടപ്പോഴാണ് സത്യാവസ്ഥ മനസ്സിലായത്,' ഒരു രക്ഷിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്. 'മമ്മി, അവന്റെ കഴുത്തിലാണ് കുത്തിയത്' എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയ കുട്ടിയുടെ വാക്കുകള്‍ അവിടെ തടിച്ചുകൂടിയവരുടെ ഉള്ളുലച്ചു.

ലണ്ടനിലെ സ്‌കൂളുകള്‍ പോലും സുരക്ഷിതമല്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് ബ്രെന്റ് കൗണ്‍സില്‍ ലീഡര്‍ മുഹമ്മദ് ഭട്ട് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ കൊച്ചുകുട്ടികളുടെ മനസ്സില്‍ പോലും മതഭ്രാന്തും അക്രമവാസനയും കുത്തിവെക്കുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

Tags:    

Similar News