അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഡോളര്‍ ഒഴുക്കിന് പാരവെച്ചു ട്രംപ്! അമേരിക്കയില്‍ നിന്ന് അയയ്ക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ചുമത്താന്‍ നീക്കം; അമേരിക്കയില്‍ ജോലി ചെയ്യുന്ന 25 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ഓരോ വര്‍ഷവും നാട്ടിലേക്ക് അയക്കുന്നത് 2300 കോടി ഡോളര്‍; പ്രവാസിപ്പണത്തിന്റെ ഒഴുക്ക് നിലച്ചാല്‍ വലിയ തിരിച്ചടി

അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഡോളര്‍ ഒഴുക്കിന് പാരവെച്ചു ട്രംപ്!

Update: 2025-05-17 09:35 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് ഡൊണാള്‍ഡ് ട്രംപ് എത്തിയതു മുതല്‍ വലിയ തിരിച്ചടികളാണ് ഇന്ത്യക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ട്രംപിന്റെ നികുതി നയങ്ങള്‍ അടക്കം വലിയ തിരിച്ചടിയാണ് ഇന്ത്യയ്ക്ക്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി ചുമത്തുന്ന കാര്യത്തില്‍ പിടിവാശി തുടരുന്ന ട്രംപ് ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ എത്തുന്നതിനും പാരവെച്ചു. ഇപ്പോള്‍ ഇന്ത്യയെ സാരമായി ബാധിക്കുന്ന മറ്റൊരു തീരുമാനം കൂടി കൈക്കൊണ്ടിരിക്കയാണ് ട്രംപ്.

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകുന്ന നിയമ നിര്‍മാണത്തിനാണ് പ്രസിഡന്റ് ട്രംപ് ഒരുങ്ങുന്നത്. യുഎസില്‍ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പണമയയ്ക്കുമ്പോള്‍ 5 ശതമാനം നികുതി ചുമത്താനാണ് തീരുമാനം. അമേരിക്കയില്‍ നിന്നും പ്രവാസിപ്പണം ഇന്ത്യയലേക്ക് നല്ലതോതില്‍ ഒഴുകുന്നുണ്ട്. ഈ പണമൊഴുക്കിന് തടയിടാനാണ് ട്രംപ് ശ്രമിക്കുന്നത്.

25 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവര്‍ ഓരോ വര്‍ഷവും 2300 കോടി ഡോളര്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ അഞ്ചു ശതമാനം നികുതി വന്നാല്‍ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും. ഈ മാസം തന്നെ ബില്‍ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. പണം നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന കേന്ദ്രത്തില്‍ തന്നെ ഈ നികുതി ഈടാക്കും.

യുഎസില്‍ തൊഴിലെടുക്കാന്‍ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ തുടങ്ങിയവര്‍ക്കും പുതിയ നികുതി നിര്‍ദേശം ബാധകമായേക്കും. നികുതിവിധേയമായ പണമയക്കലിന് കുറഞ്ഞ പരിധിയുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്, ചെറിയ തുക അയച്ചാല്‍പ്പോലും 5 ശതമാനം നികുതി നല്‍കേണ്ടിവരും. പ്രവാസികളുടെ പണം പ്രധാന വരുമാനമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വര്‍ഷം ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചനകള്‍. നിയമം നടപ്പാകുംമുമ്പ് യുഎസിലെ പ്രവാസികള്‍ വലിയതോതില്‍ പണം നാട്ടിലേക്ക് അയക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ലോകത്ത് പ്രവാസിപ്പണം ഏറ്റവുമധികം നേടുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നതും ഇപ്പോള്‍ യുഎസില്‍ നിന്നാണ്. 27.7 ശതമാനം പ്രവാസിപ്പണവും അമേരിക്കയില്‍ നിനനാണ് എത്തുന്നത്. യുഎഇയില്‍ നിന്നും 19.2 ശതമാനമാണ് പണമെത്തുന്നത്. യുഎസില്‍ തൊഴിലെടുക്കാന്‍ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ തുടങ്ങിയവര്‍ക്കും പുതിയ നികുതി നിര്‍ദേശം ബാധകമായേക്കും. നിലവില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ യുഎസില്‍ തൊഴിലെടുക്കുന്നുണ്ട്.

ലോക ബാങ്കിന്റെ 2024ലെ കണക്കുപ്രകാരം ലോകമെമ്പാടുമുള്ള പ്രവാസികള്‍ ആകെ 12,910 കോടി ഡോളറാണ് (ഏകദേശം 10.84 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക് അയച്ചത്. ഇത് റെക്കോര്‍ഡാണ്. 2023ല്‍ 12,500 കോടി ഡോളറായിരുന്നു (10.41 ലക്ഷം കോടി രൂപ). പ്രവാസിപ്പണം നേടുന്നതില്‍ മറ്റു രാജ്യങ്ങളെയെല്ലാം ബഹുദൂരം പിന്തള്ളി ഇന്ത്യ തന്നെയാണ് കാലങ്ങളായി ഒന്നാമത്. രണ്ടാമതുള്ള മെക്‌സിക്കോ 2024ല്‍ നേടിയത് 6,820 കോടി ഡോളറായിരുന്നു. മൂന്നാമതുള്ള ചൈനയിലേക്ക് ഒഴുകിയത് 4,800 കോടി ഡോളറും.

പ്രവാസികളെയും നാട്ടിലെ അവരുടെ കുടുംബങ്ങളെയും നിരാശപ്പെടുത്തുന്നതാണ് യുഎസിന്റെ പുതിയ നികുതി നിര്‍ദേശം. ഇതു നടപ്പായാല്‍, ഉദാഹരണത്തിന് 1,000 ഡോളര്‍ നാട്ടിലേക്ക് അയച്ചാല്‍ അതില്‍ നിന്ന് 50 ഡോളര്‍ നികുതിയായി യുഎസ് പിടിക്കും. യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്കില്‍ 160 കോടി ഡോളറിന്റെ ഇടിവുണ്ടായേക്കാം (ഏകദേശം 13,600 കോടി രൂപ). ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചനകള്‍. നിയമം നടപ്പാകുംമുമ്പ് യുഎസിലെ പ്രവാസികള്‍ വലിയതോതില്‍ പണം നാട്ടിലേക്ക് അയക്കാന്‍ സാധ്യതയുണ്ട്.

റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടുപ്രകാരം നിലവില്‍ ഏറ്റവുമധികം പ്രവാസിപ്പണം നേടുന്നത് മഹാരാഷ്ട്രയാണ് (20.5%). കേരളത്തില്‍ നിന്നാണ് ഒന്നാംസ്ഥാനം മഹാരാഷ്ട്ര പിടിച്ചെടുത്തത്. രണ്ടാമതായ കേരളത്തിലേക്ക് എത്തുന്നത് 2023-24ലെ കണക്കുപ്രകാരം 19.7 ശതമാനം. തമിഴ്‌നാട് (10.4%), തെലങ്കാന (8.1%), കര്‍ണാടക (7.7%), ആന്ധ്രാപ്രദേശ് (4.4%), ഡല്‍ഹി (4.3%) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത്. എന്നിരുന്നാലും, യുഎസിന്റെ നികുതി നിര്‍ദേശം അമേരിക്കന്‍ മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തെയും ബാധിച്ചേക്കാം. ഇത് കേരളത്തിനു തിരിച്ചടിയാകും.

Tags:    

Similar News