വിദേശ പൗരത്വം എടുക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ നാട്ടില്‍ എത്താനും ഇന്ത്യക്കാരെ പോലെ ജീവിതം തുടരാനുമുള്ള ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ നിയമത്തില്‍ പൊളിച്ചെഴുത്ത്; രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെടുന്നവരുടെയും ഏഴ് വര്‍ഷത്തിലേറെ ശിക്ഷയുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നവരുടെയും ഒസിഐ റദ്ദാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ നിയമത്തില്‍ പൊളിച്ചെഴുത്ത്

Update: 2025-08-13 04:35 GMT

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ പൗരത്വമെടുത്ത ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം ഏറെ പ്രധാന്യമുള്ളതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ്. ഈ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് വിസയില്ലാതെ ഇന്ത്യയില്‍ എത്താനും ജീവിതം തുടരാനും സാധിക്കും. യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലുമുള്ള മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവശ്വാസമായി നിലനില്‍ക്കുന്നതാണ് ഒസിഐ കാര്‍ഡ്. ഇങ്ങനെ അതീവ പ്രാധാന്യമുള്ള ഒസിഐ കാര്‍ഡിന്റെ കാര്യത്തില്‍ ഒരു പൊളിച്ചെഴുത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.

ഒസിഐ കാര്‍ഡ് ഉടമകളുടെ പദവി സംബന്ധിച്ച നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാതലായ ഭേദഗതികള്‍ വരുത്തിയിരിക്കയാണ്. വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ വിജ്ഞാപനമനുസരിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഒസിഐ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടാകും. കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെയും ഏഴ് വര്‍ഷത്തിലേറെ ശിക്ഷയുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നവരുടെയും ഒസിഐ റദ്ദാക്കണമെന്ന ആവശ്യം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും വഴിവെക്കും.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ തീരുമാനം പ്രവാസി ഭാരതീയ സമൂഹത്തില്‍ കടുത്ത ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം, രണ്ടോ അതിലധികമോ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ഏതൊരു കുറ്റകൃത്യവും ഒരു വ്യക്തിയുടെ ഒസിഐ പദവി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. മുന്‍പ് നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങളെ അപേക്ഷിച്ച് അതീവ കര്‍ശനമായ മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജര്‍ക്ക് ഇപ്പോഴത്തെ നിയമഭേദഗതി അവരുടെ ഇന്ത്യന്‍ സന്ദര്‍ശന പ്രതീക്ഷകള്‍ക്ക് മേല്‍ ഇടിത്തീ വീഴ്ത്തുന്നതാണ്.

നിയമങ്ങള്‍ കര്‍ക്കശമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെറിയ ക്രിമിനല്‍ കേസുകളില്‍ പോലും കര്‍ശന ശിക്ഷാരീതിയാണ് അവലംഭിക്കാറുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ രണ്ട് വര്‍ഷം ക്രിമിനല്‍ കേസില്‍ ശിക്ഷപ്പെട്ടു എന്ന അവസ്ഥ വന്നാല്‍ അവരുടെ ഇന്ത്യന്‍ സ്വപ്‌നങ്ങളും പൊലിയും. ഒസിഐ കാര്‍ഡ് പ്രകാരം ഇന്ത്യയില്‍ ലഭിക്കുന്ന സവിശേഷ അധികാരം ഇല്ലാതാകുന്ന സ്ഥിതിലവിശേഷം ഉണ്ടാകും. ഇപ്പോഴത്തെ നിയമം പലപ്പോഴും വ്യാപകമായ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും പ്രവാസികള്‍ ഭയക്കുന്നു.

ഒരു വ്യക്തിയോട് പകപോക്കാന്‍ വേണ്ടി ആരെങ്കിലും ഒരുങ്ങി ഇറങ്ങിയാള്‍ ഒസിഐ കാര്‍ഡ് റദ്ദാക്കാന്‍ ഉതകുന്ന വിധത്തില്‍ കേസുകള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. ഈ വിഷയത്തില്‍ പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതുവരെ, തങ്ങളുടെ ഒസിഐ പദവി സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് നിയമപരമായ എല്ലാ കാര്യങ്ങളിലും അതീവ സൂക്ഷ്മത പുലര്‍ത്തേണ്ടത് ഓരോ കാര്‍ഡ് ഉടമയുടെയും ഉത്തരവാദിത്തമായി മാറിയിരിക്കയാണ്.

കുറച്ചുകാലമായി വിദേശത്തിരുന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒസിഐ കാര്‍ഡിനെ കരുവാക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരുടെ കാര്‍ഡുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കപ്പെട്ടിരുന്നു.

ഒസിഐ കാര്‍ഡും ആനുകൂല്യങ്ങളും

ഇന്ത്യന്‍ വംശജരായ വിദേശ പൗരന്‍മാര്‍ക്ക് എന്‍.ആര്‍.ഐകള്‍ക്ക് സമാനമായ അവകാശങ്ങള്‍ ഉറപ്പേകുന്ന സംവിധാനമാണ് ഒസിഐ കാര്‍ഡുകള്‍. ഈ കാര്‍ഡുള്ളവര്‍ക്ക് മാതൃരാജ്യത്തേക്ക് ഏത് സമയത്ത് വേണമെങ്കിലും വിസയില്ലാതെ പോയി വരാനും എത്ര കാലം വേണമെങ്കിലും ഇന്ത്യയില്‍ കഴിയാനും പഠിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശം ഇതിലൂടെ ഉറപ്പിക്കാനാവും. ഇത്തരക്കാര്‍ക്ക് കൃഷി സ്ഥലവും എസ്റ്റേറ്റുമല്ലാതുളള പ്രോപ്പര്‍ട്ടികള്‍ വാങ്ങാനുമുള്ള അവകാശങ്ങള്‍ ഉറപ്പിക്കാനും ഒസിഐ കാര്‍ഡിലൂടെ കഴിയും. എന്നാല്‍ ഒസിഐ കാര്‍ഡ് റദ്ദാക്കപ്പെടുന്ന നിമിഷം ഇത്തരക്കാര്‍ ഇന്ത്യ വിട്ട് പോകാന്‍ ബാധ്യസ്ഥരാണ്.

ഒസിഐ കാര്‍ഡുകള്ളവര്‍ക്ക് ഇന്ത്യയില്‍ എത്തുമ്പോള്‍ നിരവധി ആനുകൂല്യങ്ങള്‍ കിട്ടുമായിരുന്നു. ഒസിഐ കാര്‍ഡുള്ളവര്‍ നാട്ടിലെത്തിയാല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ അടക്കം നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നു. മാത്രമല്ല, ഈ കാര്‍ഡുള്ളവര്‍ക്ക് എന്തുതരത്തിലുള്ള ഇടപാട് നടത്തുന്നതിനും തടസ്സമില്ല. സാമ്പത്തിക ഇടപാടുകള്‍ക്കും വിദ്യാഭ്യാസ സംബന്ധമായ ഇടപാടുകള്‍ക്കും പ്രവാസികള്‍ക്കുള്ള എല്ലാ സ്വാതന്ത്ര്യവും ഇവര്‍ക്ക് ലഭിക്കുമായിരുന്നു.

അടുത്തിടെ ഒസിഐ കാര്‍ഡ് പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ അടക്കം കേന്ദ്രസര്‍ക്കാര്‍ ലഘൂകരിച്ചിരുന്നു. 20 വയസ്സില്‍ താഴെയുള്ളവര്‍ ഓരോ പ്രാവശ്യം പാസ്പോര്‍ട്ട് പുതുക്കുമ്പോഴും 50 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ ഒരു തവണയും ഒസിഐ കാര്‍ഡും പുതുക്കണമെന്ന നിബന്ധന പുതിയ വിജ്ഞാപനത്തിലൂട ഇല്ലാതാക്കിയിരുന്നു. പുതിയ പാസ്പോര്‍ട്ടലിന്റെ പകര്‍പ്പും ലേറ്റസ്റ്റ് ഫോട്ടോയും ഒസിഐ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മതിയാകും. പാസ്പോര്‍ട്ട് പുതുക്കി മൂന്ന് മാസത്തിനുള്ളിലാണ് ഇത് ചെയ്യേണ്ടത്.

അപ്ലോഡ് ചെയ്യുന്ന വിവരങ്ങള്‍ വെബ് ഡോക്യുമെന്റായി രജിസ്റ്റര്‍ ചെയ്താലുടന്‍ ഇത് ശരിവെച്ചുകൊണ്ടുള്ള ഇ- മെയില്‍ സന്ദേശം തിരികെ ലഭിക്കും. പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന വിവരങ്ങള്‍ ശരിവെച്ചു കൊണ്ടുള്ള സന്ദേശം ലഭിക്കാന്‍ വൈകിയാലും ആ ദിവസങ്ങളില്‍ ഇന്ത്യയിലേക്കോ തിരിച്ചോ ഉള്ള യാത്രയ്ക്ക് തടസമുണ്ടാകില്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Tags:    

Similar News