എന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് എസ്എഫ്‌ഐക്കാര്‍ക്ക് അറിയാം; കേരള സര്‍വകലാശാലയിലെ പ്രതിഷേധം പ്രഹസനം; പുറത്തുനിന്ന് എത്തിയ പ്രതിനിധികള്‍ക്ക് മുന്നില്‍ കേരളത്തെ അപമാനിച്ചെന്നും ഗവര്‍ണര്‍

എസ്എഫ്‌ഐക്ക് എതിരെ ഗവര്‍ണര്‍

Update: 2024-12-20 17:47 GMT

തിരുവനന്തപുരം: തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് എസ്എഫ്‌ഐക്കാര്‍ക്ക് അറിയാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാലയിലെ പ്രതിഷേധത്തിലാണ് അദ്ദേഹം പ്രതിഷേധം ഉയര്‍ത്തിയത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിയ പ്രതിനിധികള്‍ക്ക് മുന്നില്‍ കേരളത്തെ അപമാനിക്കാനായിരുന്നു പ്രവര്‍ത്തകരുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ച (ഡിസംബര്‍ 17) കേരള സര്‍വകലാശാല കാമ്പസില്‍ സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്.

സെമിനാര്‍ നടക്കുന്ന ഹാളിന്റെ വാതിലുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന്, ഗവര്‍ണറെ പുറത്തുപോകാന്‍ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു എസ്.എഫ്.ഐ. പ്രതിഷേധം. എന്നാല്‍ ഇതൊക്കെ വെറും പ്രഹസനമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. 'എന്നെ ഭയപ്പെടുത്താന്‍ കഴിയില്ല എന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് പരിപാടി കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ച് കടന്നുകളഞ്ഞത്. പോലീസും അവരെ സഹായിച്ചു. എസ്.എഫ്.ഐ. നേതാക്കള്‍ക്കറിയാം അവരെയെല്ലാം എനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന്. അതുകൊണ്ടാണ് അവര്‍ പിന്‍വാങ്ങിയത്', ഗവര്‍ണര്‍ പറഞ്ഞു.

'എസ്.എഫ്.ഐ. നേതാക്കള്‍ക്കളെ ആരാണ് നിയന്ത്രിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമല്ലോ. എന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് അവര്‍ക്കും അറിയാം. അതുകൊണ്ടാണ് പ്രതിഷേധം കാണിച്ച് അവര്‍ പുറത്തുനിന്നുവന്ന ഡെലിഗേറ്റുകളെ ഭയപ്പെടുത്തിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിയ പ്രതിനിധികള്‍ക്ക് മുന്നില്‍ അവര്‍ കേരളത്തെ അപമാനിക്കുകയാണ് ചെയ്തത്,' ഗവര്‍ണര്‍ ആരോപിച്ചു. സര്‍വകലാശാല വി.സി. നിയമനങ്ങളില്‍ ഗവര്‍ണര്‍ ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ. ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധവുമായി കാമ്പസിലെത്തിയത്.

Tags:    

Similar News