ഹിന്ദുമതം വിട്ട് ഇസ്ലാം സ്വീകരിച്ചതാണോ പ്രശ്നം! പുലര്‍ച്ചെ മൂന്ന് മണിക്ക് പാടിപ്പിക്കുന്ന കുത്തഴിഞ്ഞ സ്റ്റെല്‍; പടങ്ങള്‍ പൊളിയുമ്പോഴും പ്രതിഫലം കൂട്ടുന്നു; കാലത്തിനൊത്ത് അപ്ഡേറ്റാവുന്നില്ല; മോദിക്കാലത്തും കിട്ടിയത് നിരവധി അവാര്‍ഡുകള്‍; എ ആര്‍ റഹ്‌മാന്റെ ഇരവാദത്തിന് പിന്നിലെന്ത്?

എ ആര്‍ റഹ്‌മാന്റെ ഇരവാദത്തിന് പിന്നിലെന്ത്?

Update: 2026-01-19 10:53 GMT

സിനിമയിലും മതമുണ്ടോ? കഴിഞ്ഞ എട്ടു വര്‍ഷമായി ഹിന്ദി സിനിമാ മേഖലയില്‍ തനിക്ക് അവസരങ്ങള്‍ കുറഞ്ഞുവെന്നും അതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടാകാം എന്നുമുള്ള സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ പ്രസ്താവന വന്‍ വിവാദമായി കത്തിക്കയറുകയാണ്.

ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ ഹിന്ദി സിനിമയെയും കേന്ദ്ര സര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്.



പ്രശ്നം അവിടെ തീരുന്നില്ല. വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ അടക്കമുള്ളവര്‍ വിദ്വേഷ പ്രസ്താവനയുമായി റഹ്‌മാനെതിരെ തിരിഞ്ഞു. 'നിങ്ങള്‍ നേരത്തെ ഹിന്ദുമതത്തില്‍ ആയിരുന്നല്ലോ. ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങണം. ഘര്‍വാപ്പസി നടത്തൂ. നിങ്ങള്‍ക്ക് വീണ്ടും ജോലി ലഭിച്ചേക്കാം.''- വിനോദ് ബന്‍സാലിന്റെ പ്രതികരണത്തെ തുടര്‍ന്ന് വര്‍ഗീയമായ ചര്‍ച്ചകളും സജീവമായി. ചുരുക്കിപ്പറഞ്ഞാല്‍ പൊതുവെ സെക്യുലര്‍ എന്ന് കരുതുന്ന സിനിമയിലേക്കും മതവും കയറിവന്നു.

മോദി ഭരിക്കുന്ന ഇതേ കാലയളവില്‍ തന്നെ മൂന്ന് ദേശീയ അവാര്‍ഡുകള്‍ റഹ്‌മാന്‍ നേടിയിട്ടുണ്ട്. 2017-ല്‍ 'മോം' എന്ന ഹിന്ദി ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് രാജ്യം ഏറ്റവും വലിയ സിനിമാ പുരസ്‌കാരമായ ദേശീയ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അതേ വര്‍ഷം തന്നെ 'കാറ്റ് വെളിയുതൈ' എന്ന തമിഴ് ഗാനത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌ക്കാരം നേടി. ഏറ്റവും ഒടുവില്‍ 2022-ല്‍ പൊന്നിയന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്റെ പശ്ചാത്തല സംഗീതത്തിനും റഹ്‌മാന് സര്‍ക്കാര്‍ ദേശീയ പുരസ്‌ക്കാരം നല്‍കി ആദരിച്ചു.




ഈ അവാര്‍ഡുകളെല്ലാം മോദി സര്‍ക്കാര്‍ നല്‍കിയതാണെന്നും, വര്‍ഗീയത നിലനില്‍ക്കുന്ന ഇടമാണെങ്കില്‍ ഈ അംഗീകാരങ്ങള്‍ ലഭിക്കുമോ എന്നുമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബിജെപി എംപിയായ നടി കങ്കണ റണാവത്ത് രൂക്ഷമായാണ് പ്രതികരിച്ചത്. താന്‍ ബിജെപിയെ പിന്തുണയ്ക്കുന്നത് കൊണ്ട് ഇന്‍ഡസ്ട്രിയില്‍ വലിയ വിവേചനം നേരിടുന്നുണ്ടെന്നും, എന്നാല്‍ റഹ്‌മാനെ ഇത്രയും വിദ്വേഷം ഉള്ളില്‍ കൊണ്ടുനടക്കുന്നയാളെ കണ്ടിട്ടില്ലെന്നും കങ്കണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. തന്റെ 'എമര്‍ജന്‍സി' എന്ന ചിത്രം പ്രൊപ്പഗണ്ടയാണെന്ന് പറഞ്ഞ് റഹ്‌മാന്‍ തന്നെ കാണാന്‍ പോലും തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു.

ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ സംഗീതഞ്ജരില്‍ ഒരാളാണ് റഹ്‌മാന്‍. എല്ലാ അവാര്‍ഡുകളും അംഗീകാരങ്ങളും ജീവിച്ചിരിക്കെ അദ്ദേഹത്തിന് കിട്ടി. രണ്ട് ഓസ്‌കാറും ആറ് ദേശീയ പുരസ്‌കാരങ്ങളും അടക്കം 175 ഓളം പുരസ്‌കാരങ്ങളാണ് റഹ്‌മാന്‍ നേടിയത്. 252 ഓളം പുരസ്‌കാരങ്ങള്‍ക്കുവേണ്ടി റഹ്‌മാന്റെ പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയം. കലൈമാമണി, പദ്മശ്രീ, പദ്മഭൂഷന്‍, അവധ സമ്മന്‍, നാഷണല്‍ ലത മങ്കേഷ്‌കര്‍ പുരസ്‌കാരം എന്നിവ നല്‍കി രാജ്യം ആദരിച്ച എആര്‍ റഹ്‌മാന് അണ്ണ യൂണിവേഴ്‌സിറ്റി, അലിഗ്ര യൂണിവേഴ്‌സിറ്റി, മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി, റോയല്‍ കണ്‍സവേര്‍ട്ടറി സ്‌കോട്ട്‌ലാന്റ്, ബെര്‍ക്കലി കോളേജ് ഓഫ് മ്യൂസ്‌ക് എന്നിങ്ങനെയുള്ള ഡോക്ടറേറ്റും കിട്ടിയിട്ടുണ്ട്. ഇത്രയൊക്കെ അംഗീകാരങ്ങള്‍ കിട്ടിയിട്ടും അദ്ദേഹം ഇരവാദം പറയുന്നുവെന്നാണ് വിമര്‍ശനം.

ഇതോടെ റഹ്‌മാന്റെ വിശദീകരണവും വന്നു. വിവാദം കൈവിട്ടെന്ന് ഉറപ്പായതോടെ റഹ്‌മാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തു. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടത് ആണെന്നും ആരെയും വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഭാരതം എന്റെ വീടാണ്, സംഗീതം ലോകത്തെ ഒന്നിപ്പിക്കാനുള്ളതാണ്'' എന്ന വൈകാരികമായ വിശദീകരണമാണ് താരം നല്‍കിയത്. വിശ്വപ്രസിദ്ധമായ 'വന്ദേമാതരം' ഗാനം സ്റ്റേഡിയത്തില്‍ ആയിരങ്ങള്‍ പാടുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. പക്ഷേ യഥാര്‍ത്ഥത്തില്‍ എന്താണ് പ്രശ്നം. റഹ്‌മാന്റെ മതമാണോ, അദ്ദേഹത്തിന് സ്വയം അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തതാണോ യഥാര്‍ത്ഥ പ്രശ്നം?



ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവ്

ഇന്ന് ഒരു സിനിമക്ക് പത്തുകോടിയിലേറെ രൂപവാങ്ങിക്കുന്ന എ ആര്‍ റഹ്‌മാന്റെ ബാല്യം പക്ഷേ ദാരിദ്ര്യത്തിന്റെതായിരുന്നു. ഈയിടെയും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു-'ഏതാണ്ട് ഇരുപത്തഞ്ച് വയസ്സാവുന്നതുവരെ ഞാന്‍ ആത്മഹത്യയെക്കുറിച്ച് എന്നും ആലോചിക്കുമായിരുന്നു. കുടുംബത്തെ എങ്ങുമെത്തിക്കാന്‍ കഴിയുന്നില്ല. ബാന്‍ഡുകളുമൊത്തു ചെയ്യുന്നതൊന്നും എങ്ങുമെത്തുന്നില്ല. സ്വന്തമായി ചെയ്ത സംഗീതസൃഷ്ടികള്‍, ആല്‍ബങ്ങള്‍ ഒന്നും ഏശുന്നില്ല.'' റഹ്‌മാന്‍ ഓര്‍ക്കുന്നു.

1967 ജനുവരി 6ന് മദിരാശിയില്‍ സംഗീത സംവിധായകന്‍ ആര്‍ കെ ശേഖറിന്റെ മകനായിട്ടാണ് പൂര്‍വാശ്രമത്തിലെ ദിലീപ് കുമാറായ, എ ആര്‍ റഹ്‌മാന്റെ ജനനം. അമ്മ കസ്തൂരി. അച്ഛന്റെ കൂടെ മ്യൂസിക് കംപോസിഷന് പോകുമ്പോള്‍ അവിടെയിരുന്നു കീ ബോര്‍ഡ് വായിക്കുന്ന കുട്ടിയെ എല്ലാവരും പ്രശംസിച്ചു. വലുതാവുമ്പോള്‍ ഇവനൊരു സംഗീതഞ്ജനാകും എന്ന് പലരും പ്രവചിച്ചു. പക്ഷെ അപ്രതീക്ഷിതമായി അച്ഛന്‍ മരണപ്പെട്ടത് അവന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി. അന്ന് ദിലീപ് കുമാറിന് 9 വയസ്സായിരുന്നു പ്രായം. നിത്യജീവിതത്തിനുള്ള വരുമാനം പോലും ഇല്ലാത്ത അവസ്ഥയില്‍, അച്ഛന്റെ സംഗീത ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയാണ് ചെലവ് കഴിഞ്ഞു പോന്നത്. അതുകൊണ്ട് പറ്റാതെയായപ്പോള്‍ 11-ാം വയസ്സില്‍ അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തെ നോക്കാന്‍ എ ആര്‍ റഹ്‌മാന്‍ പല ജോലികളും ചെയ്യാന്‍ തുടങ്ങി.

'എന്റെ കുട്ടിക്കാലം ഒരിക്കലും സാധാരണപോലെ ആയിരുന്നില്ല. അച്ഛനോടൊപ്പം കൂടുതല്‍ സമയവും ആശുപത്രിയിലായിരുന്നു. ചികിത്സയൊക്കെയായിട്ട്. പതിനൊന്നോ പന്ത്രണ്ടോ വയസുള്ളപ്പോള്‍ മുതല്‍ ജോലി ചെയ്യുന്നുണ്ട്. കായിക വിനോദങ്ങള്‍ക്കോ മറ്റോ പുറത്തുപോകുന്നതിന് അവകാശമില്ലായിരുന്നു. സംഗീതത്തിനൊപ്പമായിരുന്നു ആ സമയങ്ങള്‍ ചെലവഴിച്ചത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് അമ്മ എന്നോട് ജോലിക്ക് പോകാന്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ജീവിതം മുന്നോട്ടു പോകില്ലായിരുന്നു. അതൊരു കഠിനമായ തീരുമാനമായിരുന്നു. ''- റഹ്‌മാന്‍ പറയുന്നു.




 വരുമാനം ഉണ്ടാക്കുന്നതിന്റെ തത്രപ്പാടില്‍ അദ്ദേഹത്തിന് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. 'ഇതിലും ഭേദം മകനെ തെരുവിലേക്കിറക്കി പിച്ചതെണ്ടാന്‍ അയച്ച് വരുമാനം ഉണ്ടാക്കുന്നതാണ്' എന്ന് ടീച്ചര്‍ അമ്മയെ വിളിപ്പിച്ചു പറഞ്ഞു. അതിന് ശേഷം എംസിഎന്‍ എന്ന സ്‌കൂളിലേക്കും, അത് കഴിഞ്ഞ് മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്കും മാറി. അവിടെ വച്ചാണ് എ ആര്‍ റഹ്‌മാന്‍ സംഗീതത്തിലുള്ള തന്റെ താത്പര്യം വീണ്ടും വീണ്ടെടുക്കുന്നത്. പക്ഷെ ജീവിക്കാന്‍ അതൊന്നും മതിയായിരുന്നില്ല. പഠനവും സംഗീതവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ ദിലീപ് കുമാര്‍, അമ്മയോട് പറഞ്ഞ് സംഗീത ലോകത്തേക്ക് മുഴുവനായി ഇറങ്ങി. അതിന് ശേഷം ചെന്നൈ കേന്ദ്രമാക്കി ഒരു മ്യൂസിക് ബാന്റിന് തുടക്കം കുറിച്ചു. നെയിംസിസ് അവന്യു എന്ന പേരിലുള്ള മ്യൂസിക് ട്രൂപ്പ് ഉണ്ടാവുന്നത് അങ്ങനെയാണ്.

മാസ്റ്റര്‍ ധനരാജന്റെ കീഴിലായിരുന്നു ആദ്യം എ ആര്‍ റഹ്‌മാന്‍ സംഗീതം പഠിച്ചത്. പതിനൊന്നാം വയസ്സില്‍ അച്ഛന്റെ സുഹൃത്തായ മലയാളം മ്യൂസിക് കംപോസര്‍ എംജെ അര്‍ജ്ജുന്റെ ഓര്‍ക്കസ്ട്ര ടീമിനൊപ്പം പ്രവര്‍ത്തിച്ചു. 'അച്ഛന്റെ സുഹൃത്തായ സംഗീതജ്ഞന്‍ എം.കെ. അര്‍ജുനനാണ് ജോലി തന്നത്. റെക്കോര്‍ഡ് പ്ലേയര്‍ ഓപ്പറേഷനായിരുന്നു. ആദ്യജോലിക്ക് 50 രൂപയായിരുന്നു പ്രതിഫലം'- ഒരു അഭിമുഖത്തില്‍ റഹ്‌മാന്‍ പറയുന്നു. അതിന് ശേഷ എംഎസ് വിശ്വനാഥന്‍, വിജയ ഭാസ്‌കര്‍, ഇളയരാജ, രമേശ് ഭാസ്‌കര്‍ സക്കീര്‍ ഹുസൈന്‍, കുന്നക്കുടി വിദ്യാനന്ദന്‍ തുടങ്ങിയ പ്രകത്ഭര്‍ക്കൊപ്പമെല്ലാം പ്രവൃത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു.

അതിന് ശേഷമാണ് ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ പഠിക്കാന്‍ അദ്ദേഹത്തിന് സ്‌കോളര്‍ഷിപ് കിട്ടിയത്. അക്കാലത്ത് തന്നെ ഒത്തിരി സംഗീത സംവിധാകരുടെ അസിസ്റ്റന്റ് ആയും എ ആര്‍ റഹ്‌മാന്‍ പ്രവൃത്തിച്ചിരുന്നു. 1989- ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തില്‍ എസ് ബാലകൃഷ്ണന്റെ 'കളിക്കളം' എന്ന പാട്ടിന് പിന്നിലൊക്കെ എആര്‍ റഹ്‌മാനും ഉണ്ട്. 1992- ല്‍ റോജ എന്ന സിനിമയ്ക്ക് സംഗീതമൊരുക്കിക്കൊണ്ടാണ് സംഗീത സംവിധായകനായി മാറുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. പിന്നീടിങ്ങോട്ട് ഒരു എ ആര്‍ റഹ്‌മാന്‍ യുഗം തന്നെയായിരുന്നു.




രാജ അഹങ്കാരത്തിന്റെ ഉപോല്‍പ്പന്നം

സത്യത്തില്‍, സംഗീത സംവിധായകന്‍ ഇളയരാജയുടെ അഹങ്കാരത്തിന്റെ ഉപോല്‍പ്പന്നമായി പലരും എ ആര്‍ റഹ്‌മാനെ വിലയിരുത്താറുണ്ട്. റഹ്‌മാന്‍ കടന്നുവരുന്ന സമയത്ത് സംഗീതലോകത്തെ മുടിചൂടാ മന്നനായിരുന്നു ഇളയരാജ. ഒരു സമയത്ത് വര്‍ഷം 40 സിനിമകള്‍ വരെ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങി. ടൈറ്റിലില്‍ ഇളയരാജ എന്ന് പേര് തെളിയുമ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് കിട്ടാത്ത കൈയടി തീയേറ്ററില്‍ ഉയര്‍ന്നു. തുടര്‍ച്ചയായ വിജയങ്ങള്‍ ഇളയരാജയെ ശരിക്കും അഹങ്കാരിയാക്കി. തനിക്കുശേഷം പ്രളയം എന്ന മാനസികാവസ്ഥയായി. ഇസൈജ്ഞാനിയെന്നാണു ഇളയ രാജ അറിയപ്പെടുന്നത്. സംഗീതത്തില്‍ എല്ലാമറിയുന്നയാള്‍ എന്നര്‍ഥം. പക്ഷേ തമിഴകത്തുനിന്നുതന്നെ തന്നെ വെല്ലുന്ന ഒരാള്‍ ജനിക്കുമെന്ന് അദ്ദേഹം കരുതിയില്ല.

91-ല്‍ ദളപതി എന്ന സൂപ്പര്‍ ഹിറ്റിന്റെ കീര്‍ത്തിയില്‍ ഇളയരാജ കഴിയുന്ന കാലം. മണിരത്‌നത്തിന്റെ അടുത്ത പടത്തിന്റെ ആലോചന നടക്കുന്നു.കെ ബാലചന്ദറിന്റെ കവിതാലയ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണിരത്‌നം പുതിയ പടത്തിന്റെ സംഗീതവിഭാഗത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നതിനെ പറ്റി സംസാരിച്ച് ഉറപ്പിക്കുന്നതിനായി ഇളയരാജയുടെ വീട്ടിലെത്തി. അപ്പോള്‍ ഇളയരാജ അപ്പോള്‍ ആരോടോ സംസാരിക്കുകയായിരുന്നു. അനുവാദം തേടാതെ മണിരത്‌നം കയറിവന്നത് ഇളയരാജയ്ക്ക് പിടിച്ചില്ല.കടക്കൂ പുറത്ത് എന്ന് അട്ടഹസിച്ച രാജ, പുറത്തുള്ള മരത്തിന്റെ ചുവട്ടില്‍ പോയി നില്‍ക്കാന്‍ മണിരത്‌നത്തിനോട് ആജ്ഞാപിച്ചു. താന്‍ എപ്പോള്‍ വിളിക്കുന്നുവോ, അപ്പോള്‍ മാത്രം വന്നാല്‍ മതിയെന്നും ഉത്തരവിട്ടു.

അപമാനിക്കപ്പെട്ടിട്ടും മണിരത്‌നം മരത്തണലില്‍ പോയി കാത്തുനിന്നു. ഈ വിവരം എങ്ങനെയോ അറിഞ്ഞ കെ ബാലചന്ദര്‍ ഉടന്‍ കാറുമായി വന്ന് മണിരത്‌നത്തെ കൂട്ടിക്കൊണ്ടുപോയി. 'നീയും ഒരു കലാകാരന്‍ അയാളും ഒരു കലാകാരന്‍. ഒരു ആര്‍ട്ടിസ്റ്റ് മറ്റൊരു ആര്‍ട്ടിസ്റ്റിനോട് ഒരിക്കലും ഇങ്ങനെ പെരുമാറാന്‍ പാടില്ല. ഇളരാജയുടെ മ്യൂസിക് നമ്മുടെ പടത്തിന് വേണ്ട. പുതിയൊരാളെ കണ്ടെത്താം.'-ബാലചന്ദര്‍ മണിരത്‌നത്തെ ആശ്വസിപ്പിച്ചു.

വ്രണിതരായ മണിരത്‌നവും കെ ബാലചന്ദറും കൂടി അന്വേഷിച്ച് അന്വേഷിച്ച് അവസാനം ഒരു പയ്യനെ തപ്പിയെടുത്തു. മീശ പോലും കുരുത്തിട്ടില്ലായിരുന്ന നാണം കുണുങ്ങിയായ അവന്റെ ഈണമായിരുന്നു ചിന്ന ചിന്ന ആസൈ. നേരത്തെ റഹ്‌മാന്‍ ചെയ്ത ചില പരസ്യ ജിഗിളുകളാണ്, മണിരത്നത്തെ അവനിലേക്ക് എത്തിച്ചത്. റോജയിലൂടെ റഹ്‌മാനൊപ്പം മണിരത്‌നവും പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറി. റഹ്‌മാന്‍ തരംഗം വന്നതോടെ ഒരിക്കലും ഇളയരാജക്ക് പഴയ പ്രതാപത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. മലയാളത്തില്‍ യേശുദാസ്, പ്രിയദര്‍ശനെ അപമാനിച്ചതാണ്, എം ജി ശ്രീകുമാര്‍ എന്ന ഗായകനെ ഉണ്ടാക്കിയത് എന്ന് പറയുന്നതുപോലെയുള്ള സംഭവമാണ് തമിഴിലും നടന്നത്.




ഒരു വര്‍ഷം 50- 60 പടങ്ങള്‍ക്ക് ഇളയരാജ സംഗീതം നല്‍കിയിരുന്നു. എന്നാല്‍ കേവലം നാലോ അഞ്ചോ ചിത്രങ്ങള്‍ക്ക് മാത്രമാണ് റഹ്‌മാന്‍ മ്യൂസിക് ചെയ്തത്. അതോടെ സംഗീതസംവിധാനത്തിലും പുതിയ ടാലന്റുകള്‍ കടന്നുവന്നു. ആ മാറ്റത്തിന്റെ ഉല്പന്നമാണ് പുതിയ സെന്‍സേഷനായ അനിരുദ്ധ് പോലും. പത്തുവര്‍ഷം ഇളയരാജയുടെ കീബോര്‍ഡ് പ്‌ളെയറായിരുന്നു റഹ്‌മാന്‍. 500ല്‍ പരം പടങ്ങളില്‍ അവര്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ റഹ്‌മാന്റെ സംഗീതത്തെയും വളര്‍ച്ചയേയും അംഗീകരിക്കാന്‍ ഇന്നേവരെ ഇസൈജ്ഞാനി തയ്യാറായിട്ടില്ല. കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹം റഹ്‌മാനെതിരെ ഒളിയമ്പുകള്‍ എയ്യുന്നു. സംഗീതപരിപാടിക്കിടെ ദാഹിച്ചു വലഞ്ഞ ഓര്‍ക്കസ്ട്ര കലാകാരന് ഒരു കുപ്പി വെള്ളം കൊണ്ടു കൊടുത്ത സെക്യൂരിറ്റി ജീവനക്കാരനെ ഇളയരാജ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചു. ആ പാവം സാഷ്ടാംഗം വീണ് മാപ്പുപറയുന്നത് കണ്ടപ്പോള്‍ കടുത്ത രാജാഫാന്‍സ് പോലും രോഷാകുലരായി. പക്ഷേ റഹ്‌മാനാവട്ടെ ഇന്നും വിനയാന്വിതനാണ്.

ഓസ്‌കാര്‍ അവാര്‍ഡ് നേടിയപ്പോള്‍ റഹ്‌മാനെ ആദരിക്കാനായി ചെന്നെയില്‍ നടന്ന പരിപാടിയുടെ വേദിയില്‍ വച്ച് പോലും ഇളയരാജ പരോക്ഷമായി വിമര്‍ശനം നടത്തി സ്വയം ചെറുതായി.പലയിടത്തുനിന്നും എടുത്ത് ഒട്ടിച്ചുണ്ടാക്കിയതാണ് റഹ്‌മാന്‍ സംഗീതം എന്നുപറഞ്ഞു നടക്കുന്ന ഇളയരാജ താനാണ് താന്‍ മാത്രമാണ് ഒറിജിനല്‍ കംപോസര്‍ എന്ന് വിളംബരം ചെയ്ത് അപഹാസ്യനായി.

സൂഫി പാരമ്പര്യത്തിലൂടെ വന്ന മതം മാറ്റം

ദിലീപ്കുമാര്‍ എ ആര്‍ റഹ്‌മാനായി മാറിയ കഥ പറയുമ്പോള്‍ പലരും പറയാറുള്ളത് അമ്മയുടെ സ്വാധീനത്തിലുടെയാണ് ഇത് വന്നതെന്നാണ്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. താനാണ് സൂഫിസത്തിലേക്ക് സ്വാധീനിക്കപ്പെട്ടതെന്ന് ഒരു അഭിമുഖത്തില്‍ റഹ്‌മാന്‍ തന്നെ പറയുന്നുണ്ട്. തന്റെ 23-ാം വയസ്സില്‍ റഹ്‌മാന്‍ ഇസ്ലാം സ്വീകരിച്ചതിന് പിന്നില്‍ വ്യക്തിപരവും ആത്മീയവുമായ നിരവധി കാരണങ്ങളുണ്ട്.

ഇന്റര്‍കാസ്റ്റ് വിവാഹം ചെയ്ത ആളായിരുന്നു പിതാവ് ആ കെ ശേഖര്‍. അക്കാലത്ത് വലിയ പ്രശ്നമായിരുന്നു ഇത്. ശേഖര്‍ രോഗിയായപ്പോള്‍ പോലും അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഈ കുടുംബത്തെ പിന്തുണച്ചില്ല. രോഗബാധിതനായിരുന്ന പിതാവിനെ ശുശ്രൂഷിച്ചിരുന്നത്, പീര്‍ കരീമുള്ള ഷാ ഖാദ്രി എന്ന സൂഫി സന്യാസിയായിരുന്നു. ഇത് കുടുംബത്തില്‍ വലിയ സ്വാധീനം ചെലുത്തി. റഹ്‌മാന് 9 വയസ്സുള്ളപ്പോള്‍ പിതാവ് ആര്‍ കെ ശേഖര്‍ മരിക്കുന്നത്. ഇതോടെ കുടുംബം സാമ്പത്തികമായും തകര്‍ന്നു. തുടര്‍ന്ന് അരിഷ്ടിച്ച് ജീവിക്കുന്നതിനിടെയാണ് 1984-ല്‍ റഹ്‌മാന്റെ ഇളയ സഹോദരിക്ക് ഗുരുതരമായ അസുഖം ബാധിച്ചത്. അന്ന് രക്ഷകനായത് ഒരു സൂഫി വര്യനാണ്. ഖദരി തരീഖ് എന്നറിയപ്പെടുന്ന സൂഫി പ്രസ്ഥാനത്തെ അദ്ദേഹം കൂടുതല്‍ അറിയുന്നത് അങ്ങനെയാണ്. 89- ല്‍ തന്റെ 23-ാം വയസ്സിലാണ്, അള്ള റഖ റഹ്‌മാന്‍ എന്ന പേര് സ്വീകരിച്ച് അദ്ദേഹം മതംമാറ്റം നടത്തിയത്. അമ്മ കസ്തൂരി കരീമയുമായി.




സൂഫിസത്തിലെ സ്നേഹം, സമാധാനം, ഐക്യം എന്നീ ആശയങ്ങള്‍ തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് റഹ്‌മാന്‍ പറയുന്നുണ്ട്. തന്റെ ജീവിതത്തിന് വ്യക്തമായ ഒരു ദിശയും മനഃസമാധാനവും നല്‍കാന്‍ ഈ ആത്മീയ പാതയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മതം മാറ്റം തികച്ചും വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് ലഭിച്ച സമാധാനം തന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കും അനുഭവപ്പെട്ടതോടെ കുടുംബം ഒന്നടങ്കം ഈ പാത സ്വീകരിക്കുകയായിരുന്നു.

റഹ്‌മാന് മൂന്ന് സഹോദരിമാരാണ് ഉള്ളത്. മൂത്ത സഹോദരി കാഞ്ചന എ.ആര്‍. റെയ്ഹാനയായി. ഇവര്‍ പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായികയുമായി. പ്രശസ്ത സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് ഇവരുടെ മകനാണ്. ബാല എന്ന സഹോദരി, ഫാത്തിമയായി. രേഖ എന്ന സഹോദരി, ഇഷ്രത്ത് ഖാദ്രിയായി. ഇവരൊക്കെ സംഗീതമേഖലയുമായി ബന്ധപ്പെട്ട് റഹ്‌മാന് ഒപ്പം ഇപ്പോഴുമുണ്ട്.

ദിലീപ്കുമാര്‍ എന്ന പേരിനോട് ആദ്യമേ തന്നെ തനിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ലെന്ന് റഹ്‌മാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മതം മാറാനുള്ള തീരുമാനം എടുത്തതോടെ, ഒരു ഹിന്ദുജ്യോതിഷിയാണ് 'അബ്ദുള്‍ റഹ്‌മാന്‍', 'അബ്ദുള്‍ റഹീം' എന്നീ പേരുകള്‍ നിര്‍ദ്ദേശിച്ചത്. അതില്‍ 'അബ്ദുള്‍ റഹ്‌മാന്‍' എന്ന പേര് അദ്ദേഹത്തിന് ഇഷ്ടമായി. പിന്നീട് അമ്മയ്ക്ക് ലഭിച്ച സ്വപ്നത്തിന്റെ അടിസ്ഥാനത്തില്‍ 'അല്ലാഹ് രഖാ' (എ ആര്‍.) എന്ന് പേരിനൊപ്പം ചേര്‍ത്തു. അങ്ങനെ എ ആര്‍ റഹ്‌മാനായി. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെങ്കിലും, ഒരു ആത്മീയ പാതയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജീവിതത്തില്‍ കൂടുതല്‍ അച്ചടക്കവും വ്യക്തതയും നല്‍കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. റഹ്‌മാന്റെ ഈ മാറ്റം അദ്ദേഹത്തിന്റെ സംഗീതത്തില്‍, ഖവാലിയടക്കമുള്ള സൂഫി സംഗീത ശൈലികളുടെ സ്വാധീനം ഉണ്ടാകുന്നതിനും കാരണമായിട്ടുണ്ട്. മതം മാറിയിട്ടും ഒരിക്കലും ഭാരതീയ പാരമ്പര്യങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. ഓസ്‌ക്കാര്‍ കിട്ടയിപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളൊക്കെ വൈറലായിരുന്നു.

പക്ഷേ ഈ മതംമാറ്റത്തിന്റെപേരില്‍ അദ്ദേഹം ഇന്നും ആക്രമിക്കപ്പെടുന്നുണ്ട്. ഏറ്റവും രസം, റഹ്‌മാനെതിരെ നിരന്തരം വിമര്‍ശിക്കുന്ന ഇളയരാജയുടെ മകനും ഇസ്ലാമിലേക്ക് മതം മാറിയിട്ടുണ്ടെന്നതാണ്. തികഞ്ഞ മുകാംബിക ഭക്തനും, ഹിന്ദുമത പ്രചാരകനുമായ ഇളയരാജയുടെ മകന്‍, യുവാന്‍ ശങ്കര്‍ 2014-ലാണു ഇസ്ലാമിലേക്കു മാറിയതായിരുന്നു!

കോടിയുടെ വിവാഹമോചനം

റഹ്‌മാന്റെ സ്വകാര്യ ജീവിതവും ഇന്ത്യന്‍ മാധ്യമങ്ങള്‍ വിടാതെ പിന്തുടര്‍ന്നിരുന്നു. അദ്ദേഹം തിരക്കുകളില്‍നിന്ന് തിരക്കിലേക്ക് പോയപ്പോള്‍ അമ്മയാണ് ജീവിത പങ്കാളിയെയും കണ്ടെത്തിയത്. ചെന്നൈയിലെ മോത്തി ബാബ ദര്‍ഗയില്‍വച്ച് ഇരുവരും സൈറയെ ആദ്യമായി കണ്ടത്. നടന്‍ റഹ്‌മാന്റെ ഭാര്യ മെഹ്റുന്നീസയുടെ സഹോദരിയാണ് സൈറ. 1995 -ലാണ് ഇവര്‍ വിവാഹിതരാകുന്നത്. വിവാഹത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കാന്‍ പദ്ധതിയിട്ടിക്കയൊണ് അപ്രതീക്ഷിതമായി കാര്യങ്ങള്‍ മാറി മറിഞ്ഞത്. ദമ്പതികള്‍ വേര്‍പിരിഞ്ഞു. വ്യക്തിജീവിതത്തിലും, പൊതുജീവിതത്തിലും പൊതുവെ ജെന്റില്‍മാന്‍ എന്ന് അറിയപ്പുടുന്ന എ ആര്‍ റഹ്‌മാന്‍, ഭാര്യ സൈറാ ബാനുവുല്‍നിന്ന് പിരിയുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യന്‍ സിനിമാ ലോകം കേട്ടത്. പറയത്തക്ക ഒരു പ്രശ്നവും ഇവര്‍ തമ്മിലില്ലെന്നും, സ്വന്തമായി ബിസിനസ് ചെയ്ത് സാമ്പത്തികമായി ഇന്‍ഡിപെന്‍ഡന്റ് ആവാനുള്ള സൈറയുടെ നീക്കമാണ് ഇവര്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത് എന്നാണ് ചില തമിഴക മാധ്യമങ്ങള്‍ പറയുന്നത്.




 സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് ഈ തീരുമാനം അറിയിച്ചത്. വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ.ആര്‍. റഹ്‌മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയില്‍ അഭിഭാഷക അറിയിച്ചു. പരസ്പര സ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നു പോയി എന്നാണ് സൈറ വാര്‍ത്താ കുറിപ്പില്‍പറയുന്നത്. ഇതോടെ രണ്ടായിരം കോടിയോളം ആസ്തിയുള്ള റഹ്‌മാന്‍ ഭാര്യക്ക് എത്രകോടി കൊടുക്കേണ്ടിവരും എന്നതിനെകുറിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു.

പ്രതിവര്‍ഷം 200 കോടിയോളം രൂപ ശമ്പള ഇനത്തില്‍ മാത്രം റഹ്‌മാന്‍ കൈപ്പറ്റുന്നുണ്ട്. ഈ രീതിയിലുള്ള വരുമാനം ഇന്ത്യയിലെ ഒരു മ്യസീഷ്യനുമില്ല. 2000 കോടികോടി രൂപയിലേറെയാണ് എആര്‍ റഹ്‌മാന്റെ ആസ്തി. മറ്റ് സംഗീത സംവിധായകരുടെ പാട്ടുകളില്‍ പാടുന്നതിന് ഒരു കോടി രൂപയാണ് റഹ്‌മാന്‍ ഈടാക്കുന്നത്. ഇത് കൂടാതെ സ്റ്റേജ് ഷോ, പരസ്യം എന്നിവയില്‍ നിന്നെല്ലാം വലിയൊരു തുക തന്നെ റഹ്‌മാന്‍ പ്രതിവര്‍ഷം സ്വന്തമാക്കുന്നുണ്ട്.

മുംബൈയില്‍ ഒരു ആഡംബര വീട്ടിലാണ് എആര്‍ റഹ്‌മാന്‍ താമസിക്കുന്നത്. 2001-ലാണ് എആര്‍ റഹ്‌മാന്‍ ഈ ആഡംബര ഭവനം വാങ്ങിയത്. ഈ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടിയുടെ ഏകദേശ മൂല്യം 15 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര കാറുകളും അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. ജാഗ്വാര്‍, മെഴ്‌സിഡസ്, വോള്‍വോ എന്നിവയാണ് അദ്ദേഹത്തിന്റെ കാറുകളിലെ പ്രധാനികള്‍ ഓരോ കാറിനും ഏകദേശം 1 കോടി മുതല്‍ 1.5 കോടി വരെ വില വരും എന്നാണ് കണക്ക്. സൈറയുമായുള്ള ബന്ധം വേര്‍പെടുത്തിയതോടെ ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ചെലവേറിയ വിവാഹമോചനങ്ങളിലൊന്നായി ഇത് മാറിയിരുന്നു. സൈറയുമായി പരിഞ്ഞ ശേഷം റഹ്‌മാന്‍, പുതിയ വിവാഹ ബന്ധത്തിലേക്കൊന്നും കടന്നിട്ടില്ല. പക്ഷേ കുടുംബ പ്രശ്നത്തിലെ താളപ്പിഴകളും അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിയെ ബാധിച്ചതായി പറയുന്നുണ്ട്.

ഇരവാദമോ, വസ്തുതയോ?

അനിരുദ്ധ് രവിചന്ദ്രര്‍ കയറിവരുന്നതുവരെ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന സംഗീത സംവിധായകനായിരുന്നു, ചെന്നൈ മൊസാര്‍ട്ട്. ഒരു സിനിമക്ക് 10 മുതല്‍ 12 കോടി രൂപ വരെയാണ് എ ആര്‍ റഹ്‌മാന്‍ വാങ്ങിക്കൊണ്ടിരുന്നത്. എന്നാല്‍ വേട്ടയ്യന്‍ സിനിമക്ക് 20 കോടി വാങ്ങിക്കൊണ്ട് അനിരുദ്ധ് ആ റെക്കോര്‍ഡ് ഭേദിച്ചു. ഇളയരാജയെ ഔട്ടാക്കിക്കൊണ്ട് റഹ്‌മാന്‍ കയറിവന്നപോലെ, ഇപ്പോള്‍ അനിരുദ്ധും കയറി വരുന്നു. റഹ്‌മാന് പകരക്കാരനില്ല എന്ന് വിധിയെഴുതിയ സമയത്താണ് അനിരുദ്ധ് രവിചന്ദ്രര്‍ എന്ന പുതിയ സംഗീത സംവിധായകന്‍ ഉയര്‍ന്നുവരുന്നത്. രജനീകാന്തിന്റെ ജയിലറിലെ അടക്കം, ഹിറ്റ് സോങ്ങുകള്‍ അനിരുദ്ധിന്റെ കീര്‍ത്തി ഉയര്‍ത്തി. അതോടെ ഈ പയ്യന്‍ റഹ്‌മാനെ കടത്തിവെട്ടുമെന്ന ചര്‍ച്ചകള്‍ ഉയരുന്നു. ഇപ്പോള്‍ തമിഴകസോഷ്യല്‍ മീഡിയയില്‍ റഹ്‌മാന്റെയും, അനിരുദ്ധിന്റെയും ആരാധകര്‍ ചേരിതിരിഞ്ഞ് എറ്റുമുട്ടുകയാണ്. ചെന്നൈയില്‍ ഒരു മ്യൂസിക്ക് ഷോക്കിടെ ആരാധര്‍ ചേരി തിരിഞ്ഞ് ഏറ്റമുട്ടിയതും വാര്‍ത്തയായിരുന്നു.

നേരത്തെ കമലഹാസന്റെ ഇന്ത്യന്‍ 2-വില്‍നിന്ന് എ ആര്‍ റഹ്‌മാനെ ഒഴിവാക്കി പകരം അനിരുന്ധ് രവിചന്ദറിനെ നിശ്ചയിച്ചെന്ന് വാര്‍ത്തവന്നതോടെ, ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയിരുന്നു. അനിരുദ്ധ് പ്രതിഫലം പത്തുകോടിയാക്കിയതോടെ, റഹ്‌മാനും പ്രതിഫലം 8ല്‍നിന്ന് പത്തുകോടിയിലേക്ക് ഉയര്‍ത്തി. ഷാറുഖ് ഖാന്‍ ചിത്രം ജവാന് വേണ്ടിയാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങി ബോളിവുഡിലേക്ക് കാലെടുത്തുവെച്ചത്. പക്ഷേ ഇത് സംഗീത ലോകത്ത് വമ്പന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അനിരുദ്ധിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്നതുകൊണ്ടാണ് അയാള്‍ പ്രതിഫലം ഉയര്‍ത്തുന്നത്. എന്നാല്‍ അടുത്തകാലത്തായി എ.ആര്‍.റഹ്‌മാന്റെ ഗാനങ്ങളും ബിജിഎമ്മുമൊന്നും പഴയപോലെ എല്‍ക്കുന്നില്ല. എന്നിട്ടും ഒരു പാട്ട് പാടുന്നതിന് റഹ്‌മാന്‍ കൈപ്പറ്റുന്നത് 10 കോടിയോളം രൂപയാണ്. ഇത് കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു.




ഇതേ പ്രശ്നമാണ് റഹ്‌മാന്‍ ബോളിവുഡിലും നേരിടുന്നത്. അദ്ദേഹത്തിന്റെ പ്രതിഫലം അടക്കം പലര്‍ക്കും താങ്ങാന്‍ കഴിയുന്നില്ല. പകല്‍ മുഴുവന്‍ ഉറങ്ങുകയും രാത്രി ജോലിചെയ്യുകയും ചെയ്യുന്ന റഹ്‌മാന്‍ ശൈലിയോടും വിയോജിപ്പുള്ളവര്‍ ധാരാളമുണ്ട്. ഗായകന്‍ അഭിജീത് ഭട്ടാചാര്യ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. രാത്രി രണ്ട് മണിക്ക് സ്റ്റുഡിയോയിലേക്ക് ചെല്ലാന്‍ പറഞ്ഞ് എ ആര്‍ റഹ്‌മാന്റെ ടീമില്‍ നിന്ന് കോള്‍ വരികയായിരുന്നുവെന്നും അഭിജീത് പറയുന്നത്. താന്‍ ഉറങ്ങുകയാണെന്നും നാളെ ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍ വെളുപ്പിനെ 3:33ന് തന്നെ ചെയ്യണമെന്ന് വാശി പിടിക്കുകയായിരുന്നു. താന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണെന്നും ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ റെക്കോഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അഭിജീത് പറഞ്ഞു. ഇതിന്റെ പേരില്‍ തനിക്ക് പാട്ട് നഷ്ടപ്പെട്ടതായും അദ്ദേഹം പറയുന്നു. പുലര്‍ച്ചെ മൂന്നിനും നാലിനും റെക്കോര്‍ഡ് ചെയ്യുന്ന റഹ്‌മാന്റെ ശൈലി കുത്തഴിഞ്ഞതാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

എന്നാല്‍ പുതിയ തലമുറയിലെ സംഗീത സംവിധായകര്‍ തീര്‍ത്തും ഇന്‍ഡസ്ട്രിയല്‍ ഫ്രണ്ട്ലിയാണ്. അവരെ എപ്പോഴും വന്ന് കാണാം. എന്തും പറയാം. മാത്രമല്ല അടുത്തകാലത്തായി റഹ്‌മാന്റെ സംഗീതത്തിന്റെ നിലവാരം താഴുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പഴയതുപോലെ രാജ്യത്തെ മൊത്തം കോരിത്തരിപ്പിച്ച ഗാനങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. കാലം മാറുന്നതിന് അനുസരിച്ച്, അപ്ഡേറ്റാവാന്‍ റ്ഹമാന്‍ എന്ന 58കാരന് കഴിയുന്നില്ല. എന്നിട്ടും അദ്ദേഹം പ്രതിഫലം കൂട്ടുകയും ചെയ്യുന്നു.

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഇന്ത്യ ഭരിക്കാന്‍ തുടങ്ങിയതിന് ശേഷം റഹ്‌മാന്‍ 18 വലിയ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഒരുകാലത്ത് വര്‍ഷത്തില്‍ ഇരുപതും മുപ്പതും സിനിമകള്‍ ചെയ്ത മമ്മൂട്ടിയും മോഹന്‍ലാലും പോലും ഇത്രയും ചിത്രങ്ങള്‍ ചെയ്തിട്ടില്ല. അപ്പോള്‍ രാജ്യത്തെ ഭരണമാറ്റം കൊണ്ടൊന്നുമല്ല ബോളിവുഡില്‍ റഹ്‌മാണ് അവസരം കുറഞ്ഞത് എന്നത് വ്യക്തമാണ്. ഇനി ഒരു വിഭാഗം സംഘടിതായി റഹ്‌മാനെ ബഹിഷ്‌ക്കരിച്ചാല്‍, അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്ലേ. ഒരു പാട്ട് കമ്പോസ് ചെയ്ത് യു ട്യൂബില്‍ പോസ്റ്റ് ചെയ്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മില്യന്‍ കണക്കിന് വ്യൂ ലഭിക്കും. ലക്ഷങ്ങളുടെ വരുമാനം അതില്‍ നിന്ന് ലഭിക്കുകും. പാട്ട് നല്ലതാണെങ്കില്‍ സിനിമയേക്കാള്‍ വേഗത്തില്‍ അത് ലോകം മുഴുവന്‍ ഹിറ്റ് ആകുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇപ്പോള്‍ റഹ്‌മാന്‍ പറയുന്ന കാര്യങ്ങള്‍ വെറും ഇരവാദം മാത്രമാണെന്നും, സ്വയം അപ്ഡേറ്റ് ചെയ്യാതെ ഉണ്ടാക്കിയ വിനയാണ് എന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍.

വാല്‍ക്കഷ്ണം: മതം നോക്കിയാണ് ബോളിവുഡ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സല്‍മാന്‍-ആമിര്‍-ഷാരൂഖ് ത്രയമൊന്നും ഇന്ത്യന്‍ ചലച്ചിത്രലോകത്ത് ഒന്നും ആകില്ലായിരുന്നല്ലോ?

Tags:    

Similar News