ബംഗ്ലാ വിമോചനകാലത്ത് 30 ലക്ഷത്തോളം കൊലകള്‍ക്ക് പിന്തുണ; പാക്കിസ്ഥാനിലും അഫ്ഗാനിലും നാശം വിതക്കുന്നു; കാശ്മീരിലെ കുത്തിത്തിരുപ്പുകാര്‍; ഇപ്പോള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയുടെ ആസൂത്രകര്‍; ആയുധമെടുക്കാതെ ആശയം കൊണ്ടുള്ള യുദ്ധം; ജമാഅത്തെ ഇസ്ലാമിയുടെ തനിനിറം!

ജമാഅത്തെ ഇസ്ലാമിയുടെ തനിനിറം!

Update: 2024-12-11 09:10 GMT

30 ലക്ഷം സാധാരണക്കാര്‍ കൊല്ലപ്പെടുക, 10ലക്ഷം മുതല്‍ 40 ലക്ഷം വരെ സ്ത്രീകളെ ബലാത്സംഗം ചെയ്യപ്പെടുക. ഈ റേപ്പിന്റെ ഫലമായി 25,000 മുതല്‍ 2ലക്ഷംവരെ ഗര്‍ഭധാരണമുണ്ടാവുക. തുടര്‍ന്ന് അനാഥരായ പതിനായിരിക്കണക്കിന് കൂട്ടികള്‍ ജനിക്കുക! സിനിമാക്കഥയെ വെല്ലുന്ന ക്രുരതകളാണ് 1971-ലെ ബംഗ്ലാദേശ് വിമോചന സമയത്ത്, ആ നാട്ടില്‍ നടന്നത്. ഈ ക്രൂരതകള്‍ നേതൃത്വം കൊടുത്ത റസാക്കര്‍മാര്‍ എന്ന സംഘടനയെ ആളും അര്‍ത്ഥവും നല്‍കി പിന്തുണച്ചത് മറ്റാരുമായിരുന്നില്ല, ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയായിരുന്നു.

പക്ഷേ ഇന്ത്യന്‍ സൈന്യം ജീവന്‍ കൊടുത്ത് കുതിച്ച് കയറി ബംഗ്ലാദേശിനെ മോചിപ്പിച്ചു. ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ അവര്‍, പാക്കിസ്ഥാനില്‍നിന്ന് വേര്‍പെട്ട്, ഒരു പതിയ രാഷ്ട്രമായി. മറ്റൊര അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇന്ത്യയാണ് ബംഗ്ലാദേശിനെ ഉണ്ടാക്കിയത്. എന്നാല്‍ ഇന്ന് മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബംഗ്ലാദേശില്‍നിന്ന് ഉയരുന്നത് ഹിന്ദുക്കളും, ക്രിസ്ത്യാനികളും, സിഖുകാരും അടങ്ങുന്ന ന്യുനപക്ഷങ്ങളുടെ നിലവിളിയാണ്. മുജീബുര്‍ റഹ്‌മാന്റെ മകള്‍ കൂടിയായ ഷേഖ് ഹസീനക്ക് അധികാരം നഷ്ടപ്പെട്ടതോടെ ബംഗ്ലാദേശിലെ അവശിഷ്ട ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണ്. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നു. നേതാവിനെ പിടിച്ച് ജയിലില്‍ ഇടുന്നു.

പാകിസ്ഥാന്റെ അതിതീവ്രമായ മതദേശീയവാദത്തിന്റെ പരാജയം കൂടിയായിരുന്നു ബംഗ്ലാദേശിന്റെ ജനനം. ബംഗാളിഭാഷയായിരുന്നു അവരുടെ സ്വത്വബോധത്തിന്റെ അടിസ്ഥാനം. അതുകൊണ്ടു തന്നെ, എല്ലാ പരിമിതികള്‍ക്കിടയിലും, ഈ അടുത്തകാലം വരെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരുന്നു. ഇടക്കിടെ ഹിന്ദുക്കള്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടാകാറുണ്ട് എന്നത് നേരാണ്. എങ്കിലും, ഷേക്ക് മുജ്ബുര്‍ റഹ്‌മാന്റെ മതേതരപാരമ്പര്യം ഒരു പരിധിവരെ കാത്തുസൂക്ഷിക്കാന്‍ ബംഗ്ലാദേശികള്‍ക്ക് കഴിഞ്ഞിരുന്നു.

പക്ഷേ ഇപ്പോള്‍, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭരണം ഫലത്തില്‍, ജമാ അത്തെ ഇസ്ലാമിയി നിയന്ത്രിക്കുന്ന അവസ്ഥ വന്നിരിക്കയാണ്. മറ്റൊരു പാക്കിസ്ഥാനോ, അഫ്ഗാനോ ആവുകയാണ് ബംഗ്ലാദേശ്. ഇവിടെയാണ് കേരളത്തിലടക്കം സമാധാനത്തിന്റെ വെള്ളരി പ്രാവുകളായി അഭിനയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ തനിനിറം ബോധ്യപ്പെടുക. മൗദൂദിയന്‍ ആശയങ്ങള്‍ പേറിയതിന്റെ ദൂഷ്യഫലങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം, ഒരുപോലെ അനുഭവിക്കയാണ്.

മൗദൂദിസം എന്ന അപകട ആശയം

ലോകത്തിലെ ഏറ്റവും അപകടകാരിയായ ഇസ്ലാമിസ്റ്റ് ആരാണെന്ന് ചോദിച്ചാല്‍ ബിന്‍ലാദനും, ബാഗ്ദാദിയും അടക്കമുള്ള തീവ്രാദികളുടെ മുഖമാണ് പെട്ടെന്ന് ഓര്‍മ്മവരിക. പക്ഷേ അവര്‍ ഒക്കെ ആയുധം എടുത്ത് പോരാടിയവര്‍ ആണ്. പക്ഷേ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞതിനേക്കാള്‍ എത്രയോ ലക്ഷം ആളുകളെയാണ്, അക്ഷരം എടുത്ത് പോരാടിയ, ഇദ്ദേഹത്തിന് സ്വാധീനിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണ് സാം ഹാരീസിനെപ്പോലുള്ള എഴുത്തുകാര്‍, എല്ലാ തീവ്രവാദങ്ങളുടെയും അമ്മയായ തീവ്രവാദ ആശയം എന്ന് ഇതിനെ പറയുന്നത്. അതാണ് മൗദൂദിസം! അതിന്റെ ഉപജ്ഞാതാവ് ആവട്ടെ, ഇന്ത്യയില്‍ ജനിച്ച് പാക്കിസ്ഥാനിലേക്ക് മാറിയ, ആദ്യം മോഡേണിസ്റ്റായും, പിന്നീട് മാര്‍ക്സിസ്റ്റായും, പിന്നീട് കോണ്‍ഗ്രസുകാരനായും, ലീഗുകാരനായും മാറി, ഒടുവില്‍ ഇസ്ലാമിന്റെ സമഗ്രാധിപത്യത്തില്‍ വിശ്വസിക്കുകയും, അതിനായി പ്രവര്‍ത്തിക്കുകയും ചെയത് മൗലാനാ മൗദൂദിയാണ്. ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.


 



മൗദൂദിയുടെ സിദ്ധാന്ത പ്രകാരം മതവും രാഷ്ട്രവും രണ്ടല്ല. മതമേലധികാരി അരാണോ അയാള്‍ തന്നെയാണ് രാഷ്ട്രത്തലവനും. നോക്കുക, ഈ ആശയം തന്നെയാണ് താലിബാന്‍ നടപ്പാക്കുന്നത്. ജിഹാദ് എന്ന ആശയത്തെ, ഇസ്ലാമികരാഷ്ട്രം സ്ഥാപിതമാവുന്നതുവരെയുള്ള ഒടുങ്ങാത്ത യുദ്ധമായി, മൗദൂദി വ്യാഖ്യാനിച്ചതുതന്നെയാണ് ഐസിസും അല്‍ഖായിദയും നടപ്പാക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ലാദനും സവാഹിരിക്കും വേണ്ടി, മരിച്ചവരുടെ എത്രയോ ഇരട്ടി മൗദൂദിക്ക് വേണ്ടി മരിച്ചവര്‍ ഉണ്ട്.

ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങള്‍തന്നെ അവര്‍ നിലകൊള്ളുന്നത് ആഗോള ഇസ്ലാമിക വ്യവസ്ഥയ്ക്കു വേണ്ടിയാണെന്ന് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ മുഖപ്രസിദ്ധീകരണമായ പ്രബോധനത്തിന്റെ 1992 മാര്‍ച്ച് ലക്കം ആ സംഘടനയുടെ അമ്പതാം വാര്‍ഷികപ്പതിപ്പാണ്. അതിന്റെ ആമുഖത്തില്‍ ജമാഅത്തെ ഇസ്ലാമി കേരളത്തിലോ ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ലെന്നും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ത്തന്നെ ഇതേപേരും വേരുമുള്ള ആറ് സംഘടനകളുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും കശ്മീരിലെയും ജമാഅത്തെ ഇസ്ലാമിക്ക് ഒരേ ആദര്‍ശവും ലക്ഷ്യവുമാണെന്ന് പറയുന്നു.

ജനാധിപത്യത്തേയൊ സ്വാതന്ത്ര്യ സമരത്തേയോ ഒന്നും മൗദുദി അംഗീകരിച്ചിട്ടില്ല. സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ പങ്കാളികളായ മുസ്ലിങ്ങളെ മൗദൂദി അപഹസിച്ചിരുന്നു. 'പ്രജായത്തം നടപ്പില്‍വരുത്താനായി സമരം ചെയ്യുന്ന കപട വിശ്വാസികളെക്കുറിച്ച് ഞാനെന്തുപറയാനാണ്?' ('ഖുതുബാത്ത്', പേ:140) ദൈവത്തിന്റെ ഭരണത്തിന് അപ്പുറമുള്ള ഒന്നിനെയും മൗദൂദി അംഗീകരിക്കില്ല. ഇംഗ്ലീഷുകാരനായ അമുസ്ലിമില്‍ നിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ, മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരുനീക്കം നടക്കുമ്പോള്‍ അത് മൂകമായി നോക്കിനില്‍ക്കുകയെന്നതും മുസ്ലിമിന് അനുവദനീയമല്ല' (തഹ്രീകേ ആസാദി ഔര്‍ മുസല്‍മാന്‍, പേ: 81).

ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത ലക്ഷ്യം മത സംസ്ഥാപനമാണ് (ഇഖാമത്തുദ്ദീന്‍). മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ദീന്‍ അഥവാ മതം എന്ന വാക്കിനു പാര്‍ട്ടി എന്നു തന്നെ പരിഭാഷ നല്‍കിയിരിക്കുന്നതു കാണാം ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ 'ശിര്‍ക്ക്' അഥവാ ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്. അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മില്‍ യോജിക്കുന്ന ഒറ്റ ബിന്ദുവുമില്ല എന്നും പ്രഖ്യാപിച്ചു.

പാക്കിസ്ഥാനിലും അഫ്ഗാനിലും നരനായാട്ട്

1941 ഓഗസ്റ്റ് 11ന് ലാഹോറില്‍ മൗദൂദി പുതിയ സംഘടനയുടെ പ്രഖ്യാപനം നടത്തി. പേര് ജമാഅത്തെ ഇസ്ലാമി. അദ്ദേഹം തന്നെ തലവന്‍ (അമീര്‍). ദൈവിക ഭരണം (ഹുകൂമത്തെ ഇലാഹിയ്യ) സ്ഥാപിക്കലാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതോടെ മുസ്ലിം ലീഗും മൗദൂദിയും തമ്മിലുള്ള ബന്ധങ്ങളില്‍ സങ്കീര്‍ണതകളുണ്ടായി. പാക്കിസ്ഥാന്‍ എന്ന പുതിയ രാഷ്ട്രത്തിന്റെ മാതൃക എങ്ങനെയാവണമെന്നതിലാണ് വിവാദം. ലീഗ് ആഗ്രഹിച്ചത് ഒരു മതേതര ജനാധിപത്യ സ്റ്റേറ്റാണ്. മൗദൂദിയാവട്ടെ ഒരു ഇസ്ലാമിക ഭരണമുള്ള രാജ്യവും. ഈ വാദങ്ങള്‍ തമ്മില്‍ തര്‍ക്കം മൂത്തു. കോണ്‍ഗ്രസ്, ജമാഅത്തെ ഇസ്ലാമിയോടുള്ള സമീപനത്തില്‍ അയവ് വരുത്തി രോഷം മുസ്ലിം ലീഗിനെതിരെ തിരിച്ചു. ലീഗിന്റെ മതേതര സ്റ്റേറ്റ് ഖുര്‍ആന്‍ അടിസ്ഥാനമാക്കിയുള്ളതല്ല എന്ന് മൗദൂദി വാദിച്ചു. ലീഗിന്റെ നേതാക്കളെല്ലാം പശ്ചാത്യന്‍ രീതികളെ ആശ്രയിക്കുന്നവരാണെന്നും ഒരു ഇസ്ലാമിക സ്റ്റേറ്റ് രൂപീകരിക്കാന്‍ അവരെക്കൊണ്ട് കഴിയില്ലെന്നും മൗദൂദി കുറ്റപ്പെടുത്തി.


 



ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ പാക്കിസ്ഥാനിലേക്ക് പോയ മൗദൂദി ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുമായാണ് മുന്നോട്ട് പോയത്. ഇന്ത്യക്ക് എന്നപോലെ പാക്കിസ്ഥാനും ഒരു തലവേദയായിരുന്നു അദ്ദേഹം. കാരണം, അത്രയേറെ കഠിനവും കര്‍ശക്കശവുമായിരുന്നു മൗദൂദിയന്‍ ആശയങ്ങള്‍. 1947 ആഗസ്റ്റില്‍ പാക്കിസ്ഥാനില്‍ താമസമാക്കിയ മൗദൂദി അവിടെ ഒരു ഇസ്ലാമിക ഭരണഘടനക്കായി പരിശ്രമിച്ചു. ഭരണാധികാരികള്‍ കടുത്ത നടപടികളോടെ അദ്ദേഹത്തെ നേരിട്ടു. പല തവണ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1953ല്‍ ഖാദിയാനീ പ്രശ്‌നത്തെക്കുറിച്ച് ഒരു ലഘുലേഖ എഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടാളകോടതി മൗദൂദിക്ക് വധശിക്ഷ വിധിച്ചു.

മാപ്പപേക്ഷ നല്‍കി കുറ്റവിമുക്തവാന്‍ അവസരം ലഭിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണുണ്ടായത്. ഒടുവില്‍ പാക്കിസ്ഥാനകത്തും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉണ്ടായ എതിര്‍പ്പിനെത്തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവായി ചുരുക്കാനും പിന്നീട് അതും റദ്ദാക്കാനും ഭരണകൂടം നിര്‍ബന്ധിതമായി. കശ്മീരിലെ പാക് നുഴഞ്ഞുകയറ്റത്തിനെ എതിര്‍ത്തതിന്റെ പേരിലും അദ്ദേഹം വിചാരണ നേരിടേണ്ടി വന്നിട്ടുണ്ട്. നുഴഞ്ഞുകയറ്റം ഒരിക്കലും ഇസ്ലാമിക തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇങ്ങനെ കീഴ്ശ്വാസം വിടുന്നതില്‍പോലും ഇസ്ലാമിക വിധി നോക്കുന്ന തികഞ്ഞ ഒരു മതഭ്രാന്തനെപ്പോലെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാനകാലം.

നേരത്തേയുണ്ടായിരുന്ന വൃക്കരോഗം 1979 ഏപ്രിലില്‍ വര്‍ദ്ധിച്ചപ്പോള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കടിപ്പെടുകയും ചെയ്തു. ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി. ( അപ്പോള്‍ അമേരിക്ക മൗദൂദിക്ക് പിശാചിന്റെ രാജ്യമല്ല!) ശസ്ത്രക്രിയയെത്തുടര്‍ന്ന് 1979 സെപ്റ്റംബര്‍ 22ന് അദ്ദേഹം മരണമടഞ്ഞു. മരിക്കുമ്പോള്‍ 76 വയസ്സായിരുന്നു. മൃതദേഹം പിന്നീട് പാക്കിസ്ഥാനിലേക്ക് കൊണ്ടുവന്ന് ലാഹോറിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പക്ഷേ മൗദൂദി മരിച്ചിട്ടും അദ്ദേഹത്തിന്റെ ആശയങ്ങള്‍ മരിക്കുന്നില്ല. മതരാഷ്ട്രവാദമെന്ന വിധ്വംസകമായ ആശയം ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലായി പുകഞ്ഞുകൊണ്ടിരിക്കുന്നു.

പാക്കിസ്ഥാനിലെ ആദ്യത്തെ തൊഴില്‍ നിയമകാര്യ മന്ത്രി യോഗേന്ദ്രനാഥമണ്ഡല്‍ എന്ന ദളിത് നേതാവായിരുന്നു എന്ന് അധികമാരും ഓര്‍ക്കുന്നുണ്ടാവില്ല. പക്ഷേ അധികം വൈകാതെ തന്നെ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കെതിരായ ക്രൂരതയില്‍ പ്രതിഷേധിച്ച് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു വരികയുണ്ടായി. അന്ന് അദ്ദേഹത്തെ ഏറ്റവും ശക്തമായി എതിര്‍ത്തത് ജമാഅത്തെ ഇസ്ലാമിയായിരുന്നു. ഇന്നും പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ഇമ്രാന്‍ ഭരണകൂടത്തെയൊക്കെ വീഴ്ത്താന്‍ തക്ക രീതിയില്‍ ഇന്നും അവിടെ വലിയ സമ്മര്‍ദശക്തായി ജമാഅത്തെ ഇസ്ലാമി.

അഫ്ഗാനിലും ജമാഅത്തെ ഭീതി പരത്തി. നജീബുള്ള എന്ന കമ്യൂണിസ്റ്റ് ഭരണാധികാരിയെ ഒക്കെ കൊന്ന് കെട്ടിത്തൂക്കിയതിന് പിന്നില്‍, ജമാഅത്തെ ഇസ്ലാമിക്കുള്ള പങ്ക് വിസ്മരിക്കാനാവില്ല. മുജാഹിദീന്‍ സൈന്യം ഇസ്ലാമിനുവേണ്ടിയാണ് അഫ്ഗാനിസ്ഥാനില്‍ യുദ്ധം ചെയ്യുന്നതെന്ന് കേരളത്തില്‍ പ്രചരിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയും സിമിയുംപോലുള്ള സംഘടനകളായിരുന്നു. താലിബാനെ വിസ്മയമാക്കി, ജമാഅത്തെയുടെ നിയന്ത്രണത്തിനുള്ള 'മാധ്യമം' പത്രം അവതരിപ്പിച്ചതും ഇതൂകൊണ്ടൊക്കെയാണ്.

ബംഗ്ലാദേശില്‍ നടത്തിയത് കൂട്ടക്കൊല

1971-ലെ ബംഗ്ലാദേശ് വിമോചന സമയത്ത് ശരിക്കും അഴിഞ്ഞാടുകയായിരുന്നു ജമാഅത്തെ ഇസ്ലാമി. റസാക്കര്‍ സേന എന്ന് പറഞ്ഞ് അവര്‍ രൂപീകരിച്ച വിധ്വംസക സംഘടന ലക്ഷങ്ങളെയാണ് കൊന്നൊടുക്കിയത്!ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മൗലാന അബ്ദുള്‍ കലാം മുഹമ്മദ് യൂസുഫ് ആണ് 1971-ല്‍ ബംഗ്ലാദേശില്‍ ആദ്യമായി റസാക്കര്‍ സേന രൂപീകരിച്ചത്. ബിഹാറില്‍ നിന്നുള്ളവരും സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായവരെയാണ് ഈ സേനയിലേക്ക് ജമാ അത്തെ ഇസ്ലാമി കൂടുതലായി എടുത്തത്. പണം ലഭിച്ചുതുടങ്ങിയപ്പോള്‍, ഇവര്‍ ജമാ അത്തെ ഇസ്ലാമിക്കും പാക് സൈന്യത്തിനും വേണ്ടി വംശഹത്യക്ക് ഇറങ്ങിപ്പുറപ്പെട്ടു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുക്തി ജോഡോ സംഘത്തില്‍പ്പെട്ടവരെ തിരഞ്ഞുപിടിച്ച് വകവരുത്താന്‍ ഇവര്‍ പാക് സൈന്യത്തെ സഹായിച്ചു.


 



ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍, 'ബംഗാളിലെ കശാപ്പുക്കാരന്‍' എന്ന് അറിയപ്പെട്ട കുപ്രസിദ്ധനായ ജനറല്‍ ടിക്കാ ഖാന്‍ റസാര്‍ക്കര്‍മാരെ പ്രാദേശികമായി റിക്രൂട്ട് ചെയ്തൂ. തങ്ങളെ സഹായിക്കാനായി പാക് സേന മൂന്നു വിഭാഗങ്ങളെ രൂപീകരിച്ചത്. റസാക്കര്‍മാര്‍, അല്‍-ബദര്‍, അല്‍-ഷാംസ്. ഈ മൂന്നു ഗ്രൂപ്പുകളും സ്വാതന്ത്ര്യ സമര സേനാനികളെയും അവരെ പിന്തുണ്ക്കുന്നവരേയും തിരഞ്ഞുപിടിച്ച് വേട്ടയാടി. തീവ്ര ഇസ്ലാമിക യാഥാസ്ഥിതിക വിഭാഗത്തെയാണ് അല്‍ ബദര്‍ സംഘത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത്. തീവ്ര വര്‍ഗീയവാദികള്‍ കൂടിയായ റസാക്കര്‍മാര്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെയും വേട്ടയാടിയിരുന്നു. ഒന്നിച്ച് തീവെച്ച് കൊല്ലുക, കൂട്ടമായി വെടിവെച്ചുകൊല്ലുക എന്നിവയൊക്കെയാണ് നടന്നത്. ഹിന്ദുമേഖല കണ്ടെത്തി സ്ത്രീകളെ ബലാത്സഗം ചെയ്ത സംഭവങ്ങളും ഉണ്ടായി. 40ലക്ഷംവരെ ബലാത്സംഗങ്ങള്‍ പാക് സൈന്യവുമായി സഹകരിച്ച,് സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബംഗാളികളെ ഒറ്റിക്കൊടുത്ത റസാക്കാര്‍മാര്‍ അവരോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരകളായിരുന്നു. സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരകളാക്കി. എതിര്‍ത്തവരയെല്ലാം കൊന്നുതള്ളി. ഇതോടെ, റസാക്കര്‍മാര്‍ ബംഗ്ലാദേശികളുടെ പേടിസ്വപ്നായി മാറി.

ബംഗ്ലാദേശിലെ പാകിസ്ഥാന്‍ അധിനിവേശത്തിനും ചൂഷണത്തിനും എതിരെ ശബ്ദമുയര്‍ത്തിയ സാധാരണക്കാരെയും വിദ്യാര്‍ഥികളേയും ബുദ്ധിജീവികളെയും മതന്യൂനപക്ഷങ്ങളെയും അവര്‍ ലക്ഷ്യമിട്ടു. കുട്ടികളെയുള്‍പ്പെടെ കണക്കില്ലാത്ത നിരവധിപേരെ നിഷ്‌ക്കരുണം കൊന്നുകളഞ്ഞു. ആളുകളുടെ വാസസ്ഥലങ്ങള്‍ക്ക് തീയിട്ടു. ഏകദേശം 50,000 റസാക്കര്‍മാര്‍ പാകിസ്ഥാന്‍ സൈന്യത്തെ റെയ്ഡുകള്‍ നടത്തുന്നതിനും പ്രാദേശിക ജനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നതിനും സഹായിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇവരുരുടെ സഹായത്തോടെ പാകിസ്ഥാന്‍ സൈന്യം ലിബറേഷന്‍ അനുകൂല ബംഗ്ലാദേശികള്‍ക്കെതിരെ നടത്തിയ ക്രൂരമായ നടപടിയില്‍ 30 ലക്ഷം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായണ് കണക്ക്. ഇവരുടെ നരനായാട്ടില്‍ 10ലക്ഷംമുതല്‍ 40ലക്ഷം വരെ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും പറയപ്പെടുന്നു. ഈ റേപ്പിന്റെ ഫലമായി 25,000 മുതല്‍ 2ലക്ഷംവരെ ഗര്‍ഭധാരണമുണ്ടായി. റസാക്കര്‍മാരുടെ ബീജത്തില്‍നിന്ന് ഉണ്ടായ അനാഥരായ പതിനായിരിക്കണക്കിന് പേര്‍ ഇന്നും ആ നാട്ടില്‍ ജീവിച്ചിരിപ്പുണ്ട്! ഇതിനെല്ലാം പിന്തുണ കൊടുത്ത അതേ ജമാഅത്തെ ഇസ്ലാമിയുടെ ഡമ്മിയായിട്ടാണ് ഇപ്പോള്‍ ബംഗ്ലാദേശ് ഭരണകൂടം മാറുന്നത്.

കാശ്മീരിലും ശക്തമായ വേരുകള്‍

ജമ്മുകശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലും വലിയ റോളാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. ജമ്മു കശ്മീരിലെ വ്യത്യസ്തതലങ്ങളിലെ പ്രവര്‍ത്തനങ്ങളെയും സംഘടനകളെയും മുന്നണികളെയും പ്രബോധനത്തിലെ ലേഖനം പരിചയപ്പെടുത്തുന്നുണ്ട്. 'കശ്മീര്‍ ജമാഅത്തെ ഇസ്ലാമി' എന്ന ലേഖനം ഇങ്ങനെ പറയുന്ന; ''താഴ്വരയില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനുപുറമെ, അല്ലാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്. ജനങ്ങളില്‍ ഇസ്ലാമിക ചൈതന്യം വളര്‍ത്തുകയും നിലനിര്‍ത്തുകയുമാണ് ഈ സംഘത്തിന്റെ മുഖ്യമായ പ്രവര്‍ത്തനമെന്നു പറയപ്പെടുന്നു.


 



തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയമേഖലയില്‍ പതിമൂന്ന് സംഘടനകള്‍ ചേര്‍ന്ന തഹ്രീകെ ഹുര്‍രിയത്തെ കശ്മീര്‍ (കശ്മീര്‍ സ്വാതന്ത്ര്യ പ്രസ്ഥാനം) എന്ന പേരില്‍ മുന്നണിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. അരാഷ്ട്രീയനായ അഡ്വക്കറ്റ് മിയാന്‍ അബ്ദുള്‍ഖയ്യൂമാണ് അധ്യക്ഷന്‍. സെക്രട്ടറിയായ മുഹമ്മദ് അശ്റഫ് സഹ്റായി കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനികമേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ മുത്തഹിദ ജിഹാദ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ അലി മുഹമ്മദ്ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളത്രെ.'' (പ്രബോധനം 1992, മാര്‍ച്ച്)

ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശവും പ്രവര്‍ത്തനങ്ങളും എത്രമാത്രം വിധ്വംസകമാണെന്നാണ് ,ജമാഅത്തെ ഇസ്ലാമിയുടെ തന്നെ മാസികയിലെ ഈ ലേഖനത്തിലെ വ്യക്തമാക്കുന്നു. കശ്മീര്‍ താഴ്വരയില്‍ ഭീകരത സൃഷ്ടിച്ച ഹിസ്ബുള്‍ മുജാഹിദീന്‍പോലുള്ള തീവ്രവാദസംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന കാര്യം ജനാധിപത്യവാദികള്‍ ഗൗരവമായിത്തന്നെ കാണണം.

1987 മുതല്‍ കശ്മീരില്‍ തിതരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് ജമാഅത്തെ ഇസ്ലാമി. വിഘടനവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംഘടനയുടെ നിരവധി നേതാക്കള്‍ ജയിലിലാണ്. കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍, ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് ഫ്രണ്ട് എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി ജമാഅത്തെ ഇസ്ലാമി ഒരുക്കം നടത്തിയിരുന്നുവെങ്കിലും നിരോധനം നീക്കാത്തതിനാല്‍ മത്സരിക്കാനായില്ല.

അതിനിടെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍,മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് ജമാഅത്തെ ഇസ്ലാമി മത്സരരംഗത്ത് ഇറങ്ങി. കശ്മീരിലെ കമ്യൂണിസ്റ്റ് തുരുത്ത് എന്ന് അറിയപ്പെടുന്ന കുല്‍ഗാം മണ്ഡലത്തില്‍െ നാലുതവണ ഇവിടെ തുടര്‍ച്ചയായി ചെങ്കൊടി പാറിച്ച സിപിഎമ്മിന്റെ തീപ്പൊരി നേതാവും, സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്കെതിരെ മത്സരിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്വതന്ത്രന്‍ സയര്‍ അഹമ്മദ് റെഷിയാണ്. ഭീകരവാദ ബന്ധത്തിന്റെ പേരില്‍ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിക്ക് നിരോധനം ഉള്ളതുകൊണ്ട് അവര്‍ പ്രച്ഛന്നവേഷത്തിലാണ് മത്സരം.പക്ഷേ ഫലം വന്നപ്പോള്‍ ജനം വീണ്ടും തരിഗാമിയെ തുണച്ചു. കുല്‍ഗാമില്‍ വീണ്ടും ചെങ്കൊടി പാറി. 'കശ്മീരില്‍ കമ്യൂണിസവും ഇസ്ലാമും നേരിട്ട് ഏറ്റമുട്ടുന്നു' എന്ന് ദേശീയ മാധ്യമങ്ങളൊക്കൊണ്ട് എഴുതിക്കത്തക്ക രീതിയില്‍ അത് വളര്‍ന്ന മത്സരത്തില്‍ ഒടുവില്‍ കമ്യൂണിസ്റ്റുകള്‍ ജയിച്ചുകയറി. പക്ഷേ ഇപ്പോഴും പ്രച്ഛനന്നവേഷത്തില്‍ ജമാഅത്തെ ഇസ്ലാമി കുത്തിത്തിരുപ്പുകള്‍ തുടരുകയാണ്.

കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ

കേരളത്തില്‍ പക്ഷേ ഇതെല്ലാം മറച്ചുവെച്ചുകൊണ്ട്, ശരിക്കും ആട്ടിന്‍തോലിട്ട ചെന്നായയുടെ പ്രവര്‍ത്തനമാണ് ജമാഅത്തെ ഇസ്ലാമി കാഴ്ചവെക്കുന്നത്. മൗദൂദിയന്‍ ദര്‍ശനത്താല്‍ പ്രചോദിതരായവരാണ് സിമി രൂപീകരിച്ചതും നിരവധി ആഗോളബന്ധങ്ങളുള്ള തീവ്രവാദസംഘങ്ങള്‍ക്ക് കേരളത്തില്‍ ജന്മം നല്‍കിയതും. ഇപ്പോള്‍ അവര്‍ സിമിയെയും തള്ളിപ്പറഞ്ഞ്, ജനാധപത്യവാദികളാവാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അപ്പോഴും ഉള്ളിന്റെ ഉള്ളിലെ ആ വര്‍ഗീയതയും,മതരാഷ്ട്രവാദമെന്ന സങ്കല്‍പ്പവും നിലനില്‍ക്കയാണ്. ഇന്ത്യയില്‍ അതിന് നേരിട്ട് സ്‌കോപ്പില്ലാത്തതുകൊണ്ട് ദലിത് പ്രേമവും, ന്യൂനപക്ഷ ഐക്യവും, മനുഷ്യാവകാശ വിഷയവുവുമായൊക്കെ അവര്‍ വേഷം മാറ്റി പ്രവര്‍ത്തനം നടത്തുന്നു. ഡോ എം എന്‍ കാരശ്ശേരിയേപ്പൊലുള്ളവര്‍ ഇതിനെ ആട്ടിന്‍ തോലിട്ട ചെന്നായയുടെ രീതി എന്നാണ് ഒരിക്കല്‍ വിശേഷിപ്പിച്ചത്.


 



ദൈവദത്തമായ ഒരു രാജ്യത്ത് അല്ലാതെ സര്‍ക്കാര്‍ ജോലികള്‍ അടക്കം സ്വീകരിക്കരുത് എന്നും, കോടതികള്‍ അനിസ്ലാമികമാണ് എന്നുമൊക്കെപ്പറയുന്ന കാര്യങ്ങളെല്ലാം, ജമാഅത്തെ ഇസ്ലാമി അവരുടെ ഭരണഘടനയില്‍നിന്ന് ഈയിടെയാണ് എടുത്ത് കളഞ്ഞത്. ജമാഅത്തെയുടെ ഭരണഘടനയില്‍ അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു പറയുന്ന എട്ടാം ഖണ്ഡികയിലെ ആറാം നിര്‍ദ്ദേശമായിട്ടാണ് സര്‍ക്കാര്‍ ജോലി സ്വീകരിക്കാമെന്നും, നിയമനിര്‍മ്മാണ സഭയില്‍ അംഗമാകാം എന്നും ഭേദഗതി വരുത്തിയിരിക്കുന്നത്. സത്യത്തിനും നീതിക്കും വിരുദ്ധമായ യാതൊന്നും പ്രവര്‍ത്തിക്കരുതെന്ന് മാത്രമാണ് പുതിയ നിര്‍ദേശം. പഴയ ഭരണഘടനയില്‍ ഇവയൊന്നും ഇസ്ലാമികമല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിക്കരുതെന്നും ന്യായാധിപ സ്ഥാനത്താണെങ്കില്‍ പോലും അത് കൈയ്യൊഴിയണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതുകൂടാതെ ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയിലാണ് ജോലിയെങ്കില്‍ ആ ഉപജീവനമാര്‍ഗത്തില്‍ നിന്നും മാറണമെന്ന നിര്‍ദ്ദേശവും പൂര്‍ണ്ണമായി പുതിയ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മാനദണ്ഡങ്ങളെക്കുറിച്ച് പറയുന്ന ഒമ്പതാം ഖണ്ഡികയിലെ ഏഴാം നിര്‍ദ്ദേശത്തിലാണ് കോടതികളെ അനിസ്ലാമികമെന്ന് വിശേഷിപ്പിച്ചിരുന്നത്. ഇത് തിരുത്തി, ദീനിന്റെ വിധിവിലക്കുകളില്‍ നിഷ്ഠ പുലര്‍ത്തുകയും അത്യാവശ്യമുണ്ടെങ്കിലല്ലാതെ ഇടപാടുകളുടെ തീര്‍പ്പിനായി കോടതികളെ സമീപിക്കാതിരിക്കുകയും ചെയ്യുക എന്നാക്കിയിട്ടുണ്ട്. നേരത്തെ ഇത് നിര്‍ബന്ധിതാവസ്ഥയിലല്ലാതെ ഇടപാടുകളുടെ തീര്‍പ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക എന്നായിരുന്നു.

2021 ഒക്ടോബര്‍ വരെയുള്ള ഭേദഗതിക്കനുസരിച്ചുള്ള ഭരണഘടനയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന് മുമ്പും ഭരണഘടനയില്‍ ജമാഅത്തെ ഇസ്ലാമി ഭേദഗതി വരുത്തിയിട്ടുണ്ട്. അതിനു ശേഷമാണ് 2011-ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയകക്ഷി രൂപീകരിച്ച് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ തുടങ്ങിയത്.

ജനാധിപത്യം പ്രസ്ഥാനത്തിന് നിഷിദ്ധമല്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ പ്രതികരിച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ജനാധിപത്യത്തിനും നിയമവ്യവസ്ഥക്കും കഴിയൂവെന്ന് മുജീബ് റഹ്‌മാന്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ അടിസ്ഥാപരമായി ജമാഅത്തെ ഇസ്ലാമി, തങ്ങളുടെ സ്ഥാപകനായ മൗലാനാ മൗദൂദിയെ തള്ളിപ്പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. സ്ഥാപകന്റെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിയാല്‍ പിന്നെ എന്ത് പ്രസ്ഥാനം എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. പക്ഷേ ഇത് നിലനില്‍ക്കാനുള്ള ഒരു അടവ് മാത്രമാണെന്നും അടിസ്ഥാനപരമായ ജമാഅത്തെ ഇസ്ലാമി മൗദുദിസത്തില്‍ വിശ്വസിക്കുന്ന മതമൗലികവാദികള്‍ ആണെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

വാല്‍ക്കഷ്ണം: ഈ ക്രൂരതകളെല്ലാം മറച്ചുപിടിച്ച്, കേരളത്തില്‍ മാധ്യമം പത്രവും, മീഡിയാവണ്‍ ചാനലും, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒക്കെ വേറെ ഒരു മുഖവുമായാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍ പ്രത്യക്ഷപ്പെടാറുള്ളത്. എഴുത്തുകാരന്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ ഇന്റ്വലക്ച്ചല്‍ ജിഹാദ് എന്നാണ് ഈ തന്ത്രത്തിന് വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ പേര് കൊടുത്തിട്ടുള്ളത്.

Tags:    

Similar News