റിക്ഷക്കാരന്റെ ദൈന്യത ഓര്‍ത്ത് സൈക്കിള്‍ റിക്ഷയില്‍ കയറാത്ത സാത്വികന്‍; ഫീസ് അടക്കാന്‍ ഗതിയില്ലാത്ത വിദ്യാര്‍ത്ഥിയില്‍നിന്ന് പ്രധാനമന്ത്രിയിലേക്ക്; ലങ്കന്‍ മോഡല്‍ തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചു; 30 കോടി മനുഷ്യരുടെ പട്ടിണിമാറ്റിയ നേതാവ്! ഡോ. മന്‍മോഹന്‍ ഇന്ത്യയുടെ റിയല്‍ ഗെയിം ചേഞ്ചര്‍!
ഡോ. മന്‍മോഹന്‍ ഇന്ത്യയുടെ റിയല്‍ ഗെയും ചേഞ്ചര്‍!
ഒരു വ്യക്തി 30 കോടിയോളം മനുഷ്യരെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റുന്നതിന് കാരണക്കാരനാവുക എന്നുവെച്ചാല്‍! ലോകത്തിലെ ഏറ്റവും വലിയ അത്ഭുത മസ്തിഷ്‌ക്കങ്ങളില്‍ ഒന്നാണ് ഇന്ന് നിലച്ചത്. ഗാന്ധി കുടുംബത്തിന്റെയും സ്വന്തം പാര്‍ട്ടിയുടെ എതിര്‍പ്പ് മറികടന്ന്, 1991-ല്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനൊപ്പം ചേര്‍ന്ന്, ധനമന്ത്രിയായ ഡോ മന്‍മോഹന്‍സിങ് നേതൃത്വം കൊടുത്ത സാമ്പത്തിക ഉദാരീകരണത്തെ, ഇന്ന് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ദാരിദ്ര്യനിര്‍മ്മാജന പദ്ധതിയായിട്ടാണ് കേംബ്രിഡ്ജ് സര്‍വകലാശാല സാമ്പത്തിക പഠനവിഭാഗം തങ്ങളുടെ ഗവേഷണ പ്രബന്ധത്തില്‍ വിലയിരുത്തിയത്. (ഒന്നാമത്തെ ദാരിദ്ര്യലഘൂകരണ പദ്ധതിയായി അവര്‍ കാണുന്നത്, അടഞ്ഞ കമ്യൂണിസ്റ്റ് ആശയത്തില്‍നിന്ന് മാറി, വിപണി തുറന്ന് ചൈനയിലേക്ക് ഉദാരീകരണം കൊണ്ടുവരാനുള്ള, ഡെങ് സിയാവോ പിങ്ങിന്റെ നീക്കത്തെയാണ്. മാവോയുടെ കാലത്ത് കോടികള്‍ പട്ടിണി കിടന്ന് മരിച്ച നാട്ടില്‍, ഡെങ്ങ് 50 കോടി ജനങ്ങളുടെ പട്ടിണി ഈ നയം കൊണ്ട് മാറ്റി)
ഇന്ത്യയില്‍ ഇന്നുകാണുന്ന എല്ലാ പുരോഗതിക്കും അടിസ്ഥാനമായി പറയുന്നത് 91-ലെ സാമ്പത്തിക ഉദാരീകരണവും, ആഗോളീകരണവുമാണ്. 30 കോടിയോളം മനുഷ്യരെയാണ്, ആ നയങ്ങള്‍ രക്ഷിച്ചത്. ഇന്ന് ഭാരതം വളരുന്ന ഒരു സാമ്പത്തിക ശക്തിയായി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ചാലക ശക്തി ഡോ മന്‍മോഹന്‍സിങും നരസിംഹറാവുമാണ്. ഈ നയങ്ങളുടെ ഗുണം വശമാണ് ഇന്ന് മോദി സര്‍ക്കാര്‍ അടക്കം അനുഭവിക്കുന്നത് എന്നത് നിസ്തര്‍ക്കമാണ്. നരസിംഹറാവു, ഉദാരീകരണത്തിന് അനുയോജ്യമായ പൊളിറ്റിക്കല്‍ തീരുമാനങ്ങള്‍ എടുത്തപ്പോള്‍, സാമ്പത്തിക വിദഗ്ധനായ ഡോ മന്‍മോഹന്‍സിങാണ്, ആര്‍ക്കും ഒട്ടും പിടിക്കാത്ത ആ ആശയം നടപ്പാക്കിയത്. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിനെ അവര്‍ പിടിച്ച് ഉയര്‍ത്തുകയായിരുന്നു എന്ന് അറിയാത്ത പ്രഭാകരന്‍ കോട്ടപ്പള്ളിമാര്‍, മന്‍മോഹനെതിരെ അന്ന് ഉറഞ്ഞുതുള്ളിയിരുന്നു. സാമ്രാജ്വത്വ ചാരന്‍, നവലിബറല്‍ നയങ്ങുടെ പ്രചാരകന്‍, അമേരിക്കന്‍ ഏജന്റ് എന്നുതുടങ്ങി, കേരളത്തിലടക്കം നിരന്തരം നിന്ന് കത്തിയ കോലങ്ങളില്‍ ഒന്നായിരുന്നു ഡോ മന്‍മോഹന്‍സിങ്ങിന്റെത്.
തീര്‍ത്തും അഴിമതി രഹിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. 2004 മുതല്‍ തുടര്‍ച്ചയായ പത്തുവര്‍ഷം അദ്ദേഹം പ്രധാനമന്ത്രിയായപ്പോഴും വ്യക്തിപരമായി ഒരു അഴിമതി ആരോപണംപോലും ഉണ്ടായിട്ടില്ല. ഫീസടക്കാന്‍ പോലും പണമില്ലാത്ത നിര്‍ധന വിദ്യാര്‍ഥിയില്‍നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഉയര്‍ന്ന അതിശയ കഥയാണ്, ഈ ആക്സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്ററുടേത്.
ഫീസടക്കാന്‍ പണമില്ലാത്ത വിദ്യാര്‍ഥിക്കാലം
ധനം കൊണ്ട് അമ്മാനമാടുവാന്‍ പില്‍ക്കാലത്ത് വിധിക്കപ്പെട്ട, മന്‍മോഹന്‍സിങിന്റെ ബാല്യം പക്ഷേ സാമ്പത്തിക പരാധീനതകളുടേതായിരുന്നു. പടിഞ്ഞാറന്‍ പഞ്ചാബിലെ ഗായില്‍ അധ്യാപകനായിരുന്ന ഗുര്‍മുഖ്സിങ്ങിന്റെയും അമൃത്കൗറിന്റെയും മകനായി 1932 സപ്തംബര്‍ 26-നായിരുന്നു ജനനം. പാക്കിസ്ഥാനിലെ പെഷവാറില്‍നിന്ന് അമൃത്സറിലേക്ക് പലായനം ചെയ്ത കുടുംബമായതുകൊണ്ട് തന്നെ കുടുംബത്തിന് പരിമിതികള്‍ ഏറെയുണ്ടായിരുന്നു. ചെറുപ്പത്തിലേ അദ്ദേഹം പഠിക്കാന്‍ മിടുക്കനായിരുന്നു. 1948-ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് ബിരുദം പൂര്‍ത്തിയാക്കി സമയത്ത് ഫീസടക്കാന്‍ ഏറെ പാടുപെട്ടകാര്യം അദ്ദേഹം ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. അന്ന് ലഭിച്ച സ്‌കോളര്‍ഷിപ്പാണ് അദ്ദേഹത്തിന്റെ തലവരമാറ്റിയത്. പില്‍ക്കാലത്ത് ഓരോ ഘട്ടത്തിലും സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെയാണ് അദ്ദേഹം പഠിച്ച് കയറിയത്.
തുടര്‍ന്ന് മന്‍മോഹന്‍ ലണ്ടനിലെ കേംബ്രിഡ്ജിലെ സെന്റ് ജോണ്‍സ് കോളേജില്‍ എം.എ ഇക്കണോമിക്സിന് ചേര്‍ന്നു. മികച്ച പ്രകടനത്തിനുള്ള റൈറ്റേഴ്സ് പുരസ്‌കാരവും ആഡം സ്മിത്ത് പുരസ്‌കാരവും നേടിയാണ് മന്‍മോഹന്‍ അവിടെ പഠനം പൂര്‍ത്തിയാക്കിയത്. നോബേല്‍ സമ്മാനജേതാക്കളടക്കം പഠിച്ച ഓക്സ്ഫോഡിലെ നഫീല്‍ഡ് കോളേജിലായിരുന്നു മന്‍മോഹന്റെ ഗവേഷണം.
പഠനകാലത്ത് മന്‍മോഹന്‍ സിങ് അവതരിപ്പിച്ച 'ഇന്ത്യയുടെ കയറ്റുമതിയും വളര്‍ച്ചാ സാധ്യതകളും' എന്ന പ്രബന്ധം അധ്യാപകരെ അമ്പരപ്പിച്ചു. വാഗ്മി അല്ലാതിരുന്ന മന്‍മോഹന്‍ സിങ് തന്റെ ആശയങ്ങളുടെ ക്ലാരിറ്റി കൊണ്ട് അധ്യാപകരെ അത്ഭുതപ്പെടുത്തി.
തിരികെയെത്തിയ മന്‍മോഹനെ കാത്ത് പഞ്ചാബ് യൂണിവേഴ്സിറ്റിയുണ്ടായിരുന്നു. 31-ാം വയസില്‍ പ്രഫസറായി സര്‍വകലാശാല നിയമനം നല്‍കി. 'ആ പദവിക്ക് കുറഞ്ഞത് 50 വയസ് വേണം. അമേരിക്കക്കാര്‍ തട്ടിക്കൊണ്ട് പോവാതിരിക്കാനാണ് കന്നിക്കാരന് ആ പ്രമോഷന്‍ നല്‍കിയതെ'ന്ന് അന്നത്തെ പഞ്ചാബ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എ.സി ജോഷി പിന്നീട് പറഞ്ഞിട്ടുണ്ട്.പിന്നീട് മന്‍മോഹന്‍ സിങ് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായി. എഴുപതുകളിലും എണ്‍പതുകളിലും സര്‍ക്കാരിന് കീഴില്‍ നിര്‍ണായക പദവികളിലിരുന്നു.
പഞ്ചാബ് സര്‍വകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള മെച്ചപ്പെട്ട പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്തു ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തില്‍ കുറച്ചു കാലം യു.എന്‍.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987നും 1990നും ഇടയില്‍ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി.
1971-ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി ചേര്‍ന്നു. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. പല പ്രധാന പദവികളും ഡോ. സിംങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
1987-ല്‍ ലഭിച്ച ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ അദ്ദേഹത്തിന് ലഭിച്ചു. 1956-ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955-ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിലെ മികച്ച പ്രകടനത്തിന് റൈറ്റ്സ് പ്രൈസും അദ്ദേഹത്തിന് ലഭിച്ചിരുന്നു.്. കേംബ്രിജ്, ഓക്സ്ഫഡ് സര്‍വകലാശാലകള്‍ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്‍കാന്‍ തയ്യാറായി.
രാഷ്ട്രീയത്തിലെത്തിച്ചത് റാവുമായുള്ള സൗഹൃദം
ഒരിക്കലും രാഷ്ട്രീയക്കാരനാവുമെന്ന് മൃദുഭാഷിയും, വിനീതനുമായ മന്‍മോഹന്‍ സ്വപ്നം കണ്ടിരുന്നില്ല. എന്നാല്‍ നരസിംഹ റാവുവുമായുള്ള സൗഹൃദമാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗംപോലുമല്ലാത്ത അദ്ദേഹത്തെ 91-ല്‍ ധനമന്ത്രിയാക്കിയത്. 'ഓഫീസിലിരിക്കുകയായിരുന്ന തന്നോട് കുളിച്ച് വേഷം മാറി സത്യപ്രതിജ്ഞ ചെയ്യാനെത്താന്‍ പ്രധാനമന്ത്രി നരസിംഹ റാവു ആവശ്യപ്പെടുകയായിരുന്നെ'ന്ന് മന്‍മോഹന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
90കളില്‍ ഡോളറിന്റെ കരുതല്‍ ശേഖരം കൂപ്പുകുത്തി, ഇന്നത്തെ ശ്രീലങ്കക്കും പാക്കിസ്ഥാനും സമാനമായ അവസ്ഥയിലൂടെയാണ്, ഇന്ത്യ കടന്നുപോയത്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന് വിദേശബാങ്കുകളില്‍ സ്വര്‍ണം പണയം വെക്കേണ്ട അവസ്ഥപോലുമുണ്ടായി. (ഇതിനെയും സാമ്രാജ്വത്വ ശക്തികള്‍ നമ്മുടെ സമ്പത്ത് കൊള്ളയടിക്കുന്നുവെന്ന് പറഞ്ഞ് കമ്യൂണിസ്റ്റുകള്‍ ഭീതി വ്യാപാരം നടത്തി. പക്ഷേ വൈകാതെ തന്നെ നാം സ്വര്‍ണ്ണം സ്വിസ് ബാങ്കില്‍നിന്ന് തിരിച്ചെടുത്തത് മാത്രം ഇവര്‍ പറയില്ല). റാവുതന്നെ അക്കാലത്ത് യാദൃശ്ചികമായാണ് പ്രധാനമന്ത്രിയായത്. രാജീവ്ഗാന്ധി കൊല്ലപ്പെടുകയും, ഗാന്ധി കുടുംബത്തില്‍ കരുത്തരായ വ്യക്തികള്‍ ഇല്ലാതിരിക്കുകയും ചെയ്തയോടെയാണ്, റാവുവിന് നറുക്കുവീണത്. അന്ന് പ്രണബ് മുഖര്‍ജിയുടെ പേരാണ് എല്ലാവരും പറഞ്ഞിരുന്നത്. പക്ഷേ നെഹ്റു കുടുംബത്തിന് തന്‍േറടിയായ പ്രണബ്ദായെ സത്യത്തില്‍ ഭയമായിരുന്നു.
91-ല്‍ അധികാരമേറ്റ നരസിംഹറാവുവിന് രാജ്യത്തിന്റെ നില അങ്ങേയറ്റം അപകടത്തിലേക്കാണ് പോകുന്നത് എന്ന് കൃത്യമായി ബോധ്യമുണ്ടായിരുന്നു. അതില്‍നിന്ന് കരകയറാന്‍ വേണ്ടി ബോധപൂര്‍വമാണ് റാവു മന്‍മോഹന്‍സിങിനെ ധനമന്ത്രിയാക്കിയതും. ഇന്ത്യയില്‍ സാമ്പത്തിക ഉദാരവത്ക്കരണം തുടങ്ങുന്നത് അങ്ങനെയാണ്. അത് ഇന്ത്യയുടെ ജാതകം തന്നെ തിരുത്തി. ഇന്ത്യ ഇന്ന് അനുഭവിക്കുന്ന എല്ലാ ആധുനിക സൗകര്യത്തിനും നാം ആദ്യം നന്ദി പറയേണ്ടത്, കേരളത്തില്‍ ഇന്നും ഏറ്റവും വെറുക്കപ്പെട്ട നേതാക്കളായ നരസിംഹറാവുവിനും മന്‍മോഹന്‍സിങിനുമാണ്. അതുവരെ ഇന്ത്യ മുന്നോട്ടുവെച്ച നെഹ്റവിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങളില്‍നിന്നള്ള യു ടേണ്‍ ആയിരുന്നു ഇക്കണോമിക്ക് ലിബറലൈസേഷന്‍.
ഉദാരീകരണത്തിന് മുമ്പുള്ള അടഞ്ഞ വിപണിയുള്ള ഇന്ത്യയില്‍, തികഞ്ഞ ലൈസന്‍സ് രാജാണ് നിലനിന്നത്. സൈക്കിളിനും, റേഡിയോക്കും, ലൈസന്‍സ് വേണ്ടിയിരുന്നു ഒരു കാലം ഈ രാജ്യത്തുണ്ടായിരുന്നു. സിമന്റ് വാങ്ങുന്നതിനുപോലും സര്‍ക്കാറില്‍ അപേക്ഷിക്കണം. അംബാസഡര്‍, പദ്മിനി എന്നീ രണ്ട് മോഡല്‍ കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ആക്കാലത്ത് ഉണ്ടായിരുന്നത്. പുതിയ ഒരു കാര്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ബുക്ക് ചെയ്ത് കാത്തിരിക്കണം.
വിദേശത്തത് നിന്ന് മടങ്ങിവരുന്ന യാത്രക്കാര്‍ ലഗേജായി കൊണ്ടുവരുന്നത് ഒഴികെ, ഇറക്കുമതി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. 1983-ല്‍ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ എന്‍.ആര്‍. നാരായണ മൂര്‍ത്തിക്ക് വിദേശത്ത് നിന്നും ഒരൊറ്റ കമ്പ്യൂട്ടറിന് ഇറക്കുമതി ലൈസന്‍സ് ലഭിക്കുന്നതിന് ഡല്‍ഹിയില്‍ പലതവണ അപേക്ഷിക്കേണ്ടി വന്നു. അവസാനം കമ്പ്യൂട്ടര്‍ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞപ്പോഴേക്കും അതിനേക്കാള്‍ ഗുണമേന്‍മയുള്ളതും വില കുറഞ്ഞതുമായ കമ്പ്യൂട്ടറുകള്‍ വിദേശ വിപണിയില്‍ വന്നു കഴിഞ്ഞിരുന്നു.
ഈ ഒരു സമയത്താണ് ഐഎംഎഫിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യയില്‍ ഉദാരീകരണം നടപ്പായത്. അതിനുവേണ്ടി രൂപയുടെ മുല്യം കുറച്ച് അടക്കമുള്ള നടപടികള്‍ റാവു- മന്‍മോഹന്‍സിങ് ടീം ചെയ്തത് സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള എതിര്‍പ്പുപോലും മറികടന്നാണ്. രൂപയുടെ മുല്യം കുറച്ച ദിവസങ്ങളിലൊക്കെ തങ്ങള്‍ അനുഭവിച്ച ടെന്‍ഷന്‍, മന്‍മോഹന്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയില്‍നിന്നുപോലും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. പാര്‍ട്ടിയോട് പോലും ആലോചിക്കാതെ ഒരു രാവിലെ, അവര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ക്ക് നിര്‍ദേശം നല്‍കിയ കാര്യമൊക്കെ മന്‍മോഹന്‍ എഴുതിയിട്ടുണ്ട്. രൂപയുടെ മൂല്യം കുറച്ച സമയത്തൊക്കെ കേരളത്തിലെ പ്രഭാകരന്‍ കോട്ടപ്പള്ളിമാര്‍ ഉണ്ടാക്കിയ ബഹളം ഓര്‍ത്താല്‍ ഇന്ന് ചിരിവരും. പക്ഷേ ഇന്ന് കാലം മാറി. ആഗോളീകരണവും ഉദാരീകരണവും ആപത്തായിരുന്നുവെന്ന കമ്യൂണിസ്റ്റ് പ്രൊപ്പഗന്‍ഡ തെറ്റായിരുന്നു എന്ന് അനുഭവത്തിലുടെ തെളിഞ്ഞു.
30 കോടിയുടെ പട്ടിണി മാറ്റുന്നു
1997-ലെ കണക്ക് എടുത്താല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 42 ശതമാനം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. 100 കോടി പേര്‍ അന്ന് രാജ്യത്തുണ്ടായിരുന്നു. അതായത് കുറഞ്ഞത് 40 കോടി ജനങ്ങള്‍ വീതം ദാരിദ്ര്യത്തിലായിരുന്നു. വെറും പത്തുവര്‍ഷം കൊണ്ട് അതായത് 2017ല്‍ ഈ 40 ശതമാനം ദരിദ്രര്‍, വെറും 12 ശതമാനത്തിലേക്ക് മാറി. അതായത് ഏതാണ്ട് 30 കോടിയോളം ജനങ്ങളുടെ പട്ടിണി ഈ മഹാരാജ്യം മാറ്റി. എന്ത് അത്ഭുതമാണ് ഇവിടെ നടന്നത്. അതാണ് മന്‍മോഹനോമിക്സ്!
പക്ഷേ അന്നും, ഐഎംഎഫും ലോകബാങ്കും ചേര്‍ന്ന് നമ്മെ കൊള്ളയടിക്കും എന്നായിരുന്നു കമ്യൂണിസ്റ്ുകള്‍ അടക്കം ആവര്‍ത്തിച്ചത്. അന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം ഐഎംഎഫിനും വേള്‍ഡ് ബാങ്കിനും, 'നവ ലിബറല്‍' നയങ്ങള്‍ക്കുമെതിരെ പന്തംകൊളുത്തി പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നു. എരിതീയില്‍ എണ്ണ പകരുന്ന രീതിയില്‍ എഴുത്തുകാരനും മാതൃഭൂമി പത്രാധിപരും ആയിരുന്നു എം പി വീരേന്ദ്രകുമാര്‍ 'ഗാട്ടും കാണാച്ചരടും' എന്ന പുസ്തകവും എഴുതി. ഇതിന്റെ ചുവടുപിടിച്ച് ചില ഇടത് തീവ്രവാദികള്‍ ആവട്ടെ 'ഇനി ഒരു തുളസിയില നുള്ളാന്‍ പോലും നമുക്ക് കഴിയില്ല' എന്നൊക്കെ പ്രചരിപ്പിച്ചു.
91-ല്‍ ഐഎംഎഫില്‍നിന്ന് നാം എടുത്ത ലോണ്‍ രണ്ടായിരം ആയതോടെ പൂര്‍ണ്ണമായും തിരിച്ചടച്ചു. വിദേശ ബാങ്കില്‍ പണയം വെച്ച സ്വര്‍ണ്ണവും തിരിച്ചെടുത്തു. നമ്മുടെ തുളസിയില നുള്ളാന്‍ ലോകബാങ്ക് വന്നില്ല. ഇന്ത്യയുടെ വിപണി ലോകത്തിന് തുറന്നു. ആഗോളീകരണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തി. വിദേശ കമ്പനികള്‍ യഥേഷ്ടം ഇന്ത്യയിലും എത്തി. അതോടെ ഇന്ത്യ സാമ്പത്തികമായി വളര്‍ന്നു.
ഇന്ന് കാലം മാറി. ഇന്ന് ഒരു ലോക രക്ഷകന്റെ റോളാണ് ഐഎംഎഫിനും ലോകബാങ്കിനും ഇപ്പോള്‍ വന്നുചേര്‍ന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ശ്രീലങ്ക ഐഎംഎഫ് സഹായം ചോദിക്കുന്നു. പാക്കിസ്ഥാനും നേപ്പാളും അവരുടെ സഹായത്തിന് ക്യൂവില്‍ ഉണ്ട്. ചൈനയുടെ ബ്ലേഡ് പലിശ വാങ്ങി കടക്കണിയില്‍ ആയവര്‍ ആണ് ഈ രാജ്യങ്ങള്‍ എന്നോര്‍ക്കണം. ഇന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് മന്‍മോഹന്റെ ദീര്‍ഘവീക്ഷണം നാം അറിയുക.
ഒരിക്കലും രാഷ്ട്രീയക്കളികള്‍ക്ക് നിന്നുകൊടുക്കുന്ന ആളായിരുന്നില്ല, അദ്ദേഹം. രാഷ്ട്രീയക്കളികളില്‍ മനംമടുത്ത് ധനമന്ത്രിയായി ആദ്യവര്‍ഷം തന്നെ രണ്ട് തവണയാണ് രാസവള വില കൂട്ടുന്നത് സമ്മതിക്കാതിരുന്നപ്പോള്‍, ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണത്തെ തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചപ്പോള്‍) മന്‍മോഹന്‍ രാജിക്കൊരുങ്ങിയത്. പാര്‍ലമെന്റില്‍ റാവു ക്ലീന്‍ ചിറ്റ് നല്‍കിയാണ് മന്‍മോഹന്‍ സിങ്ങിന്റെ മനംമാറ്റിയത്.പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നടപടികളും വ്യാപക വിമര്‍ശനത്തിന് ഇടയാക്കി.
ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാരായ രണ്ടുപേരാണ്, നരസിംഹറാവുവും മന്‍മോഹന്‍സിങും. പക്ഷേ തങ്ങള്‍ ചെയ്ത കാര്യത്തിന്റെ യാതൊരു നേട്ടവും കിട്ടാതെയാണ് നരസിംഹ റാവു മരിച്ചത്. ഡല്‍ഹിയില്‍ അദ്ദേഹത്തിന് പൊതുദര്‍ശനം പോലും അനുവദിച്ചില്ല. പാതി കത്തികരിഞ്ഞ നിലയല്‍, അദ്ദേഹത്തിന്റെ മൃതദേഹം കിടക്കുന്നത് പ്രാദേശിക ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും, അധികൃതരുമെത്തി ചിത പുര്‍ണ്ണമായും കത്തിക്കുന്നത് തന്നെ. അന്ന് റാവുവിന് ആദരവ് കൊടുത്ത് സംസ്‌ക്കാരത്തില്‍ പുര്‍ണ്ണമായി പങ്കെടുത്ത എക നേതാവ് മന്‍മോഹന്‍ സിങ്് മാത്രമായിരുന്നു. ഹര്‍ഷദ്മേത്തയില്‍നിന്ന് കോടികള്‍ കൈക്കൂലി വാങ്ങി എന്നൊക്കെ ആരോപണം വനന റാവുവിന്റെ അവസാന കാലം, സാമ്പത്തിക ക്ലേശങ്ങളുടെയായിരുന്നു. കേസ് നടത്താനുള്ള പണം പോലും അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. അന്നും സഹായിച്ചത് മന്‍മോഹനാണ്. റാവുവിന് കിട്ടാത്ത നീതിയിലും, ബഹുമാനവും മന്‍മോഹനെങ്കിലും കിട്ടട്ടെ.
ആക്സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍
ധനമന്ത്രിയാതുപോലെ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് മന്‍മോഹന്‍സിങ്, 2024-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതും. സോണിയാഗാന്ധിയുടെ പൗരത്വ പ്രശ്നം ബിജെപിയടക്കം എടുത്തിട്ടപ്പോള്‍, പ്രണബ് മുഖര്‍ജിയുടെ പേരാണ് പറഞ്ഞുകേട്ടത്. പതിവുപോലെ പ്രണബ് നെഹ്റു കുടുംബത്തിന് സ്വീകാര്യനായില്ല. അങ്ങനെ പരമ്പരാഗത ഇന്ത്യന്‍ രാഷ്ട്രീയക്കാരന്റെ യാതൊരു രീതികളും അറിയാത്ത മന്‍മോഹന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല സര്‍ക്കാരുകളില്‍ ഒന്ന് എന്ന് അറിയപ്പെട്ട ഒന്നാം യുപിഎ സര്‍ക്കാറിനെ അദ്ദേഹം നയിച്ചു. അവര്‍ക്ക് തുടര്‍ ഭരണവും കിട്ടി.
അധികാരത്തിലിരുന്ന പത്ത് വര്‍ഷം രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്‌കരണങ്ങള്‍ക്കാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ തുടക്കമിട്ടത്.
2005-ലെ വിവരാവകാശ നിയമം ശരിക്കും ഒരു വിപ്ലവമായലരുന്നു. അതുപോലെ
6 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസ നിയമം,
ലോക്പാല്‍ & ലോകായുക്ത ആക്ട്, ഭക്ഷ്യ സുരക്ഷാ നിയമം എന്നിവയൊക്കെ മന്‍മോഹന്റെ തൊപ്പിയിലെ തുവലുകളാണ്. ഐ.ഐ.ടികള്‍, നിര്‍ബന്ധിത വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക ജാതിക്കാര്‍ക്കായി 27% സംവരണം, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവ ഏറെ പ്രശംസ പിടിച്ചുപറ്റി. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയുടെ തോത് കുറക്കാന്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സര്‍ക്കാര്‍ പദ്ധതികളിലെ ജനകീയമുഖത്തിന് എക്കാലവും ഉദാഹരണമായി. മന്‍മോഹന്‍ സര്‍ക്കാരാണ് 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി രൂപീകരിച്ചത്.
ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്തിട്ടും, യുപിഎ സര്‍ക്കാറിലെ ഘടകകക്ഷികളുടെ അഴിമതി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി. മന്‍മോഹന്റെ മൃദുഭാഷണം മുതലെടുത്ത് മൗനിബാബയെന്ന് പ്രതിപക്ഷം കളിയാക്കാന്‍ തുടങ്ങി. സോണിയാ ഗാന്ധി കീ കൊടുക്കുമ്പോള്‍ ചലിക്കുന്ന പാവയെന്നും അദ്ദേഹം പരിഹസിക്കപ്പെട്ടു. ഇന്നും അദ്ദേഹം പലയിടത്തുമായി അപഹസിക്കുന്നുണ്ട്്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്,
രാജ്യത്തിന്റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞുവെന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി ഇത് വലിയ വിവാദമാക്കിയിരുന്നു. പക്ഷേ യാഥാര്‍ത്ഥ്യം അങ്ങനെയായിരുന്നില്ല. 2006 ഡിസംബറില്‍ ദേശീയ വികസന കൗണ്‍സിലിലായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗം. വിഭവങ്ങള്‍ നീതിപൂര്‍വമായി വിനിയോഗിക്കേണ്ടതിനെക്കുറിച്ചായിരുന്നു ആ പ്രസംഗം.
അതിങ്ങനെയായിരുന്നു-''നമ്മുടെ മുന്‍ഗണനകള്‍ എന്തെന്ന കാര്യത്തില്‍ വ്യക്തതയുണ്ടെന്ന് തോന്നുന്നു. കൃഷി, ജലസേചനം, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, പൊതുവായുള്ള അടിസ്ഥാന സൗകര്യങ്ങള്‍, എസ് സി- എസ് ടി വിഭാഗങ്ങളുടെയും മറ്റു പിന്നാക്കവിഭാഗങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ഉറപ്പാക്കണം. പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങളുടെ പ്രത്യേക ഫണ്ട് കൂടുതല്‍ സജീവമാകണം. വികസനത്തിന്റെ പങ്ക് തുല്യമായി ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിംങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. വിഭവങ്ങള്‍ക്കുമേല്‍ അവര്‍ക്ക് പ്രാഥമികമായ അവകാശമുണ്ട്.''
ഈ പ്രസ്താവന അന്ന് തന്നെ പല മാധ്യമങ്ങളും വിവാദമാക്കി. ബിജെപി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ അതുപയോഗിച്ച് പ്രചാരണം നടത്തി. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമിറക്കി.വിഭവങ്ങള്‍ക്കുമേല്‍ ആദ്യ അവകാശമുണ്ടെന്നു പറഞ്ഞത് എസ് സി- എസ് ടി വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് മൊത്തതിലാണെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ആവര്‍ത്തിച്ചു. സാമ്പത്തിക വികസനത്തിലുണ്ടാകുന്ന നേട്ടം സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ലഭിക്കണമെന്നതാണ് പ്രധാനമന്ത്രി പറഞ്ഞത്. മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയ്ക്ക് ഒരു അടിസ്ഥാനമുണ്ട്. അക്കാലത്തായിരുന്നു മുസ്ലിങ്ങളുടെ പിന്നാക്കവാസ്ഥയെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് സച്ചാര്‍ അധ്യക്ഷനായി ഏഴംഗ കമ്മിഷനെ നിയമിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ഇതിനുശേഷമായിരുന്നു ദേശീയ വികസന സമിതിയുടെ യോഗം. മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ ഏതൊക്കെ മേഖലയിലെന്ന് വ്യക്തമാക്കി ചൂണ്ടിക്കാണിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.ഇതുകൂടി പരിഗണിച്ചാവണം, വികസനത്തിന്റെ ഗുണം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കണമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞത്. അതിനെയാണ് പ്രധാനമന്ത്രി മോദി, സ്വത്തുക്കള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് വിതരണം ചെയ്യുമെന്ന് പരാമര്‍ശത്തോടെ വിദ്വേഷപ്രസംഗത്തിന് ഉപയോഗിച്ചത്.
എന്നും ലളിത ജീവിതത്തിന് ഉടമായിരുന്നു അദ്ദേഹം. മന്ത്രിയാകും മുന്‍പ് ഡല്‍ഹിയില്‍ ഡി.ടി.സി. ബസ്സില്‍ സഞ്ചരിച്ചിരുന്ന അപൂര്‍വം ബ്യൂറോക്രാറ്റുകളില്‍ ഒരാളാണ് മന്‍മോഹന്‍സിങ്. ഔദ്യോഗിക കാര്‍ കുടുംബാംഗങ്ങള്‍ ഉപയോഗിക്കുന്നതും അദ്ദേഹം വിലക്കി. ഡോ. മന്‍മോഹന്‍ സിംങ്ങിനും ഭാര്യ ഗുര്‍ശരണ്‍ കൗറിനും മൂന്നു പെണ്‍മക്കളാണുള്ളത്. പഠിച്ച് സ്വന്തം കാലില്‍നില്‍ക്കുന്ന അവര്‍ ആരും തന്നെ രാഷ്ട്രീയ ഭിക്ഷാംദേഹികളല്ല. ആ നിലക്കും മാതൃകയാണ് മന്‍മോഹന്‍.
വാല്‍ക്കഷ്ണം: പ്രബുദ്ധനെന്ന് പറയുന്ന മലയാളി ഏറ്റവും കൂടുതല്‍ പുലഭ്യം പറഞ്ഞ നേതാവ് കൂടിയാവണം, റിക്ഷാക്കാരന്റെ ദൈന്യതയോര്‍ത്ത് ജീവിതത്തിലിതുവരെ സൈക്കിള്‍ റിക്ഷയില്‍ കയറാത്ത മന്‍മോഹന്‍! അല്ലെങ്കിലും ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും നാം മിടുക്കരാണെല്ലോ?