തലച്ചോറു കലങ്ങുന്നതു വരെ തല പിടിച്ച് സിമന്റു തറയിലിടിച്ച് എതിരാളികള്‍ കൊന്ന സഹോദരന്‍; 'ആലപ്പുഴ സിംഹത്തെ' വെറും ബ്രാഞ്ചംഗമാക്കി വെട്ടിയ പിണറായി; ബിന്‍ലാദന്‍ കവിതയെഴുതിയ നേതാവിന് ഇപ്പോള്‍ പണി കൊടുക്കുന്നത് ഇസ്ലാമോ ലെഫ്റ്റ്; ജി സുധാകരന്‍ ഇനി എങ്ങോട്ട്?
ജി സുധാകരന്‍ ഇനി എങ്ങോട്ട്?
ചില അവഗണനകള്‍ അങ്ങനെയാണ്. ശത്രുക്കള്‍ക്കുപോലും സഹതാപം തോന്നിപ്പോവും. അത്തരമൊരു ഗതികെട്ട അവസ്ഥയിലൂടെയാണ്, ഒരുകാലത്ത് താന്‍പോരിമയുടെ പര്യായമായി വിലയിരുത്തപ്പെട്ട, മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍ കടന്നുപോവുന്നത്. താന്‍ ഒരു ആയുഷ്‌ക്കാലം ജീവന്‍ പണയംവെച്ചുപോലും പ്രവര്‍ത്തിച്ച ഒരു പ്രസ്ഥാനത്തിന്റെ സമ്മേളനം വീട്ടിനടുത്ത് നടക്കുമ്പോള്‍, അതില്‍ ഒരു റോളുമില്ലാതെ കാഴ്ചക്കാരനായി നില്‍ക്കുക എന്നത് എന്തൊരു കഷ്ടമാണ്!
ഒരുകാലത്ത് ആലപ്പുഴയിലെ സിംഹമായി സിപിഎം കൊണ്ടുനടന്ന സുധാകരന് പക്ഷേ കഴിഞ്ഞ കുറേക്കാലമായി, പാര്‍ട്ടിയില്‍ യാതൊരു റോളുമില്ലാതായിരിക്കയാണ്. മന്ത്രിസ്ഥനവും, എംഎല്‍എ സ്ഥാനവും, സംസ്ഥാന കമ്മറ്റി സ്ഥാനവുംമൊക്കെ ഘട്ടംഘട്ടമായി നഷ്ടമായ അദ്ദേഹം ഇപ്പോള്‍ വെറും ബ്രാഞ്ച് ഘടകത്തിലാണ്. പാര്‍ട്ടിക്കു പുറത്തുമല്ല അകത്തുമില്ല എന്ന, അവസ്ഥയിലാണ്. കഴിഞ്ഞ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചുരുക്കം ഇടങ്ങളില്‍ മാത്രമാണ് സുധാകരന്‍ പങ്കെടുത്ത പൊതുയോഗങ്ങള്‍ നടന്നത്. കഴിഞ്ഞമാസം വി.എസ്. അച്യുതാനന്ദന്റെ ജന്മദിനാഘോഷം പ്രമാണിച്ച് സിപിഎം സംഘടിപ്പിച്ച പരിപാടിയിലും സുധാകരനെ ക്ഷണിച്ചില്ല. അന്ന് വൈകീട്ട് നാട്ടുകാരും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സുധാകരനെ ക്ഷണിച്ചിരുന്നു. കേക്ക് മുറിച്ച് അദ്ദേഹമാണ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തത്.
ഏറ്റവും ഒടുവിലായി, ജന്‍മനാടയ അമ്പലപ്പുഴയിലെ സിപിഎം ഏരിയ സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാത്തതാണ് ചര്‍ച്ചയായത്. ഉദ്ഘാടന സമ്മേളനത്തില്‍നിന്നും, പൊതുസമ്മേളനത്തില്‍ നിന്നും ഒഴിവാക്കി, സമ്പുര്‍ണ്ണ അവഗണനയാണ്, പാര്‍ട്ടിയിലെ പുത്തന്‍ കൂറ്റുകാര്‍ ഈ വെറ്ററന്‍ നേതാവിനോട് ചെയ്തത്. സുധാകരന്റെ വീടിനടുത്താണ് പൊതുസമ്മേളന വേദിയെന്നോര്‍ക്കണം. എന്നാല്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെ പ്രതികരണം. പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവില്‍ പാര്‍ട്ടി അംഗം മാത്രമാണ് ജി. സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തിരുന്നു.
ആലപ്പുഴ ജില്ലയിലെ സാധാരണക്കാരുടെ മനസ്സറിയുന്ന നേതാവാണ് ജി സുധാകരന്‍. എന്നാല്‍, പ്രായത്തിന്റെ പേരു പറഞ്ഞ് തന്നെ മൂലക്കിരുത്തിയ പാര്‍ട്ടിക്ക് തിരിച്ചൊരടി കൊടുക്കാന്‍ സുധാകരന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജി സുധാകരന്റെ അനിഷ്ടം മനസ്സിലാക്കി അദ്ദേഹത്തെ അടര്‍ത്തിയെടുക്കാന്‍ ശ്രമങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ടെന്ന സൂചനയാണ് കുറച്ചു ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ വീട്ടിലെത്തി സുധാകരനെ കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ബിജെപിയും അദ്ദേഹത്തിന് വേണ്ടി ശ്രമങ്ങള്‍ തുടങ്ങി.സുധാകരന്‍ മറുകണ്ടം ചാടുമോ എന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന മില്യന്‍ ഡോളര്‍ ചോദ്യം!
കെഎസ്യുക്കാര്‍ കൊന്ന സഹോദരന്‍
ശരിക്കും, ചോര വീണമണ്ണില്‍നിന്ന് ഉയര്‍ന്നുവന്ന പൂമരം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ജീവിതമാണ് ജി സുധാകരന്റെത്. അത്രയേറെ ഇടിയും തൊഴിയും കൊണ്ട് വളര്‍ന്ന നേതാവാണയാള്‍. ബന്ധുബലംകൊണ്ടോ, നേതാവിന്റെ പെട്ടിപിടിച്ചോ വളര്‍ന്ന ആളല്ല. അതിന്റെ 'അഹങ്കാരം' സുധാകരന്റെ വാക്കുകളിലുമുണ്ട്. താമരക്കുളം പഞ്ചായത്ത് വേടരപ്ലാവ് വാര്‍ഡില്‍ നല്ലവീട്ടില്‍ പി. ഗോപാലക്കുറുപ്പിന്റേയും എല്‍. പങ്കജാക്ഷിയുടേയും അഞ്ചുമക്കളില്‍ രണ്ടാമനാണ് സുധാകരന്‍. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം ഇടത്രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി.
1967-ല്‍ പഠനകാലത്ത് തന്നെ സി.പി.എം അംഗവുമായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ( കെഎസ്എഫ്) സംസ്ഥാന ജോയന്റ് സെക്രട്ടറിയായിരുന്നു . 1971-ല്‍ എസ്.എഫ്.ഐ.യുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ.യുടെ ആദ്യകാല കേന്ദ്ര എക്സിക്യുട്ടീവ് സമിതി അംഗമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് വിദ്യാര്‍ത്ഥികളുടെ ജാഥ നയിച്ച അദ്ദേഹം കൊടിയ പൊലീസ് മര്‍ദ്ദനത്തിനിരയായി. തിരുവനന്തപുരം സബ് ജയിലിലും സെന്‍ട്രല്‍ ജയിലിലുമായി 3 മാസം തടവ് അനുഭവിച്ചു.
സഹോരന്‍ ഭുവനേശ്വരന്റെ രക്തസാക്ഷിത്വം ഉണ്ടായത് ഇക്കാലത്താണ്. വെറും 17 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന, പന്തളം എന്‍.എസ്സ്.എസ്സ്.കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഭുവനേശ്വരന്‍ 1977 ഡിസംബര്‍ 7 നാണ് കെ.എസ്.യു പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുന്നത്.
തലച്ചോറു കലങ്ങുന്നതുവരെ ഭുവനേശ്വരന്റെ തല പിടിച്ച് സിമന്റു തറയിലിടിച്ചവരാണ് കെഎസ് യുക്കാര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി.
അടിച്ചും ഇടിച്ചും തൊഴിച്ചും ആണ് അയാളെ കോളേജ് കാമ്പസില്‍ ഒരു ക്ലാസു മുറിയിലേക്കോടിച്ചു കയറ്റി പച്ചജീവനോടെ പട്ടാപ്പകല്‍ കൊന്നിട്ടത്. സാധാരണ നിലയില്‍ പെട്ടെന്നൊന്നും വികാരാധീനാവുന്നയാളല്ലായിരുന്നു സുധാകരന്‍ ആ കാലത്ത്. പക്ഷേ ഭുവനേശ്വരന്റെ മരണം സുധാകരനെ വല്ലാതെ ബാധിച്ചു. ആ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിപ്പിക്കുകയെന്നത് ആ സഹോദരന്‍ ഒരു ജീവിതവ്രതമായിത്തന്നെ അദ്ദേഹം ഏറ്റെടുത്തു. ഭുവനേശ്വരന്റെ കൊലയിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച 'കലാലയത്തിലെ കാപാലികന്മാര്‍' എന്ന പേരില്‍ സുധാകരന്റെ നേതൃത്വത്തില്‍ ഒരു ലഘുലേഖ തയ്യാറക്കിയിരുന്നു. സഹോദരന്റെ പേരില്‍ ഒരു ലൈബ്രറിയടക്കമുള്ള കാര്യങ്ങക്കും മറ്റ് സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സുധാകരന്‍ നേതൃത്വം കൊടുക്കുന്നു. കുട്ടിക്കാലം മുതല്‍ കലയിലും സാഹിത്യത്തിലും സ്പോര്‍ട്സിലും താല്‍പര്യമുണ്ടായിരുന്ന, പഠിക്കാന്‍ മിടുക്കനായിരുന്ന അനുജനെക്കുറിച്ച് ജി സുധാകരന്‍ എഴുതിയ അനുസ്മരണക്കുറിപ്പ് ഹൃദയസ്പര്‍ശിയായിരുന്നു. സുധാകരന്റെ കണ്ണ് നിറയുന്നത് ആരെങ്കിലും, കണ്ടിട്ടുണ്ടെങ്കില്‍ അത് സഹോദരനെകുറിച്ച് പറയുമ്പോള്‍ ആണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
കൈ വിട്ട വാക്ക് വാവിട്ട ആയുധം
വെറും പത്താംക്ലാസും ഗുസ്തിയുമായി കേരളരാഷ്ട്രീയത്തില്‍ കടവിറങ്ങാനെത്തിയ ഭിക്ഷാംദേഹിയല്ല സുധാകരന്‍. നിയമ ബിരുദധാരിയും ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദവുമുള്ള നേതാവാണ് അദ്ദേഹം. അധ്യാപകന്‍ സവില്‍ സര്‍വീസിന് ശ്രമിക്കാന്‍ പറഞ്ഞിട്ടും അദ്ദേഹം രാഷ്ട്രീയമാണ് തന്റെ കര്‍മ്മ മണ്ഡലമായി തെരഞ്ഞെടുത്തത്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍, കശുവണ്ടിത്തൊഴിലാളി സമരങ്ങള്‍, എന്‍ .ജി.ഒ. അദ്ധ്യാപകരുടെ സമരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി തവണ അറസ്റ്റ് വരിച്ചു. സിപിഎമ്മിലെ തലയെടുപ്പുള്ള നേതാവായി സുധാകരന്‍ വളര്‍ന്നു.സിഐ.ടി.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ്, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി, കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗം എന്ന നിലയിലൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചൂ.
കായംകുളത്തുനിന്ന് 1996-ല്‍ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ അമ്പലപ്പുഴയില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2006-2011 കാലത്ത് വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയുമായിരുന്നു. 2009 വരെ ദേവസ്വം വകുപ്പും കൈകാര്യം ചെയ്തു. പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി. ഈ സമയത്ത് എന്നു വിവാദനായകനായിരുന്നു അദ്ദേഹം. കൈ വിട്ട വാക്ക് വാവിട്ട ആയുധം എന്ന ചൊല്ലുപോലെ നാക്ക് പലപ്പോഴും അദ്ദേഹത്തെ ചതിച്ചു. ഗൗരിയമ്മ പാര്‍ട്ടി വിട്ടപ്പോള്‍ അവരെ അധിക്ഷേപിച്ചുകൊണ്ടുള്ള, സുധാകരന്റെ ചില വാക്കുകള്‍ വിവാദമായി. അതുപോലെ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെതന്നെ, ഐഎഎസുകാരെ നായയുമായി ഉപമിച്ചും അദ്ദേഹം വിവാദത്തില്‍പെട്ടു.
ദേവസ്വം മന്ത്രിയായപ്പോഴും അദ്ദേഹം നിരന്തരം വിവാദത്തില്‍പെട്ടു. അമ്പലത്തി െല പൂജാരിമാര്‍ അടിവസ്ത്രം ധരിക്കണമെന്ന മന്ത്രിയുടെ പ്രസ്ഥാന വലിയ ചര്‍ച്ചയായി. അതുപോലെ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ എന്ന ജ്യോതിഷ നടത്തിയ ദേവപ്രശ്ന തട്ടിപ്പും പൊളിച്ചടുക്കിയത് ദേവസ്വം മന്ത്രിയായ സുധാകരനാണ്്. ശബരിമലയിലെ ശ്രീകോവിലില്‍ ഒരു സത്രീ കയറിയിട്ടുണ്ടെന്ന് ദേവപ്രശ്നത്തില്‍ പണിക്കര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കന്നഡ നടിയായ ജയമാല ഇത് സ്ഥിരീകരിച്ചുകൊണ്ട് ഫാക്സ് അയച്ചു. പക്ഷേ സുധാകരന്‍ ഇത് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അപ്പോഴാണ് അറിയുന്നത്, ജയമാലക്ക് ഉണ്ണികൃഷ്ണ പണിക്കരെ നേരത്തെ അറിയമായിരുന്നുവെന്നും, മുമ്പ് തന്റെ വീട്ടില്‍ ജ്യോതിഷ പ്രശ്നം നോക്കാന്‍ വന്നപ്പോള്‍, പണിക്കരോട് പറഞ്ഞ കാര്യമാണ്, ഇതെന്നും ജയമാല മൊഴി നല്‍കി. ഇത് ദേവപ്രശ്്നത്തില്‍ തെളിഞ്ഞുവെന്ന രീതിയില്‍ പണിക്കര്‍ തട്ടിവിടുകയായിരുന്നു. സുധാകരന്‍ തുടക്കമിട്ട ചര്‍ച്ചയുടെ ഭാഗമായി ദേവസ്വം ബോര്‍ഡിലെ പൂജാരിമാരുടെ യോഗ്യതയടക്കം പഠിക്കാന്‍ പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ വന്നതും, പല തന്ത്രിമാര്‍ക്കും അടിസ്ഥാന യോഗ്യത ഇല്ല എന്നകാര്യം പുറത്തുവന്നതും മലയാളി മറന്നിട്ടുണ്ടാവില്ല.
പക്ഷേ അമ്പലം വിഴുങ്ങാത്ത അപൂര്‍വം ദേവസ്വം മന്ത്രി എന്ന നിലയില്‍ സുധാകരന്‍ അറിയപ്പെട്ടു. എത് വകുപ്പ് ഭരിച്ചാലും മന്ത്രി എന്ന നിലയില്‍ അഴിമതി രഹിതനായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സര്‍ക്കാറില്‍ പൊതുമരാമത്ത് മന്ത്രിയെന്ന നിലയിലും അദ്ദേഹം പേരെടുത്തു. സുധാകരന്‍ അഴിമതി കാട്ടിയെന്ന് പ്രതിപക്ഷത്തിനുപോലും പറയാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പിലെ അഴിമതികളെക്കുറിച്ചും, കൊടുകാര്യസ്ഥകളെക്കുറിച്ചും പരാതി വരുമ്പോഴാണ്, സുധാകരന്‍ എത്ര ഡീസന്റായിരുന്നു എന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറയുന്ന സാഹചര്യം ഉണ്ടായത്.
പിണറായിക്കുവേണ്ടി പൊരുതി, ഒടുവില്‍..
ഇപ്പോള്‍ സുധാകരന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ, വിതച്ചത് കൊയ്യുക എന്നാണ് പറയാനുള്ളത്. സിപിഎം വിഭാഗീയതക്കാലത്ത് പിണറായി വിജയനൊപ്പം ഉറച്ചു നിന്ന സുധാകരന്‍, വി എസ് പക്ഷത്തെ നേതാക്കളെ പുറത്താക്കാനും, ഒതുക്കാനുമൊക്കെ മുന്നില്‍നിന്നയാളാണ്. ഇപ്പോള്‍ അതേ സുധാകരനെ പിണറായി വിജയന്‍ തന്നെ ഒടിച്ച് മടക്കിയിട്ടിരിക്കയാണ്. വി.എസിന്റെ ശക്തി കേന്ദ്രമായ ആലപ്പുഴയില്‍, തനിക്കു വേണ്ടി സ്വന്തം നാട്ടിലെ തലമുതിര്‍ന്ന നേതാവിനെ വെട്ടാന്‍ തയ്യാറായ ആള്‍ തനിക്കെതിരേയും വാളെടുക്കില്ലെന്ന് ആര് കണ്ടു എന്ന മട്ടിലാണ് പിണറായി ജി. സുധാകരനെ കണ്ടത് എന്നാണ് അഡ്വ ജയശങ്കറിനെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
വി.എസ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടതോടെ പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ പിണറായിസമായി. അതോടെയാണ് മുതിര്‍ന്ന നേതാക്കളെ ഒറ്റയടിക്ക് ഒഴിവാക്കാന്‍ തുടങ്ങിയത്. പുതു തലമുറ നേതാക്കളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമെന്ന നിലയിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുതിര്‍ന്ന നേതാക്കളെയെല്ലാം വെട്ടിയത്. രണ്ടുതവണ എംഎല്‍എ ആയവരെ മാറ്റി. മന്ത്രിസഭയില്‍ ചെറുപ്പക്കാരായവരെ ഉള്‍പ്പെടുത്തി. അതിലെല്ലാം മരുമകന്‍ മുഹമ്മദ് റിയാസിനെ വളര്‍ത്താനുള്ള ശ്രമവും ആരോപിക്കപ്പെട്ടു. പാര്‍ട്ടിയിലും പ്രായപരിധി ഏര്‍പ്പെടുത്തിയതോടെ 75 വയസ്സിനോട് അടുക്കുന്ന. സുധാകരന്‍ അടക്കമുള്ളവര്‍ ഒന്നുമല്ലാതായി. സംസ്ഥാന കമ്മറ്റിയില്‍നിന്ന് പ്രായ പരിധിയുടെ പേരില്‍ ഒഴിവാക്കപ്പെട്ടതോടെ വെറും ബ്രാഞ്ച് അംഗമായാണ് അദ്ദേഹം മാറിയത്. ഇപ്പോള്‍ ഈ പ്രായപരിധിയൊക്കെ ആരാണ് ഉണ്ടാക്കിയത് എന്നൊക്കെയാണ് ഒരിക്കല്‍ സുധാകരന്‍ പൊട്ടിത്തെറിച്ചത്. പാര്‍ട്ടികൊണ്ടുവന്ന ഒരു നിബന്ധന പാര്‍ട്ടിക്കുതന്നെ മാറ്റാമെല്ലോ എന്നും അദ്ദേഹം ചോദിക്കുന്നത്.
ഇപ്പോള്‍ ആകെ അവഗണിക്കപ്പെട്ട് കഴിയുന്ന ഈ കാലത്ത് സുധാകരന് ചില തിരിച്ചറിവുകള്‍ ഉണ്ടാവുന്നുണ്ട്. സി.പി.എമ്മിന്റെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടി.ജെ. ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത് കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയാണെന്ന് ജി. സുധാകരന്‍ ഈയിടെ തുറന്നടിച്ചിരുന്നു. ''ഞങ്ങള്‍ അദ്ദേഹത്തെ (ആഞ്ചലോസിനെ) എം.പി.യും എം.എല്‍.എ.യും യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനുമൊക്കെയാക്കിയത് എല്ലാവര്‍ക്കും അറിയാമല്ലോ. വളരെ ചെറുപ്പത്തില്‍ത്തന്നെയാണ് ആ പോസ്റ്റിലൊക്കെയാക്കിയത്. അവിടെല്ലാം മിന്നിത്തിളങ്ങുകയും ചെയ്തു. അസംബ്ലിയിലും പാര്‍ലമെന്റിലുമൊക്കെ മിന്നിത്തിളങ്ങി. എന്തോ അദ്ദേഹം കടപ്പുറത്തൂടെ നടന്നുവെന്നൊക്കെ പറഞ്ഞിട്ട് ഒരു കള്ള റിപ്പോര്‍ട്ട് കൊണ്ടുവന്നു. നമ്മളിതൊന്നും അറിയുന്നില്ല.
അക്കാലത്ത് എന്നെ ഡി.സി. (ജില്ലാ കമ്മിറ്റി) യോഗത്തില്‍ അധ്യക്ഷന്‍ ആക്കാറേയില്ല. വി. കേശവനാണു സെക്രട്ടറി. അന്നെന്നെ അധ്യക്ഷനാക്കി. എനിക്കു സംശയമൊന്നും തോന്നിയില്ല. എന്നോടു പറയാതെ ഈ അജന്‍ഡ കൊണ്ടുവന്ന് ആഞ്ചലോസിനെ പുറത്താക്കി. ആരും ഒന്നും ചര്‍ച്ച ചെയ്യുന്നില്ല.വാര്‍ത്ത വന്നത് ജി. സുധാകരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുറത്താക്കിയെന്നാണ്. ഞാനേറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും സ്വന്തം അനുജനെപ്പോലെ കരുതുകയും ചെയ്യുന്ന പ്രിയപ്പെട്ടയാളാണ് ആഞ്ചലോസ്. എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ഇരുട്ടടിയായിരുന്നു അത്. ചതിച്ചതാണ് എന്നെ.ചതിച്ചയാള്‍ പിന്നെ നല്ല തരത്തിലല്ല മരിച്ചതെന്നതു വേറെ കാര്യം. അതൊന്നും ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു. അതുകൊണ്ട് സി.പി.ഐ.ക്ക് നല്ലൊരു സെക്രട്ടറിയെ കിട്ടി.''- സുധാകരന്‍ പറയുന്നു.
ലാദന്‍ കവിതയെുഴുതിയ മഹാകവി!
രാഷ്ട്രീയത്തേക്കാള്‍ ജി സുധാകരന്‍ വിമര്‍ശിക്കപ്പെട്ടത് അദ്ദേഹം എഴുതുന്ന നിലവാരമില്ലാത്ത കവിതകളുടെ പേരിലാണ്. മുമ്പ് ആഗോള ഭീകരന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെപ്പോള്‍, 'ലാദന്‍,ലാദന്‍ ബിന്‍ ലാദന്‍... ഭീരുവാണീ ഒബാമയെന്നോര്‍ക്കുക' എന്ന കുപ്രസിദ്ധമായ കവിതയെഴുതി, ഇസ്ലാമിസ്റ്റുകള്‍ക്ക് ഊര്‍ജം പകര്‍ന്ന കമ്യൂണിസ്റ്റ് നേതാവാണ് ഇദ്ദേഹം. പക്ഷേ അവസാനം അദ്ദേഹത്തിന് പണികൊടുത്തതും ആലപ്പുഴയിലെ ഇസ്ലാമോ-ലെഫ്റ്റ് ആണെന്ന് പാര്‍ട്ടിയില്‍ തന്നെ സംസാരമുണ്ട്. ആലപ്പുഴയിലെ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ നുഴഞ്ഞു കയറിയെന്നും ആരോപണം ശക്തമാണ്. ഇതിനെ എതിര്‍ക്കുന്ന സുധാകരന്‍ അവരുടെ കണ്ണില്‍ കരടാണ്. അതുപോലെ മണല്‍ മാഫിയ സംഘവും കള്ളക്കടത്തുകാരും പിടിമുറുക്കിയിരിക്കുയാണെന്നും സുധാകരന്‍ പാര്‍ട്ടിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതൊക്കെ കൊള്ളുന്നത് ജില്ലാ നേതൃത്വത്തിനാണ്.
പക്ഷേ എന്തൊക്ക വിമര്‍ശനം ഉണ്ടായിട്ടും സുധാകരന്‍ കവിയ എഴുത്ത് നിര്‍ത്തിയില്ല. ഡോ ആസാദ് ഇതേക്കുറിച്ച് ഒരിക്കല്‍ ഇങ്ങനെ എഴുതി-''ജി സുധാകരന്‍ കവിതകൊണ്ടു നടത്തുന്ന അക്രമം അസഹനീയമാണ്. എങ്കിലും മറ്റു പലതും സഹിക്കാനുള്ള ത്രാണി അതു തരുന്നുണ്ട്''.തെറ്റുതിരുത്തല്‍ കാമ്പയിന്‍ തുടങ്ങിയാല്‍ മേല്‍കമ്മറ്റികള്‍ ചാടിവീണു, സുധാകരന്റെ കവിത നിര്‍ത്തിച്ചു കളയുമോ എന്നാണ് അഡ്വ ജയശങ്കര്‍ ഒരിക്കല്‍ കമന്റ് ചെയ്തത്. പക്ഷേ എന്ത് വിര്‍മശനം ഉണ്ടായിട്ടും അദ്ദേഹം കവിതയുമായി മുന്നോട്ട്പോവുകയാണ്. മഹാകവി ജി എന്നൊക്കെയുള്ള പരിഹാസം കേട്ടിട്ടൊന്നും സുധാകരന് യാതൊരു കുലുക്കവുമില്ല.
കോണ്‍ഗ്രസിലേക്കോ, ബിജെപിയിലേക്കോ?
നാക്കാണ്, ജി സുധാകരന് ഇത്രയേറെ ശത്രുക്കളെ സമ്പാദിച്ചുകൊടുത്തത്. സ്വന്തം പാര്‍ട്ടിയിലെ പ്രതിയോഗികളെപ്പോലും അധിക്ഷേപിച്ച് സംസാരിച്ചതിന് ഇന്ന് അദ്ദേഹം ഖേദിക്കുന്നുണ്ടാവും. ഒരു കുടുംബശ്രീയുടെ വനിതാനേതാവിനെ ഒരു പൊതുവേദിയില്‍ സുധാകരന്‍ ആക്ഷേപിച്ച് ഇറക്കിവിടുന്ന വീഡിയോ ഇന്നും സമൂഹ മാധ്യമങ്ങളിലുണ്ട്. കായംകുളം എംഎല്‍എയായ പ്രതിഭാഹരിയൊക്കെ സുധാകരന്റെ നാക്കിന്റെ ചൂട് അറിഞ്ഞവരാണ്. അതുപോലെ തോമസ് ഐസക്കുമായും എന്നും മോശം ബന്ധത്തിലായിരുന്നു സുധാകരന്‍. ഒടുവില്‍ പിണറായി രണ്ടു നേതാക്കളെയും ഒരുപോലെ മൂലക്കിരുത്തി.
ഈ എന്തും പറയുന്ന നാക്കിനെയാണ് സത്യത്തില്‍ പിണറായി അടക്കം പേടിക്കുന്നത്. ഈ നാക്ക് പലപ്പോഴും സുധാകരന് അച്ചടക്ക നടപടിയും വാങ്ങിക്കൊടുത്തു. ഏറ്റവും അവസാനം അദ്ദേഹം പെട്ടത് ഒരു അഭിമുഖത്തില്‍ നരേന്ദ്രമോദിയെ സ്തുതിച്ചതിന്റെ പേരിലാണ്. 24 ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ സുധാകരന്‍, നരേന്ദ്രമോദി കരുത്തനായ നേതാവാണെന്നും ബിജെപി മന്ത്രിസഭയിലെ അംഗങ്ങള്‍ വ്യക്തിപരമായ അഴിമതി നടത്തിയിട്ടില്ല എന്ന് പറഞ്ഞത് വന്‍ വിവാദമായി. പാര്‍ട്ടി അച്ചടക്ക നടപടി വന്നതോടെ അദ്ദേഹം ഉരുണ്ടുകളിച്ചു. അതുപോലെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും സുധാകരന്‍ ഈയിടെ മലക്കം മറിഞ്ഞു.
ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം വിവാദമായി. എന്നാല്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും, യുവതീപ്രവേശനം വിലക്കി ചട്ടമുണ്ട്, അത് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നമാണ് അദ്ദേഹം വിവാദമായതോടെ വിശദീകരിക്കുന്നത്. ശബരിമലയിലേത് നിത്യബ്രഹ്‌മചാരി സങ്കല്‍പ്പമാണ്. അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത് എന്നാണ് അദ്ദേഹത്തിന്റെ പുതിയ വാദം. ഒരുകാലത്ത് നവോത്ഥാനമതില്‍ പണിയാന്‍ പോയ ആളാണ് സുധാകരന്‍ എന്നോര്‍ക്കണം. ഇപ്പോള്‍ അദ്ദേഹം പരോക്ഷമായി പറയുന്നത് ആചാര സംരക്ഷണമാണ്.
ഇതുകൊണ്ടൊക്കെ കൂടിയാണവണം, ജി സുധാകരന്റെ പാതി മനസ് തങ്ങള്‍ക്ക് ഒപ്പമാണെന്ന്, അദ്ദേഹത്തെ സന്ദര്‍ശിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ പറയുന്നത്. മനസുകൊണ്ട് ജി. സുധാകരനും ഭാര്യയും ബിജെപിയില്‍ അഗത്വം സ്വീകരിച്ച് കഴിഞ്ഞവെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്നെ ജി. സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജി. സുധാകരന്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഷയങ്ങള്‍ വാസ്തവമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ കെ സി വേണുഗോപാല്‍ സന്ദര്‍ശിച്ചതോടെ സുധാകരന്റെ പോക്ക് കോണ്‍ഗ്രസിലേക്കാണെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. എന്തായാലും ഇത്രയും അവഗണന സഹിച്ച് അദ്ദേഹം പാര്‍ട്ടിയില്‍ കടിച്ചു തൂങ്ങില്ല എന്ന് ഉറപ്പാണ്.
വാല്‍ക്കഷ്ണം: എന്തെല്ലാം കുഴപ്പങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തീര്‍ത്തും അഴിമതി രഹിതനായ നേതാവായിരുന്നു ജി സുധാകരന്‍. കേരള രാഷ്ട്രീയത്തില്‍ കുറ്റിയറ്റുപോവുന്ന അപൂര്‍വ ജനുസ് തന്നെയാണ് ഈ വിഭാഗം.