ഇടതു പ്രീണന നയങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രചരണമേറ്റു; ഹിന്ദു വോട്ടുകളില്‍ ഒരു വിഭാഗം ബിജെപിയിലേക്ക്; മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന്; ശബരിമല സ്വര്‍ണ്ണക്കൊള്ളയും വലിയ തിരിച്ചടി; ഒപ്പം ഇരട്ട ഭരണവിരുദ്ധ വികാരവും; ഹമാസിനുവേണ്ടി കരഞ്ഞതും ധ്രുവീകരണമുണ്ടാക്കി; സിപിഎമ്മിനെ കാത്തിരിക്കുന്നത് ബംഗാള്‍ മോഡല്‍ തകര്‍ച്ചയോ!
സിപിഎമ്മിനെ കാത്തിരിക്കുന്നത് ബംഗാള്‍ മോഡല്‍ തകര്‍ച്ചയോ!
ജയിച്ച് ഞെട്ടുന്ന യുഡിഎഫ്! തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുരോഗമിക്കുമ്പോള്‍, ആദ്യം ഞെട്ടുന്നത് വിജയികളാവുന്ന ഐക്യമുന്നണി ക്യാമ്പ് തന്നെയാണ്. കാരണം ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനവിവാദവും മറ്റുമായി നിരന്തരം പ്രതിരോധത്തിലായിരുന്നു യുഡിഎഫ്. ശബരിമല സ്വര്‍ണ്ണക്കൊള്ളയും, സംസ്ഥാന സര്‍ക്കാര്‍ ഭരണത്തിലെ പോരായ്മകളും കൃത്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്ന് ആരോപണം ഉയര്‍ന്നു. ചാനലുകളായ ചാനലുകളില്‍ ഒക്കെയും, യുഡിഎഫിനെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്.
അതുകൊണ്ടുതന്നെ ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം ലഭിക്കുമെന്നും, അത് മൂന്നാം ഇടതുപക്ഷ സര്‍ക്കാറിലേക്ക് നീങ്ങുമെന്നുമുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു. ഇതുകണ്ടുകൊണ്ടുതന്നെ വെള്ളാപ്പള്ളി നടേശനും, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറും, ഒരുപരിധിവരെ സുകുമാരന്‍ നായരും എന്‍എസ്എസും ഒക്കെ ഇടതിനെ വെറുപ്പിക്കാതെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍നിന്നു. പക്ഷേ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്ലാവരും ഞെട്ടി. വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എങ്ങും യുഡിഎഫ് തരംഗം!
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും യുഡിഎഫ് മുന്നിലാണ്.്ര്ര ഗാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി എല്ലാ മേഖലയിലും ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. 2010ന് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്.
എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്. സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാന്‍ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തല്‍. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിന് ഭരണംപോവുമെന്ന് ഉറപ്പാണ്. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കയറുന്നത്. ബി.ജെ.പിക്കും വലിയ നേട്ടം അവകാശപ്പെടാനുണ്ട്. കേരളത്തിലെ വോട്ട് ഭിന്നിക്കുന്നത് ബംഗാള്‍ മോഡലിലാണെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.
'എല്‍ഡിഎഫ് വരും എല്ലാം ശരീയത്ത് ആവും'
ഹിന്ദുവോട്ടുകളില്‍ ഒരു പ്രധാനഭാഗം ബിജെപിയിലേക്ക് പോയി. മുസ്ലീം വോട്ടുകള്‍ ഒന്നടങ്കം തൃണമൂലിലേക്കും. മൂന്നരപതിറ്റാണ്ട് സിപിഎം ഭരിച്ച ചുവന്ന ബംഗാളില്‍, കെട്ടിവെച്ച കാശ്‌പോലും കിട്ടാത്ത രീതിയില്‍ സിപിഎം മാറിയത് അങ്ങനെയാണ്! ഈ ട്രെന്‍ഡിന്റെ ഒരു ചെറിയ മോഡലാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. കേരളത്തിലും മുസ്ലീം- ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി വീണു. പക്ഷേ എല്‍ഡിഎഫിന്റെ പരമ്പരാഗത അടിത്തറയായ ഹിന്ദുവോട്ടുകളില്‍ ഒരു വിഭാഗം ബിജെപിയിലേക്കും പോയി. മുസ്ലീം- ക്രിസ്ത്യന്‍ കണ്‍സോളിഡേഷനായിരുന്നു എക്കാലത്തും യുഡിഎഫിന്റെ വോട്ടുബാങ്ക്. ഇത്തവണയും അത് വിജയിച്ചു.
മതങ്ങളെ തൂക്കിനോക്കുമ്പോള്‍ കൈവിറക്കുന്ന ഇടതുപക്ഷത്തിന്റെ, വണ്‍സൈഡ് നവോത്ഥാനം തിരിച്ചടിയാവുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നൂവെങ്കിലും സിപിഎം നേതാക്കാള്‍ അതെല്ലാം അവഗണിക്കയായിരുന്നു. ഇടതു ഭരണത്തിലെ ഇസ്ലാമിക പ്രീണനത്തിനെതിരെ 'എല്‍ഡിഫ് വരും എല്ലാം ശരീയത്താവും' എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. കാര്യങ്ങള്‍ നോക്കുമ്പോള്‍ ഇതില്‍ ഭാഗികമായി ശരിയുണ്ടെന്ന് പറയാതെ വയ്യ. സമസ്ത കണ്ണുരുട്ടിയാല്‍ എന്തും ചെയ്യുന്ന രീതിയിലേക്കാണ് സര്‍ക്കാര്‍ മാറിയത്. സ്‌കുള്‍ സമയമാറ്റം, സൂംമ്പ ഡാന്‍സ്, ജെന്‍ഡര്‍ ന്യൂട്രാലിറ്റി, പാഠ പുസ്തക പരിഷ്‌ക്കരണം, ഏറ്റവും ഒടുവിലായി ഹിജാബ് വിവാദം. ഇതിലൊക്കെ സര്‍ക്കാര്‍ സമ്സതപോലുള്ള സംഘടനകള്‍ക്ക് വഴങ്ങിയെന്ന് കടുത്ത വിമര്‍ശനമുണ്ട്. ഇതെല്ലാം നിഷ്പക്ഷരായ ഹിന്ദുവോട്ടര്‍മാരുടെ വോട്ടുകള്‍ എല്‍ഡിഎഫിന് എതിരാക്കി.
മാത്രമല്ല തിരഞ്ഞെടുപ്പിന് തൊട്ട് തലേന്നുള്ള ആഴ്ചകള്‍വരെ ഗാസയിലെ ഹമാസിന് പരോക്ഷ പിന്തുണ കൊടുക്കുന്ന രീതിയിലായിരുന്നു, സൊ കോള്‍ഡ് ഇടത് സാസ്‌ക്കാരിക നായകരുടെയും പ്രകടനം. കൊടും തീവ്രവാദികളായ ഹമാസിനെ, ഭീകരര്‍ എന്ന് വിളിക്കാന്‍പോലും കേരളാ മുഖ്യമന്ത്രിക്ക്പോലും ധൈര്യമുണ്ടായില്ല. മറുഭാഗത്ത് ധ്രുവീകരണത്തിനാണ് അത് വഴിവെച്ചത്. ഗാസയിലെ ഇല്ലാത്ത കുട്ടികളുടെ പേരുകളടക്കം വായിച്ച് കണ്ണീര് ഒഴുക്കുന്ന സംസ്‌ക്കാരിക നായകരില്‍ ആരും തന്നെ പഹല്‍ഗാം ഭീകരാക്രമണത്തിലടക്കം പ്രതികരിക്കാതിരുന്നത് വലിയ ചര്‍ച്ചയായി. ഇതെല്ലാംമൂലം സിപിഎമ്മിന്റെ പരമ്പരാഗതമായ ഈഴവ വോട്ട്ബാങ്കില്‍പോലും ചോര്‍ച്ചയുണ്ടായി.
തീ കോരിയിട്ട ശബരിമല
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ കനല്‍ത്തരിയാക്കിയതിന്റെ പ്രധാനകാരണം, ശബരിമലയായിരുന്നു. സ്ത്രീ പ്രവേശന വിധി നടപ്പക്കാനായി സര്‍ക്കാര്‍ നടത്തിയ കുറക്കുവഴികള്‍ ഹൈന്ദവവിശ്വാസികളുടെ മനസ്സില്‍ തീകോരിയിടുകയായിരുന്നു. കുറേ ആക്റ്റീവിസ്റ്റുകളെ സര്‍ക്കാര്‍ ചെലവില്‍വേഷം കെട്ടി ഇറക്കുകയും, അങ്ങനെ സത്രീ പ്രവേശനം നടപ്പായതായി പറഞ്ഞതുമെല്ലാം വലിയ രീതിയില്‍ ഹൈന്ദവ വോട്ടുകള്‍ ഇടതുമുന്നണിയില്‍നിന്ന് ഒലിച്ചുപോവാന്‍ ഇടയാക്കിയിരുന്നു. അതിനുശേഷം വീണ്ടും ശബരിമല ഒരു വികാരമായി വന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ നടന്നിട്ടില്ലാത്തത്ര തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടയില്‍ ശബരിമലയില്‍ നടന്നത് എന്ന് പറഞ്ഞായിരുന്നു, യുഡിഎഫിന്റെയും ബിജെപിയുടെയും പ്രചരണം. 1999 -ല്‍ വിജയ് മല്യ സ്വര്‍ണം പൂശി നല്‍കിയ ദ്വാരപാലക ശില്‍പങ്ങളാണ് ദേവസ്വം രേഖകളില്‍ ചെമ്പാക്കി വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ബിനാമിക്കു നല്‍കിയയെന്ന ആരോപണം വിശ്വാസികളില്‍ വലിയ പ്രശ്നമാണ് ഉണ്ടാക്കിയത്. എന്‍ വാസുവും, പത്മകുമാറും അടക്കമുള്ള പ്രമുഖ നേതാക്കള്‍ കേസില്‍ അറസ്റ്റിലായതും സിപിഎമ്മിന് തലവേദനയായി.
ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവും അനുസരിച്ച് ശബരിമലയില്‍ നിന്ന് സ്വര്‍ണം പൂശാന്‍ ഇവയൊന്നും പുറത്തു കൊണ്ടു പോകാന്‍ പാടില്ല. ഇത് ദേവസ്വത്തിനും ദേവസ്വം മന്ത്രിക്കും അറിവുള്ളതാണ്. എന്നിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റി എന്നയാള്‍ക്ക് ഇതിന് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യത്തിന് മുന്നില്‍ ചാനല്‍ ചര്‍ച്ചകളിലും ഇടതുപക്ഷത്തിന് ഉത്തരം മുട്ടി. ഭഗവാന്റെ ശ്രീകോവിലില്‍ നിന്നു പോലും മോഷണം നടത്തിയിരിക്കുന്നുവെന്ന പ്രചാരണം ഹിന്ദുവോട്ടുകളെ നന്നായി സ്വാധീനിച്ചു. 'ശബരിമലയില്‍ വിഗ്രഹം ബാക്കിവെച്ച സര്‍ക്കാറിന് അഭിവാദ്യങ്ങള്‍' എന്നായിരുന്നു പലയിടത്തും കോണ്‍ഗ്രസും ബിജെപിയും വെച്ച പോസ്റ്ററുകള്‍.
ഇരട്ട ഭരണവിരുദ്ധ വികാരം
ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം അത്ര കാര്യക്ഷമമൊന്നുമായിരുന്നില്ല. എന്നിട്ടും അവര്‍ ജയിക്കുന്നത് സ്വന്തം മിടുക്കുകൊണ്ടല്ല. പടലപ്പിണക്കങ്ങളും, ഗ്രൂപ്പിസവും, ലൈംഗിക അപവാദങ്ങളുമെല്ലാം കോണ്‍ഗ്രസിനെ ഗ്രസിച്ചിരുന്ന കാലമാണ് കടന്നുപോവുന്നത്. പക്ഷേ അവിടെയല്ലാം അവരെ രക്ഷിച്ചത് മറ്റൊരു സാധനമാണ്. അതാണ് ഭരണവിരുദ്ധ വികാരം. ഇത്തരവ ഇരട്ട ഭരണവിരുദ്ധ വികാരത്തിന്റെ ചിറകിലേറിയാണ്, ഐക്യമുന്നണി തരംഗം വന്നത്. ഒന്ന്, ഭരിക്കുന്ന പിണറായി സര്‍ക്കാറിനെതിരായ അതിശക്തമായ വികാരം. രണ്ട് ഓരോ തദ്ദേശ സ്ഥാപനങ്ങളിലെ ഇടത് ഭരണത്തോടുമുണ്ടായ വികാരം. ഇതുരണ്ടും ചേര്‍ന്നുണ്ടായ ഒരു രാഷ്ട്രീയ സൂനാമിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
അടിക്കടി ആരോപണത്തിലൂടെയാണ് സംസ്ഥാനത്തെ മുഖ്യമന്ത്രിവരെ കടന്നുപോയത്. മുഖ്യമന്ത്രിയുടെ കുടുംബംവരെ ആരോപണ നിഴലിലായി. പിന്‍വാതില്‍ നിയമനവും തിരുകിക്കയറ്റലും വ്യാപകമായി. ഈ സംസ്ഥാന ഭരണത്തിന്റെ ചെറിയ രൂപമാണ് ഓരോ തദ്ദേശ സ്ഥാപനത്തിലും ഉണ്ടായിരുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷന്റെ ഭരണത്തിനെതിരെ അതിശക്തമായ ജനവികാരമുണ്ടായിരുന്നു. തിരുവനന്തപുരത്ത് മേയര്‍ ആര്യാരാജേന്ദ്രന് ഭരണം അവസാനഘട്ടത്തിലെത്തിയതോടെ വെറും വില്ലത്തിയുടെ പ്രതീതിയായിരുന്നു. കഴിഞ്ഞ 45 വര്‍ഷമായി എല്‍ഡിഎഫ് കുത്തകയാക്കിയ കോഴിക്കോട് കോര്‍പ്പറേഷനിലും അവര്‍ വെള്ളം കുടിക്കയാണ്. കഴിഞ്ഞ തവണത്തെ ഡെപ്യൂട്ടിമേയറും ഇത്തവണത്തെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായ മുസഫര്‍ അഹമ്മദ്വരെ തോറ്റുകഴിഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണം എന്നായിരുന്നു, കഴിഞ്ഞ തവണത്തെ ഭരണം വിലയിരുത്തപ്പെട്ടത്.
ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന് സിപിഎം അഹങ്കരിച്ചിരുന്ന വാര്‍ഡയായിരുന്നു കോഴിക്കോട് പൊറ്റമ്മലിലേത്. കോഴിക്കോട് മേയര്‍ ബീനാഫിലിപ്പിന്റെ വാര്‍ഡില്‍ അട്ടിമറി വിജയം നേടിയത് എന്‍ഡിഎ സ്ഥാനാര്‍ഥി ടി.രനീഷാണ്്. 47 വര്‍ഷമായി സിപിഎം ജയിക്കുന്ന വാര്‍ഡില്‍, രണ്ട് മേയര്‍മാരുണ്ടായിരുന്ന വാര്‍ഡില്‍, പൊതുശൗചാലയോ അക്ഷയകേന്ദ്രമോ അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടമോ ഇല്ല. ഈ പ്രശ്നം പറഞ്ഞാണ് ബിജെപി വോട്ട് പിടിച്ചത്. അഡ്വ. അങ്കത്തില്‍ അജയ് കുമാര്‍ ആയിരുന്നു ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ 652 വോട്ടിനായിരുന്നു ബീന ഫിലിപ്പ് ഇവിടെ നിന്നും വിജയിച്ചത്. കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന പി.എം നിയാസിന്റെ വാര്‍ഡും ബിജെപി പിടിച്ചെടുത്തു. പാറോപ്പടി ഡിവിഷനിലായിരുന്നു പി.എം നിയാസ് മത്സരിച്ചത്. ഇവിടെ ബിജെപിയടെ ഹരീഷ് പൊറ്റങ്ങാടിയാണ് വിജയിച്ചത്. ഇതിന് പുറമെ യുഡിഎഫിന്റെ കുത്തക മണ്ഡലമായ ചാലപ്പുറം വാര്‍ഡും ബിജെപി പിടിച്ചെടുത്തു. ഹൈന്ദവ വോട്ടുകള്‍ എങ്ങോട്ട് ചായുന്ന എന്നതിന്റെ കൃത്യമായ സൂചനയാണ് ഈ ഫലം.
ബംഗാള്‍ മോഡലിലേക്ക്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് മാറിയ പാര്‍ട്ടി ഏതാണെന്ന് ചോദിച്ചാല്‍, അനില്‍ ആന്റണിയെയും, പത്മജ വേണുഗോപാലിനെയും മുന്‍ നിര്‍ത്തി, 'ഇന്നത്തെ കോണ്‍ഗ്രസ് നാളെത്തെ ബിജെപി' എന്ന ക്യാപ്സ്യൂള്‍ ഇറക്കുകയായിരുന്നു സൈബര്‍ സഖാക്കള്‍ ചെയ്യുക. എന്നാല്‍ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയില്‍ ഏറ്റവുംു കൂടുതല്‍പേര്‍ സംഘപരിവാറില്‍ എത്തിയത് സിപിഎമ്മില്‍ നിന്നാണ്. അതായിരുന്നു പശ്ചിമ ബംഗാളിലെ, ലോകചരിത്രത്തിലെ തന്നെ സമാനതകള്‍ ഇല്ലാത്ത കാലുമാറ്റം. തൃണമുല്‍ ഭരണത്തിലെ അക്രമം താങ്ങാനാവാതായതോടെ ബംഗാളിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പലതും ബിജെപി ഗ്രാമങ്ങളായി!
കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ കോട്ടയായ അന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെയോ, കല്യാശ്ശേരി പഞ്ചായത്തിലെയോ, ഒരു പാര്‍ട്ടി ഓഫീസ് ഒന്നടങ്കം കാവി ചായമടിച്ച് കാവിക്കൊടിയുയര്‍ത്തി, ലോക്കല്‍ കമ്മറ്റി ഒന്നടങ്കം, ബിജെപിയിലേക്ക് പോയാന്‍ എങ്ങനെയുണ്ടാവും! അത്തരമൊരു രാഷ്ട്രീയ മാറ്റം അവിശ്വസനീയം എന്നേ പറയാന്‍ കഴിയു. എന്നാല്‍ അതുപോലെയുള്ള ഒരു മാറ്റമാണ്, ഒരുകാലത്ത് കണ്ണൂരിനേക്കാള്‍ വലിയ സിപിഎം കോട്ടയായ, പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് എന്ന ജില്ലയില്‍ 2015-16 കാലഘട്ടത്തില്‍ നടന്നത്. ഇവിടെ ചില നേതാക്കള്‍ ബിജെപിയിലേക്ക് മാറുകയായിരുന്നില്ല. മറിച്ച് പാര്‍ട്ടി ഗ്രാമങ്ങള്‍ ഒന്നടങ്കം ബിജെപിയിലേക്ക് പോയി. പാര്‍ട്ടി ഓഫീസുകളില്‍ ചുവപ്പുകൊടി മാറ്റി കാവിക്കൊടി ഉയര്‍ത്തി, സെക്രട്ടറിയും, അംഗങ്ങളും, ഭാര്യയും, മക്കളുമെല്ലാം കുട്ടത്തോടെ ബിജെപിയില്‍ എത്തി. ലോക ചരിത്രത്തിലെ തന്നെ അവിശ്വസീനയമായ രാഷ്ട്രീയമാറ്റം എന്നാണ് ഇവിടം സന്ദര്‍ശിച്ച, ഇന്ത്യന്‍ എക്സ്പ്രസിന്റെ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്!
ഇന്ന് ബംഗാളില്‍ ഒരിടത്തും കെട്ടിവെച്ച കാശുപോലും കിട്ടാതെ സംപുജ്യരാണ് സിപിഎം. തൃണമുല്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ പാര്‍ട്ടി ഇവിടെ ബിജെപിയാണ്. ബിജെപിയിലെ 90 ശതമാനം അംഗങ്ങളും പഴയ സിപിഎമ്മുകാരാണ്. ഇത് എന്തെങ്കിലുമൊരു പ്രത്യയശാസ്ത്രം വെച്ചുള്ള മാറ്റമായിരുന്നില്ല. മറിച്ച് ഭരണംമാറിയതോടെ, പൊലീസിന്റെ സഹായത്തോടെയുള്ള തൃണമൂലിന്റെ അക്രമം താങ്ങാന്‍ കഴിയാതെ ആയതോടെ, അടിച്ചാല്‍ അല്‍പ്പമെങ്കിലും തിരിച്ചടിക്കാന്‍ ശേഷിയുള്ള പാര്‍ട്ടി എന്ന നിലയിലാണ് സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കുത്തി ഒഴുകിയത്.
ബംഗാളിയെ പഴയ നേതാക്കളുടെ മക്കളില്‍ പലരും ഇന്ന് ബിജെപിയിലാണ്. കോണ്‍ഗ്രസിലെ മാത്രമല്ല, ഒരു കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിനെയും ബിജെപി വിഴുങ്ങുന്നുണ്ട്. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ശോഷണവും, ബിജെപിയുടെ വളര്‍ച്ചയും, ഏതാണ്ട് ഒരേ നിരക്കിലാണെന്ന് കാണാം. ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്കും, മുസ്ലീം വോട്ടുകള്‍ തൃണമൂലിലെക്കും പോയ അതേ സോഷ്യല്‍ എഞ്ചിനീയറിങ്് കേരളത്തിലും ആവര്‍ത്തിക്കുമോ? ഈ തദ്ദേശ ഫലം ആ രീതിയിലുള്ള ഒരു രാഷ്ട്രീയ മാറ്റത്തിന്റെ സൂചകള്‍ നല്‍കുന്നു.
വാല്‍ക്കഷ്ണം: സംസ്ഥാന ഭരണത്തിന്റെ സെമിഫൈനല്‍ എന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാറുള്ളത്. അത് ആരെയും അമ്പരപ്പിക്കുന്ന രീതിയില്‍ ജയിച്ചുകയറിയിരിക്കയാണ് യുഡിഎഫ്. മൂന്നാം ഇടതുഭരണത്തില്‍നിന്ന് കേരളം രക്ഷപ്പെടുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായിരിക്കയാണ്.
