നിത്യഹരിത നായകനെ കുറ്റം പറഞ്ഞവനെ തല്ലിയ മോഹന്‍ലാല്‍; സോമനും സുകുമാരനും മമ്മൂട്ടിക്കും വഴികാട്ടി; ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ ആനയെ നടയിരുത്തിയ മതേതരവാദി; മുന്ന് മണിക്കൂര്‍ മാത്രം ഉറങ്ങി 781 സിനിമകളില്‍ അഭിനയിച്ച് ലോക റെക്കാര്‍ഡിട്ട നടന്‍; പ്രേം നസീറിന്റെ ധന്യമാം ജീവിതം!
പ്രേം നസീറിന്റെ ധന്യമാം ജീവിതം!
രാവിലെ 6 മണിമുതല്‍ പുലര്‍ച്ചെ രണ്ടുമണിവരെ, നാലുഷിഫ്റ്റിലായി തുടര്‍ച്ചയായി കാല്‍നൂറ്റാണ്ടോളം ഒരാള്‍ സിനിമയില്‍ അഭിനയിക്കുക എന്നുവെച്ചാല്‍! ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടന്‍, ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച നടന്‍, ഒരേ നടിക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍ തുടങ്ങി നിരവധി ഗിന്നസ് റെക്കാര്‍ഡുകളും അദ്ദേഹത്തിന് സ്വന്തം. വെറും 22 വയസ്സുമാത്രമുള്ളപ്പോള്‍ അഭിനയിക്കാനെത്തിയ ചിറയിന്‍കീഴുകാരനായ അബ്ദുല്‍ ഖാദര്‍ എന്ന പയ്യനെ, പ്രേം നസീര്‍ എന്ന് പേരുമാറ്റിയിടുമ്പോള്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അറിഞ്ഞിരുന്നില്ല, താന്‍ ഒരു ലോകമഹാത്ഭുതത്തെയാണ് ചലച്ചിത്രലോകത്തേക്ക് ജ്ഞാനസ്നാനം ചെയ്യിക്കുന്നതെന്ന്.
മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ സൂപ്പര്‍സ്റ്റാറും പ്രേം നസീര്‍ ആയിരുന്നു. കുറ്റാന്വേഷകനായും, എഴുത്തുകാരനായും, കര്‍ഷകനായും കുടുംബനാഥനായും, വടക്കന്‍ പാട്ടുകളിലെ വീരനായും, റൊമാന്റിക് ഹീറോ ആയും അദ്ദേഹം പ്രേക്ഷക മനസ്സുകള്‍ കീഴടക്കി. അഭിനയകലയോടൊപ്പം സാഹിത്യത്തിലും സംഗീതത്തിലും നസീര്‍ തന്റെ കഴിവ് തെളിയിച്ചു. ആദ്യകാലങ്ങളില്‍ ചെറുകഥകള്‍ എഴുതുകയും ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
1951 മുതല്‍ 188 വരെയുള്ള കാലയളവില്‍ പ്രേം നസീര്‍ 781 സിനിമകളില്‍ നായകനായി. അതില്‍ മലയാളത്തില്‍ മാത്രം 672 സിനിമകള്‍. 56 തമിഴ്, 21 തെലുഗു 32 കന്നഡ. 542 മലയാളം സിനിമകളില്‍ നായകനായി അഭിനിയച്ചിതിന്റെ പേരിലും, 130 സിനിമകളില്‍ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചതിന്റെ പേരിലും, രണ്ട് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. എണ്‍പത് നായികമാര്‍ക്കൊപ്പം അഭിനയിച്ചതിനും, ഒരേ വര്‍ഷം (1973, 77) 30 സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചതിന്റെ പേരിലും മറ്റ് രണ്ട് അഭിനയ റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ആ ലെജണ്ടിന്റെ ജീവിതം ഇപ്പോള്‍ വീണ്ടും വാര്‍ത്തയാവുകയാണ്. അവസാനകാലത്ത് സിനിമയില്ലാതായ നസീര്‍, മേക്കപ്പിട്ട് വീട്ടില്‍നിന്നറങ്ങി അടൂര്‍ ഭാസിയുടെയും, ബഹദൂറിന്റെയും വീട്ടില്‍പോയി കരയുമായിരുന്നുവെന്ന് നടന്‍ ടിനി ടോം പറഞ്ഞതാണ് വന്‍ വിവാദമായത്. ടിനി മാപ്പുപറഞ്ഞിട്ടും വിവാദം അവസാനിച്ചിട്ടില്ല.
നാടകത്തില്‍ നിന്ന് സിനിമയിലേക്ക്
യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത കുടുംബത്തിലാണ് നസീറിന്റെ ജനനം. ചിറയിന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസ്മാബിയുടെയും മകനായി 1926 ഏപ്രില്‍ ഏഴിനായിരുന്നു, പ്രേം നസീര്‍ എന്ന പേരില്‍, മലയാള ചലച്ചിത്രലോകം കീഴടക്കിയ അബ്ദുള്‍ ഖാദറിന്റെ ജനനം. ബിസിനസ്സുകാരനും, കലാപ്രേമിയുമായിരുന്നു പിതാവ് ഷാഹുല്‍ ഹമീദ്. മാതാവ് അസ്മാബിയെ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ടു. ആലപ്പുഴ എസ്.ഡി കോളേജ്, ചങ്ങനാശ്ശേരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് നസീര്‍ സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ പങ്കെടുത്ത അഭിനയമത്സരത്തിന്റെ വിധികര്‍ത്താവാണ് അദ്ദേഹത്തിന് ആദ്യമായി സിനിമയില്‍ അവസരം നല്‍കുന്നത്.
1951-ല്‍ ചിത്രീകരണമാരംഭിച്ച ത്യാഗസീമ ആയിരുന്നു ആദ്യ ചിത്രം. എന്നാല്‍ ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. രണ്ടാമതായി അഭിനയിച്ച 'മരുമകള്‍' എന്ന സിനിമയും വിജയം കണ്ടില്ല. 1952-ല്‍ പുറത്തിറങ്ങിയ 'വിശപ്പിന്റെ വിളി' എന്ന ചിത്രം അഭിനയജീവിതത്തില്‍ വഴിത്തിരിവായി. അതോടെയാണ് നസീര്‍ എന്ന നടന്‍ അടയാളപ്പെടുത്തുന്നത്.
ശശികുമാറും, രാമു കാര്യാട്ടും അടക്കം മലയാളത്തിലെ നിരവധി സംവിധായകര്‍ പ്രേം നസീറിന് ഒരുപാട് ഹിറ്റുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഏറ്റവുമധികം കടപ്പാടുള്ള വ്യക്തിത്വം മദ്രാസില്‍ സ്ഥിരതാമസമാക്കിയ കൊച്ചിക്കാരന്‍ ടി എസ് മുത്തയ്യയായിരുന്നു. ആദ്യ കാലങ്ങളില്‍ കുറച്ച് മലയാള ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം നസീറിന് അവസരങ്ങള്‍ കുറഞ്ഞുവന്നു. സിനിമയില്‍ ഭാഗ്യ പരീക്ഷണം നടത്താനായി കോടമ്പക്കത്തേക്ക് വണ്ടി കയറി. അന്ന് മദ്രാസില്‍ കിടക്കാന്‍ ഒരു മുറിയും തമിഴ് സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ വാങ്ങിക്കൊടുത്തതും ടിഎസ് മുത്തയ്യയാണ്. തമിഴ് സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചാണ് മലയാള സിനിമയുടെ കൊടുമുടി അദ്ദേഹം പില്‍ക്കാലത്ത് കീഴടക്കുന്നത്. ഒരു സ്ഥാനത്ത് എത്തിയാല്‍ വന്ന വഴി മറക്കുന്ന ആളായിരുന്നില്ല നസീര്‍. മുത്തയ്യയുടെ അവസാന കാലം വളരെയധികം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. അദ്ദേഹത്തെ തേടിപ്പിടിച്ച് കണ്ടെത്തി മുത്തയ്യയുടെ കുടുംബത്തെ പ്രേം നസീര്‍ ഏറ്റെടുത്തു.
ഒരു ദിവസം നാലും അഞ്ചും സിനിമകളില്‍ അഭിനയിച്ച ചരിത്രവും പ്രേം നസീറിനുണ്ട്. സംഘട്ടന രംഗങ്ങളിലൊക്കെ അഭിനയിച്ച് തളര്‍ന്ന് പോയാലും അതേ ദിവസം മറ്റൊരു സെറ്റില്‍ എത്തുമ്പോള്‍ ക്ഷീണം അദ്ദേഹം പുറത്ത് പ്രകടിപ്പിക്കാറില്ല. എന്തിനിങ്ങനെ കഷ്ടപ്പെടുന്നു, എന്ന് ആരെങ്കിലും അദ്ദേഹത്തോട് ചോദിച്ചാല്‍ മറുപടി ഇപ്രകാരമാകും -'എല്ലാവരും എന്നെ വിശ്വസിച്ച് ഒരു കഥയും നിര്‍മ്മാതാവിനെയും കൊണ്ട് സമീപിക്കുന്നു. എങ്ങനെയാണ് അവരോടൊക്കെ നോ പറയുക? മലയാള സിനിമയില്‍ ഒരു കാര്യത്തിനും നോ പറയാത്ത അപൂര്‍വ്വ വ്യക്തിത്വമായിരുന്നു പ്രേം നസീര്‍.
നസീര്‍ എന്ന മനുഷ്യസ്നേഹി
ഒരു നടന്‍ എന്നതിലുപരി പ്രേംനസീര്‍ എന്ന വ്യക്തിയെയാണ് പലരും ഉയര്‍ത്തിക്കാട്ടുന്നത്. ഒരു ചിത്രം പരാജയപ്പെട്ടാല്‍ എത്ര തിരക്കുണ്ടെങ്കിലും പരാജയപ്പെട്ട സിനിമയുടെ നിര്‍മ്മാതാവിന് അടുത്ത സിനിമ ചെയ്യാന്‍ അങ്ങോട്ട് ചെന്ന് നസീര്‍ ഡേറ്റ് നല്‍കും. പരാജയപ്പെട്ടെ സിനിമയുടെ നിര്‍മ്മാതാവ് വിളിച്ചില്ലെങ്കില്‍ അദ്ദേഹം അങ്ങോട്ട് വിളിക്കും. സെറ്റിലും നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. ഭക്ഷണകാര്യത്തില്‍പോലും അദ്ദേഹം പരാതി പറയുന്നത് ആരും കേട്ടിട്ടില്ല. മാത്രമല്ല ഒരു സിനിമയില്‍ അഭിനയിക്കാമെന്ന് എഗ്രിമെന്റ് ചെയ്തു കഴിഞ്ഞാല്‍ പരമാവധി സ്വന്തം ചെലവുകള്‍ നിര്‍മ്മാതാവിനെ കൊണ്ട് ചെലവാക്കുന്ന ശീലം അദ്ദേഹത്തിനില്ല.
പ്രേം നസീര്‍ ഷൂട്ടിംഗിന് വരുമ്പോള്‍ സ്വന്തം വീട്ടില്‍ നിന്നും ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരികയാണെങ്കില്‍ കൂടെ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ആ ഭക്ഷണം വിളമ്പാന്‍ ഒരു മടിയും കാണിച്ചിരുന്നില്ലെന്ന് അന്തരിച്ച കലാകാരി കവിയൂര്‍ പൊന്നമ്മ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സ്വന്തം വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മറ്റുള്ളവര്‍ക്ക് സ്വന്തം കൈ കൊണ്ട് വിളമ്പി കൊടുക്കാന്‍ പ്രേം നസീറിന് വലിയ താല്‍പ്പര്യമായിരുന്നു.
തന്നെ ദ്രോഹിച്ചവരോട് പോലും ക്ഷമിക്കാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. ചെന്നൈ നഗരത്തിലെ കണ്ണായ നുങ്കമ്പാക്കം പരിസരത്തെ തിരുവള്ളുവര്‍ സ്മാരകമായ വള്ളുവര്‍കോട്ടത്തിനോടു ചേര്‍ന്ന് 'ബ്ലൂസ്റ്റാര്‍' എന്നൊരു പടുകൂറ്റന്‍ കെട്ടിടത്തിന് നസീര്‍ അഡ്വാന്‍സ് കൊടുത്ത് കുരുക്കിലായ കഥ സംവിധായകന്‍ ആലപ്പി അഷ്റഫ് പറഞ്ഞിട്ടുണ്ട്.-'' കേസ് നസീര്‍ ജയിച്ചപ്പോഴാണ് ആ വിവരം അറിയുന്നത്. കെട്ടിടം ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്.
മിനിറ്റുകള്‍ക്കുള്ളില്‍ പ്രേംനസീര്‍ ആശുപത്രിയിലെത്തി.പ്രമുഖ ഹൃദയശസ്ത്രക്രിയ വിദഗ്ധനായ മലയാളി ഡോ. ചെറിയാനുമായി തനിക്കുള്ള സുഹൃദ്ബന്ധം പ്രയോജനപ്പെടുത്തി ഐസിയുവിലെത്തി രോഗിയെ കണ്ടു. സങ്കടം സഹിക്കവയ്യാതെ കെട്ടിടം ഉടമ പൊട്ടിക്കരഞ്ഞുകൊണ്ട് നസീറിന്റെ കൈയില്‍ പിടിച്ച് പറഞ്ഞു: 'കാപ്പാത്തുങ്കോ സാര്‍, എനക്ക് മൂന്ന് പെണ്‍കുളന്തകള്‍ സാര്‍...'കണ്ണീര്‍ വാര്‍ക്കുന്ന ആ മനുഷ്യന്റെ കൈകളില്‍ തഴുകി നസീര്‍ പറഞ്ഞു. ആ പണം എനിക്ക് വേണ്ട.താങ്കള്‍ ധൈര്യമായിട്ടിരിക്കണമെന്ന് പറയാനാണ് ഞാന്‍ വന്നത്.'' ഇന്ന് ചുരുങ്ങിയത് 300 കോടിയെങ്കിലും ആ വസ്തുവിന് വിലയുണ്ടാകും. താന്‍ അധ്വാനിച്ചുണ്ടാക്കിയ വലിയ തുക യാതൊരു വിഷമവും മനസ്സില്‍ വെക്കാതെ ഉപേക്ഷിച്ച് പോരാന്‍ പ്രേംനസീറിനെപ്പോലെ മഹാനായ ഒരു മനുഷ്യനു മാത്രമേ സാധിക്കൂ.''- ആലപ്പി അഷ്റഫ് പറയുന്നു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത നൂറുകണക്കിന് കുട്ടികളാണ് ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ പ്രേംനസീര്‍ സഹായിച്ചത്. അങ്ങനെ നിരവധിപേര്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമായി. രോഗങ്ങള്‍മൂലം കഷ്ടപ്പെടുന്നവരും വീടുകളില്ലാതെ ബുദ്ധിമുട്ടുന്നവരുമായി നിരവധിയാളുകള്‍ക്കാണ് നിശ്ശബ്ദമായി നസീര്‍ സഹായം നല്‍കിയത്.
കറകളഞ്ഞ മതേതരവാദി
സ്വന്തം നാടായ ചിറയിന്‍കീഴില്‍ എത്തുമ്പോള്‍ നാട്ടുകാരെ കാണാന്‍ ഓപ്പണ്‍ ജീപ്പില്‍ സഞ്ചരിക്കുന്നത് പ്രേം നസീറിന് ഇഷ്ടമുള്ള കാര്യമായിരുന്നു. രണ്ടോഷ മൂന്നോ വര്‍ഷം കൂടുമ്പോഴോ ആയിരിക്കും അങ്ങനെ ഒരു അപൂര്‍വ്വ നിമിഷം സംഭവിക്കുക. ആ ദിവസം ചിറയിന്‍കീഴ് ജനസാഗരമാകും.മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു, പ്രേം നസീര്‍. പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം നടക്കുന്ന ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലേക്ക് പ്രേം നസീര്‍ ഒരു ആനയെ നടയിരുത്തിയത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നിലെ കഥയും കൗതുകരമാണ്. നാട്ടുകാരില്‍നിന്നു പിരിവെടുത്ത് ഒരു ആനയെ വാങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായി ക്ഷേത്രം ഭാരവാഹികള്‍ രസീത്കുറ്റി അച്ചടിപ്പിച്ചു. പ്രേംനസീറിന്റെ ബാല്യകാലസുഹൃത്തും സിനിമയിലെ സഹപ്രവര്‍ത്തകനുമായ അടുത്ത ദിവസം അന്തരിച്ച ജി.കെ. പിള്ളയെ സമീപിച്ചു. നസീര്‍ നാട്ടിലുള്ള ദിവസം നോക്കി സാമാന്യം മോശമല്ലാത്ത ഒരു തുക സംഭാവനയായി സ്വീകരിച്ച് പിരിവിന്റെ ഉദ്ഘാടനം നിര്‍വഹിപ്പിക്കണം എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ജി.കെ. പിള്ളയോടൊത്ത് വീട്ടില്‍ വന്ന ക്ഷേത്രഭാരവാഹികളെ പ്രേംനസീര്‍ സ്വീകരിച്ചിരുത്തി കാര്യങ്ങള്‍ തിരക്കി. വിവരമെല്ലാം കേട്ട അദ്ദേഹം ആ രസീത്കുറ്റി മുഴുവന്‍ കൈയില്‍ വാങ്ങിയിട്ട് ഇങ്ങനെ പറഞ്ഞു: 'ഈ ശാര്‍ക്കര ദേവിയുടെ മുന്നിലെ മൈതാനത്താണ് ഞാന്‍ കളിച്ചുവളര്‍ന്നത്. ദേവിക്ക് ഒരു ആനയെ വാങ്ങിത്തരാന്‍ എന്നെ അനുവദിക്കണം.' അത്ഭുത പരതന്ത്രരായ ഭാരവാഹികള്‍ പ്രേം നസീറിനോടുള്ള ബഹുമാനാര്‍ഥം വാങ്ങിയ ആനക്ക് നല്‍കിയ പേര് നസീര്‍ എന്നായിരുന്നു.
ഇതിന്റെ പേരില്‍ നസീറിനുനേരെ ചില മതമൗലികവാദികളുടെ എതിര്‍പ്പുണ്ടായിരുന്നിട്ടും അദ്ദേഹം അത് കണക്കിലെടുത്തില്ല എന്നും ജി കെ പിള്ള എഴൂതിയിട്ടുണ്ട്. മക്കളെയൊക്കെ തീര്‍ത്തും സെക്യുലര്‍ ആയിട്ടാണ് അദ്ദേഹം വളര്‍ത്തിയത്. പഴയ ഫാമിലി ഫോട്ടോകളില്‍ കാണാം, നസീറിന്റെ ഭാര്യക്കോ പെണ്‍മക്കളോ ഒന്നും പര്‍ദയും മഫ്തയും ഒന്നും ഉപയോഗിച്ചിട്ടില്ല.
മകന്‍ ഷാനവാസിന്റെ വിവാഹസല്‍ക്കാര കഥയും പ്രശ്സതമാണ്. ക്ഷണിക്കാതെയെത്തിയ തലസ്ഥാനത്തെ ആരാധകരെ കണ്ട് അതിഥികള്‍ക്ക് ഭക്ഷണം തികയുമോയെന്ന് മറ്റുള്ളവര്‍ ആശങ്കപ്പെട്ടു. അവരെ തിരിച്ചയക്കാനുള്ള ആലോചന നടക്കുന്നതിനിടയില്‍ ഓടിയെത്തിയ നസീര്‍ താന്‍ ഇത് മുന്‍കൂട്ടി കണ്ട് കൂടുതലായി ആയിരം ബിരിയാണിക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നുവെന്ന് പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചു. ഒരാള്‍പോലും ഭക്ഷണം കഴിക്കാതെ വിശന്ന് മടങ്ങരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. അതിനാല്‍ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് വേണ്ടത് ചെയ്തിരുന്നു.''
പാളിയത് രാഷ്ട്രീയ സ്വപ്നം
പ്രേം നസീറിന്റെ എന്തെങ്കിലും ഒരു കാര്യം പാളിപ്പോയിട്ടുണ്ടെങ്കില്‍ അത്, രാഷ്ട്രീയ പ്രവേശനമാണ്. തുടക്കംമുതലേ ഒരു കോണ്‍ഗ്രസ് അനുഭാവിയായിരുന്നു അദ്ദേഹമെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. ഇന്ദിരാഗാന്ധിയുടെ കടുത്ത ആരാധകനായിരുന്നു താരം. ഇന്ദിരയുടെ ചിക്കമംഗലൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയം പ്രേംനസീര്‍ ആവേശത്തോടെ സ്വീകരിച്ച നിമിഷങ്ങള്‍ക്ക് ദൃക്സാക്ഷിയാകാന്‍ കഴിഞ്ഞതിന്റെ ഓര്‍മകള്‍ മലയാള സിനിമയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ സ്വദേശി എ. കബീര്‍ എഴുതിയിട്ടുണ്ട്.
'ആലപ്പി ഷെരീഫിന്റെ സംവിധാനത്തില്‍ പിറന്ന 'അസ്തമിക്കാത്ത പകലുകള്‍' എന്ന സിനിമയുടെ ചിത്രീകരണം വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ നടക്കുകയാണ്. കൈവശമുള്ള കൊച്ച് ഹാന്‍ഡ് റേഡിയോ ചെവിയോട് ചേര്‍ത്തുവെച്ച് വാര്‍ത്തകള്‍ കേള്‍ക്കുകയാണ് പ്രേംനസീര്‍. ഷൂട്ടിങ്?കാണാനെത്തിയ നാട്ടുകാരെ നിയന്ത്രിക്കുന്നതില്‍ വ്യാപൃതനായ സംവിധാനസഹായിയായ എന്നെ അസ്സേ അസ്സേ... എന്ന് ഉറക്കെ വിളിച്ച് 'ഇന്ദിരാജി ജയിച്ചു' എന്ന് പരിസരം മറന്ന് ഉറക്കെ വിളിച്ചുപറയുന്ന നസീറിന്റെ ചിത്രം മറക്കാനാവില്ല. 'വസ്ത്രാക്ഷേപം ഒഴിച്ച് അവരെ എങ്ങനെ എല്ലാമാണ് അപമാനിച്ചത്. കണ്ടോ, ജനം അവരെ കൈവിട്ടില്ല.' ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കമായി നസീര്‍ സാര്‍ അങ്ങനെ പറയുേമ്പാള്‍ എനിക്ക് കാണാനായത് ഇന്ദിര ഗാന്ധിയോട് അദ്ദേഹത്തിനുള്ള കടുത്ത ആരാധനയും ഭക്തിയുമൊക്കൊയായിരുന്നു'' -കബീര്‍ കൂട്ടിച്ചേര്‍ക്കുന്നു.
താനൊരു തികഞ്ഞ കോണ്‍ഗ്രസുകാരനാണെന്ന് എവിടേയും തുറന്നുപറയാന്‍ ഒരു മടിയും കാണിക്കാത്തയാളായിരുന്നു പ്രേംനസീര്‍. നസീറിന്റെ സഹോദരീഭര്‍ത്താവായിരുന്നു കോണ്‍ഗ്രസ് നേതാവുമായ തലേക്കുന്നില്‍ ബഷീര്‍. 1987ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കായംകുളത്ത് തച്ചടി പ്രഭാകരനും ചേര്‍ത്തലയില്‍ വയലാര്‍ രവിക്കും വിവിധ മണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു.
പത്മഭൂഷണ്‍ ലഭിച്ച വേളയില്‍ ആലപ്പുഴയില്‍ ചലച്ചിത്ര ഫിലിം സൊസൈറ്റി വൈ.എം.എം.എ സ്‌കൂളില്‍ നല്‍കിയ സ്വീകരണത്തില്‍വെച്ചാണ് താന്‍ രാഷ്ട്രീയപ്രവേശനത്തിനായി ആലോചിക്കുന്ന കാര്യം പ്രേംനസീര്‍ ആദ്യമായി വ്യക്തമാക്കിയത്. ആന്ധ്രപ്രദേശില്‍ തെലുഗുദേശം പാര്‍ട്ടിയുണ്ടാക്കി അധികാരത്തില്‍ വന്ന എന്‍.ടി. രാമറാവുവിനെപ്പോലെ താനും കാവിയുടുക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. കാവി എന്ന പ്രയോഗത്തെ പലരും സംശയത്തോടെയാണ് കണ്ടത്. എന്നാല്‍, വിശാല അര്‍ഥത്തിലായിരുന്നു പ്രേംനസീര്‍ അതിനെ കണ്ടത്. മലയാള ദേശം എന്നൊരു പാര്‍ട്ടി ഉണ്ടാക്കി രാഷ്ട്രീയത്തിലെത്തി എന്‍.ടി.ആറിനെപ്പോലെ നസീറും കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറുമെന്ന് പലരും മനക്കോട്ട കെട്ടി. പക്ഷേ, അദ്ദേഹം മരണംവരെയും കോണ്‍ഗ്രസിന്റെ ഒപ്പംതന്നെ നിന്നു.
പക്ഷേ മലയാള സിനിമയുടെ താര സിംഹാസനത്തില്‍ ഇരുന്ന പ്രേം നസീര്‍ രാഷ്ട്രീയ കുപ്പായത്തില്‍ ശോഭിക്കുമെന്ന് ആരാധകര്‍ വിശ്വസിച്ചില്ല. ഒരിക്കല്‍ ഒരു നോട്ടം കാണാന്‍ ക്യൂ നിന്ന കേരള ജനതയ്ക്ക് മുന്നിലും രാഷ്ട്രീയക്കാര്‍ക്ക് മുന്നിലും പ്രേം നസീര്‍ വെറുമൊരു സാധാരണക്കാരനായത് പോലുള്ള അവസ്ഥ. ഒപ്പമുള്ളവര്‍ പ്രേം നസീറിന്റെ രാഷ്ട്രീയ പ്രവേശനത്തെ ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും അദ്ദേഹം അനുസരിച്ചില്ല. പില്‍ക്കാലത്ത് ആ തീരുമാനം തെറ്റായിരുന്നുവെന്ന് പ്രേം നസീറിന് തോന്നിക്കാണണം. സിനിമയില്‍ അദ്ദേഹത്തിന് ലഭിച്ച പരിഗണന രാഷ്ട്രീയ ലോകത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ എന്നുള്ളത് സംശയമാണ്.
സംവിധാന സ്വപ്നം ബാക്കി
അഭിനയലോകതത് അര്‍ഹിക്കുന്ന അംഗീകാരം നസീറിന് ലഭിച്ചിരുന്നോ എന്ന് സംശമായിരുന്നു. എം ടി എഴുതിയ ഇരുട്ടിന്റെ ആത്മാവ് പോലെ ഗംഭീര അഭിനയ പ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന കഥാപാത്രങ്ങളും പ്രേം നസീറിന്റെ പക്കല്‍ ഭദ്രമായിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യ 70 എം എം ചലച്ചിത്രമായ 'പടയോട്ടം' ഒന്നുകൂടി കണ്ടുനോക്കിയാല്‍ അറിയാം. പ്രേം നസീര്‍ എന്ന അഭിനേതാവിന്റെ മിടുക്ക്. ( ഈ ചിത്രത്തില്‍ മമ്മൂട്ടിലും ലാലുമുണ്ട്. ലാലിന്റെ അച്ഛനായാണ് മമ്മൂട്ടിയുടെ വേഷം. പക്ഷേ ഇവര്‍ക്കാര്‍ക്കും നസീറിനുമുന്നില്‍ പിടിച്ചുനില്‍ക്കാന കഴിഞ്ഞിട്ടില്ല)
യേശുദാസിന്റെ ശബ്ദം ഇത്രയും അനുയോജ്യനായ മറ്റൊരു നടന്‍ വേറെയില്ല എന്നത് വാസ്തവം. 'മുല്ലപ്പൂ പല്ലിലോ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ രംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ യേശുദാസ് ആണ് പാട്ടുപാടുന്നതെന്ന് ആരും തന്നെ വിശ്വസിക്കില്ല. അഭിനയവും ശബ്ദവും പ്രേംനസീറിന്റേത് തന്നെ. എന്റെ ശബ്ദമാണ് മരിച്ച് കിടക്കുന്നത് എന്നാണ് യേശുദാസ് പ്രേം നസീറിന്റെ മരണശേഷം പ്രതികരിച്ചത്.ഗാന രംഗങ്ങളില്‍ മോഹന്‍ലാലിന് മുന്‍പ് മനോഹരമായ പ്രകടനം കാഴ്ച്ചവയ്ക്കുന്ന മറ്റൊരു നടന്‍ മലയാള സിനിമയ്ക്ക് ഇല്ലായിരുന്നു. പ്രേം നസീര്‍, സത്യന്‍, മധു ഇവരായിരുന്നു 60കളിലെയും 70കളിലെയും മലയാള സിനിമയുടെ നെടുംതൂണുകള്‍. സത്യന്‍ പൊതുവെ ഗൗരവക്കാരന്‍ ആണെങ്കില്‍ പ്രേംനസീര്‍ സൗമ്യനാണ്. പ്രേം നസീര്‍, സത്യനെ സഹോദര തുല്യനായാണ് കണ്ടിരുന്നത്.
പ്രേം നസീറിന് നടന്‍ ജയനുമായി അഗാധമായ ബന്ധം ഉണ്ടായിരുന്നു. പ്രേം നസീര്‍ നായകനാകുന്ന സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് ജയന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ജയന്‍ സൂപ്പര്‍താരമായപ്പോള്‍ അദ്ദേഹം നായകനായ സിനിമകളില്‍ പ്രേംനസീര്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്തിട്ടുണ്ട്. സൂപ്പര്‍താര പദവിയുടെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് പ്രേം നസീര്‍, ജയന്‍ ചിത്രങ്ങളില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്തിരുന്നത്.
ജയന്റെ അപകടമരണത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കുന്ന ചിലവുകളും വഹിച്ചത് നസീര്‍ ആയിരുന്നു. ഒരു സിനിമയില്‍, പ്രേം നസീറിന്റെ കഥാപാത്രത്തിന്റെ പകരക്കാരനായി എത്തുന്നത് അന്ന് ആരുമറിയാത്ത മമ്മൂട്ടിയാണ്. പ്രേം നസീറിന്റെ കഥാപാത്രം ചോദിക്കുന്ന 'ഒരു ചോദ്യമുണ്ട്, എനിക്ക് പകരക്കാരനാകാന്‍ വന്നതാണല്ലേ...'. ഇത് മമ്മൂട്ടി തന്റെ ചമയങ്ങളില്ലാതെ എന്ന ആത്മകഥയിലും എഴുതിയിട്ടുണ്ട്.
ഈഗോ ഒട്ടുമില്ലാത്ത നടനായിരുന്നു നസീര്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ശങ്കര്‍ അടക്കമുള്ള യുവനിര മലയാള സിനിമയില്‍ സജീവമായിരുന്നിട്ടും കാര്യം നിസ്സാരം, തേനും വയമ്പും തുടങ്ങി ക്ലാസിക് ചിത്രങ്ങള്‍ പ്രേം നസീര്‍ മലയാളിക്ക് സമ്മാനിച്ചിരുന്നു. മറ്റുള്ള നായകന്‍മാരുടെ ചിത്രത്തില്‍ അഭിനയിക്കുമ്പോഴും അദ്ദേഹത്തിന്റെ ക്യാരക്ടര്‍ റോളുകള്‍ക്ക് നായക പ്രാധാന്യം ഉണ്ടായിരുന്നു. പക്ഷേ അത്തരം റോളുകള്‍ ചെയ്യില്ല എന്ന നിലപാട് അദ്ദേഹത്തിന് ഇല്ലായിരുന്നു.
ടിനി ടോം തെറ്റായി മനസ്സിലാക്കിയതുപോലെ, അവസാനകാലത്ത് കരഞ്ഞുകൊണ്ട് നടക്കുകയായിരുന്നില്ല നസീര്‍. സംവിധാനമടക്കമുള്ള പല സ്വപ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. 1988 ഡിസംബറില്‍ ധ്വനിയുടെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ ചിത്രഭൂമിയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂ ആയിരിക്കണം പ്രേംനസീര്‍ എന്ന നടന്റെ അവസാനത്തെ മാധ്യമ അഭിമുഖം. മകള്‍ ലൈലയുടെ പറയഞ്ചേരിയിലെ വസതിയില്‍ നടന്ന ഈ കൂടിക്കാഴ്ചയില്‍ തന്റെ പല സ്വപ്നങ്ങളും അദ്ദേഹം പങ്കുവെയ്ക്കുകയുണ്ടായി.നിര്‍മ്മാണ രംഗത്തേക്കു കൂടി പ്രേംനസീര്‍ പ്രേവശിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്ന സമയമായിരുന്നു അത്. അതേക്കുറിച്ചുള്ള ചിത്രഭൂമി ലേഖകന്റെ ചോദ്യത്തിന്,' നിര്‍മാതാവാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ സംവിധായകനാവാന്‍ ചില പരിപാടികളൊക്കെയുണ്ടെന്നും' പ്രേംനസീര്‍ തുറന്നുപറഞ്ഞു. ''പലരില്‍ നിന്നും ഓഫറുകള്‍ വന്നിട്ടുണ്ട്. ഒന്നു രണ്ടെണ്ണം സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഒന്ന് കെ.ആര്‍.ജിയുടെ ചിത്രമാണ്. ജൂലായ് മാസത്തില്‍ ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശം. മോഹന്‍ലാലിനെയാണ് നായകനായി നിശ്ചയിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യാനുള്ള പരിപാടിയുമുണ്ട്''- പ്രേനസറീര്‍ പറഞ്ഞു. പക്ഷെ, ജൂലായ് മാസം വരെ അദ്ദേഹത്തിന് കാലം ആയുസ്സു കൊടുത്തില്ല.
താന്‍ ചെയ്യാന്‍ പോകുന്ന സിനിമ എങ്ങനെയാവണമെന്നതിനെ കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ''എന്നില്‍ നിന്ന് ഒരു അവാര്‍ഡ് ഫിലിമൊന്നും പ്രതീക്ഷിക്കണ്ട, പ്രേക്ഷകരുടെ ആനന്ദമാണ് എന്റെ ലക്ഷ്യം. സിനിമയില്‍ ഞാന്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും അത് മുന്നില്‍ കണ്ടായിരുന്നു. എന്റെ ചിത്രം നല്ല നിലവാരം പുലര്‍ത്തുന്നതും പ്രേക്ഷകരെ രസിപ്പിക്കുന്നതുമായിരിക്കും''- പ്രേംനസീര്‍ പറഞ്ഞു. മൂന്നു പതിറ്റാണ്ട് നൂറു കണക്കിന് കഥാപാത്രങ്ങളെ അവതരിപ്പിച്ച നസീറിന് ഇനിയും ചില കഥാപാത്രങ്ങള്‍ മനസ്സിലുണ്ടായിരുന്നു. ''എം.ടിയുടെ സംവിധാനത്തില്‍ എനിയ്ക്കിണങ്ങുന്ന ഒരു കഥാപാത്രം ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട്, ടിപ്പു സുല്‍ത്താനിലെ ഹൈദര്‍ അലിയാണ് ചെയ്യാന്‍ കൊതിക്കുന്ന മറ്റൊരു വേഷം''- നിത്യഹരിത നായകന്‍ പറഞ്ഞു.
പ്രേംനസീര്‍ രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത സമയമായിരുന്നു അത്. രാഷ്ട്രീയം തനിക്ക് താല്‍പ്പര്യമുള്ള വിഷയമാണെന്നും ആ രംഗത്തു പ്രേവശിച്ച സ്ഥിതിക്ക് സജീവമാകാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ഇടക്കാലത്ത് സിനിമയില്‍നിന്ന് അല്‍പ്പംവിട്ടുനിന്ന ശേഷം വീണ്ടും സജീവമായി വരുന്ന സമയം കൂടിയായിരുന്നു അത്. ''ഇടയ്ക്ക് ഞാന്‍ അഭിനയം നിര്‍ത്തി, ആ ഇടവേള വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും കണ്ടുമനസ്സിലാക്കാനും ഉപയോഗിച്ചു. മിക്ക രാജ്യങ്ങളും ഞാന്‍ സന്ദര്‍ശിച്ചു. റഷ്യയും ഓസ്‌ട്രേലിയയും മാത്രമാണ് ഇനി ബാക്കി. അവിടങ്ങളിലും അടുത്തു തന്നെ സന്ദര്‍ശിക്കണമെന്നുണ്ട്''- അദ്ദേഹം ചിത്രഭൂമി അഭിമുഖത്തില്‍ പറഞ്ഞു. അതായത് പ്രേം നസീറിന് വേഷങ്ങള്‍ ഇല്ലാതായത് അല്ല. 24 മണിക്കുറം സിനിമയുമായി കഴിഞ്ഞിരുന്ന മൂന്നര പതിറ്റാണ്ടിനുശേഷം ഇനി അല്‍പ്പം ലോകം കണ്ടുകളയാമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കയായിരുന്നു.
മുമ്പ് കുറച്ചൊക്കെ എഴുതിയിരുന്ന പ്രേംനസീറിന് ആ രംഗത്തും കൂറേക്കൂടി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. അതേകുറിച്ച് അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.- ''മുമ്പ് ഞാന്‍ ചെറുകഥകളും ലേഖനങ്ങളുമൊക്കെ എഴുതുയിരുന്നു. ഒന്നുരണ്ട് പുസ്തകങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇനിയും കൂടുതല്‍ എഴുതണം. സമയമുണ്ടല്ലോ, എഴുതിക്കളയാം അല്ലേ..''- പ്രേംനസീര്‍ ചോദിച്ചു. പക്ഷേ ഈ അഭിമുഖം പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്കകം അദ്ദേഹം ഈ ലോകത്തുനിന്ന് വിടവാങ്ങി.
ഒരു പനി കവര്‍ന്ന ജീവിതം
മലയാളത്തിന്റെ സീനിയര്‍ താരങ്ങള്‍ക്ക് ദൈവ തുല്യനാണ് പ്രേം നസീര്‍. മോഹന്‍ലാല്‍ പ്രേം നസീറിന്റെ കടുത്ത ആരാധകനായിരുന്നു. പ്രേം നസീറിനെ ഒരിക്കല്‍ കളിയാക്കിയ ഒരു സാമൂഹ്യ വിരുദ്ധനെ തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് മോഹന്‍ലാല്‍ തല്ലുകയുണ്ടായി. ഈ സംഭവത്തെ കുറിച്ച് പില്‍ക്കാലത്ത് മോഹന്‍ലാലിനോട് മാധ്യമങ്ങള്‍ തുറന്നു ചോദിച്ചിരുന്നു. നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെ ചീത്ത പറയുന്നത് എത്രനേരം എന്ന് വച്ചാ കേട്ടുകൊണ്ടിരിക്കുന്നത്. അന്ന് അങ്ങനെ ചെയ്യാനാണ് തോന്നിയത്. സ്വതസിദ്ധമായ ശൈലിയില്‍ മോഹന്‍ലാല്‍ ആ ചോദ്യത്തിന് മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു.
സോമന്‍, സുകുമാരന്‍, ജയന്‍ എന്നീ പുതിയ തലമുറയ്ക്ക് പ്രേം നസീര്‍ വഴിമാറി കൊടുത്തിട്ടുണ്ട്. തനിക്ക് വന്ന പല അവസരങ്ങളും ഈ നടന്‍മാരില്‍ ആരെങ്കിലും ഒരാള്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് അദ്ദേഹം നിര്‍മ്മാതാക്കളെ ഉപദേശിച്ചു. സൂപ്പര്‍ താര പദവിയില്‍ നില്‍ക്കുമ്പോഴും അതുകൊണ്ട് തന്നെ കൂടുതല്‍ ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യാനും പ്രേം നസീര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീടുള്ള തലമുറയായ മോഹന്‍ലാലും മമ്മൂട്ടിയും വന്നപ്പോഴും പ്രേം നസീറിന്റെ താരപദവിക്ക് അപ്പോഴും ചലനം സംഭവിച്ചിരുന്നില്ല. സോമനും, സുകുമാരനും വഴിമാറി കൊടുത്തത് പോലെ പ്രേം നസീര്‍ അവര്‍ക്കും വഴി വെട്ടിയിട്ടുണ്ട്.
നസീര്‍ അവസാനം അഭിനയിച്ച സിനിമ, പരേതനായ എ ടി അബു സംവിധാനം ചെത്ത 'ധ്വനി' എന്ന ചിത്രമാണ്. ചിത്രം പൂര്‍ത്തിയാകുന്നത് 1988 അതില്‍ പ്രധാന റോളുകളിലൊന്നിലാണ് പ്രേം നസീര്‍ അഭിനയിച്ചത്. ആ സെറ്റിലും തീര്‍ത്തും സന്തോഷവാനായിരുന്നു പ്രേം നസീര്‍ എന്നാണ് കൂടെ അഭിനയച്ചവരും അണിയറ പ്രവര്‍ത്തകരും പറഞ്ഞത്.
പ്രമേഹത്തിന്റെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും, ചലച്ചിത്രലോകത്തും സാമൂഹികലോകത്തും നിറസാന്നിദ്ധ്യമായി നസീര്‍ തുടര്‍ന്നു. അള്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലില്‍ ചികില്‍സയില്‍ ആയിരിക്കേയാണ് അദ്ദേഹത്തിന്റെ മരണം. അള്‍സര്‍ മാറിയെങ്കിലും അഞ്ചാംപനി ബാധിച്ചതാണ് പ്രശ്നം. 1989 ജനുവരി 16-നാണ് അദ്ദേഹം അന്തരിച്ചു. റേഡിയോവിലുടെയും പത്ര മാധ്യമങ്ങളിലൂടെയും പ്രേം നസീറിന് പനിയാണ് എന്നൊരു വാര്‍ത്ത 1989 ജനുവരി ആദ്യവാരം മുതല്‍ കേരളം കേട്ടിരുന്നു. 1988 നവംബര്‍ വരെ സിനിമയില്‍ സജീവമായി ചുറുചുറുക്കോടെ അഭിനയിച്ചിരുന്ന ഒരു സൂപ്പര്‍ താരത്തിന്റെ പനി മലയാളികള്‍ മുഖവിലയ്ക്ക് എടുത്തിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ടത് മുതല്‍ ആരാധകര്‍ വിങ്ങിപ്പൊട്ടുന്നതിന് മുമ്പ് ചോദിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു. 'നിസ്സാരം ഒരു പനിയാണോ മലയാളത്തിന്റെ നിത്യഹരിത നായകനെ കവര്‍ന്നെടുത്തത്'!
മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ ചേര്‍ന്ന് ചുമന്നാണ് നസീറിന്റെ മൃതദേഹം കൊണ്ടുവന്നത്. നിര്യാതനായി എട്ട് മാസം കഴിഞ്ഞപ്പോഴാണ് 1989 സെപ്തംബറില്‍ അദ്ദേഹവും മോഹന്‍ലാലും ചേര്‍ന്ന് അഭിനയിച്ച, 'ലാല്‍ അമേരിക്കയില്‍' എന്ന സിനിമ റിലീസ് ചെയ്തത്. ഓണത്തിന് അനുബന്ധമായിരുന്നു ഈ റിലീസ്. അടുത്ത വര്‍ഷം 1990 ഏപ്രിലില്‍ ആണ് അദ്ദേഹവും മോഹന്‍ലാലും പ്രധാന റോളുകളിലെത്തിയ 'കടത്തനാടന്‍ അമ്പാടി' തിയേറ്ററുകളിലെത്തിയത്. വിഷു റിലീസ് ആയിരുന്നു ഈ ചിത്രം. അതായത് മരണശേഷവും അദ്ദേഹം അഭിനയിച്ച സിനിമകള്‍ റിലീസ് ചെയ്തുകൊണ്ടിരുന്നു. അതായത് സിനിമ ഇല്ലാത്ത ബുദ്ധിമുട്ട് അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
മലയാള സിനിമയില്‍ പ്രേംനസീറിന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത് 1952 ലാണ്. അദ്ദേഹത്തിന്റെ മരണം വരെയുള്ള നാല് പതിറ്റാണ്ടോളം നീണ്ട കാലത്തിനിടയില്‍ 1987ല്‍ മാത്രമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും റിലീസ് ചെയ്തതായി കാണാന്‍ സാധിക്കാത്തത്. അതാവട്ടെ അദ്ദേഹം വിദേശ യാത്രകളുടെയും മറ്റും തിരക്കിലായതുകൊണ്ട് മാത്രമാണ്.
വാല്‍ക്കഷ്ണം: ഗോസിപ്പുകളുടെയും കെട്ടുകഥകളുടെയും ലോകം കുടിയാണ് സിനിമാ ലോകം. മോഹന്‍ലാല്‍ ആയിരം കാമുകിക്കഥ പോലെ, പ്രചരിച്ച ഒരു കഥ മാത്രമാണ്, വേഷങ്ങളില്ലാതെ മേക്കപ്പിട്ട് കരഞ്ഞ നസീറിന്റെ അവസാനകാലവും. നേരത്തെ തമിഴില്‍ ജമിനിഗണേശനെക്കുറിച്ച് പ്രചരിച്ച കഥ മലയാളത്തിലേക്ക് ആരോ കോപ്പി ചെയ്തതാവും. ഇത്തരം ഗോസിപ്പുകളൊക്കെ ശരിയാണെന്ന് കരുതി, ചലച്ചിത്ര മേഖലയിലുള്ളവര്‍ തന്നെ തള്ളി മറയ്ക്കരുത്.