ഒരു ദിവസം ഒരു കുപ്പി തീര്‍ത്ത കാലം; മരണത്തെ മുന്നില്‍ കണ്ടിടത്തു നിന്ന് ചിട്ടയായ ജീവിതത്തിലൂടെ നവതി; ആദ്യ ഭാര്യയുടെ ബദല്‍ സിനിമ; മമ്മൂട്ടിക്കും സാധാരണക്കാരനും ഒരേ പരിഗണന; കായിക- പുസ്തക ലമ്പടന്‍; കൃത്യമായ ജനപക്ഷ രാഷ്ട്രീയം; മഹാ സാഹിത്യകാരനുമുണ്ട് നാല് സ്വകാര്യദു:ഖങ്ങള്‍; അറിയപ്പെടാത്ത എം ടിയുടെ കഥ
ഒരു ദിവസം ഒരു കുപ്പി തീര്‍ത്ത കാലം
''ഇരുമ്പാണി തട്ടി മുളയാണി വച്ച്, പൊന്‍കാരം കൊണ്ട് ചുരിക വിളക്കാന്‍ കൊല്ലന് പതിനാറ് പൊന്‍പണം കൊടുത്തവന്‍ ചന്തു...
മാറ്റച്ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയി എന്ന് കളവു പറഞ്ഞവന്‍ ചന്തു..
മടിയില്‍ അങ്കത്തളര്‍ച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റില്‍ കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തി മാറ്റാന്‍ കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവന്‍ ചന്തു...
കൊടും ചതികള്‍ പിന്നെന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്‍ നിങ്ങളുടെ നാട്ടില്‍ ?
നിങ്ങള്‍ കേട്ടതൊക്കെ ശരിയാണ്...എല്ലാം തെറ്റുമാണ്.''-
കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക്‌പോലും, ഒരു കാലത്ത് ഹൃദിസ്ഥമായ ഈ ഡയലോഗിന്റെ എഴുത്തുകാരന് മലയാളത്തില്‍ വിശേഷണങ്ങള്‍ ഒന്നും വേണ്ട. കാക്കയുടെ കരച്ചിലും, യേശുദാസിന്റെ പാട്ടും കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം കടന്നുപോകില്ല എന്ന് പറയുന്നതുപോലെ, എം ടിയുടെ ഒരു സിനിമാ ശകലമോ, നോവലിലേയോ കഥയിലെയോ ഒരു ഭാഗമോ ഓര്‍ക്കാതെ സഹൃദയനായ മലയാളിയുടെ ഒരു ദിനം കടന്നുപോകില്ല എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
മാടത്ത് തെക്കേപ്പാട് വാസു എന്ന എം ടി വാസുദേവന്‍ നായര്‍ വിടവാങ്ങുന്നതോടെ മലയാള സാഹിത്യത്തിലെ ഒരുയുഗമാണ് അവസാനിക്കുന്നത് എന്ന് എഴുതുന്നത് ഒട്ടും ക്ലീഷെയല്ല. പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ എന്ന കുഗ്രാമത്തില്‍നിന്ന്, ലോകത്തിന്റെ നെറുകയിലേക്ക് നടന്നെടുത്ത ഒരു അക്ഷര തീര്‍ത്ഥാടനം 91-ാം വയസ്സില്‍ അവസാനിക്കുന്നു. ജീവിച്ചിരിക്കെതന്നെ എല്ലാം അംഗീകാരങ്ങളും കിട്ടിയ ഭാഗ്യവാന്‍ കൂടിയാണ് എം ടി. ആദ്യനോവലിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്. ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം. എം.ടി. മാതൃഭൂമി നടത്തിയ ലോകചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് തൊട്ട് ജ്ഞാപീഠംവരെയുള്ള അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും പെരുമഴ. പത്രാധിപര്‍, എഴുത്തുകാരന്‍, ചലച്ചിത്രകാരന്‍...തൊട്ടതെല്ലാം പൊന്നാക്കി എം ടി മാജിക്ക്.
ഇങ്ങനെയൊക്കെ ആണെങ്കിലും വ്യക്തിജീവിതത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടയാളാണ് എം ടി. പരുക്കനാണ്, പിശുക്കനാണ്, ചിരിക്കാത്തയാളാണ്, സാമൂഹിക പ്രതിബന്ധതയില്ലാത്തയാളാണ് അങ്ങനെ പോവുന്നു, അദ്ദേഹത്തോട് കൊതിക്കെറുവുള്ള ഒരു മുതിര്‍ന്ന സാഹിത്യകാരന്റെ നേതൃത്വത്തിലുള്ള ഹേറ്റ് കാമ്പയിന്‍. എന്നാല്‍ ഇതിലൊന്നും യാതൊരു കഥയുമില്ലെന്നാണ് അദ്ദേഹവുമായി അടുത്ത ഇടപഴകിയവര്‍ പറയാറുള്ളത്. അധികം ആരും അറിയാത്ത ആ എംടിയന്‍ ജീവിതത്തിലേക്ക് ഒരു യാത്ര.
പിശുക്കന്‍, ചിരിക്കാത്തവന്‍
പലപ്പോഴും, അസൂയക്കാരാലും, പരദൂഷണ പ്രിയരാലും വികൃതമായി ചിത്രീകരിക്കപ്പെട്ടതാണ് എം ടിയുടെ സ്വകാര്യജീവിതം. അന്തരിച്ച എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള പലപ്പോഴും പറഞ്ഞിരുന്നത്, സൗഹൃദപാര്‍ട്ടികളില്‍ തമാശകള്‍ പറയുന്ന, ഉല്ലസിക്കുന്ന, സഹജീവികളുടെ എല്ലാ പ്രശ്‌നത്തിലും ഇടപെടുന്ന എം ടിയെയാണ്. വൈക്കം മുഹമ്മദ് ബഷീര്‍ 'നൂലന്‍വാസു' എന്ന് കളിയാക്കിയിരുന്ന ഈ എഴുത്തുകാരന്‍ തന്റെ ഗ്യാങില്‍ നന്നായി തമാശ പറയുകയും ആസ്വദിക്കുകയും ചെയ്യുന്നയാളാണ്.
''നല്ല മൂര്‍ച്ചയുള്ള ഒരു മടവാക്കത്തി ഒളിപ്പിച്ചുവെയ്ക്കണം, എന്നിട്ട് കഴുത്തിലെ മുഴ ഉരുട്ടികളിച്ചു കൊണ്ട്് അച്യുതന്‍ നായര്‍ കിടന്നുറങ്ങുമ്പോള്‍ ഒറ്റവെട്ട്. രാവിലെയാണ് തമാശയുണ്ടാവുക. ഇതൊന്നും ഭ്രാന്തല്ല അഹമ്മതിയാണ് എന്നലറി തല്ലാന്‍ നോക്കുമ്പോള്‍ കൈയ്യുണ്ടാവില്ല. കൈ അന്വേഷിച്ചു കൊണ്ട് അയാള്‍ വീട്ടിലും മുറ്റത്തുമൊക്കെ ഓടി നടക്കുമ്പോള്‍ ചിരിച്ചു ചിരിച്ച് ചാവും''- ഇരുട്ടിന്റെ ആത്മാവിലെ വേലായുധന്‍ കുട്ടി ഒപ്പിക്കാന്‍ പോകുന്ന ഒരു തമാശയാണിത്. ഇതുപോലെ ഷാര്‍പ്പായ നര്‍മ്മമെഴുതാന്‍ എത്രപേര്‍ക്ക് കഴിയും.
'കൃഷ്ണനൊരുനാള്‍ അമ്മിണിമേലൊരു തൃഷ്ണ ഭവിച്ചു വലഞ്ഞു വശായി''. തെറ്റും തിരുത്തും എന്ന എം.ടി ചെറുകഥയിലെ ഒരു കഥാപാത്രം പറയുന്നു.
തമാശകള്‍ നന്നായി ആസ്വദിക്കുന്ന പ്രകൃതം കൂടിയാണ് എംടിയുടേത്. മഞ്ജു വാര്യര്‍ നായികയായി വേണു, സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിലെ ചില ഹാസ്യരംഗങ്ങള്‍ വര്‍ണ്ണിക്കുമ്പോള്‍ എം ടി ചിരിച്ച് മറിയുകയായിരുന്നെന്ന് വേണു പറഞ്ഞിട്ടുണ്ട്. മഞ്ജുവാര്യരുടെ ആ ചിത്രത്തിലെ പ്രകടനവും എം ടിക്ക് ഏറെ ബോധിച്ചിരുന്നു. മഞ്ജുവില്ലായിരുന്നെങ്കില്‍ ഇതുപോലെ ഒരുപടം താന്‍ എഴുതുകയില്ലെന്നാണ് എം ടി പറഞ്ഞത്.
സ്പോര്‍ട്സില്‍ അപാര കമ്പക്കാരനാണ് എം ടി. ചെസ്സ് മുതല്‍ ടെന്നീസുവരെയുള്ള സകല വിവിധ കളികളെക്കുറിച്ചും ആധികാരികമായി പറയാന്‍ കഴിയും. പക്ഷേ ഒരു പത്രാധിപര്‍ എന്ന നിലയിലുള്ള എം ടിയുടെ സേവനങ്ങള്‍ ഏറെയൊന്നും എഴുതപ്പെട്ടില്ലെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. മാതൃഭുമി ആഴ്ചപ്പതിപ്പും അതിന്റെ പത്രാധിപരായി എം.ടിയും ഇല്ലയിരുന്നെങ്കില്‍ മലയാള സാഹിത്യം എന്താകുമായിരുന്നു എന്നത് സംശയമാണ്. വെട്ടിയും തിരുത്തിയും മാറ്റി എഴുതിയും ഇന്നും കാണുന്ന ഒരുപാട് കഥാകൃത്തുക്കളെ സൃഷ്ടിച്ചതിന് പിന്നിലും ആ മാന്ത്രികക്കെകള്‍ തന്നെയാണ്. ഹെമ്മിങ്്വേയുടെ വലിയ ഒരു ആരാധകനായിരുന്നു എം ടി. ഗബ്രിയല്‍ ഗാര്‍സിയ മാര്‍കേസിനെ ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തിയതും മറ്റാരുമല്ല. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുപോലും, വിശ്വസാഹിത്യത്തില്‍ അപ്പ്ടുഡേറ്റ് ആയിരുന്നു അദ്ദേഹം.
ഈ മഹാ സാഹിത്യകാരന്റെ ഒരു പ്രശ്‌നം അദ്ദേഹം, നമ്മുടെ നാട്ടിലെ സോ കോള്‍ഡ് സാംസ്‌ക്കാരിക നായകരെപ്പോലെ എല്ലാ പ്രശ്‌നത്തിലും കേറി ഇടപെടുകയില്ല എന്നതാണ്. തനിക്ക് പ്രശ്‌നമെന്ന് തോന്നുന്ന കാര്യങ്ങളില്‍ കൃത്യമായ ഇടപെടല്‍ എം ടി നടത്തിയിട്ടുണ്ട്. തിരൂര്‍ തുഞ്ചന്‍ പറമ്പിന്റെ വികസനം ഒരു ഉദാഹരണം. അതുപോലെ മുമ്പ് കോഴിക്കോട് ടൗണ്‍ഹാള്‍ പൊളിച്ചുമാറ്റാന്‍ കോര്‍പ്പറേഷന് ഒരു ആലോചനയുണ്ടായിരുന്നു. അങ്ങനെ ചെയ്താല്‍ ഞാന്‍ ടൗണ്‍ഹാളിന് മുന്നില്‍ കുത്തിയിരിക്കുമെന്നായിരുന്നു എം ടിയുടെ പ്രതികരണം. എം ടി ഒരു സമരത്തിന് ഇറങ്ങിയാല്‍ എന്താണ് സംഭവിക്കുക എന്ന് അധികൃതര്‍ക്ക് നന്നായി അറിയാം. അതിനാല്‍ തന്നെ ആ നീക്കം പാളി. എം ടിയുടെ ഒറ്റ സപ്പോട്ടാണ് തുഞ്ചന്‍ പറമ്പിനെ ഈ രീതിയില്‍ വളര്‍ത്തിയത്.
അതുപോലെ കോഴിക്കോട് എയര്‍പോര്‍ട്ട് വികസനം, തൊട്ട് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസം അടക്കമുള്ള കാര്യങ്ങളില്‍വരെ എം ടി ഇടപെട്ടിട്ടുണ്ട്. തന്റെ എല്ലാമെല്ലാമായ നിളാ നദി സംരക്ഷണത്തിലും. പക്ഷേ ഇതൊന്നും വീമ്പ് പറയാന്‍ അദ്ദേഹമില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യവിഷയത്തിലും അദ്ദേഹം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളത്തിലെ ഒരു ബിജെപി നേതാവ്, കൈരളിയുടെ ഈ സ്വകാര്യ അഹങ്കാരത്തോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞതും അരും മറന്നിട്ടുണ്ടാവില്ല. വ്യക്തികളുടെ പദവിനോക്കുമ്പോള്‍ കൈ വിറയ്ക്കുന്ന മനുഷ്യനല്ല എം ടി. നടന്‍ മമ്മൂട്ടിക്കും നാട്ടിലെ ഒരു സാധാരണ മനുഷ്യനും അദ്ദേഹത്തിന്റെ മുന്നില്‍ തുല്യ പരിഗണനയാണ്. ഇതാണ് പലപ്പോഴും അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെട്ടത്.
പക്ഷേ സ്‌നേഹിക്കുന്നവര്‍ക്ക് മുന്നില്‍ അദ്ദേഹം ആട്ടിന്‍കുട്ടിയാണ്. തന്റെ ഫോട്ടോകള്‍ക്ക് ഒക്കെ യാതൊരു മടിയും കൂടായെ എത്ര സമയം എടുത്തുവേണവും പോസ് ചെയ്യുന്ന എം ടിയെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ പി മുസ്തഫയൊക്കെ പലതവണ പറഞ്ഞിട്ടുണ്ട്. അടുത്ത സൃഹൃത്ത്കൂടിയായ എന്‍ പി മുഹമ്മദ് മരിച്ചപ്പോള്‍ എം ടി കരഞ്ഞത് പലരും എഴൂതിയിട്ടുണ്ട്. എം ടി കരയുന്നത് പലരും ആദ്യമായി കാണുകയായിരുന്നു. പക്ഷേ തന്റെ ജീവിതത്തിലുണ്ടായ വീഴ്ചകള്‍ തുറന്ന് പറയാനും എംടിക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
മദ്യപിച്ച് മരണാസന്നനായപ്പോള്‍
പ്രശസ്തിയുടെ കൊടുമുടിയില്‍നില്‍ക്കുമ്പോള്‍, ഇടക്ക് എപ്പോഴോ എം ടി എന്ന കേരളത്തിലെ ഏറ്റവും ആരാധിക്കപ്പെട്ടുള്ള ചെറുപ്പക്കാരനായ എഴുത്തുകാരന് ജീവിതം കൈവിട്ടുപോയി. ഒരുകാലത്ത് വലിയ ചീട്ടുകളി ഭ്രാന്തനുമായിരുന്നു എം ടി. അങ്ങനെ കോഴിക്കോട്ട് വീറ്റ്ഹൗസ് എന്ന 70കളിലെ ഒരു പ്രമുഖ ഹോട്ടലിലുണ്ടായ തര്‍ക്കമാണ്, ഒരു കൊലപാതകത്തില്‍ കലാശിക്കുന്നത്. ഒരു ഈഗോയുടെ പുറത്ത് ഒരു സൃഹത്ത് മറ്റൊരു സുഹൃത്തിനെ കുത്തിക്കൊല്ലുന്നു. വധശിക്ഷക്ക്വ ിധിക്കപ്പെട്ട ആ പ്രതിയെ ജയലില്‍വെച്ച് പോയി കണ്ട അനുഭവംവെച്ചാണ്് ശത്രുവെന്ന എം ടിയുടെ കഥയുണ്ടാവുന്നത്. അത് പിന്നീട് ഡെവലപ്പ്ചെയ്ത് അദ്ദേഹം, സദയം എന്ന സിനിമയാക്കി.
മദ്യപാനമായിരുന്നു അദ്ദേഹത്തെ കുടുക്കിയ ഏറ്റവും വലിയ പ്രശ്നം. ഒന്നും രണ്ടും വര്‍ഷമല്ല 20 വര്‍ഷക്കാലം മദ്യപിച്ചയാളാണ് എം ടി.സുഹൃത്തുക്കളുമായൊക്കെ ചേര്‍ന്ന് ഒരു തമാശക്ക് തുടങ്ങിയ മദ്യപാനം ക്രമേണെ ശീലമായി. എഴുത്തുകാരെ സല്‍ക്കരിപ്പിച്ച് സന്തോഷിപ്പിച്ച് നശിപ്പിക്കുന്ന, സദിര് സംഘങ്ങള്‍ക്ക് അന്നും കോഴിക്കോട് പഞ്ഞമുണ്ടായിരുന്നില്ല. പുനത്തില്‍ കുഞ്ഞബ്ദുല്ല ഒരിക്കല്‍ എഴുതി-'' അക്കാലത്ത് ഞെട്ടിക്കുന്നതായിരുന്നു എം ടിയുടെ മദ്യപാനം. ജോലിയില്ലാത്ത ദിവസങ്ങളില്‍ അതിരാവിലെ തുടങ്ങി ഒരു കുപ്പി തീര്‍ക്കും''. മദ്യത്തിന്റെ ഹാങ്ങോവറില്‍ മാതൃഭൂമി ഓഫീസില്‍ ഉച്ചക്കുറങ്ങുന്ന എംടിയെ പല സഹപ്രവര്‍ത്തകര്‍ക്കും ഓര്‍മ്മയുണ്ട്.
അങ്ങനെ ഗുരുതരമായ കരള്‍ രോഗം വന്ന് അദ്ദേഹം മരണാസന്നായിരുന്നു. ഒരു വേള കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ 'എം ടി അന്തരിച്ചു' എന്ന തലക്കെട്ടില്‍ വാര്‍ത്തയും പ്രൊഫൈലും, തയ്യാറാക്കിയിരുന്നു. 'സുകൃതം' സിനിമയില്‍, മമ്മൂട്ടി അവതരിപ്പിച്ച, സ്വന്തം മരണവാര്‍ത്ത തയ്യാറാക്കിവെച്ചിരിക്കുന്ന കാണുന്ന പത്രപ്രവര്‍ത്തകന്‍ രവിശങ്കര്‍ എം ടിയുടെ സ്വന്തം അനുഭവമാണ്. അക്ഷരങ്ങള്‍ എന്ന സിനിമയിലും മദ്യത്തിലേക്ക് വഴിതെറ്റിയ ഒരു എഴുത്തുകാരനെ എം ടി ആവിഷ്‌ക്കിരിച്ചിട്ടുണ്ട്. ആ വേഷവും മമ്മൂട്ടിയുടെതായിരുന്നു. ഇതും അദ്ദേഹത്തിന്റെ ആത്മാംശമുള്ള കഥാപാത്രമാണ്.ഇനി കുടിച്ചാല്‍ മരണം ഉറപ്പ് എന്ന ഡോക്ടറുടെ മുന്നറിയിപ്പോടെ, ഡിസ്ചാര്‍ജായ എം ടി പിന്നെ, ചിട്ടയായ ജീവിതത്തിലൂടെ 91 വയസുവരെ ജീവിച്ചതും മറ്റൊരു അത്ഭുതം!
മദ്യപാനത്തെക്കുറിച്ചും അത് നിര്‍ത്തിയതിനെക്കുറിച്ചും തുറന്ന് പറയാനും, ഒട്ടും ഇമേജ് കോണ്‍ഷ്യസ് അല്ലാത്ത ഈ എഴുത്തുകാരന് മടിയില്ല. വര്‍ഷങ്ങള്‍ക്ക് 1994-ല്‍ കോഴിക്കോട് സുരക്ഷ ചികിത്സാകേന്ദ്രം നടത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് എം.ടി. പറഞ്ഞു- ''മദ്യം എന്റെ സാഹിത്യത്തിന് യാതൊരു ഗുണവും ചെയ്തിട്ടില്ല. മദ്യപിച്ച് ഒരു കത്തെഴുതാന്‍ പോലും എനിക്ക് സാധിച്ചിട്ടില്ല. ശാരീരികമായും മാനസികമായും മദ്യം എന്നെ തളര്‍ത്തിയിട്ടേയുള്ളൂ.''
എം എന്‍ കാരശ്ശേരിയും ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. 'കുടിച്ചാല്‍ എഴുത്തിനും മറ്റ് കലാപ്രവര്‍ത്തനങ്ങള്‍ക്കും ഉഷാറ് കിട്ടും എന്നാരു ധാരണയുണ്ടല്ലോ' എന്ന ചോദ്യത്തിന്, എം.ടി. നല്‍കുന്ന ഉത്തരം ഇങ്ങനെ-'' അത്യബദ്ധം, കുടിച്ചാല്‍ എഴുതാന്‍ പറ്റില്ല. കുടിച്ചിരുന്നിട്ട് ഞാന്‍ ഒരു വരിയും എഴുതിയിട്ടില്ല. മനുഷ്യനെ ചീത്തയാക്കാനല്ലാതെ മദ്യത്തിന് ഒന്നും കഴിയില്ല. സമയവും പണവും നഷ്ടം. പിന്നെ, കുറ്റബോധവും. ഞാന്‍ എന്റെ ദീര്‍ഘകാലത്തെ അനുഭവത്തില്‍നിന്ന് പറയുന്നതാണ്'.- എം ടി തുറന്നടിച്ച് പറയുന്നു.
ആദ്യഭാര്യയുടെ ബദല്‍ സിനിമ
എം.ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. 965-ല്‍, എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയെയും വിവാഹം കഴിച്ച അദ്ദേഹം പിന്നീട് വിവാഹമോചിതനായി. 77-ല്‍ അദ്ദേഹംം പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയെ ജീവിത സഖിയാക്കി.മൂത്തമകള്‍ സിതാര ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ ബിസിനസ് എക്‌സിക്യൂട്ടീവാണ്. ന്യൂജഴ്‌സിയില്‍ താമസിക്കുന്നു. രണ്ടാമത്തെ മകള്‍ അശ്വതിയും നര്‍ത്തകിയാണ്
എം ടിയുടെ വ്യക്തിജീവിതത്തിലെ ഈ താളപ്പിഴകളാണ്, അദ്ദേഹത്തിന്റെ പലസ സിനിമകളിലും സ്ത്രീ വിരുദ്ധത എന്ന് വിമര്‍ശിക്കപ്പെടാവുന്ന സംഭാഷണങ്ങള്‍ ഉണ്ടായത് എന്ന് പില്‍ക്കാലത്ത് പഠനങ്ങള്‍വരെ വന്നു. കേരളത്തില്‍ എറ്റവും കൂടുതല്‍ അക്കാദമിക്ക് പഠനങ്ങള്‍ വന്നതും എം ടിയുടെ രചനകളെക്കുറിച്ചായിരിക്കണം. വടക്കന്‍ വീരഗാഥയിലെ ചന്തു, ഉണ്ണിയാര്‍ച്ചയോട് പറയുന്ന ''നീയടക്കമുള്ള പെണ്‍വര്‍ഗം ചിരിച്ചുകൊണ്ട് ശപിക്കും, വെറുത്തുകൊണ്ട് കൊഞ്ചും'' എന്നൊക്കെപ്പറയുന്ന ഡയലോഗ് അടക്കം പലരും എടുത്തുകാണിക്കുന്നുണ്ട്. അക്ഷരങ്ങള്‍, സുകൃതം തുടങ്ങിയ എംടിയന്‍ സിനിമകളുമായി ബന്ധപ്പെട്ടും, ഈ സ്ത്രീവിരുദ്ധതാരോപണങ്ങള്‍ ഉയര്‍ന്നു.
ഏറ്റവും വിചിത്രം അക്ഷരങ്ങള്‍ എന്ന സിനിമക്ക് മറുപടിയായി എം ടിയുടെ ആദ്യഭാര്യ പ്രമീളാ ദേവി ബദല്‍ സിനിമ, നിര്‍മ്മിക്കാന്‍ ഒരുങ്ങിയിരുന്നുവെന്നാണ്. സിനിമയില്‍ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്നീ നിലങ്ങളില്‍ പ്രവര്‍ത്തിച്ച, ഗോപിനാഥ് മുരിയാടിന്റെ അനുഭവ കഥകളായ 'എന്റെ ആല്‍ബം' എന്ന പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. താന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ സിനിമയുടെ കഥ കേട്ട് നടുങ്ങിയെന്നും ഗോപിനാഥ് മൂരിയാട് എഴുതുന്നുണ്ട്. എം ടിയുടെ ആദ്യ ഭാര്യ പ്രമീള നായര്‍ എഴുതിയ പുസ്തകമാണ് സിനിമ ആക്കേണ്ടത്. അക്ഷരങ്ങള്‍ എന്ന എം.ടി. ചിത്രം അദ്ദേഹത്തിന്റെ സ്വന്തം ആത്മാവിഷ്‌ക്കാരം തന്നെ ആണെന്ന് അന്ന് പത്ര മാധ്യമങ്ങളില്‍ ചര്‍ച്ച ഉണ്ടായിരുന്നു. ഈ ചിത്രത്തില്‍ സുഹാസിനി ആണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ യുടെ വേഷം ചെയ്തിരിക്കുന്നത്. പക്ഷേ സീമ അവതരിപ്പിച്ച കാമുകിയായ കഥാപാത്രത്തിനാണ് പ്രാമുഖ്യം കൂടുതല്‍.
ഈ സിനിമ പ്രമീള നായരെ വേദനിപ്പിച്ചു. അവര്‍ തന്റെ കഥ സ്വന്തം കാഴ്ച പാടില്‍ എഴുതിയ പുസ്തകം ആണിത്. സ്വാഭാവികമായും അതില്‍ അവരെ ന്യായീകരിച്ചു കൊണ്ടും ഭര്‍ത്താവിനെ കുറ്റപ്പെടുത്തിയും ആയിരിക്കുമല്ലോ എഴുതിയിരിക്കുക. അത്കൊണ്ട് തന്നെ എം ടി യെ പ്പോലൊരു മഹാമേരുവിനെ പിണക്കാന്‍ സാധ്യതയുള്ള ഈ പ്രൊജക്റ്റ് ചെയ്യാന്‍ അന്ന് മലയാള സിനിമയില്‍ ഉള്ള മുന്‍ നിരക്കാര്‍ ആരും തയ്യാര്‍ ആയിരുന്നില്ല.
അതുകൊണ്ട് കഴിവുള്ള പുതിയ സംവിധായകര്‍ ആരെങ്കിലും ഈ പ്രൊജക്റ്റ് ചെയ്യാന്‍ തയ്യാര്‍ ആയാല്‍ പ്രൊഡ്യൂസര്‍ ആയി പ്രമീളനായരുടെ സുഹൃത്തുക്കള്‍ റെഡിയാണ് എന്നാണ് ഗോപിനാഥ് അറിഞ്ഞത്. പ്രമീളയുടെ കൃതിയില്‍ നിന്നും സ്‌ക്രീന്‍പ്ലേ തയ്യാര്‍ ആക്കി സംവിധാനം ചെയ്യണം എന്നായിരുന്നു കരാര്‍ എന്നും ഗോപിനാഥ് എഴുതുന്നു. എന്നാല്‍ ഈ പ്രോജക്റ്റ് നടന്നില്ല. പിന്നീട് എം ടിയും ആദ്യഭാര്യയും കുടുംബവും തമ്മില്‍ നല്ല ബന്ധത്തിലുമായി.
മുത്തങ്ങയും ആണവവിരുദ്ധ സമരവും
പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ ഒരുപറ്റം രാഷ്ട്രീയക്കാര്‍ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്ന എഴുത്തുകാരന്‍ കൂടിയാണ് എം ടി. സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാതെ തന്ത്രപൂര്‍വം മാറിനില്‍ക്കുന്നുവെന്ന് ചിലര്‍ ആരോപിക്കാറുമുണ്ട്. പക്ഷേ ഇത് തെറ്റാണ്. തുഞ്ചന്‍ പറമ്പില്‍ നടത്തുന്ന സാംസ്‌കാരിക ഇടപെടലുകളും, പെരിങ്ങോം ആവണനിലയ വിരുദ്ധ മുന്നേറ്റത്തിലും, മുത്തങ്ങ സമരത്തിലും കയ്യൊപ്പ് ചാര്‍ത്തിയ കലാകാരനാണ് എം.ടി. സാമൂഹിക കാര്യങ്ങളിലും രാഷ്ട്രീയത്തിലും എം.ടിയ്ക്ക് ഒരു നിലപാടുണ്ട്. എന്നാല്‍, സകലമാന കാര്യങ്ങളിലും എന്തെങ്കിലും അഭിപ്രായപ്രകടനം നടത്തണം എന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല.
പുകഴ്ത്തുലുകളോടും, യോഗങ്ങളോട്, എന്തിന് മാധ്യമ അഭിമുഖങ്ങളോടുപോലും എം ടി താല്‍പ്പര്യം കാട്ടാറില്ല. അപൂര്‍വമായി അനുവദിക്കുന്ന അഭിമുഖങ്ങളില്‍പോലും സ്വന്തം സ്വകാര്യതയിലേക്കും വിവാദങ്ങളിലേക്കും കടക്കാന്‍ എം ടി അനുവദിക്കാറില്ല. ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. -''എകെ.ജി. അദ്ദേഹത്തോട് എനിക്ക് ആരാധന തോന്നിയിട്ടുണ്ട്. പിന്നെ കെ. കേളപ്പന്‍. രണ്ടുപേരോടും കുറച്ച് അടുപ്പമുണ്ടായിരുന്നു. വളരെ ആദരവ് തോന്നിയ മറ്റൊരാളാണ് മുഹമ്മദ് അബ്ദുറഹ്മാന്‍''. രാഷ്ട്രീയത്തിലേക്ക് ക്ഷണം കിട്ടിയാല്‍ പോകുമോ എന്ന ചോദ്യത്തിന്, ''അയ്യോ, ഞാനില്ല. എന്റെ പ്രകൃതത്തിനും ശരീരക്കൂറിനും പറ്റിയതല്ല രാഷ്ട്രീയപ്രവര്‍ത്തനം'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മുന്‍ സംസ്ഥാന ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ഒരു പുസ്തക പ്രകാശനവേളയില്‍ (2020) വളച്ചൊടിക്കലുകളില്ലാതെ എം.ടി. അഭിപ്രായപ്പെട്ടു: ''നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം) ലക്ഷക്കണക്കിന് ആളുകള്‍ക്ക് കടുത്ത പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്''. എണ്‍പത്തിയേഴാം വയസ്സിലാണ് എം.ടി.യുടെ ഈ പ്രതികരണം. എം.ടി.യോട് സംഘ്പരിവാര്‍ രൂക്ഷമയാണ് പ്രതികരിച്ചത്. എം.ടി. സാമ്പത്തികകാര്യ വിദഗ്ദ്ധനല്ല എന്ന് ഒരു കേന്ദ്രമന്ത്രി തന്നെ ആക്ഷേപിച്ചു. എം.ടിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പാക്കിസ്ഥാനില്‍ പോവാന്‍ വരെ പറഞ്ഞു. പക്ഷേ അദ്ദേഹം കുലുങ്ങിയില്ല, നിലപാടില്‍ ഉറച്ചുനിന്നു.
എം.ടി. വാസുദേവന്‍ നായര്‍ പങ്കെടുത്ത രണ്ട് സമരങ്ങളാണ് പെരിങ്ങോം ആണവ വിരുദ്ധ റാലിയും മുത്തങ്ങ വെടിവെപ്പ് പ്രതിഷേധ സമരവും. കോഴിക്കോട് വെച്ച് നടന്ന ആണവ വിരുദ്ധ റാലിയില്‍ (1990) മുഖ്യാതിഥിയായിരുന്നു എം.ടി. സമരത്തില്‍ സജീവമായി പങ്കെടുക്കുകയും ചിലേടങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. അതുപോലെ മുത്തങ്ങയിലും.
''ഞാനും മുത്തങ്ങയില്‍ പോയി. ആദിവാസികളുടെ ഭീതി ഞെട്ടിക്കും. നമ്മള്‍ പോലീസുകാരല്ല എന്ന് അവരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ അവര്‍ നമ്മെ നോക്കൂ.' ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയ സ്ത്രീകളെയും കുട്ടികളെയും എം.ടി. കണ്ടിരുന്നു. 'ഇതിന്റെയൊക്കെ രാഷ്ട്രീയം വേറെ. ഞാനതിന്റെ ന്യായാന്യായങ്ങളെ ഇപ്പോള്‍ ആലോചിക്കുന്നില്ല. മുത്തങ്ങ സംഭവത്തിന് ഒരു മാനുഷിക തലമുണ്ട് എന്നതാണ് പ്രാധാന്യം''-എം ടി പറഞ്ഞു.
ഗോത്രവര്‍ഗക്കാര്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ച് നല്‍കാത്ത കാര്യത്തില്‍ എം.ടി. ചോദിക്കുന്നു: -''ചരിത്രം തിരുത്താന്‍ നാം തയ്യാറാവണം. അവരുടെ ഭൂമി തിരിച്ചുകൊടുക്കണം. സര്‍ക്കാര്‍ അത് ചെയ്തേ ഒക്കൂ.ഭരണകൂടങ്ങള്‍ക്ക് കുടിയേറ്റക്കാര്‍ വിലപ്പെട്ടവരാണ്. കേരളത്തിലെ സമ്പന്നരായ തോട്ടമുടമകളെയും കുടിയേറ്റ കര്‍ഷകരും രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. അവര്‍ വോട്ടുബാങ്കാണ്. അവര്‍ക്ക് വേണ്ടിയാണ് സ്റ്റേറ്റ് എപ്പോഴും നിലകൊള്ളുക''- എം ടി തുറന്നടിച്ചു.
മാറാട് മുതല്‍ പിണറായി വിര്‍മശനംവരെ
മറാട് കലാപകാലത്ത് (2002-2003) എം ടിയും സമാധാന ദൂതുമായി രംഗത്തെത്തി. കോഴിക്കോട്ടും പരിസരങ്ങളിലും നടന്ന മതസൗഹാര്‍ദ്ദച്ചടങ്ങുകളില്‍ അദ്ദേഹം സജീവമായി. അസുഖത്താല്‍ പങ്കെടുക്കാന്‍ പറ്റാതെ പോയ മാറാട് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനത്തില്‍ എം.ടിയുടെ മൈത്രിയുടെ സന്ദേശം വായിക്കപ്പെട്ടു. കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന മതസൗഹാര്‍ദ്ദസമ്മേളനത്തില്‍ മുഖ്യാതിഥിയായി. കൊടുങ്ങല്ലൂരും പൊന്നാനിയും കലാപനാളുകളില്‍ പോലും എങ്ങിനെയാണ് സാംസ്‌കാരിക പൈതൃകത്തിന്റെ നന്മ കാത്ത് സൂക്ഷിച്ചതിനെക്കുറിച്ചാണ് എം.ടി. പ്രധാനമായും ആ സമ്മേളനത്തില്‍ പറഞ്ഞത്. നിളാനദിയുടെ തീരത്തെ, മതനിരപേക്ഷമായ സാമൂഹികാന്തരീക്ഷം കുട്ടിക്കാലത്ത് തന്നെ എം.ടി. അനുഭവിച്ചിരുന്നു. വെള്ളപ്പൊക്കത്തിന്റെ നാളുകളില്‍ മുസ്ലിം സ്ത്രീയുടെ പ്രസവത്തിന് പൂജാമുറി തുറന്നുകൊടുത്ത സംഭവം എം.ടി. സ്മരിച്ചിട്ടുണ്ട്.
ഈ 91-ാം വയസ്സിലും എം ടിയുടെ രാഷ്ട്രീയ വിമര്‍ശനം ഏറെ ചര്‍ച്ചയായിരുന്നു. 2024-ലെ കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍, മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി നടത്തിയ വിമര്‍ശനവും വൈറലായി. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എം ടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു.
തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്ന് പറഞ്ഞ എം ടി, ഇക്കാര്യത്തില്‍ ഇഎംഎസിനെയാണ് ഉദാഹരിച്ചത്. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന സങ്കല്‍പ്പത്തെ മാറ്റിയെടുക്കാന്‍ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം ടി പറഞ്ഞു. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടന്‍ പിണറായി വേദി വിട്ടു. സംഭവത്തില്‍ ഗുഢാലോചന സംശയിച്ച് പൊലീസ് കേസ് അന്വേഷണം നടന്നതും സംസ്ഥാന സര്‍ക്കാറിന് നാണക്കേടായി. എന്നാല്‍ നേരത്തെ താന്‍ എഴുതിയ ലേഖനത്തിലെ ചില ഭാഗങ്ങള്‍ എം ടി വായിച്ചതാണെന്ന് തെളിഞ്ഞു. പക്ഷേ പറയാനുള്ളത് പറഞ്ഞു എന ്നിലപാടാണ് എം ടിക്ക് ഉണ്ടായിരുന്നത്.
എം ടിക്കുമുണ്ട് നാല് ദു:ഖങ്ങള്‍
എന്തെല്ലാം വിശേഷണങ്ങള്‍ നാം കൊടുത്താലും, സാധാരണക്കാരന്റെ മനസ്സില്‍ എം ടി എന്നത് ചതിയന്‍ ചന്തുവിനെയടക്കം, ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്ത, തിരക്കഥാകൃത്താണ്. മമ്മൂട്ടിയാണ് എം ടിയുടെ തീപാറുന്ന ഡയലോഗുകളിലൂടെ അരങ്ങുതകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം കിട്ടിയ നടന്‍. മമ്മൂട്ടി ജീവിതത്തില്‍ പേടിക്കയും ബഹുമാനിക്കയും ചെയ്യുന്ന ഏക വ്യക്തിയാണ് എം ടിയെന്നാണ് സിനിമക്കാര്‍ക്കിടയിലെ ഒരു തമാശ. തന്റെ തൂലികയിലുടെ വളര്‍ന്ന നടന്‍, വീണും ഉരുണ്ടെഴുനേറ്റ് പൊടിതട്ടിയുമൊക്കെ വളര്‍ന്ന് മെഗാതാരമാവുന്നത് താന്‍ ആസ്വദിച്ച് കണ്ടുവെന്ന് എം ടി ഒരിക്കല്‍ എഴുതിയിരുന്നു. ചില ഡയലോഗുകള്‍ എഴുതുമ്പോള്‍ മമ്മൂട്ടിയുടെ ശബ്്ദം താന്‍ കേള്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മമ്മൂട്ടി വടക്കന്‍ വീരഗാഥയിലെ കിടിലന്‍ ഡയലോഗുകള്‍ ഹൃദ്സ്ഥമാക്കിയതും വേറിട്ട വഴിയിലൂടെയാണ്. ഡയലോഗുകള്‍ പഠിക്കാന്‍ ബുദ്ധിമുട്ട് ആയതുകൊണ്ട് മമ്മൂട്ടി നേരെ കോഴിക്കോട് എത്തി എം ടി വാസുദേവന്‍ നായരെ കണ്ടു. സംഭാഷണങ്ങള്‍ എംടിയുടെ സ്വരത്തില്‍ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ച് ഒരു കാസറ്റില്‍ റെക്കോര്‍ഡ് ചെയ്തെടുത്തു. പിന്നീട് യാത്രകളിലും സമയം കിട്ടുമ്പോഴും ഒക്കെ ഇതിങ്ങനെ കേട്ടുകേട്ട് സംഭാഷണങ്ങള്‍ പഠിക്കും. എം ടി സംഭാഷണങ്ങള്‍ പറയുന്ന രീതി. മോഡുലേഷന്‍, സംഭാഷണം നിര്‍ത്തേണ്ട സ്ഥലം എന്നതൊക്കെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ മമ്മൂട്ടി കേട്ടു പഠിച്ചു. ആ അധ്വാനത്തിന്റെ ഫലമാണ് ജനം ഇന്നും ആസ്വദിക്കുന്ന, തീ പാറുന്ന ആ സംഭാഷണങ്ങള്‍.
മോഹന്‍ലാലിനും ഒരിക്കലും മറക്കാനാവില്ല ആ തൂലികയുടെ ശക്തി. അമൃതംഗമയ, അനുബന്ധം, രംഗം, പഞ്ചാഗ്നി, അടിയൊഴുക്കുകള്‍, അഭയം തേടി, താഴ്വാരം, സദയം, ഉയരങ്ങളില്‍...ഏറ്റവുമൊടുവില്‍ ഓളവും തീരവും. ലാലും എംടിയന്‍ തിരക്കഥയില്‍ ഒരുപാട് തിളങ്ങിയിട്ടുണ്ട്. വാനപ്രസ്ഥത്തിലെ ലാലിന്റെ അഭിനയം തന്നെ അമ്പരിപ്പിച്ചുവെന്നും എം ടി പറഞ്ഞിരുന്നു.
വ്യക്തിജീവിതത്തില്‍ നാല് വിഷമങ്ങളാണ് എം ടി അടുപ്പമുള്ളവരോട് പറയാറുള്ളത്. സ്വകാര്യദു:ഖങ്ങള്‍ അദ്ദേഹം ആരോടും പങ്കുവെച്ചിരുന്നില്ല. താന്‍ കണ്ടുവളര്‍ന്ന നിളാ നദി, ഒരു മാലന്യക്കുമ്പാരമാവുന്നതും, ശോഷിച്ചുപോകുന്നതുമാണ് എം ടിയെ ഏറെ വിഷമിച്ചത്. പിന്നീടുള്ളത് പ്രൊഫഷണലായുള്ള ചില പ്രശ്നങ്ങളായിരുന്നു.
ഒരു വരി എഴുതിക്കിട്ടാന്‍ പ്രസാധകരും, സംവിധായകരും, ക്യൂ നില്‍ക്കുന്ന ഈ മഹാ സാഹിത്യകാരന്റെ മൂന്ന് തിരക്കഥകള്‍ ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല.
അന്തരിച്ച സംവിധായകന്‍ അജയന്‍ തൊട്ട് പ്രിയദര്‍ശന്‍ വരെയുള്ളവരുടെ ഡ്രീം പ്രോജക്റ്റ് ആയ മാണിക്യക്കല്ല് സിനിമയാക്കാന്‍ കഴിഞ്ഞില്ല. 90കളില്‍, ഗുഡ്നെറ്റ് മോഹന്‍ എന്ന എത്ര കോടികള്‍പോലും മുടക്കാന്‍ കഴിവുള്ള ഒരു നിര്‍മ്മാതാവിന്റെ നേതൃത്വത്തില്‍, അമേരിക്കയില്‍ പോയി ഇതിനായി ഹോളിവുഡിലെ സ്പെഷ്യല്‍ ഇഫക്റ്റ് വിദഗ്ധരെ വരെ കണ്ടിരുന്നു. ഗുഡ്നൈറ്റ് മോഹന്റെ അഭ്യര്‍ത്ഥനമാനിച്ച്, എം ടി മാണിക്യകല്ലിന്റെ ക്ലൈമാക്സ്പോലും മാറ്റി എഴുതിയിരുന്നു.
പക്ഷേ ചിത്രം സിനിമായായില്ല. ആ പ്രൊജക്റ്റിനുവേണണ്ടി മാത്രം നടന്ന്, പെരുന്തച്ചന്‍ എന്ന ആദ്യസിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ അജയന്‍ മറ്റൊരു സിനിമപോലും എടുക്കാതെ, 'നിധി കാക്കുന്ന ഭുതത്തെപ്പോലെ' കാല യവനികക്കുള്ളില്‍ മറഞ്ഞു. അത് സിനിമയായിരുന്നെങ്കില്‍, 90കളില്‍ ഓസ്‌ക്കാര്‍ മലയാളത്തില്‍ എത്തുമായിരുന്നുവെന്നാണ് അജയന്‍ വിശ്വസിച്ചിരുന്നത്. എം ടിയുടെയും നൊമ്പരമാണ് ഈ നടക്കാതെ പോയ പ്രോജക്റ്റ്.
കമലഹാസനുവേണ്ടി എഴുതിയ 'നയന്റീന്‍ത്ത് സ്്‌റ്റെപ്പ്' അഥവാ പത്തൊമ്പതാമത്തെ അടവ് എന്ന ചിത്രവും എവിടെയും എത്തിയില്ല. ചിത്രത്തിന്റെ ഭീമന്‍ ബജറ്റാണ് പ്രശ്നമായത്. ഒപ്പം കളരി പഠിച്ച് അവതരിപ്പിക്കണമെന്ന കമലിന്റെ പിടിവാശിയും. അതുപോലെ തന്റെ മാസ്റ്റര്‍ പീസായ രണ്ടാമൂഴം നോവലിന്റെ തിരക്കഥയും, കോടതി കയറിയാണ് എം ടി തിരിച്ചുപിടിച്ചത. ഇത് സംബന്ധിച്ച് ഒടിയന്‍ സംവിധായകന്‍ ശ്രീകുമാരമേനോനുമായുള്ള കേസ് കേരളം എറെ ചര്‍ച്ചചെയ്്തതാണ്. ഈ 91ാം വയസ്സിലും കര്‍മ്മ നിരതനായിരുന്നു അദ്ദേഹം. ഇനിയും ഖനനം ചെയ്യാത്ത ഒരുപാട് കഥകളുടെ സ്വര്‍ണ്ണഖനിയായ ആ മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനം നിലക്കുമ്പോള്‍, മലയാളി സഹൃദയരുടെ മനസ്സില്‍ ഓര്‍മ്മകളുടെ കടലിരമ്പമാണ്.
വാല്‍ക്കഷ്ണം: എം ടി എത്ര സിമ്പിളായിരുന്നുവെന്ന് കോഴിക്കോട് കൊട്ടാരം റോഡിലെ നാട്ടുകാര്‍ക്ക് അറിയാം. പണ്ട് അദ്ദേഹം ഇതുവഴി നടക്കുമ്പോള്‍ സുഹൃത്തിന്റെ മെഡിക്കല്‍ ഷോപ്പില്‍ വിശ്രമിക്കാന്‍ കയറുമായിരുന്നു. സുഹൃത്ത് ഒന്ന് മാറിയാല്‍ മരുന്ന് എടുത്തുകൊടുക്കുന്ന പണിയും എം ടി ചെയ്യും. ആ മഹാസാഹിത്യകാരന്റെ കൈയില്‍നിന്ന് മരുന്ന് കിട്ടാന്‍ വേണ്ടി വെറുതെ ഇല്ലാത്ത രോഗങ്ങള്‍ ഉണ്ടാക്കി അവിടെ കാത്തിരുന്ന ആരാധകര്‍ പോലുമുണ്ട്. പ്രസാദംപോലെ അവര്‍ ആ ഗുളികവാങ്ങി പോവുന്നു!