ആദ്യ രാത്രിയില്‍ പോലും ഫിലിം ഫെസ്റ്റിവലിനു പോയ സിനിമാ പ്രാന്തന്‍; കഥകളി തൊട്ട് ഷെഹനായിയെക്കുറിച്ച് വരെ ആധികാരിക സംസാരം; പ്രാക്കുളം ചേഗുവേരയെന്നും രണ്ടാം മുണ്ടശ്ശേരിയെന്നും വിളിപ്പേരുകള്‍; ജോസഫ് മാഷെ മഠയനെന്ന് വിളിച്ചത് തീരാക്കളങ്കം; സമരങ്ങളിലുടെ സിപിഎം അമരത്തേക്ക്; എം എ ബേബിയുടെ ജീവിത ജുഗല്‍ബന്ദി!
കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ വിവാഹത്തിന് സാക്ഷാല്‍ കെ ജെ യേശുദാസ് മാലയെടുത്ത് കൊടുക്കുക എന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? എന്നാല്‍ സിപിഎം നേതാവ് എം എം ബേബിയുടെ മകന്റെ വിവാഹം അങ്ങനെയായിരുന്നു. യേശുദാസ് മാത്രമല്ല, മമ്മൂട്ടിയും മോഹന്‍ലാലും തൊട്ട് തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈനും, ഉസ്താദ് ബിസ്മില്ലാഖാനും വരെ നീളുന്ന വിശാല കലാ സൗഹൃദമുള്ളയാളാണ് ഇപ്പോള്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായ എം എം ബേബി.
പ്രത്യയശാസ്ത്ര കുടുംപിടുത്തങ്ങളില്‍ ജീവിക്കുന്ന മുരടനായ ഒരു കമ്യുണിസ്റ്റല്ല അദ്ദേഹം. സിനിമയും, സംഗീതവും, സാഹിത്യവുമൊക്കെയായി ഒരു ജുഗല്‍ബന്ദിപോലെ സുന്ദരമാണ് ആ ജീവിതം. കായികരംഗത്തേക്ക് വന്നാല്‍ ടെന്നീസും, ക്രിക്കറ്റും, ഫുട്ബോളുമൊക്കെ ആധികാരികമായി വിലയരുത്തുന്ന നേതാവ്. കൗമാരത്തില്‍ നല്ല കാല്‍പ്പന്തുകളിക്കാരനുമായിരുന്നു. ലോകത്ത് എവിടെപോയാലും വിംബിള്‍ഡണ്‍ അടക്കമുള്ള മേജര്‍ സ്പോര്‍ട്സ് ഇവന്റുകള്‍ ഒന്നും, ബേബി മിസ് ചെയ്യാറുമില്ല. സാധാരണ നമ്മള്‍ കാണുന്ന, സോ കോള്‍ഡ് ഇന്ത്യന്‍ പൊളിറ്റീഷ്യന്‍മ്മാരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് അയാള്‍.
അതുപോലെ തന്നെ മാര്‍ക്സിസം ലെനിനിസവും അരച്ചുകലക്കിയ ആളാണ് ബേബി. എത് ഉറക്കപ്പിച്ചില്‍നിന്ന് ചോദിച്ചാലും വൈരുധ്യാതിഷ്ഠിത ഭൗതികവാദത്തിലെയടക്കം സിദ്ധാന്തങ്ങള്‍ ഉദാഹരണ സഹിതം പറയാന്‍ കഴിയും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സിപിഎം പാര്‍ട്ടിക്ലാസുകളിലെ സ്ഥിരം മുഖവുമാണ് ഈ വെള്ളത്താടിക്കാരാന്‍. ഇപ്പോള്‍ ഇഎംഎസിനുശേഷം, കേരളഘടകത്തില്‍നിന്ന് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതലയും, ഈ 71-കാരന് വന്നുചേര്‍ന്നിരിക്കയാണ്.
സമരങ്ങളിലുടെ അമരത്തേക്ക്
1954 ഏപ്രില്‍ 5ന് കൊല്ലത്താണ് എം എ ബേബിയുടെ ജനനം. അദ്ധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവന്‍. പ്രാക്കുളം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍.കോളജ് എന്നിവിടുങ്ങളില്‍ വിദ്യാഭ്യാസം.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തില്‍ പ്രവേശിച്ച ബേബി എസ്.എഫ്.ഐ, ഡിവൈഎഫ്ഐ എന്നിവയിലുടെ വളര്‍ന്നു. 1974-ല്‍ എസ്.എഫ്.ഐയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായതാണ് ബേബിയുടെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവ്. തൊട്ടടുത്ത വര്‍ഷം എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ് ആയും, ആ ഊര്‍ജസ്വലനായ യുവാവ് തിരഞ്ഞെടുക്കപെട്ടു. അടിയന്തരാവസ്ഥക്കാലത്തെ മര്‍ദനവും ജയില്‍വാസവും അനുഭവിച്ചു. 77-ല്‍ കൊല്ലം ജില്ലാകമ്മറ്റി അംഗമായി. 1978-ല്‍ ലോക യുവജന മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.79-ല്‍ എസ്ഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി. ഇക്കാലത്ത് ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 32-ാം വയസ്സില്‍ രാജ്യസഭാംഗമായ ബേബി, രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്കാരില്‍ ഒരാളാണ്. 84 മുതല്‍ സിപിഎം സംസ്ഥാന സമതി അംഗമാണ്.
1992-ല്‍ വീണ്ടംേ രാജ്യസഭാഗംമായി. ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ സ്ഥാപക കണ്‍വീനറായിരുന്നു. ഡല്‍ഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്‌കാരിക സംഘടന രൂപവത്കരിക്കുന്നതില്‍ മുന്‍കൈയെടുത്തു. ഇടതുപക്ഷത്തിന്റ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌ക്കാരിക വേദിയായി സ്വരലയ പിന്നീട് മാറി. ഇതുവഴി ഒരുപാട് കലാകാരന്‍മ്മാരുമായി പാര്‍ട്ടിക്ക് ബന്ധം വന്നു. പക്ഷേ സ്വരലയയുടെ പേരില്‍ ഒരുപാട് വിവാദങ്ങളം ഉണ്ടായി. അഡ്വക്കേറ്റ് ജയശങ്കര്‍ അടക്കമുള്ളവര്‍ ഇന്നും സ്വരലയയുടെ പേരില്‍ ബേബിയെ വിമര്‍ശിക്കാറുണ്ട്.
വ്യത്യസ്തമായ ഒരു രാഷ്ട്രീയ ശൈലിയുടെ ഉടമായായിരുന്നു തുടക്കം മുതല്‍ എംഎ ബേബി. ശാസ്ത്രീയ സംഗീതം തൊട്ട്, നാടന്‍പാട്ടുവരെയുള്ള എല്ലാ കാലശാഖകളുമായി അദ്ദേഹം ബന്ധം പുലര്‍ത്തി. പരന്ന വായനയുള്ള അദ്ദേഹം എം ടി തൊട്ട് എം മുകന്ദന്‍വരെയുള്ള എഴുത്തുകാരുമായി അടുത്ത സൗഹൃദം പങ്കിട്ടു. പലപ്പോഴും അടഞ്ഞ കമ്യൂണിസ്റ്റ് കാഴ്ചപ്പാടല്ലാിരുന്നു ബേബിയുടേത്. അരുദ്ധതിറോയിയുടെ 'ഗോഡ് ഓഫ് സമോള്‍ തിങ്സിനെതിരെ' ഇടത് നിരൂപകരില്‍നിന്ന് കവിമര്‍ശനം ഉയരുമ്പോള്‍ നോവലിനും ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിനും പിന്തണ കൊടുക്കുന്നതായിരുന്നു, ബേബിയുടെ നിലപാട്. അതുപോലെ എം മുകുന്ദന്റെ 'കേശവന്റെ വിലാപങ്ങള്‍ക്ക്' എതിരെയും സിപിഎം കേന്ദ്രങ്ങളില്‍നിന്ന് പടപ്പുറപ്പാടുണ്ടായപ്പോള്‍, അത് ലഘൂകരിച്ചതും ബേബിയുടെ ഇടപെടലാണ്. ചുരുക്കിപ്പറഞ്ഞാല്‍ പാര്‍ട്ടിക്കും സാംസ്‌ക്കാരിക ലോകത്തിനും ഇടയിലെ പാലമാണ് ബേബി എന്ന് പറയാം.
അപവാദങ്ങളില്‍ തളരാതെ
കോളജ് കാലത്ത് ബേബിക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കൊക്കെ അദ്ദേഹത്തെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. അച്ചടി ഭാഷപോലെയുള്ള വര്‍ത്തമാനം കേട്ട് സൗഹൃദത്തില്‍നിന്ന് ആദ്യം അകന്നുനിന്നവര്‍ ഒക്കെയും ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ ബേബിയിലേക്ക് ചായും. കോളജ്കാലം തൊട്ടേ ഫിലിം സൊസൈറ്റി പ്രവര്‍ത്തകനായ അദ്ദേഹം തികഞ്ഞ സിനിമാ പ്രാന്തനായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍പോലും ഫിലിംഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയ ബേബിയുടെ കഥ ഈയിടെ സുഹൃത്ത് ഫേസ്ബുക്കില്‍ എഴുതിയിരുന്നു!
ഒരു ലാത്തിപോലും ദേഹത്ത് വീഴാതെ പോല്‍റ്റ്ബ്യൂറോയിലേക്ക് കാമ്പസ് റിക്രൂട്ട്മെന്റ്പോലെ എത്തിയ സഖാവല്ല, ബേബി. അടിയന്തരാവസ്ഥയിലും, വിദ്യാഭ്യാസസമരക്കാലത്തുമൊക്കെ പൊലീസില്‍നിന്ന് കണക്കിന് മര്‍ദനം ആ ശരീരം ഏറ്റിട്ടുണ്ട്. എകെജി സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട സമരത്തില്‍ പൊലീസ് വായില്‍ കല്ല് കുത്തിത്തിരുകിയതും വാര്‍ത്തയായിരുന്നു. ഫിഡല്‍ കാസ്ട്രാ ജീവിച്ചിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തെ നേരിട്ട് കാണാനും സംസാരിക്കാനുമുള്ള ഭാഗ്യം കിട്ടിയ നേതാവാണ് ബേബി. ഇപ്പോഴും ലോകത്തിലെ മറ്റിടങ്ങളിലുള്ള കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുമായും നേതാക്കളുമായും അദ്ദേഹത്തിന് ബന്ധമുണ്ട്.
വ്യത്യസ്തനായ ഒരു മനുഷ്യനായതുകൊണ്ടുതന്നെ ഏറെ വിമര്‍ശനങ്ങളും അപവാദങ്ങളും ബേബി കേട്ടു. സിപിഎമ്മിന്റെ വിഭാഗീയതക്കാലത്ത്, പിണറായി പക്ഷത്താണ് അദ്ദേഹം ഉറച്ചുനിന്നത്. അതിന്റെ പേരില്‍ വിഎസ് പക്ഷക്കാര്‍ ബേബിക്കെതിരെ വലിയ കുപ്രചാരണമാണ് നടത്തിയത്. സ്വരലയയില്‍നിന്നുള്ള ഫണ്ട് ഉപയോഗിച്ച് ബേബി ഡല്‍ഹിയില്‍ കൊട്ടാരംപോലത്തെ ഒരു വീട് കെട്ടി എന്നതായിരുന്നു അതിലൊന്ന്. മറ്റൊന്ന് എംഎം ബേബി മന്ത്രിയായിരിക്കേ, മകനെ ടെന്നീസ് പരിശീലിപ്പിക്കാനായി എല്ലാദിവസം കൊച്ചിയില്‍നിന്ന് ബാംഗ്ലൂരിലേക്ക് ഫ്ളൈറ്റില്‍ വിട്ട് തിരിച്ചുകൊണ്ടുവരുമൊന്നുമൊക്കയായിരുന്നു. രണ്ടും കല്ലുവെച്ച നുണകള്‍ ആയിരുന്നു. ഗിറ്റാര്‍ ആര്‍ട്ടിസ്റ്റായ ബേബിയുടെ മകന്‍ ജീവിതത്തില്‍ ടെന്നീസ് കളിച്ചിട്ടില്ല എന്നായിരുന്ന സത്യം. ഡല്‍ഹിയില്‍ ബേബിക്ക് വാടകവീടുപോലും അന്നും ഇന്നുമില്ല. പക്ഷേ നുണകളൊക്കെ വിഭാഗീയതക്കാലത്ത് നന്നായി പ്രചരിച്ചിരുന്നു. കൈരളി ടീവിയില്‍ ജോലിചെയ്തിരുന്ന, അദ്ദേഹത്തിന്റെ ഭാര്യ ബെറ്റി ലൂയിസ് ബേബിയെ കോടീശ്വരിയായും, കൈരളിയുടെ ഉടമക്ക് സമാനമായ മേജര്‍ ഷെയര്‍ ഹോള്‍ഡറായും ചിത്രീകരിച്ചും കുപ്രചാരണമുണ്ടായി.
താന്‍ വിശ്വസിക്കുന്ന വ്യക്തിസ്വാതന്ത്ര്യവും, വിശാല മതേതര ജനാധിപത്യബോധം വ്യക്തിജീവിതത്തില്‍ പുലര്‍ത്തുന്നയാളാണ് ബേബി. സ്വകാര്യമായി ആരാധാലയങ്ങള്‍ സന്ദര്‍ശിക്കുകയും, ശത്രുസംഹാര പൂജ നടത്തുകയും ചെയ്യുന്ന കുടുംബമല്ല അത്. മകന്‍ അപ്പുവിന്റെ കല്യാണം രാഹുകാലത്താണ് നടത്തിയതെന്നും, ഇത് വിശ്വാസങ്ങളെ അവഹേളിക്കാനുമാണെന്ന ആരോപണം വന്നപ്പോള്‍ ബേബി ഇങ്ങനെ മറുപടി പറഞ്ഞു-''സമയം തീരുമാനിച്ചപ്പോള്‍ രാഹുകാലമാണോ അല്ലയോ എന്നൊന്നും നോക്കിയിരുന്നില്ല. പിന്നീട് കല്യാണക്കുറി കിട്ടിയ ചില സുഹൃത്തുക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ വിവാഹ സമയം മാറ്റാനൊട്ടു പോയതുമില്ല. കേരളത്തിലിന്ന് ഒരു കുഞ്ഞുകട തുറക്കുന്നതിന് തൊട്ട് വമ്പന്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനു വരെ സമയം നോക്കലും മറ്റും എല്ലാ മതക്കാരുടെയും ഇടയില്‍ വര്‍ദ്ധിച്ചു വരികയാണ്. ഉപഗ്രഹവിക്ഷേപണത്തിന് വരെ സമയം നോക്കലും മറ്റ് ആചാരങ്ങളും നടത്തുന്നു. ഇത്തരം അന്ധവിശ്വാസങ്ങള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. നമ്മുടെ നവോത്ഥാന പാരമ്പര്യത്തില്‍ നിന്ന് കുത്തനെ താഴോട്ട് വീഴലാണിത്. ശാസ്ത്രീയബോധമാണ് സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത്. അപ്പോള്‍ രാഹുകാലത്ത് വിവാഹം നടക്കുന്നത് ഈ പുത്തന്‍ ശീലത്തെ തള്ളിക്കളയുന്നതാകുമെങ്കില്‍ സമയം മാറ്റണ്ട എന്നും കരുതി.''- വ്യക്തവും ശക്താവുമാണ് ആ നിലപാട്.
ജോസഫ് മാഷെ മഠയന്‍ വിളിച്ചത് വിവാദത്തില്‍
ഇങ്ങനെയൊക്കെയാണെങ്കിലും ഒരുപാട് തവണ വിവാദത്തിലും ബേബി പെട്ടിട്ടുണ്ട്. പ്രാക്കുളം ചെഗുവേര, രണ്ടാം മുണ്ടശ്ശേരി എന്നൊക്കെ താരാതരം വിമര്‍ശനങ്ങളും ട്രോളുകളും അദ്ദേഹത്തെ തേടിയെത്താറുണ്ട്. അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ ഇനി സെക്രട്ടറിയേറ്റ് ത്യാഗരാജ സഭപോലെയാവുമെന്നും, വെറുതെ കച്ചേരികേട്ട് തുടയടിച്ച് പൊട്ടിക്കയാണ് ഇയാളുടെ പണി എന്നൊക്കെ ട്രോളുകള്‍ ഉയര്‍ന്നു. പക്ഷേ ബേബി അതിലൊന്നും കുലുങ്ങിയില്ല. താന്‍ എന്താണെന്ന് പാര്‍ട്ടിക്കും നാട്ടുകാര്‍ക്കും നന്നായി അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
2006- 11 കാലഘട്ടത്തിലെ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരിക്കേയുള്ള പല കാര്യങ്ങളും വിവാദമായി. സമഗ്രമായ പരിഷ്‌ക്കണം ലക്ഷ്യമിട്ട് അദ്ദേഹം മുന്നോട്ടുപോയപ്പോള്‍ മാധ്യമങ്ങള്‍ രണ്ടാം മുണ്ടശ്ശേരി എന്ന് വിളിച്ചു. പക്ഷേ ഇതില്‍ പലതും പ്രയോഗികമായില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലും ബേബിയുടെ പ്രകടനം അത്ര മെച്ചമായിരുന്നില്ല എന്ന മനസ്സിലാവും. എക്കാലവും ഘടകക്ഷികള്‍ക്ക് കൊടുത്തിരുന്ന വിദ്യാഭ്യാസ വകുപ്പ് 2006-ല്‍ സിപിഎം ഏറ്റെടുക്കുകയും ബേബി മന്ത്രിയാവുകയും ചെയ്തപ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ കൊള്ളാമായിരുന്നെങ്കിലും, ഒന്നും പ്രയോഗികമായി വിജയിച്ചില്ല. സ്വാശ്രയ രംഗത്തും, പ്ലസ്ടുമേഖലയിലും നടത്തിയ പല പരിഷ്‌ക്കാരങ്ങളും തുഗ്ലക്ക് പരിഷ്്ക്കാരണങ്ങളുമായി.
പക്ഷേ എം എ ബേബി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്, ചോദ്യപേപ്പര്‍ വിവാദത്തിന്റെ കാലത്താണ്. തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാള അധ്യാപകനായ പ്രെഫ. ടി. ജെ ജോസഫ്, തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ പി ടി കുഞ്ഞുമുഹമ്മദിന്റെ ഒരു ലേഖനത്തിലെ ചില ഭാഗങ്ങള്‍ എടുത്ത് പേര് മാറ്റി ചോദ്യമായി കൊടുക്കുമ്പോള്‍, അതില്‍ പ്രവാചകനിന്ദ ആരോപിക്കപ്പെടുമെന്ന് സ്വപ്നത്തില്‍പോലും കരുതിയ കാര്യമല്ല. പക്ഷേ മുഹമ്മദ് എന്ന പേര്, പ്രവാചകനെയാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ്, മതമൗലികവാദികള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍, 'ആ ചോദ്യപേപ്പറിട്ട അധ്യാപകന്‍ ഒരു മഠയനാണ്' എന്ന രീതിയിലായിരുന്നു, വിദ്യാഭ്യാസ മന്ത്രിയായ ബേബിയുടെ പ്രതികരണം. ഇത് ജോസഫ് മാഷെ കൊലക്ക് കൊടുക്കുന്ന രീതിയിലായിപ്പോയി എന്ന് പിന്നീട് വിമര്‍ശനം ഉയര്‍ന്നു. ഇതേതുടര്‍ന്ന് കൂടിയാണ് അധ്യാപകന്റെ കൈ വെട്ടിമാറ്റല്‍ ഉണ്ടായത് എന്നും വിമര്‍ശനം വന്നു. ഇന്നും എം എ ബേബി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത്, ആ മഠയന്‍ പരാമര്‍ശത്തിന്റെ പേരിലാണ്.
അതുപോലെതന്നെ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് 'മതമില്ലാത്ത ജീവന്‍' എന്ന വിവാദ പാഠഭാഗം വരുന്നത്. ശരിക്കും മതേതര ജീവിതം എന്ന ആശയമായിരുന്നു അതിന്റെ അന്തസന്ത. എന്നാല്‍ പതിവുപോലെ മതമൗലികവാദികള്‍ ഉറഞ്ഞുതുള്ളിയപ്പോള്‍ വി എസ് സര്‍ക്കാര്‍ ഭയന്നു. അവര്‍ അത് പിന്‍വലിക്കയാണ് ഉണ്ടായത്. മതേതരത്വത്തെക്കുറിച്ച് വലിയ ത്വാത്വിക പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന ബേബി, ഈ സമയം പത്തുവോട്ടിനുവേണ്ടി മതപ്രീണനം നടത്തിയെന്നും ആരോപണം വന്നു.
അവധാനതയോടെ എം എ ബേബി
2014-ല്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രനോട് അതിദയീനീയമായി പരാജയപ്പെട്ടതാണ് ബേബിയുടെ രാഷ്ട്രീയ ജീവിത്തിലെ ഏറ്റവം വലിയ ദുരന്തം. ഇതില്‍ താന്‍ എംഎല്‍എയായിരുക്കുന്ന കുണ്ടറ മണ്ഡലത്തിലും, പ്രേമചന്ദ്രന്‍ വന്‍ ലീഡ് എടുത്തത് ബേബിക്ക് നാണക്കേടായി. ഇതേതുടര്‍ന്ന് ഒരു വേള എംഎല്‍എ സ്ഥാനം രാജിവെക്കാന്‍വരെ അദ്ദേഹം ശ്രമിച്ചിരുന്നു. പിന്നെ കുറച്ചുകാലത്തേക്ക്, അദ്ദേഹത്തെ പൊതുരംഗത്ത് കണ്ടില്ല. നിയമസഭയിലും വന്നില്ല. ഇതേതുടര്‍ന്ന് പാര്‍ട്ടിക്കകത്ത് മുറുമുറുപ്പുണ്ടായി.
അന്നത്തെ പാര്‍ട്ടി സെക്രട്ടറി പണറായി വിജയന്‍ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ, പ്രേമചന്ദ്രനെ പരനാറിയെന്ന് വിശേഷിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് ബേബിയുടെ തോല്‍വിക്ക് ഇടയാക്കിയത്. പക്ഷേ തോല്‍വിയുടെ ഉത്തരവാദിത്വം പാര്‍ട്ടി ഏറ്റെടുത്തിട്ടും ബേബി പിടിവാശി തുടരുകയായിരുന്നു. ( ബേബിയുടെയും പ്രേമചന്ദ്രന്റെയും സംസാര ശൈലികള്‍ വിലയിരുത്തിക്കൊണ്ടുപോലും അക്കാലത്ത് വിമര്‍ശനങ്ങള്‍ വന്നു. അച്ചടിഭാഷയില്‍ താര്‍ക്കിക ജാര്‍ഗണുകള്‍വെച്ച് സംസാരിക്കുന്ന ബേബിയേക്കാള്‍, നാടന്‍ ഭാഷയില്‍ തെളിമയോടെ സംസാരിക്കാന്‍ കഴിയുന്ന പ്രേമചന്ദ്രന്റെ വാക്കുകളാണ് ജനം കേട്ടതെന്നുമൊക്കെ വിലയിരുത്തലുകളുണ്ടായി) അല്‍പ്പകാലം കുടി ഈ പിടിവാശി തുടര്‍ന്നാല്‍ അദ്ദേഹം പാര്‍ട്ടിക്ക് അനഭിമതനാവുമായിരുന്നു. മുതിര്‍ന്ന നേതാവ് പി കെ ശ്രീമതിയടക്കമുള്ളവര്‍ ബേബിയുടെ നിയമസഭയില്‍ വരാത്ത നിലപാടിനെ, 'പിടിവാശിയായി കണക്കാക്കാമെന്ന്' പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മഞ്ഞുരുകി. നല്ല ബേബിയായി അദ്ദേഹം നിയമസഭയിലുമെത്തി. പിന്നീട് പിണറായിയുഗം വന്ന കേരളത്തില്‍നിന്ന് മാറി ഡല്‍ഹിയായിരുന്നു ബേബിയുടെ പ്രവര്‍ത്തന കേന്ദ്രം. അപ്പോഴും അദ്ദേഹം കേരളത്തിലെയടക്കം പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടിരുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്തവിധം പിണറായിസം പിടിമുറുക്കിയ പാര്‍ട്ടിയില്‍, വല്ലപ്പോഴും ഒറ്റപ്പെട്ട വിമത സ്വരങ്ങള്‍ ഉയര്‍ന്നിരുന്നത് ബേബിയുടെ ഭാഗത്തുനിന്നായിരുന്നു.
പക്ഷേ പിണറായി വിജയനുമായി നല്ല സൗഹൃദമാണ് അദ്ദേഹത്തിന് ഉള്ളത്. വ്യക്തിയല്ല ആശയമാണ് പ്രധാനം എന്നാണ് ബേബി എപ്പോഴും പറയുക. നേരത്തെ ഡല്‍ഹിയിലായിരുന്ന ബേബിയെ വിഎസ് ഇടപെട്ടാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. വിഎസുമായും ബേബിക്ക് നല്ല ബന്ധം തന്നെതാണ്. പൊതുവെ ഗ്രൂപ്പുകള്‍ക്ക് അതീതനായി പാര്‍ട്ടിയെന്ന ഒറ്റ വികാരത്തില്‍, ആളുകളെ ചേര്‍ത്തുനിര്‍ത്താനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്.
ഇപ്പോള്‍ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബി എത്തിയതും പിണറായിയുടെ പരോക്ഷ പിന്തുണയോടെയാണ്. സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയുടെ പേര് കുറച്ചുകാലമായി ചര്‍ച്ചയിലുണ്ടായിരുന്നു. പാര്‍ട്ടിയിലെ സീനിയോറിറ്റിയും ദേശീയതലത്തിലെ പ്രവര്‍ത്തന പരിചയവും അദ്ദേഹത്തിന് മുതല്‍ക്കൂട്ടാണ്. മാത്രമല്ല കേരളത്തിന്റെ പിന്തുണയും. പാര്‍ട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. അതിനാല്‍ തന്നെ കേരളാഘടകത്തിന്റെ നിലപാട് നിര്‍ണായകമാണ്. അതിലുപരി മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. പിണറായി കഴിഞ്ഞാല്‍ പൊളിറ്റ് ബ്യൂറോയില്‍ സീനിയര്‍ ബേബിയാണ്. ബേബി എസ്‌ഐഫ്‌ഐ ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ പിന്‍ഗാമിയായത് സീതാറാം യച്ചൂരിയാണ്.
അതിനിടെ നേരത്തെ ബംഗാള്‍ ഘടകം അശോക് ധാവ്‌ളെയെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീംമിന്റെ പേരും തെലങ്കാനയിലെ ബി രാഘവുലുവിന്റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. കിസാന്‍ സഭ ദേശീയ പ്രസിഡന്റാണ് അശോക് ധാവ്‌ളെ. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവാണെങ്കിലും ദേശീയതലത്തില്‍ പ്രവര്‍ത്തന പരിചയമുണ്ട്. കര്‍ഷകരുടെ ലോങ് മാര്‍ച്ചിലൂടെ ശ്രദ്ധേനായിരുന്നു. തുടക്കം മുതല്‍ ധാവ്‌ളെയ്ക്ക് മുന്‍തൂക്കവും ലഭിച്ചിരുന്നു. പക്ഷേ ബേബിക്ക് വേണ്ടി കേരളഘടകം ഉറച്ചനിന്നപ്പോള്‍ എല്ലാവരും അത് അംഗീകരിച്ചു. എംഎല്‍എ, മന്ത്രി, എംപി, പാര്‍ട്ടി സെന്റിലെ പ്രവര്‍ത്തനം അങ്ങനെ എല്ലാരീതിയിലുമുള്ള പ്രവര്‍ത്തന മികവ് അദ്ദേഹത്തിന് തുണയായി.
പക്ഷേ വലിയ വെല്ലുവിളിയാണ് ബേബിയെ കാത്തിരിക്കുന്നതും. സിപിഐഎം എന്നത് വെറും കേരളാ പാര്‍ട്ടിയായി മാറിയ കാലത്താണ് അദ്ദേഹം നായകനാവുന്നത്. ലോക്സഭയിലും രാജ്യസഭയിലുമൊക്കെ ഇന്ന് സിപിഎമ്മിന് പറയാനുള്ളത് നഷ്ടപ്രതാപത്തിന്റെ കണക്കുകളാണ്. 'അവധാനതയോടെ നയിക്കുക' എന്ന് എം എ ബേബി ഇടക്കിടെ പറയുന്ന വാക്കുതന്നെയാണ്, ഇടതുപക്ഷത്തിന്റെ അഭ്യുദയകാക്ഷികള്‍ക്ക് അദ്ദേഹത്തോടും പറയാനുള്ളത്.
വാല്‍ക്കഷ്ണം: എന്‍ എസ് മാധവന്റെ 'നാലാംലോകം' എന്ന വിഖ്യാതമായ കഥയില്‍ ഇങ്ങനെ പറയുന്നു. ''അഴീക്കോടന്‍ രാഘവനുശേഷം ടി കെ രാമകൃഷ്ണനല്ലാതെ ഒരു ചിരിക്കുന്ന സഖാവ് നമുക്കുണ്ടോ?'. ആ ചോദ്യം ഇന്നും പ്രസക്തമാണ്. എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും എംഎം ബേബി ഒരു ചിരിക്കുന്ന സഖാവാണ്. ഒരാളുടെയും നാശം ആഗ്രഹിക്കുന്ന ഒരു മനസ്സ് അദ്ദേഹത്തിനില്ല. അത്രയും ആശ്വാസം.