റോ കയറ്റിവിട്ട ഇന്ത്യന്‍ ചാരന്‍ പാക്കിസ്ഥാനില്‍ പട്ടാള മേജര്‍വരെയായി; ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് നുഴഞ്ഞുകയറിയ മേജര്‍ മോഹിത്; 'ഹിന്ദുക്കളെന്താ ഇത്ര ഭീരുക്കളായിപ്പോയതെന്ന്' ഇനി ഭീകരര്‍ പറയില്ല; 'ധുരന്ദര്‍' സിനിമ ഓര്‍മ്മിപ്പിക്കുന്ന ഇന്ത്യയുടെ അജ്ഞാത രക്ഷകരുടെ കഥ!

റോ കയറ്റിവിട്ട ഇന്ത്യന്‍ ചാരന്‍ പാക്കിസ്ഥാനില്‍ പട്ടാള മേജര്‍വരെയായി

Update: 2025-12-16 09:01 GMT

അജ്ഞാതര്‍ പാകിസ്ഥാനില്‍ ജെയ് ഷെ മുഹമ്മദ് ഭീകരനെ വധിച്ചു, അജ്ഞാതര്‍ കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തിവന്ന സിഖ് നേതാവിനെ വെടിവെച്ചുകൊന്നു...... എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ ഈയിടെ നാം വളരെയധികം കേട്ടിട്ടുണ്ട്. ഇന്ത്യയുടെ ശത്രുക്കള്‍ ലോകവ്യാപകമായി കൊല്ലപ്പെടുകയാണ്. കാനഡയില്‍വെച്ചും, യുകെയില്‍വെച്ചും, കറാച്ചിയില്‍വെച്ചും, ലാഹോറില്‍വെച്ചും, പിഒകെയില്‍വെച്ചുമൊക്കെ ഭാരതത്തിന്റെ ശത്രുക്കള്‍ അജ്ഞാതരാല്‍ വെടിയേറ്റ് കാലപുരിക്കയക്കപ്പെടുന്ന കാലമാണിത്. ഇന്നുവരെ ഒരു അജ്ഞാതനെയും പിടികൂടപ്പെട്ടില്ല. കാനഡയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യാണ് ഇതിന് പിന്നിലെന്ന് പറയുമ്പോള്‍ ഭാരതം അത് ഔദ്യോഗികമായി നിഷേധിക്കയാണ്.

പക്ഷേ ഇന്ത്യക്ക് ഇന്ന് ഇസ്രയേലിന്റെ മൊസാദിനോട് കിടപിടിക്കുന്ന വലിയൊരു ചാരശൃംഖലയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ദ ടെലിഗ്രാഫും, ടൈംസ് ഓഫ് ഇന്ത്യയുമടക്കമുള്ള മാധ്യമങ്ങള്‍ പലതവണ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. പക്ഷേ ഇന്ത്യയുടെ അജ്ഞാത രക്ഷകര്‍ പാകിസ്ഥാനെപ്പോലുള്ള ശത്രുരാജ്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്കാര്‍ക്കും അറിയില്ല. സത്യം ചിലപ്പോള്‍ കെട്ടുകഥയേക്കാള്‍ ഭീകരമായിരിക്കും. അതാണ് 'ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന അതിഗംഭീര സിനിമയെടുത്ത ആദിത്യ ധര്‍ സംവിധാനം ചെയ്ത മൂന്നര മണിക്കുര്‍ ദൈര്‍ഘ്യമുള്ള പുതിയ സിനിമ 'ധുരന്ദര്‍' ഓര്‍മ്മിപ്പിക്കുന്നത്. രണ്‍വീര്‍ സിങ്് നായകനായി വന്ന ചിത്രം, ദിവസങ്ങള്‍കൊണ്ട് ബോക്സോഫീസിലും തരംഗമാവുകയാണ്.

ഐസിസ് തൊട്ട് ജയ്ഷേ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകള്‍ ചിത്രത്തിന്റെ ഭാഗമായി വരുന്നുണ്ട്. എത്രമാത്രം പൊരുതിയാണ് ഇന്ത്യ എന്ന കൊച്ചുരാഷ്ട്രം നിലനില്‍ക്കുന്നത് എന്ന് ഈ ചിത്രം കണ്ടാല്‍ ബോധ്യപ്പെടും. പാക്കിസ്ഥാനില്‍ നുഴഞ്ഞുകയറി ഒരു മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ പാക് ഭീകരവാദ സംഘങ്ങളെ നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആരാണ് അയാള്‍, അങ്ങനെ ഒരു കഥാപാത്രം സത്യമോ, മിഥ്യയോ എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയരുന്നുത്.

'ഹിന്ദുക്കളെന്താ ഇത്ര ഭീരുക്കളായിപ്പോയത്'

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലായരി ഗ്യാങ്ങ്സ്റ്റര്‍ ഇന്ത്യയിലെ എങ്ങിനെയാണ് ഭീകരവാദം ആസൂത്രണം ചെയ്യുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രമാണ് ധുരന്ദര്‍. പാക്കിസ്ഥാനിലെ കറാച്ചിയിലെ ലായരി പ്രദേശംെ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘടിത കുറ്റകൃത്യ സംഘങ്ങളെയും അവരുടെ നേതാക്കളെയും ഗ്യാങ്ങിന്റെ കഥയും അതിന്റെ രാഷ്ട്രീയ ബന്ധങ്ങളുമെല്ലാം ചിത്രം കാണിച്ചുതരുന്നു.


 



കാണ്ഡഹാര്‍ ഹൈജാക്ക് കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. ''നിങ്ങള്‍ ഹിന്ദുക്കളെന്താ ഇത്ര ഭീരുക്കളായിപ്പോയത് ?'' എന്ന ചോദ്യത്തോടെയാണിത്. കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ സംഭവത്തില്‍ അഫ്ഗാന്‍ മണ്ണില്‍ തടവുകാരെ മോചിപ്പിക്കാന്‍ എത്തുന്ന മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ അജയ് സന്യാലിനോട്, വിമാനം റാഞ്ചിയ ഭീകരവാദി പരിഹാസത്തോടെ ചോദിക്കുന്നതാണ് ഈ ചോദ്യം. ഹിന്ദുക്കള്‍ ഇത്ര ഭീരുക്കളാണോ എന്ന് പരിഹസിച്ച ഭീകരന്‍ സഹൂര്‍ മിസ്ത്രിയാണ് പിന്നീട് ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ നേതാവാകുന്നത്. പക്ഷെ 2022-ല്‍ കറാച്ചിയില്‍ അജ്ഞാതരുടെ വെടിയുണ്ടയേറ്റ് സഹൂര്‍ മിസ്ത്രി കൊല്ലപ്പെടുമ്പോള്‍ അത് ഇന്ത്യയുടെ മധുര പ്രതികാരംകൂടിയായി.

അന്ന് മിസ്ത്രിയടക്കം നമ്മുടെ ആത്മാഭിമാനത്തെ പുച്ഛിച്ച് നേടിയത് മസൂദ് അസ്ഹറിനെയാണ്. പിന്നീട് ജെയ്ഷെ മുഹമ്മദ് സ്ഥാപിച്ച അയാള്‍ പാര്‍ലമെന്റ് ആക്രമണം നടത്തി. തുടര്‍ഭീകരാക്രമണങ്ങള്‍ കണ്ട് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം പാകിസ്താനിലേക്ക് കൗണ്ടര്‍ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തിരുന്നു. ആ കൗണ്ടര്‍ ഓപ്പറേഷന്റെ പേരാണ് 'ഓപ്പറേഷന്‍ ധുരന്ധര്‍'. അതുകൊണ്ടാണ് ഈ സിനിമയ്ക്ക് ഈ പേര് വന്നത്. മുംബൈ ആക്രമണത്തിലെ ഒറിജിനല്‍ ശബ്ദസന്ദേശങ്ങള്‍ രണ്ടുമിനിട്ട് കാണിക്കുന്നുണ്ട്. ഞെട്ടിത്തരിക്കുന്ന നിമിഷങ്ങളാണത്.

രണ്ട് യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രമാണ് 'ധുരന്ദര്‍' എന്നാണ് പറയുന്നത്.. ശക്തമായ തിരക്കഥയിലൂടെ മികച്ച സ്പൈ ത്രില്ലര്‍ ഒരുക്കിയിരിക്കുകയാണ് ആദിത്യ ധര്‍. മുംബൈ 26/11 ആക്രമണം കറാച്ചിയിലെ ലായറി ഗ്യാങ്സ്റ്ററിന്റെ ഇന്ത്യയിലെ ഭീകരാക്രമണ പദ്ധതിയാണ്. അതാണ് ഈ സിനിമയുടെ പ്രധാനതന്തു. പാക്കിസ്ഥാനില്‍ നിന്ന് എങ്ങനെ ഇന്ത്യയില്‍ ഭീകരാക്രമണം പ്ലാന്‍ ചെയ്തു, ഇന്ത്യയ്ക്കകത്ത് എങ്ങനെ നടപ്പാക്കി തുടങ്ങിയ കാര്യങ്ങളാണ് ചിത്രം പറയുന്നത്. പുര്‍ണ്ണമായും പാക്കിസ്ഥാന്റെ വീക്ഷണകോണിലുടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. അവര്‍ എത്രമാത്രം പകയോടും വിദ്വേഷത്തോടുമാണ് ഇന്ത്യയോട് പെരുമാറിയത് എന്ന് ചിത്രം പറയുന്നു. രണ്‍ബീറിന്റെയും മുകേഷ് ഖന്നയുടെയും കിടിലന്‍ പ്രകടനം ചിത്രത്തെ വേറിട്ടതാക്കും. ഇനി ഇതിന് രണ്ടാംഭാഗം വരുന്നുണ്ട്. അവിടെയാണ് ഇന്ത്യയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ പുര്‍ണ്ണമായും പറയുന്നത്. നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ എത്ര കഷ്ടപ്പെട്ടാണ്, വിവിധ ഓപ്പറേഷനുകള്‍ പ്ലാന്‍ ചെയ്യുന്നത് എന്നും ചിത്രം പറയുന്നു.

'റോ'യുടെ ചരിത്രത്തിലും ഒരുപാട് വീരനായകര്‍ ഉണ്ട്. പക്ഷേ രാജ്യരഹസ്യമായതിനാല്‍ അത് അധികം ചര്‍ച്ചയായിട്ടില്ല. ഈ സിനിമയുണ്ടാക്കിയ ഏറ്റവും വലിയ ഗുണം രാജ്യസുരക്ഷക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അത്തരം ചില വീരന്‍മ്മാരുടെ കഥക്ക് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രചാരം ലഭിച്ചുവെന്നതാണ്. ധുരന്ദറിലെ നായകന്‍ എന്ന പേരില്‍ അവരുടെ കഥകള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കയാണ്.

ഇന്ത്യയുടെ ബ്ലാക്ക് ടൈഗറിന്റെ കഥ

ധുരന്ദര്‍ സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ കേള്‍ക്കുന്ന പേരാണ്, ഇത് ബ്ലാക്ക് ടൈഗര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന, പാകിസ്ഥാന്‍ സൈന്യത്തില്‍ മേജറായി മാറിയ ഇന്ത്യന്‍ ചാരന്‍ രവീന്ദ്രകൗശിക്കിന്റെ കഥയാണെന്ന്. പക്ഷേ ഇത് ശരിയല്ല എന്ന് ചിത്രം കാണുമ്പോള്‍ വ്യക്തമാവും. കാരണം, കൗശികിന്റെ കാലഘട്ടത്തില്ല, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ തൊട്ടുള്ള കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. പക്ഷേ ബ്ലാക്ക് ടൈഗറിന്റെ പല കാര്യങ്ങളും ചിത്രത്തില്‍ ഉണ്ടുതാനും. റോയുടെ ഏറ്റവും വിലപ്പെട്ട രഹസ്യ ആസ്തികളില്‍ ഒരാളായി മാറിയയാള്‍ എന്നാണ്, രവീന്ദ്ര കൗശിക്ക് െവിശേഷിപ്പിക്കുന്നത്. ഈ മുന്‍ നാടക കലാകാരന്‍, വ്യാജ ഐഡന്റിറ്റിയില്‍ വര്‍ഷങ്ങളായി പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ച്, താന്‍ നല്‍കിയ രഹസ്യാന്വേഷണത്തിലൂടെ ഏകദേശം 20,000 ഇന്ത്യന്‍ ജീവന്‍ രക്ഷിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു.


 



23-ാം വയസ്സിലാണ കൗശിക്ക് 'റോ'യില്‍ എത്തിപ്പെടുന്നത്. ഒരു നാടക നടന്‍ എന്ന കഴിവ് അദ്ദേഹത്തിന് രഹസ്യ ഓപ്പറേഷനുകളില്‍ ഗുണമായിട്ടുണ്ട്.

പരിശീലനത്തിനിടെ, ഉറുദു, ഇസ്ലാമിക ആചാരങ്ങള്‍, പാകിസ്ഥാന്‍ സാമൂഹിക മാനദണ്ഡങ്ങള്‍ എന്നിവ പഠിപ്പിച്ചു. തന്റെ പുതിയ റോളിനായി തയ്യാറെടുക്കുന്നതിനായി അദ്ദേഹം പാകിസ്ഥാന്റെ ഭൂമിശാസ്ത്രവും സംസക്കാരവും ആഴത്തില്‍ പഠിച്ചു. ശരിക്കും ഒരു മേക്കോവര്‍ തന്നെയായിരുന്നു അത് എന്നാണ് ബ്ലാക്ക് ടൈഗറിന്റെ ജീവചരിത്രം, പഠിച്ചവര്‍ പറയുന്നത്. പാക്കിസ്ഥാന്റെ സംസാരശൈലിപോലും അനുകരിച്ച്, ഒരിക്കലും പിടികിട്ടാന്‍ കഴിയാത്ത രീതിയിലായിരുന്നു, അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

റോ കൗശിക്കിനെ നബി അഹമ്മദ് ഷാക്കിര്‍ എന്ന പേരില്‍ പാകിസ്ഥാനിലേക്ക് അയച്ചു. അദ്ദേഹത്തിന്റെ ഇന്ത്യന്‍ ഐഡന്റിറ്റിയുടെ എല്ലാ തെളിവുകളും മായ്ച്ചു. കറാച്ചി സര്‍വകലാശാലയില്‍ നിന്ന് നിയമം പഠിച്ച അദ്ദേഹം പാകിസ്ഥാന്‍ സൈന്യത്തില്‍ ചേര്‍ന്നു. മേജറായി ഉയര്‍ന്ന പദവികള്‍ നേടി. അമാനത്ത് എന്ന തദ്ദേശീയ സ്ത്രീയെ വിവാഹം കഴിച്ച് ഒരു പിതാവായി. നോക്കണം, ഇന്ത്യന്‍ ചാരനായി ഒരു മേജര്‍ ഉണ്ടായിട്ടും അവര്‍ക്ക് പിടികിട്ടിയില്ല!

1979 നും 1983 നും ഇടയില്‍, കൗശിക് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് രഹസ്യ സൈനിക വിവരങ്ങള്‍ അയച്ചു. അദ്ദേഹം നല്‍കിയ വിവരങ്ങള്‍ നിരവധി അതിര്‍ത്തി കടന്നുള്ള സംഭവങ്ങള്‍ തടയുകയും ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. പാക് സൈന്യത്തിന്റെ പിന്തുണയോടെ നടത്തുന്ന നിരവധി ഭീകരാക്രമണങ്ങള്‍ അദ്ദേഹം നല്‍കുന്ന വിവരങ്ങള്‍വെച്ച് തടയപ്പെട്ടു. കൗശിക്കിന്റെ സേവനത്തില്‍ ആകൃഷ്ടയായ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തിന് 'ദി ബ്ലാക്ക് ടൈഗര്‍' എന്ന രഹസ്യനാമം നല്‍കിയതെന്നാണ് പറയുന്നത്.

റോ അയച്ച ഒരു ചാരനുപറ്റിയ അബദ്ധമാണ് കൗശിക്ക് പിടിക്കപ്പെടുന്നതിലേക്ക് നയിച്ചത്. 1983 കാലത്ത് ബ്ലാക്ക് ടൈഗറിന്, ഇന്ത്യയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അത് വലിയ സംശയമായി. അദ്ദേഹം കൂറുമാറിയോ എന്നുവരെ സംശയം ഉയര്‍ന്നു. കൗശിക്കിനെ കണ്ടെത്താനായി റോ അയച്ച, ചാരന്‍ പിടിയിലായതാണ് അദ്ദേഹത്തിന് വിനയായത്. പാകിസ്ഥാന്‍ അധികൃതര്‍ കൗശിക്കിനെ അറസ്റ്റ് ചെയ്യുകയും 1985-ല്‍ വധശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷ പിന്നീട് ജീവപര്യന്തം തടവായി കുറയ്ക്കപ്പെട്ടു. സിയാല്‍കോട്ടിലെ ഒരു ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ രണ്ട് വര്‍ഷത്തെ പീഡനം സഹിച്ച അദ്ദേഹം 16 വര്‍ഷം കൂടി മിയാന്‍വാലി ജയിലില്‍ ചെലവഴിച്ചു. 2001-ല്‍, ന്യൂ സെന്‍ട്രല്‍ മുള്‍ട്ടാന്‍ ജയിലില്‍ ശ്വാസകോശ ക്ഷയരോഗവും ഹൃദ്രോഗവും ബാധിച്ച് കൗശിക് മരിച്ചു. ജയിലിന് പിന്നില്‍ അദ്ദേഹത്തെ അടക്കം ചെയ്തു.

മേജര്‍ മോഹിത് ശര്‍മ്മയുടെ കഥ

കശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞുകയറിയ ഇന്ത്യന്‍ സൈനികനായ മേജര്‍ മോഹിത് ശര്‍മ്മയെ അടിസ്ഥാനമാക്കിയുള്ളതാണ് രണ്‍വീറിന്റെ കഥാപാത്രമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. സംവിധായകന്‍ ആദിത്യ ധര്‍ ഇത് നിഷേധിച്ചു. പക്ഷേ ചിത്രം കണ്ടശേഷം വിലയിരുത്തുമ്പോള്‍ മോഹിത്തിന്റെ ജീവിതത്തിലെ ചില ഭാഗങ്ങളും ഈ സിനിയില്‍ കാണാം.


 



മേജര്‍ മോഹിത് ശര്‍മ്മ (13 ജനുവരി 1978 - 21 മാര്‍ച്ച് 2009) ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ അശോകചക്ര മരണാനന്തരം ലഭിച്ച ഇന്ത്യന്‍ ആര്‍മി ഓഫീസറായിരുന്നു. 2009 മാര്‍ച്ച് 21 ന്, ജമ്മു കശ്മീരിലെ കുപ്വാര സെക്ടറിലെ ഹഫ്രുദ വനത്തില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അപ്പോഴും നാല് തീവ്രവാദികളെ കൊല്ലുകയും രണ്ട് സഹതാരങ്ങളെ രക്ഷിക്കുകയും ചെയ്തു. 2019- ല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍, അദ്ദേഹത്തിന്റെ ജന്‍മനാടായ ഗാസിയാബാദിലെ മെട്രോ സ്റ്റേഷനെ, മേജര്‍ മോഹിത് ശര്‍മ്മ മെട്രോ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു.

മോഹിതിന്റെ പിതാവിന്റെ പേര് രാജേന്ദ്ര പ്രസാദ് ശര്‍മ്മ, അമ്മ സുശീല. 1995-ല്‍ ഗാസിയാബാദിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ നിന്ന് പന്ത്രണ്ടാം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം എന്‍ഡിഎ പരീക്ഷ എഴുതി.

1998- ല്‍ മോഹിത് ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ (ഐഎംഎ) ചേര്‍ന്നു. ഐഎംഎയില്‍ ബറ്റാലിയന്‍ കേഡറ്റ് അഡ്ജസ്റ്റന്റായി നിയമിതനായി. ബിരുദാനന്തരം മദ്രാസ് റെജിമെന്റിന്റെ അഞ്ചാമത്തെ ബറ്റാലിയനില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. 1999 ഡിസംബറില്‍ ലെഫ്റ്റനന്റായി സ്ഥാനക്കയറ്റം. ഈ സമയത്താണ് അദ്ദേഹം തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടത്.

രഹസ്യ ഐഡന്റിറ്റികളില്‍ തീവ്രവാദ സംഘടനകളിലേക്ക് നുഴഞ്ഞുകയറുന്നത് ഉള്‍പ്പെടുന്ന നിരവധി സാഹസിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഉണ്ടായിരുന്നു. 'ഇഫ്തിക്കര്‍ ഭട്ട്' എന്ന പേരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് മോഹിത് നുഴഞ്ഞുകയറി. കട്ടിയുള്ള താടിയുമായി ഒരു തദ്ദേശീയനെപ്പോലെ വസ്ത്രം ധരിച്ചായിരുന്നു അക്കാലം അദ്ദേഹം കഴിഞ്ഞുകൂടിയത്. ഹിസ്ബുള്ളയുടെ അടിത്തറയിളക്കുന്ന നിര്‍ണ്ണായക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനായി. കൂടാതെ രണ്ട് ഉന്നതതല തീവ്രവാദികളെ വധിച്ചു. ഈ ഓപ്പറേഷനു വേണ്ടി അദ്ദേഹത്തിന് ധീരതയ്ക്കുള്ള സേനാ മെഡല്‍ ലഭിച്ചു .

2003 ജൂണില്‍ അദ്ദേഹം പരിശീലനം ലഭിച്ച പാരാ കമാന്‍ഡോ ആയി. 2005 ഡിസംബര്‍ 11 ന് അദ്ദേഹത്തിന് മേജറായി സ്ഥാനക്കയറ്റം ലഭിച്ചു. ബെല്‍ഗാമില്‍ ഇന്‍സ്ട്രക്ടറായി നിയമിതനായ അദ്ദേഹത്തെ കമാന്‍ഡോകളെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. അവിടെ അദ്ദേഹം രണ്ട് വര്‍ഷം പരിശീലനം നല്‍കി. തുടര്‍ന്ന് മോഹിത് ശര്‍മ്മ 2008 ല്‍ കശ്മീരിലേക്ക് മാറി. 2009-ല്‍, ശര്‍മ്മയുടെ യൂണിറ്റ് കുപ്വാരയില്‍ തീവ്രവാദികള്‍ക്കെതിരെ തിരിച്ചില്‍ ശക്തമാക്കി. 2009 മാര്‍ച്ച് 21-ന് ഇടതൂര്‍ന്ന ഹഫ്രുഡ വനത്തില്‍ നുഴഞ്ഞുകയറുന്ന തീവ്രവാദികളെ പിടകൂടാനുള്ള ഓപ്പറേഷന്റെ നേതൃത്വം മോഹിത് ശര്‍മ്മക്കായിരുന്നു.

പരുക്കന്‍ ഇലകളിലൂടെ സംഘം രഹസ്യമായി നീങ്ങിയപ്പോള്‍, തീവ്രവാദികള്‍ മൂന്ന് ദിശകളില്‍ നിന്ന് കനത്ത വെടിവയ്പ്പ് നടത്തി. പെട്ടെന്നുള്ള ആക്രമണത്തില്‍ നാല് കമാന്‍ഡോകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ സൈനികരെ രക്ഷിക്കാന്‍ മോഹിത് ഇഴഞ്ഞു നീങ്ങി. തുടര്‍ന്ന് രണ്ട് കമാന്‍ഡോകളെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചെടുക്കാന്‍ അദ്ദേഹം വിജയിച്ചു. തുടര്‍ന്ന് അദ്ദേഹം ഗ്രനേഡുകള്‍ എറിയുകയും രണ്ട് തീവ്രവാദികളെ വധിച്ചു. അപ്പോഴാണ് അദ്ദേഹത്തിന്റെ നെഞ്ചില്‍ വെടിയേറ്റത്. ഗുരുതരമായ പരിക്ക് ഉണ്ടായിരുന്നിട്ടും, അദ്ദേഹം പിന്‍വാങ്ങാന്‍ വിസമ്മതിച്ചു. പകരം, ആക്രമണം തുടര്‍ന്നു. വീണ്ടും രണ്ട് തീവ്രവാദികളെകൂടി തീര്‍ത്തിട്ടാണ്, ആ ധീരന്‍ മരണത്തിന് കീഴടങ്ങിയത്.

ഇന്ത്യയുടെ ജെയിംസ്‌ബോണ്ടും പ്രചോദനം

ഇന്ത്യുടെ സൂപ്പര്‍കോപ്പ് എന്നും ജെയിംസ്ബോണ്ട് എന്നും അറിയപ്പെടുന്ന അജിത് ഡോവലിന്റെ ജീവിതകഥയിലെ പല ഏടുകളും ധുരന്ദര്‍ സിനിമയില്‍ വന്നിട്ടുണ്ട്. ചിത്രത്തില്‍ മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രം തന്നെ ഡോവല്‍ ആണെന്ന് പറയുന്നു. അജിത് കുമാര്‍ ഡോവല്‍ എന്ന ഈ 80-ാം വയസ്സിലും ദിവസവും 18 മണിക്കൂര്‍ ജോലിചെയ്യുന്ന ഈ മനുഷ്യന്‍ ഒരു സൂപ്പര്‍ സ്‌പൈ ആയിരുന്നു. ഇന്ത്യയിലും വിദേശത്തുമായി, മരണം മുന്നില്‍ കാണുന്ന നിരവധി സൈനിക നീക്കങ്ങളില്‍ പങ്കെടുത്തയാള്‍. മരുഭുമിയില്‍ ദിവസങ്ങളോളം വെള്ളം കിട്ടാതെ പിടിച്ച് നില്‍ക്കാനും, കടലില്‍ ഒറ്റപ്പെട്ടുപോയാല്‍ അതിജീവിക്കാനുമൊക്കെ പരിശീലനം കിട്ടിയ ഒരു സൂപ്പര്‍ കമാന്‍ഡോ. പാക്കിസ്ഥാനിലെ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടവയാണ്.


 



റാംബോ ജെയിസ് ബോണ്ട് സിനിമകളില്‍ കാണുന്നപോലെ അതിസാഹസികമായിരുന്നു, അദ്ദേഹത്തിന്റെ ചാര ജീവിതം. ഏഴു വര്‍ഷം മുസ്ലീമിന്റെ വേഷത്തില്‍ ഇന്ത്യന്‍ ചാരനായി പാക്കിസ്ഥാനില്‍ കഴിഞ്ഞതാണ് അതില്‍ എറ്റവും പ്രധാനം. ശത്രു രാജ്യങ്ങളിലിറങ്ങി നേരിട്ട് ചാരപ്രവര്‍ത്തനം നടത്തിയിട്ടുള്ള ഏക ഇന്റലിജന്‍സ് മേധാവിയാണ് ഇദ്ദേഹം. ഈ ഏഴുവര്‍ഷംകൊണ്ട് ചില ആണവ പദ്ധതികള്‍ അടക്കം പാകിസ്ഥാന്റെ പല രഹസ്യങ്ങളും ഡോവല്‍ ചോര്‍ത്തിയെന്നാണ് പറയുന്നത്. ഇതിനിടെ പാകിസ്ഥാനിലെ മര്‍മ്മപ്രധാനമായ എല്ലാ സ്ഥലങ്ങളും കൈവെള്ളയില്‍ രേഖപോലെ ഹൃദിസ്ഥമാക്കാനും ഡോവലിനായി.

പാക്കിസ്ഥാന് ഇന്ന് എറ്റവും കൂടുതല്‍ പേടിക്കുന്നതും ഡോവലിനെയാണ്. അഫ്ഗാന്‍- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്ക് ഇന്ത്യ പിന്തുണ നല്‍കുന്നു എന്നും ഇതിനു പിന്നില്‍ ഡോവലാണെന്നുമാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. കാശ്മീരില്‍ വിഘടനവാദികള്‍ക്കും ഭീകരര്‍ക്കുമെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതും ഡോവല്‍ തന്നെ. ഇതുകൊണ്ടു തന്നെ പാക് തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഡോവല്‍ എന്നുമുണ്ടായിരുന്നു. ഡോവലിന്റെ പാക്കിസ്ഥാന്‍ ഓപ്പറേഷനുകളോട് സാമ്യം തോനുന്ന പല രംഗങ്ങളും ചിത്രത്തലുണ്ട്. ഉറിയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കോടെ ഡോവല്‍ ശരിക്കും ഇന്ത്യയുടെ സൂപ്പര്‍ ഹീറോ ആയി. പാക്കിസ്ഥാനില്‍ കയറി ആക്രമണം നടത്തി തിരിച്ചു വന്ന ശേഷം ഇന്ത്യ അറിയിച്ചപ്പോഴാണ് ആ രാജ്യംപോലും കാര്യം അറിഞ്ഞത് പോലും.

പക്ഷേ എല്ലാ കണക്കുകളും കളികളും ജയിക്കുന്ന ആരുമില്ല. അതുപോലെ ഡോവലിന് പിഴച്ച ഒരു കാര്യമായാണ് 1999-ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ ഉണ്ടായത്. അന്ന് മസൂദ് അസ്ഹറ് എന്ന കൊടുംഭീകരനെ വിട്ടയച്ചതിന്റെ പേരില്‍ പില്‍ക്കാലത്ത് രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ ഡോവലിനെ പ്രതിക്കൂട്ടില്‍ കയറ്റാറുണ്ട്. ഈ കാണ്ഡഹാര്‍ ഓപ്പറേഷന്‍ കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നതും. ചുരുക്കിപ്പറഞ്ഞാല്‍ ഏതെങ്കിലും ഒരു ചാരനെ കുറിച്ചല്ല, ഒരുപാട് സ്പൈ വര്‍ക്കുകളുടെ റഫറന്‍സ് എടുത്തുകൊണ്ടാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ നിരോധിക്കുന്നു

രണ്‍വീര്‍ സിങ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ സിനിമ ഡിസംബര്‍ അഞ്ചിനാണ് പ്രദര്‍ശനത്തിനെത്തിയത്. ഇതിനകം ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഒരാഴ്ചകൊണ്ട് 500 കോടി ഡോളര്‍ നേട്ടത്തിലെത്താന്‍ ചിത്രത്തിനായി. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലൂടനീളം ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കയാണ്. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ ധുരന്ധര്‍ റിലീസ് ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അണിയറ പ്രവര്‍ത്തകര്‍ റിലീസിന് ശ്രമിച്ചുവെങ്കിലും അധികൃതര്‍ നിഷേധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രം അവതരിപ്പിക്കുന്ന രാഷ്ട്രീയമാണ് വിലക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഭരണകൂട പ്രൊപ്പഗണ്ട സിനിമയാണെന്നും പാക് വിരുദ്ധ സിനിമയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ പാക് അനുകൂല വൃത്തങ്ങളില്‍ ശക്തമാണ്. മുമ്പും സമാന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഗള്‍ഫ് മേഖലയില്‍ റിലീസിന് അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട്. 2024 ല്‍ ഹൃത്വിക് റോഷന്‍- ദീപിക പദുകോണ്‍ ചിത്രം ഫൈറ്ററിനും യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുമതി നിഷേധിക്കപ്പെട്ടിരുന്നു. കൂടാതെ അക്ഷയ് കുമാറിന്റെ സ്‌കൈ ഫോഴ്‌സ്, ജോണ്‍ അബ്രഹാമിന്റെ ദി ഡിപ്ലോമാറ്റ് എന്നിവയ്ക്കും ചില ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.


 



ഇന്ത്യയിലും 'ധുരന്ദറിന്' ഒരു വിഭാഗത്തില്‍നിന്ന് വലിയ എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. ചിത്രത്തിനെതിരെ ആസൂത്രിയ ഡീ ഗ്രേഡിങ്് സ്വഭാവമുണ്ടെന്ന് നേരത്തെ അണിയറപ്രവര്‍ത്തകള്‍ വിമര്‍ശിച്ചിരുന്നു. സിനിമാമേഖലയില്‍നിന്നും ചിത്രം എതിര്‍പ്പ് നേരിട്ടു. ആദ്യ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ 'ഒരു സിനിമാ വിദ്യാര്‍ഥി എന്ന നിലയില്‍ 'ധുരന്ദര്‍' ഇഷ്ടപ്പെട്ടുവെങ്കിലും

ചിത്രത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുന്നു' എന്ന് ഹൃത്വിക് കുറിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം വീണ്ടും എക്‌സിലും ഇന്‍സ്റ്റാഗ്രാമിലും രണ്‍വീര്‍ സിങ്, അക്ഷയ് ഖന്ന, മാധവന്‍ തുടങ്ങിയവരുടെ പ്രകടനങ്ങളെയും മേക്കപ്പ് ടീമിനെയും വാഴ്ത്തി പോസ്റ്റിട്ടു. ഈ പോസ്റ്റില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നില്ല.

പക്ഷേ ധുരന്ദറിന്റെ രാഷ്ട്രീയം എന്തായാലും ഇന്ത്യാവിരുദ്ധമല്ല. അത് പാക് വിരുദ്ധമാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ പാക്കിസ്ഥാനാണ് ഭീകരതയെ പാലൂട്ടി വളര്‍ത്തുന്നത് എന്നത് ഇന്ന്, ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. അപ്പോള്‍ പാക്കിസ്ഥാനെ തൊടുമ്പോള്‍ ഗള്‍ഫ്രാഷ്ട്രങ്ങളും, ഇന്ത്യയിലെ തന്നെ ഒരു വിഭാഗവും പൊള്ളുന്നത് എന്തിനാണെന്ന ചോദ്യവും പ്രസക്തമാണ്.



വാല്‍ക്കഷ്ണം: ധുരന്ദര്‍ സിനിമ പറയുന്നതിനേക്കാള്‍ ഏറ്റവും മാരകമായ പല രാഷ്ട്രീയ നാടകങ്ങളും ഇന്ത്യയില്‍ മുമ്പ് നടന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇന്ദിരാഗാന്ധിക്കുശേഷം അധികാരത്തില്‍വന്ന മൊറാര്‍ജി ദേശായി രഹസ്യാന്വേഷ ഏജന്‍സികള്‍ ഒന്നും വേണ്ട എന്ന് വിശ്വസിച്ചിരുന്ന അഹിംസാവാദിയായിരുന്നു. അങ്ങനെ ഫണ്ടുകള്‍ വെട്ടിക്കുറക്കപ്പെട്ടതിനെ തുടര്‍ന്ന് റോ തലവന്‍ തന്നെ രാജിവെച്ചു. ഏറ്റവും ഭീകരമായ ഒരു ആരോപണം, പാക്കിസ്ഥാന്റെ ആണവനിലയത്തെപ്പറ്റി ഇന്ത്യന്‍ ചാരന്‍മ്മാര്‍ കണ്ടെത്തി വിവരം, മൊറാര്‍ജി ഒരു സംഭാഷണത്തിനിടെ പാക് പ്രസിഡന്റിനോട് പറഞ്ഞുവെന്നതാണ്. ഇതിന്റെ പേരില്‍ പാക്കിസ്ഥാനിലെ നിരവധി ഇന്ത്യന്‍ ചാരന്‍മ്മാര്‍ പിടിക്കപ്പെട്ടു. പലരുടെയും തലപോയി. പാക്കിസ്ഥാന്‍ ഒരു ആണവശക്തിയാവുന്നത് തടയാനും ഇന്ത്യക്കായില്ല!

Tags:    

Similar News