'ഇതെന്റെ കഥയാടാ, ഇതില്‍ ഞാനാ നായകന്‍'; ലാലേട്ടനോട് കട്ടക്ക് നില്‍ക്കുന്ന വില്ലന്‍ പരസ്യരംഗത്തെ അതികായന്‍; വോഡഫോണ്‍ സൂസു തൊട്ട് ഷാറുഖ്ഖാന്‍വരെ വേഷമിട്ട വര്‍ക്കുകള്‍; നന്‍പകലിന്റെ കാരണഭൂതന്‍; ജഗന്നാഥ വര്‍മ്മയുടെ ജ്യേഷ്ഠന്റെ മകന്‍; 'തുടരും' സിനിമയിലെ ജോര്‍ജ് സാര്‍ പൊളിയാണ്!

Update: 2025-04-27 05:27 GMT

വിടെയായിരുന്നു  ഇത്രയും കാലം! കണ്ണുകൊണ്ടും പുരികംകൊണ്ടും ഉള്ളം കാലുമൊണ്ടൊക്കെ അഭിനയിക്കാന്‍ കഴിയുന്ന നടനവിസ്മയം മോഹന്‍ലാലിലെ നടനെ തിരിച്ചുകൊണ്ടുവന്ന, തരുണ്‍ മുര്‍ത്തിയൂടെ സൂപ്പര്‍ ഹിറ്റ് സിനിമ 'തുടരും' കണ്ടിറങ്ങിയവര്‍, ആ കിടിലോല്‍ക്കിടിലം വില്ലനെ കണ്ട് ചോദിക്കുന്നത്, ഇന്ത്യന്‍ റുപ്പി സിനിമയില്‍ പൃഥിരാജ് തിലകനോട് ചോദിക്കുന്ന അതേ ഡയലോഗാണ്. സുന്ദരമായ മുഖത്തോടെയും പുഞ്ചിരിയോടെയുമെത്തി പിന്നീടങ്ങോട്ട് കൊടൂം ക്രൂരവില്ലനായി തകര്‍ത്താടുകയായിരുന്നു ജോര്‍ജ് മാത്തന്‍ എന്ന കഥാപാത്രം, ലാലേട്ടന്റെ നായകന് കട്ടക്ക് കട്ടക്ക് എതിര്‍നില്‍ക്കാന്‍ കഴിയുന്ന പ്രതിനയകന്‍. ചിത്രം തീരുമ്പോള്‍ നിങ്ങള്‍ക്ക് ജോര്‍ജ് മാത്തന്‍ എന്ന പൊലീസുകാരന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കാന്‍ തോനുന്നില്ലേ? അതുതന്നെയാണ് ആ നടന്റെ വിജയവും. എന്‍ എഫ് വര്‍ഗീസും, മുരളിയും ഒഴിച്ചിട്ട് സിംഹാസനത്തിലേക്ക്, ഇരിക്കാന്‍ കഴിയുന്നയാളാണ് പ്രകാശ് വര്‍മ്മ എന്ന ഈ പുതുമുഖ നടന്‍. നിസ്സംശയം പറയാം, മലയാള സിനിമ അടുത്തകാലത്ത് നടത്തിയ ഏറ്റവും വലിയ ഡിസ്‌ക്കവറിയാണ് ഈ നടന്‍.

ടിക്കറ്റ് വില്‍പ്പനയില്‍ തരംഗം തീര്‍ത്ത്, എമ്പുരാന്റെ റെക്കോര്‍ഡുകള്‍ പോലും തകര്‍ത്ത്, 'തുടരും' എന്ന കൊച്ചു ചിത്രം മുന്നേറുമ്പോള്‍, ഗൂഗിളിലടക്കം ഏറ്റവും കൂടുതല്‍ സേര്‍ച്ചുകള്‍ വരുന്നത്, ചെറുചിരിയും ഹലോയുമായെത്തി പ്രേക്ഷകരെയാകെ 'വെറുപ്പിക്കുന്ന' സിഐ ജോര്‍ജ് മാത്തനെ അവതരിപ്പിച്ച പ്രകാശ് വര്‍മ്മയെക്കുറിച്ചാണ്. ബിഗ് സ്‌ക്രീനില്‍ ക്യാമറയ്ക്ക് മുന്നില്‍ പുതുമുഖമാണെങ്കിലും ക്യാമറയ്ക്ക് പിന്നില്‍ വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള ടെക്‌നീഷ്യനാണ് പ്രകാശ് വര്‍മ. ഇന്ത്യയിലെ അറിയപ്പെടുന്ന ആഡ് ഫിലിം കമ്പനിയായ 'നിര്‍വാണ'യുടെ സ്ഥാപകനായ പ്രകാശ് വര്‍മ, ദേശീയ- അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ഒട്ടേറെ പരസ്യചിത്രങ്ങളുടെ സംവിധായകനാണ്. ലോകമറിയുന്ന ഒരുപാട് വര്‍ക്കുകളിലുടെ അഡ്വര്‍ട്ടെസിങ്ങ് രംഗത്തെ രാജാവാണ് അയാള്‍.

സിനിമ തലക്കുപിടിച്ച പയ്യന്‍

ചെറുപ്പത്തിലേ സിനിമ തലക്കുപിടിച്ച പയ്യന്‍. 'തുടരും' സിനിമക്ക് ഒരു വര്‍ഷം മുമ്പ് ക്ലബ് എഫ് എമ്മിന് കൊടുത്ത ഒരു അഭിമുഖത്തില്‍ പ്രകാശ് വര്‍മ്മ തന്റെ ബാല്യത്തെക്കുറിച്ച് പറയുന്നത് അങ്ങനെയാണ്. അച്ഛന്‍ ആലപ്പുഴ എസ് ഡികോളജിലെ ഫിസിക്സ് പ്രൊഫസര്‍. അമ്മ മട്ടാഞ്ചേരി ടീച്ചേഴ്സ് ട്രെയിനിങ്ങ് കോളജ് പ്രിന്‍സിപ്പില്‍. എന്നാല്‍ മകന്‍ പ്രകാശ് ആവട്ടെ, പഠനത്തില്‍ ആവറേജ് മാത്രമായിരുന്നു. അവന് അന്നേ കമ്പം സിനിമയിലായിരുന്നു. അവ കണ്ടുവന്നാല്‍ പൊടിപ്പും തൊങ്ങലും വെച്ച് കഥ കൂട്ടുകാര്‍ക്ക് പറഞ്ഞുകൊടുക്കയായിരുന്നു, ഹോബി. സംഗീതം, ചിത്ര രചന, നാടകം തുടങ്ങിയ എക്സ്ട്രാ കരിക്കലുര്‍ ആക്റ്റിവിറ്റികളില്‍ അവന്‍ മിടുക്കനായിരുന്നു.



ഡിഗ്രി പുര്‍ത്തിയാക്കിയശേഷം രണ്ടുവര്‍ഷം ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലിചെയ്തു. അപ്പോള്‍ അവധി ദിവസങ്ങളിലും, ഞായറാഴ്ചയുമുള്ള പ്രധാന പരിപാടി സംവിധായകരെ കാണുകയാണ്. ഭരതന്‍, സത്യന്‍ അന്തിക്കാട്, ഫാസില്‍ എന്നിവരെയൊക്കെ കണ്ടു. ലോഹിതദാസ് സാറിനെ ഇടക്കിടക്ക് പോയിക്കാണും. പക്ഷേ അവസരം ഒന്നും കിട്ടിയില്ല.

മലയാള സിനിമയില്‍ ഒരുപാട് കാരണവര്‍ വേഷങ്ങള്‍ ചെയ്ത ജഗന്നാഥ വര്‍മ്മയുടെ ജ്യേഷ്ഠന്റെ മകനാണ് പ്രകാശ് വര്‍മ്മയെന്ന് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. ജഗന്നാഥ വര്‍മ്മയുടെ മരുമകനായ വിജി തമ്പിയുടെ സംവിധാന സഹായിയായാണ് പ്രകാശിന്റെ തുടക്കം. ദിലീപ് -മോഹിനി എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ 'മാന്ത്രികക്കുതിര'യായിരുന്നു ആദ്യ ചിത്രം. അതിനിടയിലും ലോഹിതദാസ് വിളിച്ചു. ലാല്‍ നായകനായ 'ഓര്‍മ്മച്ചെപ്പ്' എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി. അന്ന് ബ്ലസിയൊക്കെ ഒപ്പമുണ്ട് എന്ന് പ്രകാശ് വര്‍മ്മ ഓര്‍ക്കുന്നുണ്ട്.

അപ്പോഴേക്കും അദ്ദേഹം, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ജോലി രാജിവെച്ചിരുന്നു. പക്ഷേ, ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമ കിട്ടുന്നതുവരെ ഏഴെട്ടുമാസത്തെ ഗ്യാപ്പാണ്. ഇത് പരിഹരിക്കാനാണ് പരസ്യമേഖലയിലേക്ക് തിരിഞ്ഞത്. പക്ഷേ അവിടം അദ്ദേഹത്തിന് രാശിയായി. ആ മേഖലയിലെ മുടിചൂടാമന്നനായി. വേള്‍ഡ്ക്ലാസുള്ള നിരവധി പരസ്യങ്ങള്‍ ചെയ്യനായി. പിന്നീട് പ്രമുഖ സംവിധായകനായി മാറിയ, വി കെ പ്രകാശിന്റെ ട്രെന്‍ഡ് അഡ്വര്‍ട്ടൈസിങ്ങിന്റെ പരസ്യ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചാണ് തുടക്കം. വി കെ പി സംവിധാനം ചെയ്ത 'പുനരവധിവാസം' എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടറായി.

ആഡുകളുടെ രാജാവായി വളരുന്നു

ട്രെന്‍ഡ് അഡ്വര്‍വര്‍ട്ടെസിങ്ങില്‍ ജോലി ചെയ്യുന്ന സമയത്ത് തന്നെയാണ് തന്റെ ജീവിത സഖിയായ, സ്‌നേഹാ ഐപ്പിനെ പ്രകാശ് കണ്ടുമുട്ടുന്നത്. ജീവിതത്തിലും പ്രൊഫഷണല്‍ രംഗത്തും അവര്‍ ഒരുമിച്ചായി. 2001-ല്‍ ഇരുവരും ചേര്‍ന്ന് ബെംഗളൂരുവില്‍ 'നിര്‍വാണ' എന്ന പേരില്‍ പരസ്യചിത്രക്കമ്പനി ആരംഭിച്ചു. പിന്നീടുള്ളത് ചരിത്രം. ലോകോത്തര ബ്രാന്‍ഡുകളുടെ പരസ്യം ചെയ്യാന്‍ അവര്‍ക്കായി.

വാഗണ്‍ആര്‍, ടൈറ്റന്‍, ഹ്യൂണ്ടായ് സാന്‍ട്രോ, ഷവര്‍ലെ ഒപ്ട്രാ, ഫ്രൂട്ടി, ലീ ജീന്‍സ്, പോണ്ട്‌സ്, തുടങ്ങി നിരവധി പരസ്യങ്ങള്‍. വോഡഫോണിന്റെ സൂപ്പര്‍ ഹിറ്റായി മാറിയ സൂസൂ പരസ്യം, നന്‍പകല്‍ നേരത്ത് മയക്കത്തിന് പ്രചോദനമായ ഗ്രീന്‍ പ്ലൈയുടെ പരസ്യം, ഷാരൂഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസത്തിന്റെ 'ബി മൈ ഗെസ്റ്റ്', ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച കാമറി എന്നിങ്ങനെ ആഡ് രംഗത്തെ അതികായനായി പ്രകാശ് മാറി. കാഡ്ബറിക്കം, ജെംസിനും ഡയറിമില്‍ക്കിനും, ഇന്ത്യന്‍ റെയില്‍വേയ്ക്കും ഐഫോണിനും, ഫെയ്‌സ്ബുക്കിനും വേണ്ടി പരസ്യചിത്രങ്ങള്‍ ഒരുക്കി. കേരള, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം പരസ്യങ്ങളുമെടുത്തൂ. ഇന്ന് ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ പത്ത് ആഡ് കമ്പനികള്‍ എടുത്താല്‍ അതില്‍ ഒന്നാണ്, നിര്‍വാണ. സിനിമയിലെ ഇടവേള പരിഹരിക്കാനാണ് പ്രകാശ് വര്‍മ്മ പരസ്യരംഗത്ത് എത്തിയത്. പക്ഷേ പിന്നീട് അദ്ദേഹത്തിന് ആഡ് മേഖലയില്‍നിന്ന് ഇടവേളയെടുത്ത് സിനിമയില്‍ എത്താന്‍ കഴിയാത്ത തിരക്കായി.

അതിനിടയിലും സിനിമാ സ്വപ്നങ്ങള്‍ വിട്ടില്ല. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിന്റെ 'പെട്ടിടാം ആരും ആപത്തില്‍' എന്ന പ്രൊമോ സോങ്ങ് സംവിധാനം ചെയ്തത് പ്രകാശാണ്. ചിത്രത്തിന്റെ നിര്‍മാണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. മുഴുനീള ചിത്രത്തിന്റെ സംവിധായകന്‍ ആകാനുള്ള ആഗ്രഹം അദ്ദേഹം ഒരിക്കലും മറച്ചുവെച്ചിരുന്നില്ല. അഭിമുഖങ്ങളിലും സംവാദങ്ങളിലും അത് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.


സിനിമയിലെ ഇടവേള നികത്താന്‍ പരസ്യചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തു തുടങ്ങിയ പ്രകാശ് വര്‍മ്മ കഴിഞ്ഞ 25 വര്‍ഷമായി അതുതന്നെ ചെയ്യുന്നു. ഇപ്പോള്‍ പരസ്യങ്ങളില്‍നിന്ന് ഇടവേള എടുക്കാന്‍ കഴിയുന്നില്ല. പരസ്യങ്ങളാണ് ചെയ്യുന്നതെങ്കിലും താന്‍ ഒരു ഫിലിം മേക്കര്‍ ആണെന്നാണ് പ്രകാശ് പറയുന്നത്. ഷോര്‍ട്ട് ഫോര്‍മാറ്റിലുള്ള സിനിമയാണ് പരസ്യമെന്നും, ഓരോ പരസ്യത്തിലുടെയും ഒരു ചെറിയ കഥ പറയാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും മാതൃഭൂമി 'ക' ഫെസ്റ്റിവലിലെ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്്. അതുതന്നെയാണ് ആഡ് ഫിലിം മേക്കിങ്ങിലെ അദ്ദേഹത്തിന്റെ കൈയൊപ്പും.

തണുത്തുറഞ്ഞ ഒരു പ്രഭാതം. നാട്ടുവഴികളും, ചോലകളും, വീട്ടുമുറ്റങ്ങളും, ഫുട്ബോള്‍ ഗ്രൗണ്ടുമൊക്കെ കടന്ന്, ഓടിപ്പോവുന്ന ഏഴെട്ടു വയസ്സുള്ള ഒരു കുട്ടി. അവന്റെ പുറകെ നിഴല്‍പോലെ പോവുന്ന, ഒരു പട്ടി. പ്രകാശ് ചെയ്ത് ഹിറ്റാക്കിയ ഹച്ചിന്റെ പരസ്യം. ഉപഭോക്താവ് എവിടെ പോയാലും തങ്ങളുടെ നെറ്റ്വര്‍ക്ക് കൂടെയുണ്ടാവുമെന്ന് ഇതിലും ക്രിയേറ്റീവായി പറയാന്‍ കഴിയില്ല. ഒരു പഗ്ഗ് ഡോഗും കുട്ടിയുമുള്ള സൗഹൃദത്തിന്റെ കഥയിലൂടെയാണ് ആ പരസ്യം പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറുന്നത്. പഗ്ഗ് എന്ന ബ്രീഡ് നായ്ക്കൂട്ടികളെ ഇന്ത്യന്‍ കുടുംബത്തില്‍ അംഗമാക്കിയതിലും ഈ പരസ്യത്തിന് വലിയ പങ്കുണ്ട്.

തരംഗമായ വോഡഫോണ്‍ സൂസു

പ്രകാശ് വര്‍മ്മ ചെയ്ത വൊഡഫോണ്‍ മൊബൈലിന്റെ പരസ്യങ്ങള്‍ ഇന്നും സൂപ്പര്‍ ഹിറ്റാണ്. വോഡഫോണിന്റെ മൂല്യവര്‍ധിത സേവനങ്ങളുടെ ഒന്നിലധികം സവിശേഷതകള്‍ എടുത്തുകാണിക്കുന്നതിനായി പ്രകാശും സംഘവും ചേര്‍ന്ന് സൃഷ്ടിച്ച ഒരു മാസ്റ്റര്‍ സ്ട്രോക്കായിരുന്നു, വലിയ മുഴ പോലുള്ള തലകളും വടി പോലുള്ള കൈകളും കാലുകളുമുള്ള, അന്യഗ്രഹജീവികളെപ്പോലെ തോന്നിക്കുന്ന, പ്രേത കഥാപാത്രങ്ങളായ സൂസൂകള്‍! ദ ഹിന്ദുവിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രകാശ് ഇങ്ങനെ പറയുന്നു. -''അതൊരു വെല്ലുവിളിയായിരുന്നു. ഐപിഎല്‍ മത്സരങ്ങളുടെ വേദി ഉപയോഗിച്ച് ഞങ്ങളുടെ ക്ലയന്റിന്റെ ഉല്‍പ്പന്നം പരസ്യപ്പെടുത്തേണ്ട സമയമാണത്. ഒരു മാസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് 30 ചിത്രങ്ങള്‍ നിര്‍മ്മിക്കേണ്ടി വന്നു. സമയം ഒരു നിര്‍ണായക ഘടകമായിരുന്നു. പക്ഷേ ഞങ്ങള്‍ പൂര്‍ണ്ണമായും പുതിയ എന്തെങ്കിലും വേണമായിരുന്നു''.

അപ്പോഴാണ് ക്രിയേറ്റീവ് ഡയറക്ടര്‍ രാജീവ് റാവു, സൂസൂ എന്ന ആശയം മുന്നോട്ടുവച്ചത്. അതിന് പച്ചക്കൊടി കാണിച്ച പ്രകാശ് കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി, അതേസമയം രാജീവ് ബാക്കിയുള്ള സ്‌ക്രിപ്റ്റ് തയ്യാറാക്കി. ''ഞങ്ങള്‍ രണ്ട് തരം കഥാപാത്രങ്ങളെ വികസിപ്പിച്ചെടുത്തു. ഒന്നില്‍ വൃത്താകൃതിയിലുള്ളവയും മറ്റുള്ളവ കൂടുതല്‍ നീളമേറിയവയും ആയിരുന്നു. രാജീവ് സൂസൂസ് എന്ന പേര് കൊണ്ടുവന്നു. മുഴുവന്‍ ആശയം വികസിപ്പിച്ചതിനുശേഷം മാത്രമാണ് ഞങ്ങള്‍ അത് ഞങ്ങളുടെ ക്ലയന്റുകള്‍ക്ക് കാണിച്ചുകൊടുത്തത്,'' -പ്രകാശ് പറഞ്ഞു. 


സൂസു ചിത്രീകരണവും അസാധാരണമായിരുന്നു. സ്റ്റോറിബോര്‍ഡുകള്‍ പൂര്‍ത്തിയായ ഉടന്‍, ടീം ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലേക്ക് പറന്നു. ''ടൈറ്റ് ഷെഡ്യൂള്‍ ഉണ്ടായിരുന്നിട്ടും, വേഷവിധാനങ്ങളിലും കഥാപാത്രങ്ങളുടെ രൂപത്തിലും ചലനങ്ങളിലും ഭാവങ്ങളിലും ഞങ്ങള്‍ക്ക് വളരെയധികം പരിശ്രമിക്കേണ്ടിവന്നു. ഉദാഹരണത്തിന്, കഥാപാത്രങ്ങള്‍ നീങ്ങുമ്പോള്‍ ചുളിവുകള്‍ കാണിക്കാത്ത ഒരു മെറ്റീരിയല്‍ കൊണ്ടാണ് ബോഡി സ്യൂട്ടുകള്‍ നിര്‍മ്മിക്കേണ്ടി വന്നത്. ഒടുവില്‍, ഞങ്ങള്‍ കട്ടിയുള്ള ഒരു മെറ്റീരിയല്‍ തിരഞ്ഞെടുത്തു. ഞങ്ങള്‍ക്ക് ആവശ്യമുള്ള 'ലൈവ് ലുക്ക്' നല്‍കാന്‍ പശ്ചാത്തലങ്ങളും സ്ഥലങ്ങളും പോലും തയ്യാറാക്കേണ്ടിവന്നു''.

''ഇത് ഒരു ആഡ് സീരീസായിരുന്നു. ഒന്നുരണ്ടുമല്ല 30 ആഡുകളാണ് ഞങ്ങള്‍ ഇതുവെച്ച് ഷൂട്ട് ചെയ്തത്. ഛായാഗ്രാഹകന്‍ വിക്കി ടര്‍പിന്‍ ഇവ 10 ദിവസം കൊണ്ട് ചിത്രീകരിച്ചു.''- പ്രകാശ് പറയുന്നു. ഒരു ഉദാഹരണത്തിന് തുള്ളിക്കളിക്കുന്ന ഒരു സൂസു ചെന്ന് വീഴുക ഒരു സിംഹക്കൂട്ടിലാണ്. അപ്പോള്‍ എഴുതിക്കാട്ടുന്നു-'' ലൈക്ക് പ്ലെയിങ്് ഗെയിംസ്? ഡൗണ്‍ലോഡ് ഗെയിംസ് ഓണ്‍ വോഡഫോണ്‍ ലൈവ്''.അതുപോലെ ഒരു സൂസു സ്റ്റെലായി വന്നു ഒരു കീഴ്ശ്വാസം വിട്ടുപോവുന്നു. അപ്പോള്‍ ഗോസിപ്പുകള്‍ കേള്‍ക്കണോ, എന്നാവും പരസ്യം. ഇങ്ങനെ അത് ശ്രദ്ധിക്കപ്പെട്ടു. ഇന്നും പല ബിസനസ് മാഗസിനുകളും, ലോകത്തിലെ ഏറ്റവും മികച്ച 10 പരസ്യങ്ങളുടെ പട്ടികയില്‍ സൂസുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നന്‍പകലിന്റെ കാരണഭൂതന്‍

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന് പ്രചോദനമായ 'ഗ്രീന്‍ പ്ലൈ'യുടെ പരസ്യം ഷൂട്ട് ചെയ്തത് പ്രകാശ് വര്‍മ്മയാണ്. സിനിമയുടെ പ്രീമിയര്‍ ഷോ കഴിഞ്ഞ ശേഷം ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ അതിന്റെ അശയം, പ്രകാശ വര്‍മ്മയുടേതല്ല. ഇന്ത്യയിലെ മുന്‍നിര അഡ്വര്‍ടൈസിംഗ് ഏജന്‍സി ആയ ലിന്റാസിന്റെ ഡല്‍ഹി ബ്രാഞ്ചിലെ ക്രിയേറ്റീവ് ഹെഡ് ആയിരുന്നു രൂപേഷ് കാശ്യപിന്റെതാണ്.

ആ കഥ ഇങ്ങനെയാണ്. വര്‍ഷം 2004. ലിന്റാസിന്റെ ഡല്‍ഹി ബ്രാഞ്ചിലെ ക്രിയേറ്റീവ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന തമിഴ്നാട്ടുകാരനായ ചൊക്കലിംഗവും മലയാളിയായ ജാജു ടി കെ യുമാണ് ഗ്രീന്‍പ്ലൈ എന്ന ക്ലയന്റിന്റെ ആവശ്യങ്ങളുമായി രൂപേഷിന്റെ അടുത്തേക്ക് വരുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പ്ലൈവുഡ് എന്നത് ഒരു ലോ ഇന്‍വോള്‍വ്മെന്റ് ഉല്‍പ്പന്നമാണ്്. പ്ലൈവുഡ് ഏതായാല്‍ എന്താ എന്ന മനോഭാവം ആണ് പൊതുവേ. കിറ്റ്പ്ലൈ മാത്രമായിരുന്നു അന്ന് അറിയപ്പെടുന്ന ഒരേ ഒരു ബ്രാന്‍ഡ്. ആ സമയത്താണ് ഗ്രീന്‍പ്ലൈ അവരുടെ ലോഞ്ച് ക്യാംപെയ്ന്‍ ചെയ്യാനായി സമീപിക്കുന്നത്.

ഈ പരസ്യം എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നായിരുന്നു രൂപേഷിന്റെ ചിന്ത. പണ്ട് വായിച്ച ഒരു യഥാര്‍ത്ഥ സംഭവമാണ് അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. ''ഒരു ഐഎഎസ് ഓഫീസര്‍ തന്റെ മകളോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നകയാണ്. മധ്യപ്രദേശിലെ ഏതോ ഗ്രാമപ്രദേശത്ത് കൂടി കടന്ന് പോകുമ്പോള്‍ മകള്‍ ഒച്ചവെച്ച് ബസ്സ് നിര്‍ത്തിക്കുന്നു. തുടര്‍ന്ന് സ്ഥിര പരിചിതമായ സ്ഥലം എന്ന പോലെ ആ ഗ്രാമത്തിലേക്ക് ഇറങ്ങി നടക്കുന്നു. അങ്ങനെയാണ് പുനര്‍ ജന്മം എന്ന ആശയം ഉദ്ഭവിക്കുന്നത്. നമ്മുടെ പുരാണേതിഹാസങ്ങളിലും കെട്ട് കഥകളിലുമൊക്കെ ആവര്‍ത്തിച്ച് കണ്ട് വരുന്ന ആ ആശയത്തോട് ആള്‍ക്കാര്‍ക്ക് പെട്ടെന്ന് കണക്ട് ചെയ്യാന്‍ കഴിയും എന്ന് തോന്നി. ഈ ഒരു കഥ പതിയെ ഞാന്‍ രൂപമെടുത്തി. അങ്ങനെയാണ് .വടക്കേ ഇന്ത്യന്‍ സര്‍ദാര്‍ ബാലന്‍ തമിഴ് സംസാരിക്കുന്ന കഥാ സന്ദര്‍ഭം ഉണ്ടായത്''- രൂപേഷ് ഇന്ത്യന്‍ എക്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ആദ്യ പ്രസന്റേഷനില്‍ തന്നെ ക്ലയന്റ് ആയ ഗ്രീന്‍പ്ലൈയുടെ സാരഥികള്‍ക്ക് ആ സ്റ്റോറി ഐഡിയ ഇഷ്ടമായി. അത് ഡെവലപ്പ് ചെയ്യാന്‍ തീരുമാനമായി. പക്ഷേ പിന്നെയും ഒമ്പത് മാസത്തോളം എടുത്തു ഫൈനല്‍ അപ്രൂവല്‍ ലഭിക്കാന്‍. ഈ സമയം കൊണ്ട് രൂപേഷ് കാശ്യപ് കൃത്യമായ ആദി മധ്യാന്തങ്ങള്‍ ഉള്ള ഒരു സ്‌ക്രിപ്റ്റ് റെഡി ആക്കിയിരുന്നു. തുടര്‍ന്നാണ് ഇത് ആര് ചിത്രീകരിക്കും എന്ന ആശയം വന്നത്. പരസ്യം ചിത്രീകരിക്കാന്‍ രണ്ട് പ്രൊഡക്ഷന്‍ ഹൗസുകളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. അതില്‍ നറുക്ക് വീണത് മലയാളിയായ പ്രകാശ് വര്‍മ്മയുടെ നിര്‍വാണ ഫിലിംസിന് ആയിരുന്നു.

'സ്‌ക്രിപ്റ്റിന്റെ കാര്യത്തില്‍ എനിക്ക് ഇതിനോട് ഒന്നും കൂട്ടിച്ചേര്‍ക്കാനില്ല.രൂപേഷ് എല്ലാം പെര്‍ഫെക്ട് ആയി ചെയ്ത് വച്ചിട്ടുണ്ട് '-എന്നാണ് പ്രകാശ് വര്‍മ്മ അന്ന് പറഞ്ഞതെന്ന് രൂപേഷ് ഓര്‍ക്കുന്നു. ''ട്രീറ്റ്മെന്റ് നോട്ട്, സ്റ്റോറി ബോര്‍ഡിംഗ് ഉള്‍പ്പടെ ഞാന്‍ പൂര്‍ത്തിയാക്കി വച്ചിരുന്നു. പരസ്യ രംഗത്ത് വരുന്നതിന് മുമ്പ് ദൂരദര്‍ശന് വേണ്ടി ചില പ്രോഗ്രാമുകള്‍ സംവിധാനം ചെയ്ത അനുഭവം അക്കാര്യത്തില്‍ എനിക്ക് ഗുണകരമായി''- രൂപേഷ് വ്യക്തമാക്കുന്നു.

കേരളത്തില്‍ വച്ച് ചിത്രീകരണം എന്നായിരുന്നു രൂപേഷിന്റെ ആഗ്രഹമെങ്കിലും പ്രകാശ് വര്‍മ്മ നിര്‍ദ്ദേശിച്ചത് തമിഴ്നാട്ടിലെ കാരൈക്കുടി ആയിരുന്നു. ചിത്രീകരണ സമയത്ത് കാരൈക്കുടിയിലെത്തിയ രൂപേഷിന് ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് ബോധ്യപ്പെട്ടു. കാലം തണുത്തുറഞ്ഞതുപോലെ നില്‍ക്കുന്ന ചെട്ടിനാട് ബംഗ്ലാവുകള്‍ പരസ്യ ചിത്രത്തിന്റെ തീമിന് ഏറ്റവും അനുയോജ്യം ആയിരുന്നു. 'സര്‍ദാര്‍ ബാലനായി അഭിനയിച്ച കുട്ടിയുടെ കാര്യം എടുത്ത് പറയണം. വളരെ നൈസര്‍ഗ്ഗികമായ പ്രകടനം ആയിരുന്നു അവന്റെത്. മൂന്ന് ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായി. ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങി. മുംബൈ ഫേമസ് സ്റ്റുഡിയോയില്‍ വച്ച് നടന്ന പോസ്റ്റ് പ്രൊഡക്ഷനും ഞാന്‍ കൂടെ ഉണ്ടായിരുന്നു. പരസ്യത്തില്‍ ഉപയോഗിച്ച പാട്ടിന്റെ വരികള്‍ എഴുതിയത് സഹപ്രവര്‍ത്തകനായ ചൊക്കലിംഗവും സംഗീതം നല്‍കിയത് രജത് ധോലകിയയുമാണ്''-രൂപേഷ് കാശ്യപ് പറഞ്ഞു.

ഇവിടെയും എടുത്തുപറയേണ്ട ഒന്നാണ് പ്രകാശ് വര്‍മ്മയുടെ ചിത്രീകരണ മികവ്. ടിവി ചാനലുകളില്‍ പരസ്യം സംപ്രേഷണം തുടങ്ങിയപ്പോള്‍ അഭൂതപൂര്‍വമായ പ്രതികരണം ആണ് ലഭിച്ചത്. ഇന്ത്യയിലും വിദേശത്തും നിരവധി പുരസ്‌ക്കാരങ്ങളും ആ പരസ്യ ചിത്രത്തിന് ലഭിക്കുകയുണ്ടായി. ഇതിനെല്ലാമുപരി പരസ്യത്തിന്റെ ആത്യന്തിക ലക്ഷ്യം എന്താണോ അത് കൈവരിക്കാന്‍ കഴിഞ്ഞു. ഗ്രീന്‍പ്ലൈ എന്ന ബ്രാന്‍ഡ് എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടു. അവരുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പനയില്‍ പതിന്‍മടങ്ങ് വര്‍ധനവ് ഉണ്ടായി.

ഈ പരസ്യം എപ്പോഴോ കണ്ട ലിജോയുടെ മനസ്സ് അതില്‍ ഉടക്കി. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രമേയം സിനിമയുമായി. അതാണ് മമ്മൂട്ടി നായകനായ 'നല്‍പകല്‍ നേരത്ത് മയക്കം.

എന്‍ എഫ് വര്‍ഗീസിനും മുരളിക്കും ശേഷം

ഇപ്പോഴിതാ നീണ്ട 25 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം, പ്രകാശ് വര്‍മ്മയുടെ സിനിമാ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കയാണ്. വെറും ഒരു വേഷമല്ല, ഘടാഘടിയന്‍ വില്ലനായിട്ടാണ് ആ വരവ്. കാടിളക്കി വരുന്ന ഒറ്റ കൊമ്പനെ തോട്ടിയില്‍ നിര്‍ത്തുന്ന പാപ്പാനെ പോലെയൊരു ഒന്നൊന്നര വില്ലന്‍ എന്നാണ് സോഷ്യല്‍ മീഡിയ സി ഐ ജോര്‍ജ് മാത്തനെ വിശേഷിപ്പിക്കുന്നത്. 'ഇതെന്റെ കഥയാടാ ഇതില്‍ ഞാനാ നായകന്‍ ' എന്ന് നായകന്റെ മുഖത്ത് നോക്കി പറയന്നു വില്ലന്‍. സംഭവം ലാലേട്ടന്റെ അഴിഞ്ഞാട്ടം തന്നെ ആയിരുന്നെങ്കിലും, ചിത്രംമൂലം ഏറ്റവും നേട്ടം ഉണ്ടായിരിക്കുന്നത് പ്രകാശ് വര്‍മ്മക്കാണ്.

ഒരുപാട് വില്ലന്‍മ്മാരെ കണ്ടതാണ് തിരമലയാളം. എം.എന്‍. നമ്പ്യാര്‍, ജോസ് പ്രകാശ്, ബാലന്‍ കെ നായര്‍.. അങ്ങനെ തുടങ്ങി നരേന്ദ്രപ്രസാദ്, മുരളി, സായികുമാര്‍ എന്‍.എഫ് വര്‍ഗീസ് വരെയുള്ള നീണ്ട നിര. പക്ഷേ ഒരു പുഞ്ചിരി കൊണ്ടു പോലും പ്രേക്ഷകരെ ഭീതിയിലാഴ്ത്താന്‍ കഴിയുന്ന ഇങ്ങനെയൊരു വില്ലന്‍ ഇതാദ്യമാണ്. അതാണ് ആ നടന്റെ റേഞ്ച്. ഇതുകൊണ്ടൊക്കെയാണ്, 'ഇത്രനാളും എവിടെയായിരുന്നു മുത്തേ? എന്തേ വരാന്‍ വൈകി?' എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ എഴുതിത്തകര്‍ക്കുന്നത്. എന്‍ എഫ് വര്‍ഗീസുമായും, മുരളിയുമായും, രഞ്ജി പണിക്കരായുമൊക്കെ പ്രകാശ് വര്‍മ്മയെ ഉപമിക്കുന്നവരും ഏറെയാണ്. എന്‍ എഫ് വര്‍ഗീസിനെയോക്കെപ്പോലെ അപാരമായ സൗണ്ട് മോഡുലേഷനുമാണ്, പ്രകാശ് വര്‍മ്മക്ക്. സ്റ്റെലും സ്വാഗുമൊക്കെ ഇത്രയേറെ വര്‍ക്കൗട്ടായ ഒരു കഥാപാത്രം അടുത്തകാലത്തില്ല.

ട്രെയിലറില്‍ പോലും മുഖം കാണിക്കാതെ അതീവ സര്‍പ്രൈസായിട്ടാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ആ കഥാപാത്രത്തെ കൊണ്ടുവന്നത് വെറുതെയായില്ല. ശരിക്കും 'തുടരും' പ്രകാശ് വര്‍മ്മയുടെ കൂടി താരോദയമാണ്. ഇവിടെ മറ്റൊരുകാര്യം കൂടിയുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങുന്നതല്ല, പ്രകാശ് വര്‍മ്മയുടെ കോണ്‍ട്രിബ്യൂഷന്‍. ആഗോളതലത്തില്‍ പരസ്യവിപണയില്‍ അറിയപ്പെടുന്ന, കഥകളിലുടെ ആശയം കൈമാറുന്ന അദ്ദേഹത്തിന്, ഒരു നല്ല ഡയറക്ടറാവാനും കഴിയും. ഇന്ത്യന്‍ പരസ്യവിപണിയെ ഞെട്ടിച്ച പ്രകാശിന്, മലയാള സിനിമയെയും അഭിനയത്തിലുടെയും സംവിധാനത്തിലുടെയും ഞെട്ടിക്കാന്‍ കഴിയട്ടെ.

വാല്‍ക്കഷ്ണം: എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലുമെല്ലാം കഴിവ് തെളിയിച്ച ഈ മനുഷ്യന്, മലയാള സിനിമയിലേക്ക് ഒരു എന്‍ട്രികിട്ടാന്‍ വേണ്ടി വന്ന സമയം 25ലേറെ വര്‍ഷമാണ്. ഇവിടെ ആര്‍ക്കും ഒന്നും തളികയില്‍വെച്ച് കൊടുക്കുന്നില്ലെന്ന് വ്യക്തം.

Tags:    

Similar News