വൈക്കത്തപ്പന്റെ ഭക്തനായ കഥകളി നടന്‍; സിനിമ പഠിച്ചത് ലാലേട്ടന്റെ പടങ്ങള്‍ കണ്ട് ഏകലവ്യനെപ്പോലെ; ഫാന്‍ ബോയ് ഇഷ്ടതാരത്തിന്റെ ഡയറക്ടര്‍ ആയപ്പോള്‍ പിറന്നത് മെഗാഹിറ്റ്; പൃഥിരാജൊക്കെ കണ്ടുപഠിക്കണമെന്ന് ലാല്‍ ആരാധകര്‍; 'തരുണ്‍ മൂര്‍ത്തി ബ്രില്ല്യന്‍സ്' ഉണ്ടായ കഥ!
പൃഥിരാജൊക്കെ കണ്ടുപഠിക്കണമെന്ന് ലാല്‍ ആരാധകര്‍
'നെഞ്ചിനകത്ത് ലാട്ടേന്‍, തോളുചരിച്ച് ലാലേട്ടന്‍'.... എത്രയോ കാലത്തിനുശേഷം തീയേറ്ററുകളില്‍നിന്ന് ആ ആരവം മുഴങ്ങുകയാണ്. മോഹന്‍ലാല്‍- ശോഭന കോമ്പോ വീണ്ടുമെത്തുന്ന, 'തുടരും' എന്ന ഒരു പ്രീ പബ്ബിസ്റ്റിയുമില്ലാത്ത, യാതൊരു ഹൈപ്പുമില്ലാത്ത ഒരു കൊച്ചു ചിത്രം കണ്ടു കഴിഞ്ഞ് പുറത്തുവരുന്ന ലാലേട്ടന്‍ ഫാന്‍സ് ആ ചെറുപ്പക്കാരന് നന്ദി പറയുകയാണ്. കണ്ണുകൊണ്ടും പിരികം കൊണ്ടും, കാല്‍ക്കുഴകൊണ്ടുമൊക്കെ അഭിനയിക്കുന്ന തങ്ങളുടെ പഴയ ലാലേട്ടനെ തിരിച്ചുതന്നതിന്. ആദ്യ പ്രദര്‍ശനത്തിനുശേഷം, എമ്പുരാന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബുക്ക്മൈ ഷോയിലും മറ്റും വന്‍ മുന്നേറ്റമാണ് ചിത്രം ഉണ്ടാക്കുന്നത്. അപ്പോഴും തരുണ്‍ മൂര്‍ത്തിയെന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനയാന്വിതനാവും. എല്ലാ ക്രെഡിറ്റും അദ്ദേഹം, തന്റെ ടീമിന് കൊടുക്കുന്നു.
പൃഥിരാജ് തരുണ്‍ മൂര്‍ത്തിയെ കണ്ടുപഠിക്കണമെന്ന് ലാല്‍ഫാന്‍സ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ഒടിയനും, മരക്കാറും, മലൈക്കോട്ടെ വാലിബനും, ബറോസുമൊക്കെ ഉണ്ടാക്കിയ നാണക്കേടില്‍നിന്ന് ലാലേട്ടനെ കരകയറ്റിയതിന് ആരാധകര്‍ ഈ യുവ സംവിധായകനെ നെഞ്ചിലേറ്റുകയാണ്. ഐവി ശശിക്കും, പ്രിയദര്‍ശനും, സത്യന്‍ അന്തിക്കാടിനും, സിബി മലയിലിനുമൊക്കെ ശേഷം ഒരു സൂപ്പര്‍ ഡയക്ടറുടെ പട്ടാഭിഷേകം കൂടിയാണ്!
ജനപ്രിയ സിനിമയുണ്ടാക്കാന്‍ നൂറ് ഹെലികോപ്റ്റും കോടികളുടെ ബജറ്റുമെന്നും വേണ്ട, നല്ല കഥയും മേക്കിങ്ങും മതിയെന്ന് വീണ്ടും തെളിയിക്കപ്പെട്ടുന്നു. ചുരുങ്ങിയ ബജറ്റിനുള്ളില്‍ എടുത്തവെച്ച ഒരു സിനിമയിലെ വിഷ്വലുകള്‍ കണ്ടാല്‍ അമ്പരന്നുപോവും. കാടിന്റെ ചില ദൃശ്യങ്ങളില്‍, ഒരു ഉരുള്‍പൊട്ടലിന്റെ ചിത്രീകരണത്തില്‍, ഏരിയല്‍ കട്ട് ഷോട്ടുകളില്‍, ബാക്ക് ഗ്രൗണ്ട് സ്‌കോറില്‍ ഒക്കെ ചിത്രം പൊളപ്പാനാണ്. ഹോളിവുഡ് സ്റ്റെലാണ്. മോഹന്‍ലാലിന്റെ പെരുങ്കളിയാട്ടമാണ് ചിത്രം. എല്ലാവിധ ഇമോഷന്‍സിലൂടെയും ആ കഥാപാത്രം കടന്നുപോവുന്നു. മോഹന്‍ലാലും ശോഭനയും ചേരുമ്പോള്‍ പഴയ വിന്റേജ് ഫീല്‍തന്നെ കിട്ടുന്നുണ്ട്. പക്ഷേ ആ വിന്റേജ് നൊസ്്റ്റാള്‍ജിയ അല്ല ഈ ചിത്രം.
അതാണ് ഈ ഡയറക്ടറുടെ ബ്രില്ല്യന്‍സ്! പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്നൊക്കെ വിളിക്കുന്നതുപോലെ ഇനി തരുണ്‍ മൂര്‍ത്തി ബ്രില്ല്യന്‍സിന്റെ കാലമാണ്.
കഥകളി നടന്‍, വൈക്കത്തപ്പന്റെ ഭക്തന്‍
യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത കുടംബത്തില്‍നിന്നാണ് തരുണ്‍ വരുന്നത്. സിനിമാപ്രേമികളുടെ സ്വന്തം വെബ്സൈറ്റായ എംത്രീഡിബിയില്‍ തുരുണിന്റെ ഷോര്‍ട്ട് ബയോഡാറ്റാ ഇങ്ങനെയാണ്. കോട്ടയം ജില്ലയിലെ വൈക്കത്താണ് ജനനം. വൈക്കത്തപ്പന്റെ ഭക്തനായ തരുണ്‍ മൂര്‍ത്തി, തുടരും സിനിമയുടെ തുടക്കത്തില്‍ തന്നെ തന്റെ ഇഷ്ടദേവന് നന്ദി പറയുന്നുണ്ട്. വൈക്കം പുളിഞ്ചുവട് ആഞ്ഞിലിക്കടവില്‍ മധുവിന്റെയും വിനുവിന്റെയും മകനായി ജനിച്ച തരുണ്‍, രണ്ടാം ക്ലാസ് മുതല്‍ കഥകളി അഭ്യസിച്ച് തുടങ്ങി. നാലാം വര്‍ഷം തന്നെ കഥകളിയില്‍ അരങ്ങേറ്റം നടത്തി. കലാമണ്ഡലം ജയപ്രകാശ്, ആര്‍ എല്‍ വി രഘുനാഥ് എന്നിവരാണ് ഗുരുക്കന്മാര്‍.
കൊച്ചിന്‍ ഷിപ്യാര്‍ഡിലെ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. അവിടുത്തെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ വൈക്കം മനീഷ എന്ന നാടക ക്ലബ്ബിന്റെ അംഗം കൂടിയായിരുന്നു തരുണിന്റെ പിതാവ്. നിരവധി അമച്വര്‍ നിരവധി നാടകങ്ങള്‍ എഴുതി അദ്ദേഹം സംവിധാനം ചെയ്തു. അച്ഛന്‍ തന്നെയായിരുന്നു കലാരംഗത്ത് തരുണിന്റെ ആദ്യ ഗുരു. കഥകളിക്ക് പുറമേ കുട്ടിക്കാലത്ത് തന്നെ മിമിക്രി, മോണോ ആക്റ്റ് തുടങ്ങിയ കലാപരിപാടികളിലും സജീവമായിരുന്നതിനാല്‍ സ്‌കൂള്‍ കലോത്സവങ്ങളിലൂടെ തരുണ്‍ ശ്രദ്ധേയനായി.
എഴുത്തുകാരനും സംവിധായകനുമായ പി ബാലചന്ദ്രന്‍ തരുണിന്റെ കലാജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. പി ബാലചന്ദ്രന്റെ ചെണ്ട എന്ന നാടകം തരുണും സംഘവും സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. വൈക്കംകാരനായിരുന്നു പി ബാലചന്ദ്രനെന്നതും കൊണ്ടും അച്ഛന്റെ നാടകപരിചയവുമൊക്കെ പി ബാലചന്ദ്രനിലേക്ക് തരുണിനെ അടുപ്പിക്കാന്‍ കാരണമായിട്ടുണ്ട്. കഥകളി പ്രൊഫഷണലായി അവതരിപ്പിക്കുന്ന തരുണ്‍ കലാമണ്ഡലം ഗോപിയുടെ കൂടെ കഥകളി വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഇന്നും കഥകളി അദ്ദേഹത്തിന് ഹരമാണ്.
നേരത്തെ ധന്യാവര്‍മ്മക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍, 'കഥകളിയില്‍ നിന്ന് ഏതെങ്കിലും ഒരു കഥയെ സിനിമയായി ആലോചിക്കുമോ' എന്ന ചോദ്യത്തിന് വാചാലനായാണ് തരുണ്‍ മൂര്‍ത്തി മറുപടി നല്‍കിയത്. സിനിമയാക്കണം എന്ന് ഞാന്‍ ആലോചിച്ചിട്ടില്ല. ഇപ്പോള്‍ അങ്ങനെ ചോദിച്ചാല്‍ ഞാന്‍ പറയുക നളചരിതമാണാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
''കഥകളിയില്‍ നളചരിതത്തിലെ നളന്റെ ജീവിതം എത്രത്തോളം ലെയറുള്ള ഒന്നാണ്. വലിയ രാജാവായിരുന്ന ഒരാളാണ്. അയാള്‍ ദമയന്തിയുമായി പ്രണയത്തിലാകുന്നു. അയാളെ സഹോദരന്‍ തന്നെ ചതിക്കുന്നു. രാജാവായിരുന്ന ഒരാള്‍ ഒന്നുമല്ലാതായി കാട്ടിലേക്ക് ഒരിക്കല്‍ ഉപേക്ഷിക്കപ്പെടുന്നു. ഭാര്യയെ കാട്ടില്‍ ഉപേക്ഷിക്കുന്നു. ഐഡന്റിറ്റി മറച്ചുവെച്ച് പാചകക്കാരനായി ജീവിക്കുന്നു. അത് ഭയങ്കര ലെയറുകളുള്ള കഥാപാത്ര ആവിഷ്‌കാരമായി തോന്നിയിട്ടുണ്ട് എന്നും സൂചിപ്പിക്കുന്നു തരുണ്‍ മൂര്‍ത്തി.
ആ പ്രണയ കഥ തന്നെ നാല് ഭാഗങ്ങളായിട്ടാണ് നമ്മള്‍ കാണുന്നത്. നളചരിതം, നളചരിതം ഒന്ന് രണ്ട്, മൂന്ന് എന്നിങ്ങനെയാണ് നമ്മള്‍ കാണുന്നത്. നളന്റെ പ്രണയവും വീരകഥകളുമാണ് ആദ്യ ഭാഗത്തില്‍ പറയുന്നത്. അവസാനം നായകനും നായികയും ഒന്നിക്കുന്നതാണ്. ഔട്സ്റ്റാന്‍ഡിംഗ് ലവ് സ്റ്റോറിയാണ്. എന്നെങ്കിലും അത് ലവ് സ്റ്റോറിയാക്കാന്‍ പറ്റിയാല്‍. നളചരിതം ഒരു സിനിമയാക്കാവുന്നത് ആണ്. പക്ഷേ എന്റെ ചുറ്റുമുള്ള ജീവിതകഥകള്‍ സിനിമയാക്കാനേ എനിക്ക് അറിയൂ. അതിനപ്പുറം ഞാന്‍ മുതിര്‍ന്നിട്ടുമില്ല.''- തരുണ്‍ വ്യക്തമാക്കുന്നു.
സിനിമ പഠിച്ചത് ലാലേട്ടന്റെ ചിത്രങ്ങള്‍ കണ്ട്
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനാഗ്രഹിച്ചെങ്കിലും കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് തരുണ്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മാസ്റ്റര്‍ബിരുദമായ എംടെക്കും നേടി. കഥകളി നടനായതുകൊണ്ടുതന്നെ അഭിനയത്തോടും മോഹമുണ്ടായിരുന്നു. നടനമോഹവുമായി നിരവധി ഓഡിഷനുകളിലും പങ്കെടുത്തു. പലപ്പോഴും ക്ലീന്‍ഷേവ് മുഖവുമായാണ് ഓഡീഷനു പോയിരുന്നത്. കഥകളി നടനെ നായകനാക്കാന്‍ ഞങ്ങള്‍ വാനപ്രസ്ഥമല്ല എടുക്കുന്നത് എന്ന് പറയാതെ പറഞ്ഞവരായിരുന്നു അധികവും. പിന്നീട് താടി വളര്‍ത്തിയെങ്കിലും നടന്‍ എന്ന സ്വപ്നം കൊഴിഞ്ഞുപൊയ്ക്കൊണ്ടേയിരുന്നു. അതോടെയാണ് തരുണ്‍ അധ്യാപന രംഗത്തേക്ക് തിരിയുന്നത്.
തുടര്‍ന്ന് കുറച്ചുവര്‍ഷം കമ്പ്യൂട്ടര്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറായി അധ്യാപന രംഗത്ത് പ്രവര്‍ത്തിച്ചു. പക്ഷേ അപ്പോഴും ഉള്ളിലെ ആഗ്രഹം സിനിമയായിരുന്നു. തിരക്കഥകളെഴുതി ഷോര്‍ട്ഫിലിമുകളുമായാണ് അദ്ദേഹം വിഷ്വല്‍ മേഖലയില്‍ കാലൂന്നുന്നത്. തുടര്‍ന്ന് പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിക്കാനായി സ്വന്തം കമ്പനിക്ക് തുടക്കമിട്ടു. മറ്റ് സിനിമാ സംവിധായകരെ അസിസ്റ്റ് ചെയ്യാതെയാണ് തരുണ്‍ വളര്‍ന്നത്്. ശരിക്കും ഏകല്യവനെപ്പോലെ! കോളേജ് അധ്യാപികയായ രേവതി റോയ് ആണ് തരുണിന്റെ ജീവിത പങ്കാളി. ഒരു മകനുമുണ്ട്.
'തുടരും' സെറ്റില്‍ ഉണ്ടായ ഒരു അനുഭവവും തരുണ്‍ അഭിമുഖങ്ങില്‍ പറയുന്നുണ്ട്. ലാലേട്ടന്‍ ഒരിക്കല്‍ ചോദിച്ചു. ''തരുണ്‍ തുടങ്ങിയത് ആരോടൊപ്പമാണ്, ആഷിഖിനൊപ്പമാണോ''. അതിന് തുരുണിന്റെ മറുപടി ഇങ്ങനെ-'' ഞാന്‍ സ്വന്തമായി പഠിച്ചുവന്നതാണ്. ലാലേട്ടന്റെ സിനിമകള്‍ മാത്രമേ ഞാന്‍ ചെറുപ്പത്തില്‍ കണ്ടിട്ടുള്ളൂ. അച്ഛനും അമ്മയും ലാലേട്ടന്റെ ഫാന്‍സ് ആയിരുന്നു. അവര്‍ കാണുന്ന പ്രിയന്‍ സാറിന്റെയും സത്യന്‍ സാറിന്റെയും സിനിമകളിലെ നായകന്‍ ലാലേട്ടന്‍ ആയിരുന്നു. അച്ഛനും അമ്മയും കല്യാണം കഴിഞ്ഞ് ആദ്യ കണ്ട സിനിമ ' മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' ആണ്. അവരുടെ ജീവിതം തുടങ്ങുന്നതേ അവിടെ നിന്നാണ്. പിന്നെ അവര്‍ കാണുന്ന സിനിമകള്‍ എല്ലാം ഇത്തരത്തിലുള്ളതായിരുന്നു. സത്യത്തില്‍ ഞാന്‍ സിനിമ പഠിച്ചത് ലാലേട്ടന്റെ സിനിമകള്‍ കണ്ടിട്ടാണ്. അത് കേട്ട് അദ്ദേഹം കുറേ ചിരിച്ചു. ''- തരുണ്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
''പിന്നീട് കുറച്ചുകൂടി സിനിമയെ മനസ്സിലാക്കിയപ്പോഴാണ്, സിനിമയില്‍ മറ്റ് നടന്‍മ്മാരൊക്കെയുണ്ട്, ഇങ്ങനെയാണ് സിനിമ എന്നൊക്കെ മനസ്സിലായത്. സ്‌കൂളില്‍പോയി നാടകങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍, ഞങ്ങളുടെ ഗ്യാങ്ങിന് സമ്മാനം കിട്ടുമായിരുന്നു. അപ്പോള്‍ അധ്യാപകര്‍ ഇടക്ക് പറയും. ഇവര്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ഗ്യാങ്ങിനെപ്പോലെ ഇടക്ക് ഒരു ഗ്യാങ്ങായി വരും. അതൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളിലും ചില മോഹങ്ങള്‍ ഉണ്ടായി. അഭിനയിക്കാന്‍ വേണ്ടിയാണ്, ആദ്യം സ്‌ക്രിപ്റ്റ് ഉണ്ടാക്കിയത്. പക്ഷേ അഭിനയിച്ചു തുടങ്ങിയപ്പോള്‍, നമുക്ക് പറ്റുന്ന പണി അല്ലെന്ന് മനസ്സിലായി. പക്ഷേ സിനിമയില്‍ തന്നെ എത്തണം എന്നാണ് ആഗ്രഹം. പ്രൊഡ്യൂസര്‍ ആവാന്‍ പണമില്ല. ഞാന്‍ എഴുതുന്ന സ്‌ക്രിപ്റ്റ് ഞാന്‍ തന്നെ ചെയ്തുനോക്കിയാലോ എന്ന ചിന്തയിലാണ് സിനിമ സംവിധാനം ചെയ്തുനോക്കിയത്. '' - തരുണ്‍ പറയുന്നു. ഈ ഷോര്‍ട്ട്ഫിലിമുകളാണ് ഓപ്പറേഷന്‍ ജാവ എന്ന പടത്തിലേക്ക് തുരുണിന് അവസരം നല്‍കിയതും.
ഓപ്പറേഷന്‍ ജാവയും, സൗദി വെള്ളക്കയും
ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് തരുണ്‍. കോവിഡ് കാലത്തിനുശേഷം, 2021 ഫെബ്രുവരി 12 ന് റിലീസ് ചെയ്ത ചിത്രം തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവവമായിരുന്നു. തുരുണ്‍മൂര്‍ത്തി തന്നെ എഴുതിയ ചിത്രം, ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ ട്രെന്‍ഡിങ്ങ് ആയിരുന്നു. ലോകമെമ്പാടുമുള്ള താല്‍ക്കാലിക ജോലിക്കാര്‍ക്കാണ് ചിത്രം സമര്‍പ്പിക്കുന്നത്.
സൈബര്‍ സെല്ലില്‍ ഒരു കൂട്ടം ഉദ്യോഗസ്ഥരോടൊപ്പം പ്രവര്‍ത്തിക്കുന്ന രണ്ട് താല്‍ക്കാലിക ജീവനക്കാരുടെ കഥയായിരുന്നു അത്. ബാലു വര്‍ഗ്ഗീസും ലുഖ്മാനും മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രം, ഏറെ ശ്രദ്ധിക്കപ്പെട്ടു. മേക്കിങ്ങിലും, എഡിറ്റിങ്ങിലും മാത്രമല്ല കഥയിലും ചിത്രം പുതുമയുള്ളതായിരുന്നു. . താരങ്ങളില്ലാത്ത സിനിമയില്‍ ഓരോ നടന്‍മ്മാരും അവരുടെ സ്വതസിദ്ധമായ അഭിനയത്തിലൂടെ ഏറ്റവും ജൈവികമായൊരു അനുഭവം പ്രേക്ഷകര്‍ക്കു പകര്‍ന്നു നല്‍കി. ഇര്‍ഷാദ് അലി, ബിനു പപ്പു, പ്രശാന്ത് അലക്‌സാണ്ടര്‍, വിനായകന്‍, ധന്യ അനന്യ, വിനീത കോശി, ഷൈന്‍ ടോം ചാക്കോ തുടങ്ങി ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തവര്‍ പോലും ഓര്‍മ്മിക്കപ്പെട്ടു.
തൊഴില്‍തട്ടിപ്പ്, ഓണ്‍ലൈന്‍ പണതട്ടിപ്പ്, ഫിലിം പൈറസി, ഹണി ട്രാപ്പ്, തുടങ്ങി വാര്‍ത്തകളില്‍ നിരന്തരം ഇടം പിടിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണതയിലേക്കാണ് 'ഓപ്പറേഷന്‍ ജാവ' പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിച്ചത്. ആശ്രിത നിയമനവും സ്വജനപക്ഷപാതവും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളും തുടര്‍ക്കഥയാകുന്ന ഇന്ത്യന്‍ വ്യവസ്ഥയില്‍ സമകാലിക പ്രസക്തിയുള്ള സിനിമ എന്ന നിരൂപകര്‍ ചിത്രത്തെ വാഴ്ത്തി. ചിത്രം സാമ്പത്തികമായും വിജയിച്ചു.
തുടര്‍ന്ന് എടുത്ത 'സൗദി വെള്ളക്ക' എന്ന ചിത്രവും തികച്ചും സാമൂഹിക പ്രസക്തിയുള്ളതായിരുന്നു. ഇന്ത്യന്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ചാണ് ചിത്രം പറഞ്ഞത്. അന്തമില്ലാത്ത കോടതിയിടപാടുകളില്‍ കുരുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു കേസുകളുടെ കൂട്ടത്തിലേക്കാണ് കൊച്ചി ചെല്ലാനത്തിനു സമീപത്തുള്ള സൗദി പ്രദേശത്തു നിന്ന് ആയിഷ റാവുത്തര്‍ എന്ന പ്രായമായ സ്ത്രീയുടെ കേസ് എത്തുന്നത്.
ഒരു മച്ചിങ്ങകൊണ്ട് ഒരു കുട്ടിയെ അടിച്ചുവെന്ന അവരുടെ കേസാണ് പത്തിരുപത് വര്‍ഷമായിട്ടും തീരാതെ പോവുന്നത്. പുതുമുഖം ദേവി വര്‍മ്മയാണ് ഐഷ റാവുത്തറായി പ്രധാന കഥാപാത്രമായത്. ഒപ്പം ലുക്മാന്‍, ബിനു പപ്പു, സുജിത്ത് ശങ്കര്‍, രമ്യ സുരേഷ് തുടങ്ങിയ പരിചിത മുഖങ്ങളും ഒരുപറ്റം പുതമുഖങ്ങളും അണിനിരന്നു. ഈ ചിത്രത്തിനും നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും കിട്ടി. ഇതേ ചിത്രമാണ് തരുണ്‍ മൂര്‍ത്തിയെ 'തുടരും' സിനിമയിലേക്ക് എത്തിക്കുന്നതും.
ഫാന്‍ബോയി ഒടുവില്‍ ലാലേട്ടന് ഒപ്പം
'സൗദിവെള്ളക്ക' കണ്ട് ഇഷ്ടപ്പെട്ട്, പ്രൊഡ്യൂസര്‍ രഞ്ജിത്താണ് തരുണ്‍ മൂര്‍ത്തിയെ വിളിക്കുന്നത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സിനിമകള്‍ നിര്‍മ്മിക്കുന്ന രഞ്ജിത്തിന്റെ രജപുത്രാഫിലിംസ് മലയാളത്തിന് ഒരുപാട് ഹിറ്റ് സിനിമകള്‍ നല്‍കിയ പ്രൊഡക്ഷന്‍ ഹൗസാണ്. ലാലേട്ടനുവേണ്ടി കെ ആര്‍ സുനില്‍ എഴുതിയ കഥയാണ് എന്ന് പറഞ്ഞപ്പോള്‍ തരുണിന് ടെന്‍ഷന്‍ ഏറെയായിരുന്നു. ലാലേട്ടന്റെ ഫാന്‍ബോയ് ആയ താന്‍, കഥ കേട്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാല്‍ അത് അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെടുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേടി.
കഥ ഇഷ്ടപ്പെടണേ എന്ന പ്രാര്‍ത്ഥനയുമായാണ് പോയത്. പക്ഷേ പ്രൊഡ്യൂസര്‍ രഞ്ജിത്ത് പറഞ്ഞ കഥ തരുണിനും ഇഷ്ടമായി. പിന്നീട് തരുണും സുനിലും കൂടി ഇരുന്ന് ഡെവലപ്പ് ചെയ്താണ്, ഈ രീതിയിലുള്ള തുടരും ഉണ്ടാവുന്നത്. ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ സുനില്‍ തന്റെ യാത്രക്കിടെ പൊലീസ് സ്റ്റേഷനുമുന്നില്‍ രണ്ടുപേര്‍ നില്‍ക്കുന്ന ഒരു രംഗത്തില്‍നിന്ന് ഡവലപ്പ് ചെയ്തായിരുന്നു ഈ കഥ. ഇതിലും ഒരു സാമൂഹിക പ്രസക്തമായ വിഷയം തരുണ്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. കാണാത്തവര്‍ അത് കണ്ടറിയുക.
തുടരും എന്ന സിനിമക്ക് വേണ്ടി 74 ദിവസമാണ് മോഹന്‍ലാല്‍ നല്‍കിയത്. ഫാന്‍ബോയി ആയ തരുണിന് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസങ്ങളായിരുന്നു അത്. തരുണിനേക്കകാള്‍ വലിയ ലാല്‍ ഫാന്‍ ആണ് പ്രൊഡ്യൂസര്‍ രഞ്ജിത്ത്. ലാലേട്ടനൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന ഒരു സമയവും അദ്ദേഹവും നഷ്ടപ്പെടുത്തിയില്ല. ചിത്രീകരണത്തിനിടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു രംഗം തരുണ്‍ മൂര്‍ത്തി പറയുന്നത് ഇങ്ങനെയാണ്-''ട്രെയിലറില്‍ കാണുന്ന, ലാലേട്ടന്‍ തോള് ചരിച്ച് നടന്നുപോകുന്ന സീന്‍ എടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു. ലാലേട്ടാ കുറച്ചുകൂടി തോള് ചരിക്കണം. ലാലേട്ടന്‍ പറഞ്ഞു-'മോനെ എന്റെ തോള് ആള്‍റെഡി ചരിഞ്ഞാണ് ഇരിക്കേണ, ഇനിയും ചരിക്കണോ'. ഞാന്‍ പറഞ്ഞു, ബാക്ക് ഷോട്ടാണ്. കുറച്ചുകൂടി ചരിച്ചാല്‍ കൊള്ളാം. ലാലേട്ടന്‍ പറഞ്ഞു, ചരിക്കാം. ഒരു ഫാന്‍ബോയിയുടെ ഏറ്റവും എക്സൈറ്റിങ്ങ് മൊമന്റ് ആ തോള് ചരിഞ്ഞുള്ള നടത്തമായിരുന്നു. ''- തരുണ്‍ പറയുന്നു.
ലാലേട്ടനെ വെച്ച് ഡയറക്ട് ചെയ്യാന്‍ എളുപ്പമാണെന്നും തരുണ്‍ പറയുന്നു. സ്‌ക്രിപ്റ്റ് വായിച്ച് നല്ല ഐഡിയയോടെയാണ് അദ്ദേഹം വരുന്നത്. കഥാപാത്രത്തിന്റെ ഇമോഷനം, കണ്ടിന്യൂയിറ്റിയുമൊക്കെ അദ്ദേഹം തന്നെ നോക്കിക്കോളും. മോഹന്‍ലാലിനോട് കഥ പറയുമ്പോള്‍ സിനിമക്ക് പേരില്ലായിരുന്നു.
തുടരും എന്ന പേരിന്റെ പോസ്റ്റര്‍ റിലീസും എമ്പുരാന്‍ കാരണം വൈകിയിരുന്നു. സമയം ഉള്ളത് കൊണ്ട് വേറെ പേര് നോക്കണോ എന്ന് പ്രൊഡ്യൂസര്‍ രഞ്ജിത്ത് ചോദിച്ചു. ഇടക്ക് വിന്റേജ് എന്ന പേര് വന്നു. പക്ഷേ തുടരും മതിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആ പേര് അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞിരുന്നു. ഇതുപോലെത്തെ നിരവധി അനുഭവങ്ങള്‍ ചിത്രത്തില്‍ തരുണിന് ഉണ്ടായിരുന്നു.
എമ്പുരാനെ വെട്ടിച്ച വിജയം
ഷൂട്ടിങ്ങ് സമയത്തുതന്നെ എമ്പുരാനുമായിട്ടായിരുന്നു തരുണിന്റെ കോമ്പോ. എമ്പുരാന്‍ സിനിമക്ക് മുമ്പേ ഇറങ്ങും എന്നുകരുതിയാണ് തുടരും ഷൂട്ടിങ്ങ് തുടങ്ങിയത്. മോഹന്‍ലാല്‍ രണ്ടിലും ഏകദേശം ഒരേ സമയത്താണ് അഭിനയം തുടങ്ങിയത്. എമ്പുരാന് ബ്രേക്ക് ആവുമ്പോള്‍ അദ്ദേഹം ഇവിടെ വന്ന് ഷൂട്ട് ചെയ്യും. ഒരു കഥാപാത്രത്തില്‍നിന്ന് അടുത്തതിലേക്ക് കയാറാന്‍ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നുവെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നുണ്ട്. എമ്പുരാന്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ ഖുറൈഷിയായി ഹെലികോപ്റ്ററില്‍ പായുന്ന മോഹന്‍ലാല്‍, ഇവിടെയെത്തുമ്പോള്‍ ബെന്‍സ് എന്ന സാധാരണക്കാരനാവും. ഒരു ഷര്‍ട്ടും മുണ്ടും വാച്ചും ധരിച്ച് കഴിഞ്ഞാന്‍ അദ്ദേഹം ഷണ്‍മുഖനായി. ലാലേട്ടന് ഈ ട്രാന്‍സ്ഫോര്‍മേഷന്‍ വളരെ എളുപ്പമാണെന്നാണ് തരുണ്‍ പറയുന്നത്.
പക്ഷേ എമ്പുരാന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ താന്‍ പേടിച്ചുപോയി എന്ന കാര്യവും തരുണ്‍മൂര്‍ത്തി മറുച്ചുവെക്കുന്നില്ല.-''' ദൈവമോ ഇതൊക്കെ കണ്ടിട്ടാണെല്ലോ, പ്രേക്ഷകര്‍ നമ്മുടെ പടം കാണാന്‍ പോകുന്നത് എന്നാണ് ഓര്‍ത്തത്. രാജുവിന് ഞാന്‍ അയച്ച ആദ്യത്തെ മെസേജ് കുറേ തീയാണ്. രാത്രി എനിക്ക് വെപ്രാളം ആയിട്ട് ഞാന്‍ കുറേ വെള്ളം കുടിച്ചു. ഖുറേഷിയെ കണ്ടിട്ട് നമ്മുടെ പടം കാണാന്‍ പോവുമ്പോള്‍ 'എടോ, ഇത് എന്താണ് ചെയ്തുവെച്ചേക്കുന്നത് എന്ന് ചോദിച്ചാല്‍' പെട്ടില്ലേ. വീണ്ടും ഞാന്‍ രാജുവിന് മെസേജ് അയച്ചു. ' ചേട്ടാ ഇനി ഞാന്‍ എന്തുചെയ്യും''- രാജു മറുപടി അയച്ചു. '' ബ്രോ, ഞാന്‍ നിങ്ങളുടെ പടം കാണാന്‍ കാത്തിരിക്കയാണ്.''- അപ്പോള്‍ എനിക്ക് ഒരു ആത്മവിശ്വാസമായി. ഇത്തരത്തില്‍ ഒരു വലിയ പടം എടുത്ത സംവിധായകന്‍, ഞാന്‍ ചെയ്ത ലാലേട്ടന്‍ വേര്‍ഷന്‍ കാണാന്‍ കാത്തിരിക്കയാണ് എന്ന് പറഞ്ഞപ്പോള്‍ സമാധാനമായി.''- തുരണ്‍ പറയുന്നു.
ഇപ്പോഴിതാ കോടികളുടെ ബജറ്റും, ഹെലികോപ്റ്ററിന്റെ പളപ്പുമൊക്കെയായി ഇറങ്ങിയ എമ്പുരാനെപ്പോലും വെട്ടിച്ച്, പറയത്തക്ക യാതൊരു പബ്ലിസിറ്റിയുമില്ലാതെ ഇറങ്ങിയ ഈ ചിത്രം കുതിക്കയാണ്. തരുണ്‍മൂര്‍ത്തിയെന്ന ചെറുപ്പക്കാരനില്‍നിന്ന് മലയാള സിനിമക്ക് ഇനിയും ഒരുപാട് കിട്ടേണ്ടയുണ്ട്.
വാല്‍ക്കഷ്ണം: 'തുടരും' കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. മോഹന്‍ലാലിന്റെ ഏറ്റവും വലിയ പ്രശ്‌നം നല്ല കഥയില്ലാത്തതും, സ്റ്റഫുള്ള സംവിധായകര്‍ ഇല്ലാത്തതുമാണ്. ലോഹിതാദാസും, എംടിയും, പത്മരാജനും, ഭരതനും, സിബിമലയിലും, കമലുമൊക്കെ മോഹല്‍ലാലിനെവെച്ച് ചെയ്ത വെറൈറ്റി സാധനങ്ങള്‍ ഓര്‍മ്മയില്ലേ. അതുപോലുള്ള സബ്ജറ്റുകള്‍ കൊടുക്കാന്‍ പുതിയ ടീമിന് കഴിയുന്നില്ല. അതിനുള്ള പരിഹാരമാണ് തരുണ്‍മൂര്‍ത്തിയെപ്പോലുള്ള യുവ പ്രതിഭകള്‍. ലോഹിതദാസ് സ്റ്റെലില്‍ കലയും കച്ചവടവും ഒന്നിച്ച് കൊണ്ടുപോവാന്‍ ഇവര്‍ക്ക് കഴിയട്ടെ.