കോണ്‍ക്രീറ്റിനോട് കിടപിടിക്കുന്ന മണ്ണുവീടുണ്ടാക്കി; സോളാര്‍ ടെന്റുണ്ടാക്കി സൈന്യത്തെ തണുപ്പില്‍ നിന്ന് രക്ഷിച്ചു; നെറ്റ് സ്ലോ തൊട്ട് ജലക്ഷാമത്തിനുവരെ പരിഹാരം; 'ത്രീ ഇഡിയറ്റ്‌സിലെ' ആമിര്‍ കഥാപാത്രത്തിന് പ്രചോദനം; ലഡാക്കിലെ 'പ്രതിനായകനായ' 'മലമടക്കിലെ ഗാന്ധിയുടെ' വിസ്മയ ജീവിതം!
ലഡാക്കിലെ 'പ്രതിനായകനായ' 'മലമടക്കിലെ ഗാന്ധിയുടെ' വിസ്മയ ജീവിതം!
വെറും 55 കോടി മുടക്കി, 400 കോടിയിലേറെ നേടി 2009-ലെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റ് മൂവിയായ, ത്രീ ഇഡിയറ്റ്സ് ഓര്‍മ്മയില്ലെ. അതില്‍ ആമിര്‍ ചെയ്ത ഫുന്‍സുഖ് വാങ്ഡു എന്ന എഞ്ചിനീയര്‍ കം ശാസ്ത്രജ്ഞനെ സിനിമാ പ്രേമികള്‍ക്ക് അത്ര എളുപ്പത്തിലൊന്നും മറക്കാന്‍ കഴിയില്ല. ആ കഥാപാത്രം, യഥാര്‍ത്ഥത്തില്‍, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ കഥയായിരുന്നു. ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന എഞ്ചിനീയറിങ്ങ് ജോലി വലിച്ചെറിഞ്ഞ്, തന്റെ നാട്ടിലെ പ്രകൃതി സംരക്ഷിക്കാനും, കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന ഒരു
ആക്റ്റിവിസ്റ്റിന്റെ കഥ. അദ്ദേഹമാണ് സോനം വാങ്ചുക്ക് എന്ന എഞ്ചിനീയര്‍ കം ശാസ്ത്രജ്ഞന്‍. അന്ന് മാധ്യമങ്ങള്‍ക്ക് അദ്ദേഹം നായകനായിരുന്നു. പക്ഷേ ഇന്ന് അദ്ദേഹം പ്രതിനായകനാണ്. കാരണം ലഡാക്കില്‍ ജന്‍ സീ മോഡലില്‍ നടക്കുന്ന പ്രക്ഷോഭങ്ങളിലെ വില്ലനായി കേന്ദ്ര സര്‍ക്കാര്‍ ചിത്രീകരിക്കുന്നത് ഈ 59കാരനെയാണ്.
സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേ അപെക്‌സ് ബോഡി (എല്‍എബി) നടത്തിയ ബന്ദിനിടെ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ 30-ഓളം പേര്‍ക്ക് പരിക്കേറ്റു. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടും ആറാം ഷെഡ്യൂള്‍ വിപുലീകരിക്കാനും വേണ്ടി നടത്തിയ ബന്ദ് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ സിആര്‍പിഎഫ് വാഹനങ്ങള്‍ ഉള്‍പ്പടെ അഗ്നിക്കിരയാക്കി. ലേയിലെ ബിജെപി ഓഫീസും തീയിട്ടു. പോലീസ് നടത്തിയ വെടിവെയ്പ്പിനിടയിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ 15 ദിവസമായി പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് ലേയില്‍ നടത്തിവന്നിരുന്ന അനിശ്ചിത കാല നിരാഹാര സമരം നിര്‍ത്തിവെച്ചിരിക്കയാണ്. മേഖലയില്‍ അശാന്തി വര്‍ധിപ്പിക്കരുതെന്ന് പ്രതിഷേധം നടത്തുന്നവരോട് അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്.
പക്ഷേ കേന്ദ്ര സര്‍ക്കാര്‍ സോനം വാങ്ചൂക്കിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുകയാണ്. നിരാഹാര സമരം പിന്‍വലിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടും അത് തുടര്‍ന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ ആരോപണം. അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെകുറിച്ചും നേപ്പാളിലെ ജെന്‍ സി പ്രതിഷേധങ്ങളെ കുറിച്ചും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി ജനങ്ങളെ വാങ്ചുക്ക് തെറ്റിദ്ധരിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരും ബിജെപി നേതാക്കളും ആരോപിക്കുന്നു. ഇതോടെ ഒറ്റ രാത്രികൊണ്ട് സോനം വാങ്ചൂക്ക് അര്‍ബന്‍ നക്സലൈറ്റും, ചൈനീസ് അനുകുലിയും, രാജ്യദ്രോഹിയുമായി. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊന്നുമല്ല അദ്ദേഹം. അത് അസാധാരണമായ ഒരു ജീവിത കഥയാണ്.
മണ്ടനില്‍ നിന്ന് മിടുക്കനിലേക്ക്
1966-ല്‍ ലഡാക്കിലെ ലേ ജില്ലയിലെ ആല്‍ച്ചിക്കടുത്താണ് സോനം വാങ്ചുക് ജനിച്ചത്. അച്ഛന്‍ സോനം വാങ്യാല്‍, അമ്മ സെറിംഗ് വാങ്മോ. അവര്‍ ലഡാക്കിലെ 90 ശതമാനത്തെയും പോലെ അന്നത്തെ അഷ്ടിക്ക് വക കണ്ടെത്തിയിരുന്നു പാവങ്ങളായിരുന്നു. ഗാമത്തില്‍ സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ 9 വയസ്സ് വരെ അദ്ദേഹത്തെ സ്‌കൂളില്‍ പോയിരുന്നില്ല. ആ പ്രായം വരെ അമ്മയാണ് അവര്‍ക്ക് അറിയാവുന്നത് പഠിപ്പിച്ചത്.
9 വയസ്സുള്ളപ്പോള്‍ ശ്രീനഗറിലേക്ക് കൊണ്ടുപോയി അവിടെയുള്ള ഒരു സ്‌കൂളില്‍ ചേര്‍ത്തു. എന്നാല്‍ അടിസ്ഥാന വിദ്യാഭ്യാസം കിട്ടാത്തതിനാല്‍ മറ്റുകുട്ടികളുടെ ഒപ്പമെത്താന്‍ അവന് കഴിഞ്ഞില്ല. അതോടെ ക്ലാസില്‍ പലപ്പോഴും മണ്ടന്‍ എന്ന രീതിയില്‍ അവന്‍ പരിഹസിക്കപ്പെട്ടു. ( ഈ മണ്ടന്‍ പിന്നീട് ലോകമറിയുന്ന ശാസ്ത്രജ്ഞനായി വളര്‍ന്നുവെന്നത് വേറെ കാര്യം) കുട്ടിക്ക് എന്തോ പ്രശ്നമുണ്ടെന്ന്കരുതി കൗണ്‍സിലിംഗിനും വിധയനാക്കി. ഈ 'ചികിത്സ' സഹിക്കാന്‍ കഴിയാതെ, 1977-ല്‍, അദ്ദേഹം ഒറ്റയ്ക്ക് ഡല്‍ഹിയിലേക്ക് രക്ഷപ്പെട്ടു. ഡല്‍ഹിയിലെ വിശേഷ് കേന്ദ്രീയ വിദ്യാലയത്തിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അടുത്താണ് ഒരു ബന്ധുവഴി അവന്‍ എത്തിപ്പെട്ടത്. ആ പ്രിന്‍സിപ്പലാണ്, സോനം വാങ്ചുക്കിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് വളര്‍ത്തിയത്. പഠിക്കാനുള്ള സാമ്പത്തികമായുള്ള സഹായം പിതാവില്‍നിന്ന് കിട്ടിയിരുന്നു.
മിടുക്കനായ അവന്‍ നല്ല പരിശിലീനം കിട്ടിയതോടെ വളര്‍ന്നു. 1987-ല്‍ ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (അന്ന് ആര്‍ഇസി ശ്രീനഗര്‍) നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് ബിരുദം നേടി. എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി പിതാവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം, വിദ്യാഭ്യാസത്തിനുള്ള പണം സോനം സ്വയം ജോലിചെയ്താണ് ഉണ്ടാക്കിയത്. 1988-ല്‍, ബിരുദാനന്തര ബിരുദാനന്തരവും ഉയര്‍ന്ന മാര്‍ക്കില്‍ നേടി. ഈ സമയത്താണ് സോനം വാങ്ചുക്കിലെ ആക്റ്റീവിസ്്റ്റ് ഉണരുന്നത്. ലഡാക്കിലെ വിദ്യാഭ്യാസ സമ്പ്രദായം എത്രമോശമായിരുന്നു എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം എഡുക്കേഷന്‍ ആക്റ്റീവിസമാണ് ആദ്യം സ്വീകരിച്ചത്.
വിദ്യാഭ്യാസ പരിഷ്‌ക്കര്‍ത്താവ്
വിദ്യാഭ്യാസത്തിലൂടെ മാത്രമേ, ഒരു പുരോഗമന സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയൂ എന്നായിരുന്നു, വാങ്ചുക് എപ്പോഴും പറഞ്ഞിരുന്നത്. എം ടെക്കിനുശേഷം, അദ്ദേഹവും സഹോദരനും അഞ്ച് സഹപാഠികളുമൊത്ത് തുടങ്ങിയ, സ്റ്റുഡന്റ്സ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് അഥാ സെക്മോള്‍ എന്ന സംഘടനയെ ഹിമാവന്റെ മടിത്തട്ടിലെ ഈ കൊച്ചു ജനതയുടെ ചരിത്രമെഴുതുന്ന ആര്‍ക്കും അവഗണിക്കാനാവില്ല. വിദ്യാഭ്യാസ വകുപ്പുമായും ഗ്രാമവാസികളുമായും സഹകരിച്ച് സക്മോള്‍ ഓപ്പറേഷന്‍ ന്യൂ ഹോപ്പ് എന്ന പേരിലുള്ള അടിസ്ഥാന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്‌കൂളുകള്‍ ഇല്ലാത്തിടത്ത് അവ സ്ഥാപിക്കുക, അധ്യാപകര്‍ ഇല്ലാത്തിടത്ത് തങ്ങളുടെ സന്നദ്ധ പ്രവര്‍ത്തകരെ ഇറക്കി ക്ലാസ് എടുക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്ത് സൗജന്യ ഗൈഡന്‍സ് നല്‍കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തി.
1993 ജൂണ്‍ മുതല്‍ 2005 ഓഗസ്റ്റ് വരെ, ലഡാക്കിന്റെ ഏക പ്രിന്റ് മാസികയായ ലഡാക്ക്സ് മെലോങ്ങിന്റെ സ്ഥാപകനും എഡിറ്ററുമായി വാങ്ചുക്ക് പ്രവര്‍ത്തിച്ചു. അതിലും വിദ്യാഭ്യാസ പുരോഗതിക്കാണ് അദ്ദേഹം ഏറെയും എഴുതിയത്. ഈ പ്രവര്‍ത്തനങ്ങളൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാറിനും ആയില്ല. 2001-ല്‍, ഹില്‍ കൗണ്‍സില്‍ ഗവണ്‍മെന്റില്‍ വിദ്യാഭ്യാസ ഉപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചു. 2002-ല്‍, മറ്റ് എന്‍ജിഒ മേധാവികളുമായി ചേര്‍ന്ന്, ലഡാക്ക് എന്‍ജിഒകളുടെ ഒരു ശൃംഖലയായ ലഡാക്ക് വോളണ്ടറി നെറ്റ്വര്‍ക്ക് (എല്‍വിഎന്‍) അദ്ദേഹം സ്ഥാപിച്ചു, 2005 വരെ അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ലഡാക്ക് ഹില്‍ കൗണ്‍സില്‍ ഗവണ്‍മെന്റിന്റെ വിഷന്‍ ഡോക്യുമെന്റ് ലഡാക്ക് 2025- ന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ നിയമിക്കുകയും 2004-ല്‍ വിദ്യാഭ്യാസ, ടൂറിസം നയ രൂപീകരണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു.
2005-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈ രേഖ ഔദ്യോഗികമായി പുറത്തിറക്കി. 2005-ല്‍ , ഇന്ത്യാ ഗവണ്‍മെന്റിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലെ നാഷണല്‍ ഗവേണിംഗ് കൗണ്‍സില്‍ ഫോര്‍ എലിമെന്ററി എഡ്യൂക്കേഷനില്‍ അംഗമായി വാങ്ചുകിനെ നിയമിച്ചു. 2007 മുതല്‍ 2010 വരെ, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തെ പിന്തുണയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു ഡാനിഷ് എന്‍ജിഒയായ എംഎസിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവായി അദ്ദേഹം പ്രവര്‍ത്തിച്ചു. 2013 -ല്‍ ജമ്മു കശ്മീര്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷനിലേക്ക് വാങ്ചുകിനെ നിയമിച്ചു. 2014- ല്‍, ജമ്മു കശ്മീര്‍ സംസ്ഥാന വിദ്യാഭ്യാസ നയവും ദര്‍ശന രേഖയും രൂപപ്പെടുത്തുന്നതിനുള്ള വിദഗ്ദ്ധ പാനലിലും അംഗമായി. 2015 മുതല്‍, സോനം ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്സ് സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇങ്ങനെ വിവിധ മേഖലയിലുള്ള പ്രവര്‍ത്തന പരിചയം സോനം വാങ്ചുകിന് വന്നു ചേര്‍ന്നു. അന്ന് സര്‍ക്കാറിന് ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ആരും ഒരു റെബലായി അദ്ദേഹത്തെ കണ്ടിരുന്നുമില്ല.
കണ്ടുപിടുത്തങ്ങളുടെ രാജാവ്
പഠിക്കുന്ന കാലത്തുതന്നെ ആശയങ്ങളുടെ രാജാവ് എന്നാണ് വാങ്ചുക്ക് അറിയപ്പെട്ടിരുന്നത്. ലഡാക്കിലെ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന നിരവധി കണ്ടുപിടുത്തങ്ങളും അദ്ദേഹം നടത്തി. ലഡാക്കിലെ ശുദ്ധജലക്ഷമാത്തിന് പരിഹാരമായി കണ്ടുപിടിച്ച ഐസ് സ്തൂപമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഏപ്രില്‍, മെയ് മാസങ്ങളിലെ് ലഡാക്കിലെ കര്‍ഷകര്‍ നേരിടുന്ന ജലപ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ശൈത്യകാലത്ത് പാഴാകുന്ന അരുവികളുടെ ജലത്തെ, ഭീമന്‍ ഐസ് കോണുകള്‍ അല്ലെങ്കില്‍ സ്തൂപങ്ങളുടെ രൂപത്തില്‍ സംഭരിക്കുകയാണ് ചെയ്യുക. എന്നിട്ട് വസന്തത്തിന്റെ അവസാനത്തില്‍ വെള്ളം ഉരുകാന്‍ തുടങ്ങുമ്പോള്‍ അത് പുറത്തുവിടും. കര്‍ഷകര്‍ക്ക് വെള്ളം ആവശ്യമുള്ള സമയമാണിത്. അപ്പോള്‍ ധാരാളം വെള്ളം കിട്ടും. 2014 ഫെബ്രുവരി അവസാനത്തോടെ, ഏകദേശം 1,50,000 ലിറ്റര്‍ ശൈത്യകാല നീരൊഴുക്ക് വെള്ളം സംഭരിക്കാന്‍ കഴിയുന്ന രണ്ട് നിലകളുള്ള ഒരു ഐസ് സ്തൂപത്തിന്റെ പ്രോട്ടോടൈപ്പ് അവര്‍ വിജയകരമായി നിര്‍മ്മിച്ചു. ലളിതമായ ശാസ്ത്രതത്വങ്ങള്‍ വഴി നിര്‍മ്മിച്ച ഈ സാധനം ലഡാക്കിലെ ജലപ്രശ്നത്തിന് വലിയ പരിഹാരമായി. ഐസ് സ്തൂപ ടെക്ക്നോളി പഠിക്കാന്‍ പിന്നീട് സിക്കിം സര്‍ക്കാര്‍ അദ്ദേഹത്തെ ക്ഷണിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് അധികൃതരും ഇതേക്കുറിച്ച് പഠിക്കാന്‍ അദ്ദേഹത്തെ രാജ്യത്തേക്ക് ക്ഷണിച്ചു.
മണ്ണ് കൊണ്ട് നിര്‍മ്മിച്ച പരിസ്ഥിതി സൗഹാര്‍ദ വീടുകളായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സംഭാവന. ഊര്‍ജ്ജ സംരക്ഷണ തത്വങ്ങള്‍ വഴി നിര്‍മ്മിച്ച ഈ വീട്ടില്‍, മൈനസ് 30 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴുന്ന കടുത്ത ശൈത്യകാലത്ത് പോലും, ചൂടായിരിക്കും! ലഡാക്ക്, സിക്കിം, നേപ്പാള്‍ തുടങ്ങിയ പര്‍വതപ്രദേശങ്ങളിലെ നിരവധി പേര്‍ക്ക് ഈ വീടുകള്‍ ഉപകാരപ്പെട്ടു. 2011-ല്‍ ഫ്രാന്‍സിലെ ഗ്രെനോബിളിലുള്ള ക്രാറ്റെര്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ മണ്‍പാത്ര വാസ്തുവിദ്യയില്‍ രണ്ട് വര്‍ഷത്തെ ഉന്നത പഠനം വാങ് ചുക്ക് നടത്തിയിരുന്നൂ. ഇതും മണ്‍വീടുകള്‍ ഉണ്ടാക്കുന്നതില്‍ ഉപകാരപ്പെട്ടു.
വാങ്ചുക്ക് നിര്‍മ്മിച്ച ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്സ് ലഡാക്ക് എന്ന കോളജ് കാമ്പസ് പൂര്‍ണ്ണമായും പരിസ്ഥിതി സൗഹാര്‍ദപരമാണ്. സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാമ്പസില്‍, മണ്ണ് കെട്ടിടങ്ങളാണ് ഏറെയും. കോണ്‍ക്രീറ്റിനോട് കിടപിടിക്കുന്നു ഈടുനില്‍ക്കുന്ന, സുരക്ഷിതമായ കെട്ടിടങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ച് കാണിച്ചുകൊടുത്തു. 2016 ജൂലൈയില്‍ ഫ്രാന്‍സിലെ ലിയോണില്‍ നടന്ന 12-ാമത് വേള്‍ഡ് കോണ്‍ഗ്രസ് ഓണ്‍ എര്‍ത്ത് ആര്‍ക്കിടെക്ചറില്‍ മികച്ച കെട്ടിടത്തിനുള്ള ഇന്റര്‍നാഷണല്‍ ടെറ അവാര്‍ഡ് വാങ്ചുക്ക് നേടി.
2016-ല്‍, വാങ്ചുക്ക് ഫാംസ്റ്റേയ്‌സ് ലഡാക്ക് എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചു, ഇതോടെ, വിനോദസഞ്ചാരികള്‍ക്ക് ലഡാക്കിലെ പ്രാദേശിക കുടുംബങ്ങളോടൊപ്പം താമസിക്കാന്‍ അവസരം വന്നു. ഈ പരിപാടി വലിയ ഹിറ്റായി. ലഡാക്ക് ഗ്രാമങ്ങള്‍ കാണാനും, ഗ്രാമീണരുടെ ജീവിതം പഠിക്കാനും വിദേശത്തുനിന്ന് അടക്കം ടൂറിസ്റ്റുകള്‍ ഇങ്ങോട്ട് ഒഴുകി. ഇന്നും ലഡാക്കിലെ ആയിരിക്കണക്കിന് വീട്ടമ്മമാരുടെ പ്രധാന വരുമാന മാര്‍ഗമാണിത്. റെസ്പോണ്‍സിബിള്‍- ഇക്കോ ഫ്രണ്ട്ലി ടൂറിസം എന്ന ആശയം, ഈ നാടിന് പരിചയപ്പെടുത്തിക്കൊടുത്തതും ഇദ്ദേഹം തന്നെയായിരുന്നു.
സൈന്യത്തെ തണുപ്പില്‍ നിന്ന് രക്ഷിച്ചു
വാങ്ചുക്കിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതിരുന്നതിന്റെ വലിയ ദുരന്തങ്ങളും അധികൃതര്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. 2015-ല്‍, സാന്‍സ്‌കറിലെ ഫുഗ്ടല്‍ നദിയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലഡാക്കില്‍, 15 കിലോമീറ്റര്‍ നീളമുള്ള തടാകം രൂപപ്പെട്ടു, ഇത് താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വലിയ ഭീഷണിയായി മാറി. തടാകം പൊട്ടിച്ചു കളയായിരുന്നു അധികൃതരുുടെ പദ്ധതി. എന്നാല്‍ തടാകം വറ്റിക്കാന്‍ സൈഫോണ്‍ സാങ്കേതികത ഉപയോഗിക്കാനും, അരികുകള്‍ സുരക്ഷിതമായി മുറിക്കാന്‍ വാട്ടര്‍ ജെറ്റ് മണ്ണൊലിപ്പ് നടത്താനും വാങ്ചുക്ക് നിര്‍ദ്ദേശിച്ചു. പരിസ്ഥിതി സൗഹാര്‍പരമായ ഇത്തരം കാര്യങ്ങളാണ് ഇവിടെ നടത്തേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പക്ഷേ അധികൃതര്‍ ഈ നിര്‍ദേശങ്ങള്‍ അവഗണിച്ച്, സ്ഫോടന പ്രവര്‍ത്തനങ്ങള്‍ നടത്തി. അത് വലിയ ദുരന്തമായി. 2015 മെയ് 7-ന്, തടാകത്തിലെ ജലം ഒലിച്ച് ഒരു മിന്നല്‍ വെള്ളപ്പൊക്കമായി. അത് 12 പാലങ്ങളും നിരവധി താഴ്ന്ന പ്രദേശങ്ങളും നശിച്ചു. ഇത്തരത്തിലുള്ള അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ട്.
ഇന്ത്യന്‍ സൈന്യത്തെ മരംകോച്ചുന്ന തണുപ്പില്‍ നിന്ന് രക്ഷിച്ചതും, ഈ ജനകീയ ശാസ്ത്രജ്ഞന്റെ ഇടപെടലാണ്. 2021 ഫെബ്രുവരിയില്‍, വാങ്ചുക്ക് ഇന്ത്യന്‍ സൈന്യത്തിനായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ടെന്റുകള്‍ വികസിപ്പിച്ചെടുത്തു. ഓരോ ടെന്റിലും ഏകദേശം 10 സൈനികരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഏകദേശം 50,000 ഇന്ത്യന്‍ സൈനികര്‍ കഠിനമായ കാലാവസ്ഥയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് വാങ്ചുക്ക് ഈ കണ്ടുപിടുത്തം കൊണ്ടുവന്നത്. പകല്‍ സമയത്ത് താപോര്‍ജ്ജത്തെ സംഭരിച്ച് രാത്രിയില്‍ കൂടാരം ചൂടാക്കി നിലനിര്‍ത്തുകയാണ് ഇത് ചെയ്യുന്നത്. കൊടും തണുപ്പില്‍ കഴിയുന്ന സൈനികര്‍ക്ക് വലിയ ആശ്വാസമായി ഇതുമാറി.
പരിസ്ഥിതിയും വികസനവും ഒത്തുചേരുന്ന, ഒരു സമൂഹം സൃഷ്ടിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന അഭിപ്രായം നേരത്തെ തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അങ്ങനെയാണ്, 2013-ല്‍, ലഡാക്കിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളെത്തുടര്‍ന്ന്, ഒരു സാമൂഹിക കാമ്പെയ്‌നും ഗ്രീന്‍ പാര്‍ട്ടിയുടെ ലഡാക്കിന്റെ പതിപ്പുമായ ന്യൂ ലഡാക്ക് മൂവ്‌മെന്റ് (എന്‍എല്‍എം) വാങ്ചുക്ക് തുടങ്ങുന്നത്. ലഡാക്കിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായി എല്ലാ പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും ഒരു ബാനറിന് കീഴില്‍ ഒന്നിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു. ഇതേ സംഘടനയാണ് ഇപ്പോള്‍ സംസ്ഥാനത്തിനായുള്ള സമരത്തിലും മുന്നിലുള്ളത്.
ഇപ്പോള്‍ അര്‍ബന്‍ മാവോയിസ്റ്റ് എന്നെല്ലാം ആക്ഷേപിക്കപ്പെടുന്നുണ്ടെങ്കിലും, കടുത്ത നക്സല്‍വിരുദ്ധനും, ചൈന വിരുദ്ധനുമാണ് അദ്ദേഹം. 2020 ജൂണ്‍ 15-ന് ഗാല്‍വാന്‍ വാലിയില്‍ ഉണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന്, ഇന്ത്യയിലുടനീളം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതില്‍ മുന്‍പന്തിയില്‍ വാങ്ചുക്കും ഉണ്ടായിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ വിവിധ സെലിബ്രിറ്റികള്‍ പിന്തുണച്ചിരുന്നു.
മലമടക്കുകളിലെ ഗാന്ധി!
പക്ഷേ ഇന്ത്യഗവണ്‍മെന്റുമായി അദ്ദേഹം ഇടയുന്നത്, ലഡാക്കിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞപ്പോഴാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീര്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ജമ്മു കശ്മീര്‍ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാര്‍ഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ഇതിനെതിരെയാണ് സാനം വാങ്ചുക്കിന്റെ സമരം. തങ്ങള്‍ക്ക് പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്നും പ്രത്യേക പരിസ്ഥിതി മേഖലയായ ലഡാക്കില്‍ തങ്ങളുടേതായ സര്‍ക്കാര്‍ വന്നാല്‍ മാത്രമേ വികസനം പൂര്‍ണ്ണതോതില്‍ നടത്താന്‍ കഴിയുമെന്നുമാണ് അവര്‍ പറയുന്നത്.
2023 ജനുവരി 26 ന്, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ എടുത്തുകാണിക്കുന്നതിനും ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം ലഡാക്കിന്റെ സംരക്ഷണം ആവശ്യപ്പെടുന്നതിനുമായി, വാങ്ചുക്ക് ഖാര്‍ദുങ്‌ല പാസില്‍ ഉപവാസം പ്രഖ്യാപിച്ചു. സമരം വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു. അധികൃതര്‍ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. മൈനസ് 40 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള താപനില ഉപവാസത്തിന് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഖാര്‍ദുങ്‌ല പാസില്‍ പ്രവേശിക്കാനുള്ള അനുമതി പൊലീസ് നിഷേധിച്ചു. ഹിയാന്‍ എന്ന അദ്ദേഹം സ്ഥാപിച്ച കോളജ് കാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കാമ്പസില്‍ നിന്ന് വാങ്ചുക്ക് തന്റെ പ്രതിഷേധവും നിരാഹാരവും തുടര്‍ന്നു.
2024 മാര്‍ച്ചില്‍, ഇതേ ആവശ്യം ഉന്നതിച്ച് അദ്ദേഹം മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചു. ഇതും യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനുമുണ്ടാക്കി. 2024 സെപ്റ്റംബര്‍ 30-ന്, ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ലഡാക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് കാല്‍നട യാത്ര നടത്തുന്നതിനെ, വാങ്ചുക്കിനെയും അനുയായികളെയും സിംഗു അതിര്‍ത്തിയില്‍ വെച്ച് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ, പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെയോ,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയോ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ഡല്‍ഹിയില്‍ അവര്‍ പ്രഖ്യാപിച്ചു. പക്ഷേ സര്‍ക്കാര്‍ വഴങ്ങിയില്ല.
തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായ നിരാഹാരം നടന്നത്. നിരാഹാരം ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ പ്രസംഗത്തില്‍ ബിജെപിയുടെ 2019 -ലെ തിരഞ്ഞെടുപ്പ് വാഗ്ദാനം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലഡാക്കിലെ ജനസംഖ്യയുടെ 97% തദ്ദേശീയ ഗോത്രവര്‍ഗക്കാരായതിനാല്‍ ഈ പ്രദേശം ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയിരുന്നുവെന്ന് സോനം പറഞ്ഞു. ബിസിനസ് സ്രാവുകളില്‍ നിന്നും, ഖനന ലോബികളില്‍ നിന്നും, വ്യാവസായിക ലോബികളില്‍ നിന്നും ഈ പര്‍വതങ്ങളെ സംരക്ഷിക്കുമെന്ന പറഞ്ഞ ബിജെപി ഇപ്പോള്‍ ഇരട്ടത്താപ്പ് കളിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു.
'ലഡാക്കിലെ ഹിമാലയത്തിന്റെ ഇന്ത്യന്‍ ഭാഗത്ത്, നമ്മുടെ ഹിമാനികള്‍ വളരെ വേഗത്തില്‍ ഉരുകുകയാണ്, ഇത് മാറിമാറി വരള്‍ച്ചയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. വളരെ വേഗം, നമ്മളില്‍ പലരും കാലാവസ്ഥാ അഭയാര്‍ത്ഥികളാകും, ഹിമാലയത്തിന്റെ ഈ ഭാഗം, മൂന്നാം ധ്രുവം എന്ന് വിളിക്കപ്പെടുന്ന ടിബറ്റന്‍ പീഠഭൂമി, നാം സംരക്ഷിക്കണം, ഉത്തര, ദക്ഷിണ ധ്രുവങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ശുദ്ധജല സംഭരണി ഈ പ്രദേശത്താണ്. അത് വറ്റണം എന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്''- അദ്ദേഹം ചോദിക്കുന്നു.
മൈനസ് -16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോഴും ലേയിലെ എന്‍ഡിഎസ് സ്റ്റേഡിയത്തില്‍, വാങ്ചുക്ക് നിരാഹാരം കിടന്നപ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്ന എന്ന ആവശ്യമായി ആയിരങ്ങള്‍ തടിച്ചുകൂടി. ആ പ്രക്ഷോഭമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 'സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി ഉപവാസം അനുഷ്ഠിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവ് ആയതിനാലാണ് ഞാന്‍ 21 ദിവസത്തെ ഉപവാസം അനുഷ്ഠിക്കുന്നത്. മഹാത്മാഗാന്ധിയുടെ സമാധാനപരമായ പാത പിന്തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, മഞ്ഞുമൂടിയ പര്‍വതങ്ങളുടെ പശ്ചാത്തലത്തില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
ഗാന്ധിജിയുടെ ശിഷ്യനെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തിന് വയലന്‍സില്‍ ഒട്ടും താല്‍പ്പര്യമില്ല. അതുകൊണ്ടാണ് സമര അക്രമാസക്തമായതിനെ തുടര്‍ന്ന് അദ്ദേഹം അത് അവസാനിപ്പിച്ചതും. ഇപ്പോള്‍ തന്നെ ആരാധകര്‍ അദ്ദേഹത്തെ മലമടുക്കുകളിലെ ഗാന്ധി എന്ന് വിളിക്കുന്നുണ്ട്. എന്തായാലും ഒരുകാര്യം ഉറപ്പാണ്, അദ്ദേഹം ഉന്നയിക്കുന്ന ആവശ്യത്തില്‍ കഴമ്പുണ്ട്. രാഷ്ട്രീയക്കാരുടെ വെറും കോപ്രായമായി അതിനെ കാണാന്‍ കഴിയില്ല. ഗൗരവമായ പരിഗണന അര്‍ഹിക്കുന്ന വിഷയം തന്നെയാണത്.
വാല്‍ക്കഷ്ണം: 'എവിടെ വാങ്ചുക്ക് ഉണ്ടോ അവിടെ പ്രശ്നത്തിന് പരിഹാരമുണ്ട്' എന്ന ഒരു ചൊല്ലുതന്നെയുണ്ട് ലഡാക്കില്‍. കോവിഡ് കാലത്ത്, ലഡാക്കിലെ ഇന്‍ര്‍നെറ്റ് പ്രശ്നം പരിഹരിച്ചത് അദ്ദേഹമാണ്. ഉയര്‍ന്ന മലകള്‍ക്ക് മുകളില്‍ ടവര്‍ വെച്ച്, പ്രസരണവേഗത കൂട്ടുന്ന ചെറിയ ലൊക്കേഷന്‍ ടവറുകള്‍ വെച്ച് പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം കൊടുത്ത നിര്‍ദേശമാണ് മൊബൈല്‍ കമ്പനികള്‍ നടപ്പാക്കിയത്! ചരുക്കിപ്പറഞ്ഞാല്‍ ലഡാക്കിലെ വിദ്യാഭ്യാസത്തിലും, വീട് നിര്‍മ്മാണത്തിലും, കുടിവെള്ള സംഭരണത്തിലും, സൗരോര്‍ജ സംരക്ഷണം തൊട്ട് നെറ്റ് വേഗതവരെ കൂട്ടാന്‍ കഴിയുന്ന ഒരു പ്രതിഭാസം തന്നെയാണ് ഇയാള്‍.